Current Date

Search
Close this search box.
Search
Close this search box.

അലപ്പോ ഞങ്ങളുടേതാണ്

aleppo.jpg

സിറിയന്‍ നഗരമായ അലപ്പോ ഇന്ന് യുദ്ധഭൂമിയാണ്. ഐ.എസും റഷ്യയും അസദ് സൈന്യവും പരസ്പരം പടവെട്ടുമ്പോള്‍ നഷ്ടപ്പെടുന്നതെല്ലാം അലപ്പോയിലെ സാധാരണ മനുഷ്യര്‍ക്ക് മാത്രം. കരയിലൂടെയും കടലിലൂടെയും തുടരുന്ന നിരന്തര ആക്രമണങ്ങള്‍ രണ്ടു ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളായി നാടുവിടാന്‍ കാരണമാക്കി. എന്നാല്‍ ഇന്നും അലപ്പോയില്‍ വസിക്കുന്നവര്‍ പറയുന്നത് ജനിച്ച മണ്ണ് വിട്ട് ഞങ്ങള്‍ എങ്ങോട്ടും പോകില്ലെന്നാണ്. ഞങ്ങള്‍ക്ക് ബോംബുകളെയല്ല ഭയം, പലായനത്തെയാണ്. ശത്രുക്കള്‍ വന്ന് കൊന്നാലും ശരി ഞങ്ങള്‍ എങ്ങോട്ടും പോകില്ല. ഞങ്ങള്‍ ജനിച്ച മണ്ണാണ് ഇത്, ഇവിടെ കിടന്ന് തന്നെ മരിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്, ജനങ്ങള്‍ ഒന്നടങ്കം പറയുന്നു.

”ഞങ്ങള്‍ ഇന്നും ഇവിടെ ജീവിച്ചിരിക്കുന്നുണ്ട് എന്നതില്‍ ദൈവത്തോട് നന്ദി പറയുന്നു. അഭയാര്‍ത്ഥി ക്യാമ്പുകളിലെ അഴുക്കിലും ചെളിയിലും ചെന്ന് താമസിക്കാന്‍ ഞാനില്ല. ഞങ്ങള്‍ വളരെയധികം അനുഗ്രഹിക്കപ്പെട്ട ഒരു ജനതയാണ്. അതെ, ഓരോ ദിവസവും നൂറുകണക്കിന് മിസൈലുകള്‍ ഇവിടെ വന്നു പതിക്കുന്നു. പക്ഷേ, ഞങ്ങള്‍ അവയെ ഭയക്കുന്നില്ല. പക്ഷേ, എന്റെ ഈ നഗരം വിട്ട് എനിക്ക് പോകേണ്ടി വരുമോ എന്നാലോചിക്കുമ്പോഴാണ് എനിക്ക് ഭയം. റഷ്യക്കാരുടെ മിസൈലിനേക്കാള്‍ എന്നെ ഭയപ്പെടുത്തുന്നത് അതാണ്”, ഒരു ഷൂ വില്‍പനക്കാരന്‍ പറയുന്നു.

”ഞങ്ങള്‍ കൊല്ലപ്പെടാത്തതില്‍ ദൈവത്തിന് നന്ദി. വളരെ ഭീകരമായ ദിനങ്ങളാണ് റഷ്യയുടെയും ഭരണകൂടത്തിന്റെയും ആക്രമണങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഞങ്ങള്‍ക്ക് അത് ശീലമായി. ഞങ്ങള്‍ അവയെ ഭയക്കുന്നില്ല”, ഒരു കുര്‍ദ് വനിത പറയുന്നു.

”രണ്ടു വര്‍ഷമായി എനിക്ക് സ്‌കൂളില്‍ പോകാന്‍ സാധിച്ചിട്ടില്ല. ഒരു ദിവസം രാവിലെ ഞങ്ങളുടെ സ്‌കൂള്‍ ബോംബാക്രമണത്തില്‍ തകര്‍ന്നതായാണ് ഞങ്ങള്‍ അറിയുന്നത്. ഇന്ന് എഴുത്തും വായനയും പോലും ഞാന്‍ മറന്നുപോയി. അതുകൊണ്ട് എപ്പോഴും പുസ്തകങ്ങള്‍ വായിച്ചുകൊണ്ടിരിക്കാന്‍ ഉമ്മ എന്നോട് പറയും, ഷെദി എന്ന ബാലിക പറയുന്നു.

”എന്റെ അധിക ബന്ധുക്കളും സിറിയ വിട്ട് ഗാസിയന്‍ടേപ്പിലേക്കും ഇസ്തംബൂളിലേക്കും കുടിയേറി. അവരോടൊപ്പം ചേരാന്‍ എന്നെയും അവര്‍ നിര്‍ബന്ധിക്കുന്നു. എന്നാല്‍ ഞാന്‍ പോകാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ നാട്ടില്‍ തന്നെ എനിക്ക് താമസിച്ചാല്‍ മതി”, 64-കാരിയായ തുര്‍ക്ക് വംശജ പറയുന്നു.

യുദ്ധത്തിന് മുമ്പ് വാണിജ്യവും വ്യവസായവും ടൂറിസവുമൊക്കെ സമ്പന്നമാക്കിയ നഗരമായിരുന്നു അലപ്പോ. എന്നാല്‍ ഇന്ന് ആകാശത്തു നിന്ന് ബോംബുകള്‍ മാത്രം വര്‍ഷിക്കപ്പെടുന്ന ഒരു ശ്മശാന ഭൂമിയായി അത് മാറിയിരിക്കുന്നു. ദിനേന പുതിയ പുതിയ ആയുധങ്ങള്‍ ഇവിടെ പരീക്ഷിക്കപ്പെടുന്നു. മധ്യ അലപ്പോയില്‍ തുര്‍ക്ക് അധിവാസ പ്രദേശത്താണ് കനത്ത ആക്രമണങ്ങള്‍ നടക്കുന്നത്. ഹൈദരിയ്യയിലും ബുസ്താന്‍ പാഷയിലും ശൈഖ് ഹിളിറിലും ഹൊല്ലൂക്കിലും അത് കനത്ത നാശങ്ങളുണ്ടാക്കി. അലപ്പോക്ക് അടുത്തുള്ള കലമൂന്‍ പട്ടണം അസദ് സൈന്യം പിടിച്ചെടുത്തതോടെയാണ് അലപ്പോ നഗരം ലെബനാനില്‍ നിന്നും ഇറാനില്‍ നിന്നുമുള്ള അധിനിവേശ സേനകളുടെ ആക്രമണത്തിന് ഇരയാവാന്‍ തുടങ്ങിയത്.

വിവ: അനസ് പടന്ന

Related Articles