Current Date

Search
Close this search box.
Search
Close this search box.

അവരുടെ ബാല്യവും ഇസ്രയേല്‍ മോഷ്ടിച്ചു

ലോകത്തുള്ള ഒരു ശരാശരി മനുഷ്യനെ സംബന്ധിച്ചടത്തോളം മിക്കവാറും അപ്രധാനമായ നാലു പേരുകളാണ് ഇസ്മാഈല്‍, സകരിയ, അഹദ്, മുഹമ്മദ് എന്നിവ. എന്നാല്‍ ഫലസ്തീന്‍ മനസാക്ഷിയിലേക്ക് വളരെ ശക്തമായി പതിഞ്ഞുകിടക്കുന്ന പേരുകളാണിത്. ബക്ര്‍ കുടുംബത്തിലെ ഒമ്പതിനും പതിനൊന്നിനുമിടക്ക് പ്രായമുള്ള ഇവരെ നിങ്ങള്‍ തിരിച്ചറിഞ്ഞില്ലെന്നുള്ളതില്‍ നിങ്ങളെ കുറ്റപ്പെടുത്തുന്നില്ല.

പൊതുഅഭിപ്രായങ്ങളും ബോധവത്കരണ പരിപാടികളും മുഴുനീള പരിപാടിയായി ചൊല്ലിപഠിപ്പിക്കപ്പെട്ടുക്കൊണ്ടിരിക്കുന്ന ലോകത്തിന് ഫലസ്തീന്‍ പേരുകളും, കുടുംബങ്ങളും, മുഖങ്ങളും അജ്ഞാതമാണെന്നതാണ് സത്യം. അവരുടെ കഥ പ്രചരിക്കപ്പെടുന്നില്ല. അവരുടെ നഷ്ടങ്ങളോര്‍ത്ത് സഹതാപങ്ങളില്ല. അവരുടെ ഉറ്റവരോട് അഭിമുഖങ്ങള്‍ നടത്താറില്ല. അതായത് അവരുടെ സന്തോഷങ്ങളും, സ്വപ്‌നങ്ങളും, ആഗ്രഹങ്ങളും ആരും അറിയുന്നില്ല.

ഒരു വര്‍ഷം മുമ്പ് മുഹമ്മദ് അബു ഖദീര്‍ എന്ന പതിനാറുകാരനെ പ്രതികാരക്കൊലയെന്നോണം ഇസ്രായേല്‍ അക്രമികള്‍ ജീവനോടെ കത്തിച്ചുകൊന്നു. അബു ഖദീറിന്റെ കൊലപാതകത്തിന്റെ വാര്‍ഷികദിനത്തിലാണ് പതിനെട്ട് മാസം മാത്രം പ്രായമുള്ള പിച്ചവെച്ചു തുടങ്ങിയ അലി സാദ് ദവാബ്ശയെ ഇസ്രായേല്‍ അക്രമികള്‍ ചുട്ടുകൊന്നത്.

ഫലസ്തീനികളുടെ ജീവനഷ്ടങ്ങളിന്മേല്‍ നാം അനുശോചിക്കാറില്ലെന്നതാണ് സത്യം. കുടുംബങ്ങള്‍ ആട്ടിയോടിക്കപ്പെടുന്നു, ആശുപത്രികളും സ്‌കൂളുകളും നിരന്തരം തുടച്ചുനീക്കപ്പെടുന്നു, ആശുപത്രികളും ആംബുലന്‍സുകളും ലക്ഷ്യം വെച്ച് ബോംബുകളെറിയുന്നു, തങ്ങളുടെ ജീവിതം കെട്ടിപ്പടുക്കുന്ന അനേകക്കണക്കിന് നിഷ്‌കളങ്ക ജീവിതങ്ങളെ നിഷ്‌കരുണം ഉന്മൂലനം ചെയ്യുന്നു – ഇതൊന്നും ഓര്‍ക്കാന്‍ ഒരു നിമിഷം നാം ചെലവഴിക്കുന്നില്ല.

