Current Date

Search
Close this search box.
Search
Close this search box.

അവരുടെ ലക്ഷ്യം ഭീകരവാദമോ ഇസ്‌ലാമിക ലോകമോ?

നവംബര്‍ 13-ലെ പാരീസ് ആക്രമണത്തെ തുടര്‍ന്ന് സിറിയയിലെ വ്യോമാക്രമണം വര്‍ദ്ധിപ്പിക്കുമെന്ന് ഫ്രാന്‍സ് പ്രഖ്യാപിച്ച സമയത്ത്, പ്രസ്തുത നീക്കത്തിന് നയതന്ത്ര പിന്തുണ ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ ഫ്രാന്‍സ് ഒരു കരട് പ്രമേയം സമര്‍പ്പിച്ചിരുന്നു; അത് ഐക്യകണ്‌ഠേന പാസാവുകയും ചെയ്തു. അന്താരാഷ്ട്രാ സമാധാനത്തിനും സുരക്ഷക്കും ഒരു ഭീഷണിയാണ് ഐ.എസ് എന്ന് 2249-ാം പ്രമേയം ഒരിക്കല്‍ കൂടി അടിവരയിട്ട് പറഞ്ഞു. കൂടാതെ എല്ലാ അംഗരാജ്യങ്ങളോടും തങ്ങളുടെ സര്‍വ്വ ആയുധങ്ങളും, വിഭവങ്ങളും ഉപയോഗിച്ച് സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ സൈനിക ശക്തി ഇരട്ടിപ്പിക്കണമെന്നും, ഐ.എസിന്റെ മുഴുവന്‍ താവളങ്ങളും തകര്‍ക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

സിറിയന്‍ ഗവണ്‍മെന്റിന്റെ അനുവാദമില്ലാതെ മേഖലയിലെ ഭീകരവാദ സങ്കേതങ്ങള്‍ക്കെതിരെ സൈനികനീക്കം നടത്തുന്നതിന് ഏതൊരു രാജ്യത്തിനും നിയമപരിരക്ഷ നല്‍കുന്നതാണ് പ്രസ്തുത പ്രമേയം. സിറിയയിലെ ഭീകരവാദ താവളങ്ങള്‍ക്കെതിരെ ബോംബാക്രമണം നടത്തുന്നതിന് സിറിയന്‍ സര്‍ക്കാറിന്റെ അനുവാദം ആവശ്യമില്ലെന്നും, അതിനാവശ്യമായ നിയമാനുസൃത അടിത്തറ നല്‍കുന്നതാണ് പ്രസ്തുത പ്രമേയമെന്നും രക്ഷാസമിതി പ്രസിഡന്റ് വിശദീകരിക്കുകയും ചെയ്തു.

തീര്‍ച്ചയായും, സിറിയയില്‍ ഇതുവരെ നടത്തപ്പെട്ട വ്യോമാക്രമണങ്ങളില്‍ പതിനായിരക്കണക്കിന് സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത അത്രക്കാണ് ജീവനാശം. ഭീകരവാദത്തെയും, അല്ലെങ്കില്‍ അതിന്റെ ഉത്ഭവത്തെയും ഇല്ലാതാക്കാന്‍ സിറിയയിലെ ബോംബിംഗിന് നിയമപരിരക്ഷ നല്‍കിയത് കൊണ്ട് കഴിയില്ല.

ഫ്രാന്‍സാണ് ആദ്യമായി സിറിയയില്‍ ബോംബാക്രമണം നടത്താന്‍ ഇറങ്ങിപുറപ്പെട്ടത്. പാരീസ് ഭീകരാക്രമണം നടന്നതിന് ശേഷം വളരെ പെട്ടെന്ന് തന്നെ ഫ്രഞ്ച് സര്‍ക്കാര്‍ കിഴക്കന്‍ മെഡിറ്ററേനിയനിലേക്ക് ഫൈറ്റര്‍ ജെറ്റുകളും, ബോംബറുകളും, ഹെലികോപ്റ്ററുകളും വഹിച്ചു കൊണ്ടുള്ള തങ്ങളുടെ വിമാനവാഹിനി കപ്പലിനെ അയക്കുകയുണ്ടായി.

‘നമ്മുടെ സൈനിക നടപടിക്ക് അന്താരാഷ്ട്ര നിയമത്തിന്റെയും, ഐക്യരാഷ്ട്രസഭ ഉടമ്പടിയുടെയും പിന്‍ബലം നല്‍കുന്നതാണ് പ്രസ്തുത പ്രമേയം’ ഐക്യരാഷ്ട്രസഭയുടെ ഫ്രഞ്ച് അംബാസഡര്‍ ഫ്രാങ്കോയിസ് ദെലാത്രെ പറഞ്ഞു. ‘ലോക ജനതക്കും എല്ലാ മതങ്ങള്‍ക്കും ഭീഷണിയായ ഐ.എസ് എന്ന തിന്മയെ ഉന്മൂലനം ചെയ്യാന്‍ ലോകം ഒരുമിച്ച് നിന്നിരിക്കുന്നു.’ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ കൂട്ടിച്ചേര്‍ത്തു. ‘അന്താരാഷ്ട്ര ഭീകരവാദത്തിനെതിരെ പോരാടുന്ന കാര്യത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒരു പരസ്പരധാരണ ശക്തിപ്പെട്ടിരിക്കുന്നു’. ഐക്യരാഷ്ട്രസഭാ പാര്‍ലമെന്റ് സ്ഥിരാംഗം റഷ്യയുടെ വിറ്റാലി ചര്‍ക്കിന്‍ പറഞ്ഞു.

