Current Date

Search
Close this search box.
Search
Close this search box.

അവര്‍ വീണ്ടും പക്ഷികളെ തേടിയെത്തി

കേരളം വീണ്ടും പക്ഷിപ്പനി ഉയര്‍ത്തിവിട്ട ഭീതിയില്‍ പേടിച്ച് പനിച്ച് വിറക്കാന്‍ തുടങ്ങിയിട്ടുണ്ട്. മനുഷ്യനിലും പന്നിയിലും ജ്വരം ഉണ്ടാക്കുന്ന ഓര്‍ത്തോമിക്‌സോ വൈറസുകളില്‍ ചിലത് ഘടനാവ്യത്യാസം വരുത്തി പക്ഷികളിലും ജീവിക്കാന്‍ കഴിവുനേടിയതാണ് പക്ഷികളില്‍ ഈ അസുഖമുണ്ടാകാന്‍ കാരണമായതെന്നാണ് ശാസ്ത്രഭാഷ്യം. അസുഖത്തെ കുറിച്ചുള്ള മുന്നറിയിപ്പുകളും, പരിഹാര നിര്‍ദ്ദേശങ്ങളും പക്ഷികള്‍ ശത്രുക്കളാണെന്ന പ്രകൃതിവിരുദ്ധ സന്ദേശം ജനമനസ്സുകളിലേക്ക് പകര്‍ന്നു നല്‍കിയിട്ടുണ്ട്. ദേശാടനപക്ഷികളെ കൗതുകത്തോടെ നോക്കിയിരുന്ന കണ്ണുകള്‍ ഇന്ന് ഭീതിയോടെ പിന്‍വലിയുകയാണ്. താറാവുകളെയും, കോഴികളെയും കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ദ്രുതകര്‍മസേന എത്താന്‍ നേരം വൈകിയതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. കിട്ടാവുന്ന പരമാവധി വില ഉറപ്പു വരുത്തിയതിന് ശേഷം മാത്രമാണ് ഉടമസ്ഥര്‍ താറാവുകളെ സര്‍ക്കാര്‍ വക ആരാച്ചര്‍മാര്‍ക്ക് കൊല്ലാനായി വിട്ടുകൊടുത്തത്.

എലിപ്പനി, പക്ഷിപ്പനി, ഡെങ്കിപ്പനി, ചികുന്‍ഗുനിയ എന്നിങ്ങനെ ആഹാരശൃംഘലയിലെ ഒട്ടുമിക്ക പക്ഷിമൃഗാദികളുടെയും പേരില്‍ വിവിധങ്ങളായ പനികള്‍ നമ്മുടെ നാട്ടില്‍ പ്രചാരത്തിലുണ്ട്. എലിപ്പനി എന്നു കേള്‍ക്കുമ്പോഴേക്ക് എലിക്കെണിക്ക് വേണ്ടിയുള്ള നെട്ടോട്ടം ആരംഭിക്കും. പക്ഷിപ്പനി വന്നാല്‍ അന്നു വരെ ജീവിക്കാന്‍ വേണ്ടി കോഴിയെ അറുത്ത് കറി വെച്ച് തിന്നവന്‍ പിന്നീടങ്ങോട്ട് ജീവന്‍ രക്ഷിക്കാന്‍ വേണ്ടി അതിനെ കഴുത്ത് ഞെരിച്ച് കൊന്ന് കൂട്ടിയിട്ട് കത്തിക്കും. ഡെങ്കിപ്പനി വന്നാല്‍ സര്‍ക്കാര്‍ തരുന്ന ഗുളികയും വിഴുങ്ങി മാര്‍ക്കറ്റില്‍ പോയി ഒരു ഗുഡ്‌നൈറ്റ് വാങ്ങി ശത്രുസംഹാരം നടത്തി സുഖമായി കിടന്നുറങ്ങും. അപ്പോഴും വന്നു ഭവിച്ച ദുരന്തങ്ങളില്‍ തനിക്കുള്ള പങ്കിനെ മനുഷ്യന്‍ സൗകര്യപൂര്‍വ്വം മറവിക്ക് വിട്ടു കൊടുക്കും.