ബക്ര്‍ കുടുംബത്തിലെ നാലു കുട്ടികളെ കൊന്നതിനും, അബുഖദീറിനെയും പതിനെട്ടു മാസം പ്രായമായ അലിയെയും കൊലപ്പെടുത്തിയപ്പോള്‍ ഉണ്ടായതിനേക്കാള്‍ കോലാഹലങ്ങളും അന്വേഷണത്തിനുള്ള മുറവിളികളും സിസില്‍ എന്ന ഒരു സിംഹത്ത കൊന്നതിന് സംബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശബ്ദമുയര്‍ന്നു.

അനുദിനം പ്രകടിപ്പിക്കപ്പെടുന്ന, ഭയങ്കര മുഴക്കമുള്ള അലംഭാവമാണ് ഫലസ്തീനുനേരെ ലോകം വെച്ചുപുലര്‍ത്തുന്നത്.

വ്യവസ്ഥാപിതമായ ഉന്മൂലനം
പക്ഷെ നമുക്കിതെങ്ങനെ ചെയ്യാനാവുന്നു? ലോകമനസാക്ഷിയില്‍ നിന്നും ഫലസ്തീനിന്റെ വ്യഥകളെ നിരന്തരം വ്യവസ്ഥാപിതമായി മായ്ച്ചുകളയുന്ന ഈ ്പ്രക്രിയക്കുനേരെ നമുക്കെങ്ങനെ കണ്ണടക്കാന്‍ കഴിയുന്നു?  ആറായിരത്തോളം ഫല്‌സ്തീന്‍ രാഷ്ട്രീയ തടവുകാരെ -അവരില്‍ 11 വയസ്സുള്ള കൊച്ചുകുട്ടികള്‍ വരെയുണ്ട്- പിടിച്ചുവെച്ചിരിക്കുന്ന ഇസ്രായേല്‍ നടപടിയോട് ക്ഷമിക്കാന്‍ നമുക്കാവുന്നതെങ്ങനെ? ഫലസ്തീന്‍ പാര്‍ലമെന്റംഗങ്ങളിലെ നാലിലൊന്ന് പേര്‍ ഇസ്രായേല്‍ തടവിലാണ്!

ഗസ്സ മുനമ്പില്‍ ഏറ്റവുമൊടുവില്‍ നടത്തിയ നരമേധത്തിനുശേഷം ഫലസ്തീന്‍ പോരാളികള്‍ തടവിലാക്കിയ ഒരു ഇസ്രായേല്‍ സൈനികനുവേണ്ടി ഗസ്സ മുനമ്പിലേക്ക് ഒഴുകിയ നയതന്ത്രജ്ഞരുടെ എണ്ണത്തെ പറ്റി എന്തു വിശദീകരണമാണ് നമുക്കുള്ളത്? ഗസ്സ മുമ്പിലേത് പോലെ ഇസ്രായേലിന്റെ തുറന്ന കോണ്‍സണ്ട്രേഷന്‍ ക്യാമ്പുകളില്‍ നിന്നും 1.4 മില്യണ്‍ വരുന്ന ഫലസ്തീനികളെ മോചിപ്പിക്കാന്‍ നയതന്ത്രജ്ഞരെവിടെ? അമര്‍ഷത്താല്‍ ഞാന്‍ കാടുകയറി പോകുന്നു. ബക്ര്‍ കുട്ടികള്‍ സ്മരണ അര്‍ഹിക്കുന്നു.