ഐ.എസിനെതിരെ ലോകം ഒന്നിച്ചിരിക്കുന്നു, ഐക്യപ്പെട്ടിരിക്കുന്നു എന്നിങ്ങനെ എല്ലാവരും പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷെ നിരപരാധികളായ അറബ്, തുര്‍ക്ക്, കുര്‍ദ് വംശജരും, കുടുംബങ്ങളും, ഗ്രാമങ്ങളും പട്ടണങ്ങളുമാണ് സിറിയയില്‍ നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. അവര്‍ മാത്രമാണ് ഈ സൈനികനടപടികളുടെ ഇരകള്‍. അതേസമയം പാശ്ചാത്യരാഷ്ട്രങ്ങളും, ചൈനയും, ഇറാനും, അറബ് രാഷ്ട്രങ്ങളുമെല്ലാം തങ്ങളാലാവുന്ന വിധത്തില്‍ ആയുധങ്ങള്‍ ഇപ്പോഴും അവിടേക്ക് എത്തിക്കുന്നുണ്ട്.

യുദ്ധമുതലില്‍ അവരവരുടെ പങ്ക് ഉറപ്പ് വരുത്താനും, കളിയില്‍ നിന്ന് പുറത്താകാതെ നോക്കാനും എല്ലാ രാഷ്ട്രങ്ങളും ജാഗരൂകരാണ്. ‘ഐ.എസിനെ ഉന്മൂലനം ചെയ്യുക’, ‘ഭീകരതക്കെതിരായ യുദ്ധം’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മേഖലയില്‍ സദാ അവര്‍ മുഴക്കുന്നുണ്ട്. കൂട്ടക്കൊല നടത്തുന്നതില്‍ പരസ്പരം മത്സരിക്കുകയാണവര്‍. നിരപരാധികളായ സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്നവര്‍, ഭീകരവാദികളുമായി യാതൊരു ബന്ധവുമില്ലാത്ത നിരപരാധികള്‍ എന്നിവര്‍ക്ക് മുകളിലാണ് അവര്‍ ബോംബ് മഴകള്‍ പെയ്യിക്കുന്നത്. നൂറ് കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ഗ്രാമങ്ങളും, ആയിരകണക്കിന് വര്‍ഷം പഴക്കമുള്ള സാംസ്‌കാരിക, ചരിത്ര പൈതൃകങ്ങളും നിമിഷങ്ങള്‍ക്കുള്ളില്‍ നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.

പാരീസിലും യൂറോപ്പിലെ മറ്റിടങ്ങളിലും ആക്രമണം നടത്തിയ ഭീകരര്‍ യഥാര്‍ത്ഥത്തില്‍ അവിടെ തന്നെ ജനിച്ചവരാണെന്നതാണ് വസ്തുത. അവരെല്ലാം ഫ്രഞ്ച്, ബെല്‍ജിയം പൗരന്‍മാരാണ്. പാശ്ചാത്യലോകത്ത് ഭീകരവാദം എത്രത്തോളം ആഴത്തില്‍ വേരോടിയിരിക്കുന്ന എന്ന് ഇത് വ്യക്തമാക്കുന്നു. വളരെയെളുപ്പം ആര്‍ക്കും ആരെയും ആക്രമിക്കാനുള്ള സാഹചര്യമാണ് യൂറോപ്പിലും അമേരിക്കയിലും നിലവിലുള്ളത്. ഇസ്‌ലാമിനെ കുറിച്ച് തെറ്റായി മനസ്സിലാക്കിയ ചില തീവ്രചിന്താഗതിക്കാര്‍ ഈ അവസരം മുതലെടുക്കുന്നു എന്നു മാത്രം. അമേരിക്കയില്‍ വളരെ എളുപ്പം ആര്‍ക്കും ഒരു തോക്ക് സംഘടിപ്പിക്കാനും ഉപയോഗിക്കാനും കഴിയും. അവിടെ ഇപ്പോള്‍ തന്നെ ആഭ്യന്തര ഭീകരസംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.

ബോംബിംഗ് കാമ്പയിനിലൂടെ ഭീകരവാദ സംഘങ്ങളെ നശിപ്പിക്കാന്‍ സാധിക്കില്ല, മറിച്ച് അത് കൂടുതല്‍ ഭീകരവാദികളെ ഉല്‍പ്പാദിപ്പിക്കുക മാത്രമാണ് ചെയ്യുക. മിഡിലീസ്റ്റില്‍ ജീവിക്കുന്ന തങ്ങളുടെ സ്വമതക്കാര്‍ക്കും, ബന്ധുക്കള്‍ക്കും, കുടുംബങ്ങള്‍ക്കും മേല്‍ പാശ്ചാത്യര്‍ നടത്തുന്ന ഒരോ ആക്രമണവും പാശ്ചാത്യ ലോകത്ത് ജീവിക്കുന്ന അവരെ സംബന്ധിച്ചിടത്തോളം പ്രതികാരം ചെയ്യാനുള്ള കാരണങ്ങളാണ്. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര ഭീകരവാദ സംഘങ്ങള്‍ക്കെതിരെയുള്ള പോരാട്ടം വളരെയധികം കരുതലോടെയും, യുക്തിഭദ്രവുമായി മുന്നോട്ട് കൊണ്ട് പോകേണ്ടതുണ്ട്. ഇസ്‌ലാമിക ലോകത്തെയല്ല മറിച്ച്, ഭീകരവാദത്തെയാണ് നശിപ്പിക്കേണ്ടത് എന്ന ലക്ഷ്യബോധം വളരെ പ്രധാനമാണ്.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles