Current Date

Search
Close this search box.
Search
Close this search box.

അസം തെരഞ്ഞെടുപ്പ് ഫലം ചിലത് പഠിപ്പിക്കുന്നുണ്ട്

asam-result.jpg

ഇക്കഴിഞ്ഞ മാസം കേരളത്തോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് അധികാരത്തില്‍ വരാന്‍ സാധിച്ചത് വടക്ക് കിഴക്കന്‍ സംസ്ഥാനമായ അസമില്‍ മാത്രമാണ്. മറ്റിടങ്ങളിലെല്ലാം അമ്പേ പരാജയമായപ്പോഴും കോണ്‍ഗ്രസിന്റെ പതിനഞ്ച് വര്‍ഷം നീണ്ട ഭരണത്തിന് അന്ത്യം കുറിച്ച് അസമില്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരം പിടിച്ചടക്കാന്‍ ബി.ജെ.പിക്ക് സാധിക്കുകയുണ്ടായി. കേരളത്തില്‍ ബി.ജെ.പി ആദ്യമായി അക്കൗണ്ട് തുറന്ന തെരഞ്ഞെടുപ്പാണ് കഴിഞ്ഞ് പോയതെന്നതിനാല്‍ അസം തെരഞ്ഞെടുപ്പ് ഫലം മലയാള മാധ്യമങ്ങളില്‍ അത്രകണ്ട് ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായിട്ടില്ല.

126 നിയമസഭാ മണ്ഡലങ്ങളാണ് അസമിലുള്ളത്. 34 ശതമാനം മുസ്‌ലിം ജനസംഖ്യയുള്ള അസമില്‍ 50 ഓളം സീറ്റുകളില്‍ വിജയം നിര്‍ണയിക്കാവുന്ന സ്വാധീനം മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കുണ്ട്. എന്നാല്‍ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ പോലും ഇക്കുറി വിജയക്കൊടി പാറിക്കാന്‍ ബി.ജെ.പിക്ക് സാധിച്ചിരിക്കുന്നു. അസമിലെ ബി.ജെ.പിയുടെ വിജയം പ്രത്യേകിച്ച് മുസ്‌ലിം ഭൂരിപക്ഷ മേഖലകളില്‍ കൂടി ബി.ജെ.പിക്ക് വിജയിക്കാന്‍ സാധിച്ചത് അസമിലെയും രാജ്യത്തെ തന്നെയും മുസ്‌ലിം ന്യൂനപക്ഷത്തെ കൂടുതല്‍ ഇരുത്തി ചിന്തിപ്പിക്കേണ്ടതുണ്ട്.