സൂര്യന്‍ തിളങ്ങിനിന്ന ഒരു ദിവസം ഗസ്സയിലെ അടിച്ചമര്‍ത്തലിന്റെയും, ഭീതിയുടെയും അക്രമങ്ങളുടെയും ദുരിതാനുഭവങ്ങളില്‍ നിന്നും മാറി ബീച്ചില്‍ ഫുട്ബാള്‍ കളിക്കുകയായിരുന്ന അവര്‍ക്ക് മേല്‍ ഇസ്രായേലിന്റെ ഷെല്ലുകള്‍ പതിച്ചു. അല്‍പസമയം മുമ്പ് മാത്രം കുട്ടികളോടൊത്ത് ഫുട്ബാള്‍ കളിച്ചിരുന്ന പത്രപ്രവര്‍ത്തകര്‍ ആക്രമണത്തിന് സാക്ഷികളായി. പ്രദേശത്ത യാതൊരു തരത്തിലുള്ള സൈനിക നടപടികളും നടന്നിരുന്നില്ലെന്ന് പത്രപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ പ്രദേശത്തെ ഫലസ്തീന്‍ പോരാളികളെ ലക്ഷ്യം വെച്ചാണ് തങ്ങള്‍ മിസൈലുകള്‍ തൊടുത്തതെന്നാണ് ഇസ്രായേലിന്റെ ന്യായീകരണം.

ആദ്യത്തേതും അവസാനത്തേതുമല്ല
പട്ടാപകല്‍, എല്ലാ ക്യാമറാക്കണ്ണുകളും തുറന്നുവെച്ചിരിക്കുന്ന ഒരു കാലത്ത് ആദ്യമായിട്ടല്ല ഇസ്രായേല്‍ ഇത്തരമൊരു ആക്രമണം നടത്തുന്നത്. എന്നിട്ടും അവരൊരിക്കലും അവരുടെ കൃത്യങ്ങള്‍ക്ക് ഉത്തരവാദികളായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല.

ഈ നാലുകുട്ടികളുടെ മരണം എന്റെ മനസാക്ഷിയില്‍ നിന്നും വിട്ടുപോവാത്തവിധം എന്നെ വല്ലാതെ ഉലച്ചിരിക്കുന്നു. ഞാനും നന്നായി ഫുട്ബാള്‍ കളിച്ച് വളര്‍ന്നയാളാണ്. ഏതൊരു തുറന്ന സ്ഥലവും, മുറ്റവും, ഇടനാഴികളുമെല്ലാം എനിക്ക് മൈതാനമായിരുന്നു. എനിക്കും എന്റെ ബാല്യകാലസുഹൃത്തുക്കള്‍ക്കും സ്‌കൂള്‍ തുടങ്ങുന്നതിനു മുമ്പും ശേഷവുമുള്ള സമയങ്ങളെല്ലാം കളിക്കാന്‍ മാത്രമുള്ളതായിരുന്നു. ഫുട്ബാള്‍ മൈതാനത്ത് എല്ലാവരും തുല്യരായിരുന്നു. അത് അയല്‍വാസികളായ കുട്ടികള്‍ക്കിടയില്‍ ഒരു ബന്ധമുണ്ടാക്കി. പലപ്പോഴും ഞങ്ങള്‍ക്ക് കിട്ടുന്ന ചില്ലിക്കാശുകളെല്ലാം സ്വരൂപിച്ചത് എല്ലാവര്‍ക്കുമായിട്ടുള്ള ഫുട്ബാള്‍ വാങ്ങിക്കാനായിരുന്നു.

യുദ്ധങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കുമിടയില്‍ വളരുന്നവരാണെന്നത് ഞങ്ങളെ കളിക്കുന്നതില്‍ നിന്ന് തടഞ്ഞില്ല. ഞങ്ങള്‍ക്ക് ചുറ്റുമുള്ള ഭീകരലോകത്തെ കുറച്ച് സമയത്തേക്ക് മറന്ന് ഒരു പന്തിന് പിന്നാലെ സ്വതന്ത്രരായി പായുന്നതില്‍ ചെറുതല്ലാത്ത സന്തോഷമാണ് ഞങ്ങള്‍ക്കുണ്ടായിരുന്നത്. വെടിനിര്‍ത്തല്‍ വേളകള്‍ ഞങ്ങള്‍ കുട്ടികളെ സംബന്ധിച്ചടത്തോളം യുദ്ധവേളയില്‍ ഭൂഅറകളില്‍ അടഞ്ഞ വാതിലുകള്‍ക്ക് പിന്നില്‍ മണിക്കൂറുകളോളം അടക്കിപിടിച്ച ബാല്യത്തിന്റെ ഊര്‍ജം കെട്ടഴിച്ചുവിടാനുള്ള സുവര്‍ണാവസരങ്ങളായിരുന്നു.

