Current Date

Search
Close this search box.
Search
Close this search box.

അഴിമതി നമ്മുടെ പൗരാവകാശം

”ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ഭരണസംവിധാനവും ജീവിത സൗകര്യങ്ങളും ഉടനെ ലഭ്യമാക്കുന്ന ഒന്നല്ല സ്വാതന്ത്ര്യവും സ്വയംഭരണവും. തെരഞ്ഞെടുപ്പിലെ കത്രിമങ്ങള്‍, അഴിമതി, അധികാരമോഹം, സ്വാര്‍ഥതാല്‍പര്യം, കെടുകാര്യസ്ഥത എന്നിവകൊണ്ട് ജീവിതം ദുസ്സഹമാവുകയും മുമ്പുണ്ടായിരുന്ന വെള്ളക്കാരുടെ ഭരണമാണ് ഇതിലും ഭേദം എന്ന തോന്നലുണ്ടാവുകയും ചെയ്യുന്ന കാലം വരും. വെറും അടിമത്തത്തില്‍ നിന്നും അപമാനത്തില്‍നിന്നമുള്ള മോചനം എന്ന ഒറ്റനേട്ടം മാത്രമേ ഇപ്പേള്‍ നമുക്ക് ലഭിക്കുകയുള്ളു.” എന്ന് 1947-ല്‍  വെല്ലൂര്‍ സെന്‍ട്രല്‍ ജെയിലില്‍നിന്ന് രാജഗോപാലാചാരി തന്റെ ജെയില്‍ കുറിപ്പുകളിലെഴുതി.

1947 -നു മുമ്പ് സേവനം മാത്രം മുതല്‍മുടക്കിയാണ് ആദര്‍ശശാലികളും ത്യാഗികളുമായ ഏതാനും സമ്പന്നരായ അഭിഭാഷകരും, പ്രഫസര്‍മാരും, പണ്ഡിതരും ബ്രിട്ടീഷുകാരില്‍നിന്ന് ഇന്ത്യയുടെ ഭരണമേറ്റെടുത്തത്.  അവരുടെ പിന്‍തലമുറക്കാരും അനുയായികളും നേതൃത്വവും അധികാരവും ഏറ്റെടുക്കാന്‍ യോഗ്യരല്ലെന്ന യാഥാര്‍ഥ്യം പിന്നീടാണ് വ്യക്തമായത്. കക്ഷിരാഷ്ട്രീയം ഒരു തൊഴിലായും അഴിമതി ഉപജീവനമായും സ്വീകരിച്ച അവരാണ് ഇന്ത്യയില്‍  അധികാരരാഷ്ട്രീയം എന്ന വ്യവസായ ശൃംഖലക്ക് തറക്കല്ലിട്ടത്. പില്‍ക്കാലത്ത് ഇത് ജനാധിപത്യം എന്ന പേരില്‍ സ്വീകാര്യതനേടി.  അഴിമതി സംഘടിതരൂപത്തില്‍ സാമൂഹ്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. അധികാരം കയ്യാളുന്നവന്‍ മന്ത്രി ആയാലും ഉദ്യോഗസ്ഥനായാലും ആനുകൂല്യങ്ങള്‍ക്കും വിട്ടുവീഴ്ചകള്‍ക്കും സേവനത്തിനും പ്രതിഫലവും ലാഭവും പ്രതീക്ഷിക്കുന്നു. മേധാവികള്‍ പ്രതിഫലം പറ്റി അനര്‍ഹമായത് വളഞ്ഞവഴിയിലൂടെ അനുവദിക്കുമ്പാള്‍ കീഴുദ്യോഗസ്ഥര്‍ അവകാശങ്ങള്‍ക്കും അര്‍ഹമായതിനും പ്രതിഫലം വിലപേശിവാങ്ങുകയാണ്. സേവനം വിറ്റഴിക്കുന്ന തന്ത്രമാണ് ഇന്നത്തെ ജനാധിപത്യം.

കൊടുക്കുന്നതില്‍ തെറ്റില്ലെന്ന് അവകാശങ്ങളും ആനുകൂല്യങ്ങളും ഇളവുകളും നേടുന്നവരും ആസ്വദിക്കുന്നവരും വിശ്വസിക്കുന്ന അവസ്ഥ നിലവില്‍വന്നതോടെ ഇത് സാമൂഹ്യസംവിധാനത്തിന്റെ ഒരു ഭാഗമായിക്കഴിഞ്ഞു. ഈ വ്യവസ്ഥിതി അംഗീകരിച്ചവരാണ് ഇന്നത്തെ വിപ്ലപരാഷ്ട്രീയനേതാക്കള്‍ മുതല്‍ വിദ്യാര്‍ത്ഥികളും തൊഴിലാളിസമൂഹവും  കര്‍ഷകരും വരെയുള്ള ഇന്നത്തെ പൗരന്മാര്‍.

രാഷ്ട്രീയം കൈയാളുന്ന നേതാക്കള്‍ക്കും കക്ഷികള്‍ക്കും ഭരിക്കുന്നവര്‍ക്കും ഭരിക്കാനൊരുങ്ങുന്നവര്‍ക്കും ചുരുങ്ങിയ യോഗ്യതകളും ഗുണവിശേഷങ്ങളുമെങ്കിലും ഉണ്ടാവണമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് സ്വാഭാവികം മാത്രമാണ്. ഇന്ന് സാമൂഹികദ്രോഹികളായ മുട്ടാളന്മാരെ പാര്‍ട്ടികള്‍ എന്ന ജനക്കൂട്ടം ഭരിക്കാനും നിയമനിര്‍മാണത്തിനും അയക്കാന്‍ തുടങ്ങിയത് മനസ്സിലാക്കിയാണ് ‘ഞങ്ങള്‍ പാതകികളെന്ന് കണ്ടെത്തുന്നവര്‍ ഭരിക്കാനും നിയമനിര്‍മാണത്തിനും കൊള്ളാത്തവരാണ്. അവരെ തടയണം ‘ എന്ന് ന്യായാധിപന്മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Related Articles