മൗലാനാ ബദ്‌റുദ്ദീന്‍ അജ്മലിന്റെ നേതൃത്വത്തിലുള്ള എ.ഐ.യു.ഡി.എഫിനാണ് അസമിലെ മുസ്‌ലിം വോട്ട് ബാങ്കില്‍ കാര്യമായ സ്വാധീനമുള്ളത്. 126 മണ്ഡലങ്ങളില്‍ വിജയ സാധ്യതയുള്ള 71 സീറ്റില്‍ മാത്രം മത്സരിച്ച് ഏറ്റവും വലിയ രണ്ടാം കക്ഷിയായി നിയമസഭയില്‍ ഉപമുഖ്യമന്ത്രി സ്ഥാനം നേടുക എന്നതായിരുന്നു അജ്മലിന്റെ തന്ത്രം. അത് പാളിയെന്ന് മാത്രമല്ല കോണ്‍ഗ്രസിനെ മറിച്ചിട്ട് സംസ്ഥാനത്തെ മുസ്‌ലിംകളെ ബംഗ്ലാദേശ് കുടിയേറ്റക്കാരന്ന് നിരന്തരം വിളിച്ചു കൊണ്ടിരിക്കുന്ന ബി.ജെ.പിക്ക് അധികാരം പിടിച്ചെടുക്കാനുള്ള വടി കൂടി നല്‍കുകയാണ് അജ്മലും പാര്‍ട്ടിയും ചെയ്തത്. വര്‍ഗീയ ഫാഷിസ്റ്റുകളെ അധികാരത്തില്‍ നിന്നും തടയുക എന്ന മിനിമം ലക്ഷ്യത്തില്‍ ഒന്നിച്ച് നിന്ന് തെരഞ്ഞെടുപ്പിനെ നേരിടാന്‍ സാധിക്കുമായിരുന്ന എ.ഐ.യു.ഡി.എഫും കോണ്‍ഗ്രസും ഒറ്റക്ക് മത്സരിക്കുകയും ന്യൂനപക്ഷ വോട്ടുകളില്‍ വിള്ളലുണ്ടാക്കുകയും ചെയ്തതിലൂടെയാണ് മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലടക്കം ബി.ജെ.പിക്ക് വിജയിക്കാന്‍ സാധിച്ചത്. ഇരു പാര്‍ട്ടികളും നേര്‍ക്കുനേര്‍ മത്സരിച്ച മണ്ഡലങ്ങളില്‍ മുസ്‌ലിം സ്ഥാനാര്‍ഥികളെ തന്നെ ഇരു പാര്‍ട്ടികളും നിര്‍ത്തുക വഴി മുസ്‌ലിം വോട്ട് ഭിന്നിക്കുകയും ബി.ജെ.പിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി കൊടുക്കുകയും ചെയ്തു. കഴിഞ്ഞ തവണ 18 സീറ്റില്‍ വിജയിച്ച അജ്മലിന്റെ പാര്‍ട്ടി ഇക്കുറി 5 സീറ്റുകള്‍ നഷ്ടമായി 13 ഒതുങ്ങി. കോണ്‍ഗ്ര്‌സ് 53 സിറ്റിംഗ് സീറ്റുകളില്‍ പരാജയം രുചിച്ചപ്പോള്‍ പുതിയ 55 സീറ്റുകള്‍ നേടി മൊത്തം 60 സീറ്റോടെ ബി.ജെ.പി ഏറ്റവും വലിയ ഒറ്റ കക്ഷിയാകുകയും ചെയ്തു.

്അസമിനോടൊപ്പം തെരഞ്ഞെടുപ്പ് നടന്ന ബംഗാളില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് 56 മുസ്‌ലിം സ്ഥാനാര്‍ഥികളാണ്. 34 ശതമാനം മുസ്‌ലിംകളുള്ള അസമില്‍ നിന്നും 36 മുസ്‌ലിം സ്ഥാനാര്‍ഥികള്‍ മാത്രം തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 27 ശതമാനം മുസ്‌ലിം ജനസംഖ്യയുള്ള ബംഗാളില്‍ നിന്നും 56 പേര്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. തൊട്ടുമുമ്പ് തെരഞ്ഞെടുപ്പ് നടന്ന ബീഹാറിലും സമാന അര്‍ഥത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഏകോപിപ്പിച്ച് വര്‍ഗീയ ശക്തികളെ അധികാരത്തില്‍ നിന്നും തടയുന്നതില്‍ അവിടങ്ങളിലെ മത രാഷ്ട്രീയ നേതാക്കള്‍ ജാഗ്രത പുലര്‍ത്തിയപ്പോള്‍ അസമിലെ രാഷ്ട്രീയ നേതൃത്വം കാണിച്ച തികഞ്ഞ അഹന്തയുടെയും അധികാര പ്രമത്തദയുടെയും വിനയാണ് ബി.ജെ.പിയുടെ അധികാരാരോഹണം എന്ന് നിശ്ചയമായും പറയാന്‍ കഴിയും. വര്‍ഗീയ ഫാഷിസം ഭീഷണി ഉയര്‍ത്തുന്ന വേളയിലും അവരെ മുഖ്യ ശത്രുവായി കാണുന്നതിന് പകരം കോണ്‍ഗ്രസ് ഉള്‍പ്പടെ മതേതര പാര്‍ട്ടികള്‍ ഒറ്റക്ക് മത്സരിച്ച് അധികാരം കൈപിടിയിലൊതുക്കാന്‍ ശ്രമിക്കുകയായിരുന്നു അസമില്‍ ചെയ്തത്. 15 വര്‍ഷമായി തുടരുന്ന അധികാരം വീണ്ടും തുടരാമെന്ന് തരുണ്‍ ഗെഗോയിയുടെ നേതൃത്തത്തിലുള്ള കോണ്‍ഗ്രസ്സും രണ്ടാം കക്ഷിയാകുന്നതിലൂടെ ഉപമുഖ്യമന്ത്രി പദം സ്വപ്‌നം കണ്ട് അജ്മലിന്റെ നേതൃത്വത്തിലുള്ള എ.ഐ.യു.ഡി.എഫും ഒറ്റക്ക് മത്സരിച്ചപ്പോള്‍ ബി.ജെ.പിക്ക് കാര്യങ്ങള്‍ എളുപ്പമായി.