നടുക്കുന്ന യാഥാര്‍ഥ്യങ്ങള്‍
ബക്ര്‍ കുടുംബത്തിലെ കുട്ടി ഞാനാകാമായിരുന്നു. അത് എന്റെ കുടുംബമാകായിരുന്നു. ശാന്തമായ തെളിച്ചമുള്ള ഒരു പകലില്‍ ചിരിച്ചും കളിച്ചും ഓടിയും രസിച്ചു നടക്കുന്നതിനിടെ എന്റെ ജീവനും അപായപ്പെടുമായിരുന്നു. തീര്‍ച്ചയായും ഇസ്രായേലിന്റെ നിഷ്ഠൂരതയുടെ സമുദ്രത്തിലെ ഒരു തുള്ളിമാത്രമാണ് ബക്ര്‍ കുടുംബത്തിലെ നാലുകുട്ടികളുടെ കൊല. ഇസ്രായേലിനും അവരുടെ അനധികൃത കുടിയേറ്റത്തിനുമെതിരായ കുറ്റപത്രങ്ങളുടെ വന്‍കെട്ടുകള്‍ക്കിടയില്‍ ഇവരുടെ കഥ അമുങ്ങിപോയേക്കാം. പക്ഷെ ലോകം മുഴുവനും ബക്ര്‍ കുട്ടികളെ മറന്നാലും, ഫലസ്തീന്‍ മറക്കില്ല.

വസ്തുതകള്‍ വ്യക്തമാണ്. എട്ട് വര്‍ഷങ്ങള്‍ക്കിടെ നടന്ന മൂന്നാമത്തെ ആക്രമണമായിരുന്ന അവസാനമായി ഗസ്സക്കെതിരെ നടന്ന ആക്രമണം. 1.4 മില്യണ്‍ ഫലസ്തീനികളെയാണ് ബന്ദികളാക്കിയത്. 50 ദിവസങ്ങള്‍ക്കിടെ വീടുകളും മറ്റു കെട്ടിടങ്ങളും ലക്ഷ്യംവെച്ച് 6000 വ്യോമാക്രമണങ്ങളാണ് ഇസ്രായേല്‍ നടത്തിയത്. 142 ഫലസ്തീന്‍ കുടംബങ്ങളിലെ മൂന്നോ അതിലധികമോ ആളുകളാണ് ആക്രമത്തില്‍ നഷ്ടപ്പെട്ടതെന്ന് കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് എന്ന ഐക്യരാഷ്ട്രസഭയുടെ ഓഫീസ് പറയുന്നത്. കൊല്ലപ്പെട്ട 2,220 ഗസ്സക്കാരില്‍ 1,492 പേര്‍ സാധാരണക്കാരായിരുന്നു. അവരില്‍ 551 കുട്ടികളും 299 സ്ത്രീകളും ഉള്‍പ്പെടുന്നു.

ഉള്‍ക്കൊള്ളനാവാതെ
എഴുപത് ശതമാനം ഗസ്സക്കാരും ഇരകളായിരുന്നു. ഇത്തരത്തില്‍ ആക്രമണങ്ങള്‍ നടത്തിയ ഒരു ഭരണകൂടത്തിന് പരിക്കുകളൊന്നുമേല്‍ക്കാതെ ഒഴിഞ്ഞുമാറാനായത് ഉള്‍ക്കൊള്ളാനാവാതെ കുഴയുകയാണ് ഞാന്‍. ഇസ്രായേലാണ് ഉത്തരവാദികളെന്ന് പറയാന്‍ ആരുണ്ട്?

