Current Date

Search
Close this search box.
Search
Close this search box.

അശ്ലീലമായി പോവുന്ന സാമൂഹിക പ്രതിരോധങ്ങള്‍

അരോചകമല്ലാത്ത സാമൂഹ്യജീവിതം സാധ്യമാക്കുന്നതില്‍ കുടുംബം എന്ന അടിസ്ഥാന ഘടകത്തിനുള്ള പങ്ക് അനിഷേധ്യമാണ്. കുടുംബം എന്ന സ്ഥാപനത്തിന്റെ നിലനില്‍പ്പിന് ഭീഷണിയുയര്‍ത്തുന്ന ആചാരങ്ങളെല്ലാം തന്നെ അത്യാചാരങ്ങളാണ് എന്നാണ് ഭൂരിപക്ഷ മനഃസാക്ഷി. അത്യാചാരങ്ങള്‍ക്കെതിരെയും, അനാചാരങ്ങള്‍ക്കെതിരെയും പോരാടിയ മഹാന്‍മാരുടെ ത്യാഗനിര്‍ഭരമായ ജീവചരിത്രത്തെ കുറിച്ചുള്ള ശരിയായ ബോധത്തിന്റെ അഭാവം ഇന്നത്തെ പ്രതികരണ രീതിശാസ്ത്രങ്ങളില്‍ മുഴച്ച് നില്‍ക്കുന്നുണ്ട്. അതു കൊണ്ടാണ് ഒരു അപകട സ്ഥലത്തേക്ക് ഓടിയെത്തുന്നവരില്‍ രണ്ട് തരം ആളുകള്‍ ഉണ്ടാവുന്നത്. ഒരു കൂട്ടര്‍ രക്തം വാര്‍ന്ന് കിടക്കുന്നവര്‍ക്ക് ജീവവായു പകരുമ്പോള്‍ മറ്റൊരു കൂട്ടര്‍ ‘നെറ്റിസണ്‍’ എന്ന പദത്തിന്റെ സൗജന്യത്തില്‍ എറ്റവും നല്ല ഒരു ഷോട്ടിനായി അവര്‍ക്ക് ചുറ്റും വലം വെക്കുന്നുണ്ടാവും.

സമൂഹത്തിന്റെ സ്വൈര ജീവിതത്തിന് വിഘാതം സൃഷ്ടിക്കുന്നവര്‍ക്ക് നേരെയുള്ള പ്രതികരണങ്ങളുടെ വ്യത്യസ്തമായ രീതികള്‍ പ്രശ്‌നവല്‍ക്കരിക്കേണ്ടതുണ്ട്. തടസ്സങ്ങള്‍ സൃഷ്ടിക്കുന്നവരുടെ പ്രത്യയശാസ്ത്ര ‘പിമ്പിനെ’ തന്നെയാണ് വിമര്‍ശനങ്ങളുടെ കേന്ദ്ര ബിന്ദുവാക്കേണ്ട്. ഇതില്‍ വീഴ്ചകള്‍ സംഭവിച്ചാല്‍ ലളിതവത്കരണത്തിലേക്കും, സമൂഹത്തിന് കെട്ടുറപ്പേകുന്ന സ്ഥാപനങ്ങളുടെ അടിത്തറകളില്‍ വിള്ളലുകള്‍ വീഴുന്നതിലേക്കുമാണ് കാര്യങ്ങള്‍ക്ക് ഗതിമാറ്റം സംഭവിക്കുക.

കോഴിക്കോട് ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് നടത്തുന്ന റസ്റ്റോറന്റില്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ആരോപിച്ച്, യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ ഒരു കൂട്ടം സാംസ്‌കാരിക ഗുണ്ടകള്‍ പ്രസ്തുത റസ്റ്റോറന്റ് തകര്‍ക്കുകയുണ്ടായി. സദാചാര അനുശീലനത്തിന് കോട്ടം തട്ടിക്കുന്ന അശ്ലീലത്തരങ്ങള്‍ അവിടെ അരങ്ങേറിയെന്നതിന് യുവമോര്‍ച്ചക്കാരുടെ കൈയ്യില്‍ തെളിവായി ഒരു ‘ക്ലിപ്പും’ ഉണ്ടായിരുന്നു. ഐറ്റത്തിന്റെ ആധികാരികത കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നതിന്റെ ഹുങ്കില്‍ മുന്‍കൂട്ടി തന്നെ സ്ഥാപിച്ചെടുത്താണ് അടിച്ചു തകര്‍ക്കല്‍ മാമാങ്കം മോര്‍ച്ചക്കാര്‍ കൊണ്ടോട്ടി നേര്‍ച്ച സമാനം കൊണ്ടാടിയത്. ശേഷമാണ് ചെന്നിത്തലയുടെ പോലിസിന് മോര്‍ച്ചക്കാര്‍ ‘വേണമെങ്കില്‍ നിങ്ങളും പരിശോധിച്ചോ’ എന്ന ലൈനില്‍ ‘സാധനം’ കൈമാറിയത്.