അസമില്‍ ബംഗ്ലാ ഭാഷ സംസാരിക്കുന്ന മുസ്‌ലിംകളും ആസാമീ ഭാഷ സംസാരിക്കുന്ന മുസ്‌ലിംകളുമുണ്ട്. ബംഗ്ലാ ഭാഷ സംസാരിക്കുന്ന മുസ്‌ലിംകള്‍ ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി കുടിയേറിയവരാണെന്ന് വാദിക്കുന്ന ബി.ജെ.പി ഇവരെ നാടുകടത്തുമെന്നും ബംഗ്ലാദേശ് ബോര്‍ഡര്‍ സീല്‍ വെക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ മുസ്‌ലിംകള്‍ക്കിടയിലുള്ള ഈ ഭാഷാ വൈജാത്യം സമര്‍ഥമായി ഉപയോഗപ്പെടുത്തി അവരെ പരസ്പരം ഭിന്നിപ്പിക്കുന്നതില്‍ ബി.ജെ.പി വിജയം കാണുകയുണ്ടായി. അതുമൂലം ആസാമി സംസാരിക്കുന്ന മുസ്‌ലിംകളുടെ വോട്ട് ഏറക്കുറെ തങ്ങളുടെ പെട്ടിയിലാക്കാനും ബി.ജെ.പിക്കായി. ബംഗ്ലാ സംസാരിക്കുന്ന മുസ്‌ലിംകളായിരുന്നു ബദ്‌റുദ്ദീന്‍ അജ്മലിന്റെ വോട്ട് ബാങ്ക്. മുസ്‌ലിംകള്‍ക്കിടിയിലെ ഭിന്നത ഒഴിവാക്കാനും വര്‍ഗീയ ഫാഷിസ്റ്റുകളുടെ അധികാരത്തിലേക്കുള്ള മാര്‍ഗം തടയാനും അജ്മലിനോ അവിടത്തെ മത മതേതര നേതൃത്തത്തിനോ വേണ്ടത്ര സാധിച്ചില്ല അല്ലെങ്കില്‍ ശ്രമിച്ചില്ല എന്നതാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതല്‍ ബംഗ്ലാ കുടിയേറ്റക്കാരെ അസമില്‍ നിന്നും പുറത്താക്കുമെന്ന് ബി.ജെ.പി പറയുന്നുണ്ടെങ്കിലും കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നിട്ട് രണ്ട് വര്‍ഷമായിട്ടും ഇതുമായി ബന്ധപ്പെട്ട് ഒരു ചെറുവിരല്‍ പോലും ബി.ജെ.പി അനക്കിയിട്ടില്ല. പതിറ്റാണ്ടുകളായി നമ്മുടെ രാജ്യത്ത് താമസിക്കുന്നവരെ കുടിയേറ്റക്കാരെന്ന് ചാപ്പകുത്തി ഒരു ദിവസം ബംഗ്ലദേശിലേക്കയക്കുക എന്നത് നടക്കുന്ന കാര്യമൊന്നുമല്ലെന്ന് ബി.ജെ.പിക്ക് തന്നെ അറിയാം. ഇവിടന്ന് അങ്ങോട്ട് അയക്കുന്നവരെ സ്വീകരിക്കാന്‍ ബംഗ്ലാദേശ് തയ്യാറാവുകയും വേണമല്ലോ. വാസ്തവത്തില്‍ ബംഗ്ലാ കുടിയേറ്റം എന്നത് ബി.ജെ.പിയുടെ വെറും തെരഞ്ഞെടുപ്പ് ഗിമ്മിക്ക് മാത്രമാണ്. അതുവഴി ഭൂരിപക്ഷ സമുദായത്തിലും ന്യൂനപക്ഷങ്ങളില്‍ തന്നെയും വോട്ട് ബാങ്ക് ഉറപ്പാക്കുക എന്നത് മാത്രമാണ് ബി.ജെ.പി ലക്ഷ്യം വെക്കുന്നത്. 1980 കളില്‍ തന്നെ സീല്‍ വെച്ച ഇന്ത്യാ – ബംഗ്ലാ അതിര്‍ത്തിയാണ് വീണ്ടും സീല്‍വെക്കുമെന്ന് ബി.ജെ.പി നിരന്തരം ആവര്‍ത്തിച്ച് പറഞ്ഞ് ജനങ്ങളെ വിഢികളാക്കി കൊണ്ടിരിക്കുന്നത്.