കൊലകള്‍ക്കും ഫലസ്തീനികളെ പീഢിപ്പിച്ചതിനും പുറമെ9, 644 വീടുകളും ഇസ്രായേല്‍ നശിപ്പിച്ചു. ഭാഗികമായി നശിച്ച 90,000 വീടുകളാണ് ഗസ്സ മുനമ്പില്‍ ഇന്നുള്ളത്. ഇന്ന് 1,00,000 ലക്ഷം ഗസ്സക്കാരാണ് തകര്‍ന്ന് വീഴാറായ കെട്ടിടങ്ങളില്‍ സ്വന്തം നാട്ടില്‍ അഭയാര്‍ത്ഥികളായി കഴിയുന്നത്. ഒരു മേല്‍ക്കൂര മാത്രമാണ് അവര്‍ക്ക് വേണ്ടത്. പുനര്‍നിര്‍മാണ സഹായങ്ങളോ, പദ്ധതികളോ ഒന്നും ഗസ്സക്ക് ലഭിച്ചില്ല. അതുകൊണ്ടുതന്നെ വീണ്ടെടുപ്പിനുള്ള ശ്രമങ്ങളെല്ലാം മുളയിലേ തകരുന്നു.

രാഷ്ട്രീയലാഭങ്ങള്‍ക്ക് വേണ്ടി കുട്ടികളെ ലക്ഷ്യം വെക്കുകയും അവരെ കുരുതി ചെയ്യുകയും ചെയ്യുമ്പോള്‍ നിര്‍ണായകമായ ഉറച്ച നിലപാടുകള്‍ എടുത്തേ മതിയാവൂ. ഇത്തരം അനീതികളെ തുടരാനനുവദിച്ച് കൊണ്ട് നമുക്ക് നിലകൊള്ളുക വയ്യ. ഗസ്സക്കെതിരായ ഒടുവിലത്തെ ആക്രമണത്തിന് ഒരു വര്‍ഷം തികയുന്ന വേളയില്‍ ബോയ്‌കോട്ട് ഡിവെസ്റ്റമെന്റ് സാങ്ഷന്‍ പോലുള്ള ശ്രമങ്ങളുമായി നാം മുമ്പത്തേക്കാളധികം ചേര്‍ന്ന് നില്‍ക്കണം. ജനലക്ഷങ്ങളെ ദുരിതത്തിലാഴ്ത്തിയ ഇസ്രായേലിനെ പിടിച്ചുനിര്‍ത്താന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചേ പറ്റൂ.

ഫലസ്തീനികളുടെ ദുരിതങ്ങള്‍ക്കുനേരെ അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിക്കേണ്ടതുണ്ട്. കുറേ കൂടി ലളിതമായി പറഞ്ഞാല്‍, കുട്ടികളെ കുട്ടികളാവാന്‍ അനുവദിക്കുക. ഭീതിയില്‍, വെടിയുണ്ടകളെ പേടിച്ച് ഭൂഅറകളില്‍ കഴിയാനും, കളിക്കാനും ചിരിക്കാനും ഓടി രസിക്കാനുമാകാതെ അവരെ ദുരിതത്തിലാക്കരുത്. ഫലസ്തീനിന് നേര്‍ക്കുള്ള ഫലസ്തീന്റെ നിസ്സംഗതയുടെ സ്മാരകമാണ് ബക്ര്‍ കുടുംബത്തിലെ ആ നാലുകുട്ടികള്‍. ആ കുട്ടികളും ഫലസ്തീന്‍ ജനതയും നീതി അര്‍ഹിക്കുന്നുണ്ട്.

മൊഴിമാറ്റം: അനീസ്‌

Related Articles