സമ്പത്തിനോടുള്ള ആര്‍ത്തിയിലും, അശാസ്ത്രീയതയിലും അധിഷ്ഠിതമായ നിലവിലെ വികസന പദ്ധതികള്‍ തന്നെയാണ് പ്രകൃതിയുടെ സന്തുലിതാവസ്ഥ തകിടം മറിച്ചത്. പ്രകൃതിവിരുദ്ധമായ വികസനരീതികള്‍ കാലാവസ്ഥയിലും ജൈവപ്രകൃതിയിലും വരുത്തുന്ന മാറ്റങ്ങള്‍ അണുബോംബിനേക്കാള്‍ സംഹാരശക്തിയുള്ളതാണെന്നാണ് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുന്നത്. മണ്ണിന് പ്രകൃതിദത്തമായ പ്രതിരോധശേഷിയുണ്ട്. ചെരിപ്പിടാതെ മണ്ണിലൂടെ നടത്തിക്കല്‍ പ്രകൃതി ചികിത്സാ സമ്പ്രദായത്തിലെ പ്രധാന ചികിത്സാ രീതിയാണ്. എന്നാല്‍ മണ്ണിനോട് ചേര്‍ന്ന് ജീവിക്കുന്ന താറാവുകളില്‍ പോലും അപകടകാരികളായ വൈറസുകളെ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും, രാസവളങ്ങളും എത്രത്തോളം മണ്ണിന്റെ പ്രതിരോധ ശേഷിയെ വറ്റിച്ചു കളഞ്ഞിട്ടുണ്ടെന്ന് ഊഹിക്കാവുന്നതാണ്.

മാലിന്യങ്ങള്‍ കുന്നുകൂടി, മലിനജലക്കെട്ടുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി, ഓടകള്‍ പൊട്ടിയൊലിച്ചു, ലാഭക്കൊതി മൂത്ത് പഴകിയ ഭക്ഷണം പുതുമ തോന്നിപ്പിച്ച് വിറ്റഴിക്കാന്‍ തുടങ്ങി. പക്ഷെ മലിന ജലത്തില്‍ മുട്ടയിട്ട് പെരുകിയ കൊതുകും, മൂത്രമൊഴിച്ച എലിയും, ഭക്ഷണത്തില്‍ വന്നിരുന്ന ഈച്ചയും മാത്രമാണ് നമ്മുടെ വിധിതീര്‍പ്പില്‍ ഈ ദുരന്തങ്ങളുടെയെല്ലാം ഉത്തരവാദികളായി മാറിയത്.

പ്രകൃതിദത്തമായ പ്രതിരോധ സംവിധാനങ്ങളോട് നമുക്ക് വെറുപ്പ് തോന്നിതുടങ്ങുകയും, പ്രകൃതിവിരുദ്ധവും കൃത്രിമവുമായ രാസവസ്തുക്കളെ നാം സ്വീകരണ മുറിയിലേക്ക് ആനയിക്കുകയും ചെയ്ത കാലം മുതല്‍ക്കാണ് ജൈവപ്രകൃതിയുടെ സ്വച്ഛപ്രകൃതത്തിന് കോട്ടം തട്ടി തുടങ്ങിയത്. ‘ഭൂമിയിലുള്ളതെല്ലാം നാം നിങ്ങള്‍ക്ക് (മനുഷ്യര്‍ക്ക്) വേണ്ടിയാണ് സൃഷ്ടിച്ചത്’ എന്നാണ് ദൈവത്തിങ്കല്‍ നിന്നുള്ള ഖുര്‍ആനിക സന്ദേശം. എല്ലാം മനുഷ്യന് ഉപകാരപ്പെടുന്ന രീതിയിലാണ് സൃഷ്ടിക്കപ്പെട്ടിടുള്ളത്. ഒന്നും തന്നെ അവന് ഉപദ്രവകരമാകുന്ന വിധത്തില്‍ ഭൂമിയില്‍ സംവിധാനിക്കപ്പെട്ടിട്ടില്ല. ചുരുക്കത്തില്‍ എല്ലാം നമുക്ക് വേണ്ടിയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്, ഒന്നും തന്നെ നമ്മുടെ നിലനില്‍പ്പിന് എതിരായി, ഭീഷണിയായി സൃഷ്ടിച്ചിട്ടില്ല.

സന്തുലിതത്വത്തില്‍ അധിഷ്ഠിതമായി അല്ലാഹു രൂപകല്‍പ്പന ചെയ്ത പ്രകൃതിയുടെ ആദിമ പരിശുദ്ധിയുടെ കടയ്ക്കലാണ് മനുഷ്യന്‍ പുരോഗമനത്തിന്റെ പേരില്‍ കത്തിവെച്ചത്. കാര്യകാരണ ബന്ധങ്ങളില്‍ ബന്ധിക്കപ്പെട്ടിട്ടുള്ള പ്രകൃതിയുടെ താളം തെറ്റുക സ്വാഭാവികം. പ്രകൃതിയുടെ ക്രമം തെറ്റിച്ചത് അക്രമിയായ താനാണെന്ന സത്യം മനുഷ്യന്‍ അംഗീകരിക്കാത്ത കാലത്തോളം ദുരന്തങ്ങളുടെയെല്ലാം ഉത്തരവാദിത്വം പാവം മിണ്ടാപ്രാണികളുടെ തലയില്‍ കെട്ടിവെച്ച് അവയെ കഴുത്ത് ഞെരിച്ച് കൊന്നു കൊണ്ടിരിക്കും.

Related Articles