സദാചാരം പുനഃസ്ഥാപിക്കാന്‍ മോര്‍ച്ചക്കാരുടെ രീതിശാസ്ത്രം ആരു സ്വീകരിച്ചാലും എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്. ആയുധങ്ങളുടെ മൂര്‍ച്ചയില്‍ കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നതിനേക്കാള്‍ ആശയങ്ങളുടെ ചേര്‍ച്ചയില്‍ സമാധാനത്തോടെ പിരിഞ്ഞു പോകുന്നത് തന്നെയാണ് പൊതുമനഃസാക്ഷിയും മതമൂല്യങ്ങളും ആഗ്രഹിക്കുന്നത്. മേല്‍ സൂപിപ്പിച്ച അക്രമസംഭവത്തോട് ഇന്റര്‍നെറ്റ് സമൂഹവും, ന്യൂജെന്‍ പിള്ളേരും സ്വീകരിച്ചതും, പദ്ധതിയിട്ടിരിക്കുന്നതുമായ പ്രതികരണ രീതികള്‍ ആശയും ആശങ്കയും ഒരു പോലെ പങ്കുവെക്കുന്നുണ്ട്.

വിഷയത്തെ കേവലം ചുംബനാവകാശ ധ്വംസനമായി അവതരിപ്പിച്ച്, സ്വകാര്യതയുടെ ആഘോഷങ്ങള്‍ പരസ്യമായി ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ചുംബന മാമാങ്കള്‍ കൊണ്ടാടാന്‍ ഒരു കൂട്ടര്‍ ഇറങ്ങി പുറപ്പെട്ടിടുണ്ട്. പാമ്പിന്‍ വിഷമിറക്കാന്‍ വിഷക്കായ മരുന്നായി നല്‍കുന്ന വിരോധാഭാസം. കൃത്യമായ അജണ്ടകള്‍ക്കനുസരിച്ച് പ്ലാന്‍ ചെയ്യപ്പെട്ട അക്രമായിരുന്നു അത് എന്ന് മനസ്സിലാക്കാന്‍ കൃത്യനിര്‍വഹണം നടത്തിയ സംഘടനയുടെ പ്രത്യയശാസ്ത്രത്തിലുള്ള ഉന്മൂലന സിദ്ധാന്തം മറ്റിടങ്ങളില്‍ അവര്‍ എങ്ങനെയാണ് പ്രയോഗവത്കരിച്ചത് എന്നതിന്റെ ചരിത്രം പരിശോധിച്ചാല്‍ മതിയാകും. അപരാശയസൗഹാര്‍ദത്തിന് പേരു കേട്ട കേരളത്തില്‍, വിശിഷ്യ മലബാറില്‍ അത്തരമൊരു അക്രമ സാഹസത്തിന് അവര്‍ മുതിര്‍ന്നിട്ടുണ്ടെങ്കില്‍ സഹിഷ്ണുതയില്‍ അധിഷ്ഠിതമായ മത-മതേതര മൂല്യങ്ങളാല്‍ തീര്‍ത്ത ഫാസിസ്റ്റ് പ്രതിരോധത്തിന് കാര്യമായ വിള്ളലുകള്‍ സംഭവിച്ചിട്ടുണ്ട് എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. അരാഷ്ട്രീയതയുടെ തരിശ് നിലങ്ങളില്‍ തന്നെയാണ് ഫാസിസം ഉറഞ്ഞ് തുള്ളാറുള്ളത്. സമൂഹം എത്രത്തോളം അരാഷ്ട്രീയവത്കരിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ നേര്‍സാക്ഷ്യമാണ് ചുംബന ദിനം എന്ന ആശയത്തിന് സമൂഹത്തില്‍ നിന്നും ചെറിയ അളവിലാണെങ്കിലും ലഭിച്ച സ്വീകാര്യത. ഈ അരാഷ്ട്രീയമായ സ്വീകാര്യതകളുടെ മറവിലാണ് ഫാസിസം ഒളിഞ്ഞിരുന്ന് വളരുന്നത്.

മറഞ്ഞിരുന്ന് ചെയ്യേണ്ടത് പരസ്യമായി ചെയ്തു കൊണ്ട് പ്രതിരോധം സൃഷ്ടിക്കുമ്പോള്‍ പ്രതികരിക്കുക എന്ന പ്രവൃത്തി ഒരു അശ്ലീലമായി മാറുന്നു.

Related Articles