ബംഗ്ലാദേശില്‍ നിന്നും അസമിലേക്ക് ഇപ്പോഴും അനധികൃത കുടിയേറ്റം നടക്കുന്നു എന്ന ബി.ജെ.പി ആരോപണം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൊണ്ടുള്ള തട്ടിപ്പ് മാത്രമാണെന്ന് കണക്കുകള്‍ വ്യക്തമാക്കിത്തരും. 1971 ന് ശേഷം അസമിനെ അപേക്ഷിച്ച് ബംഗ്ലാദേശ് വികസന രംഗത്ത് വലിയ തോതിലുള്ള മുന്നേറ്റം നടത്തിയിട്ടുണ്ട്. അസമിലുള്ളതിനേക്കാള്‍ 70 ഇരട്ടിയാണ് ബംഗ്ലാദേശിലെ ആളോഹരി വരുമാന നിരക്ക്. ബംഗ്ലാദേശിലെ മാതൃ-ശിശു മരണ നിരക്കും അസാമിനേക്കാളും കുറഞ്ഞതാണ്. എല്ലാ അര്‍ഥത്തിലും തങ്ങളേക്കാള്‍ പിന്നിലുള്ള നാട്ടിലേക്ക് ആളുകള്‍ കുടിയേറാന്‍ ശ്രമിക്കുമെന്ന് പറയുന്നത് തികഞ്ഞ മൗഢ്യമാണ്. എന്നാല്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യയിലേക്ക് കുടിയേറിയ മാതാപിതാക്കളുടെ മക്കളായി ഇന്ത്യയില് ജനിച്ച് വളര്‍ന്ന തലമുറയെ ഇപ്പോഴും ബംഗ്ലാദേശികളായി ചിത്രീകരിക്കുന്നതും ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റം ഇപ്പോഴും തുടരുന്നുവെന്ന ആരോപണവും കേവലം ഭരണം നേടിയെടുക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് കൊണ്ടുള്ള ബി.ജെ.പിയുടെ വിലകുറഞ്ഞ തന്ത്രം മാത്രമാണ്. അതുവഴി സംസ്ഥാനത്തെ ജനവിഭാഗങ്ങള്‍ക്കിടയില്‍ വലിയ അര്‍ഥത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കാനും തങ്ങളുടെ മാര്‍ഗം എളുപ്പമാക്കാനും അവര്‍ക്ക് സാധിച്ചിരിക്കുന്നു.

ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് വലിയ പരാജയമാണ് അസമില്‍ ഉണ്ടായിരിക്കുന്നത്. അസമിലെ ബി.ജെ.പിയുടെ വിജയവും ബീഹാറിലെയും ബംഗാളിലെയും വര്‍ഗീയ ഫാഷിസ്റ്റുകളുടെ പരാജയവും ന്യൂനപക്ഷങ്ങള്‍ക്ക് പാഠമാകേണ്ടതുണ്ട്. ഫാഷിസം രാജ്യത്ത് ശക്തി പ്രാപിച്ചു വരുന്ന സാഹചര്യത്തില്‍ വര്‍ഗീയ ഫാഷിസത്തെ തുരത്താന്‍ ഒരുമിച്ച് നില്‍ക്കാനും മതേതര വോട്ടുകള്‍ ഏകീകരിക്കാനും രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമെന്ന നിലയില്‍ മുസ്‌ലിം മത നേതാക്കളും രാഷ്ട്രീയ നേതൃത്വങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. 40 മില്യണ്‍ മുസ്‌ലിംകളുള്ള ഇന്ത്യയുടെ ഹൃദയഭൂമിയായ ഉത്തര്‍ പ്രദേശില്‍ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രത്യേകിച്ചും.

Related Articles