Current Date

Search
Close this search box.
Search
Close this search box.

അറബ് വസന്താനന്തര ബൗദ്ധിക സംഘട്ടനം

അറബ് വസന്തത്തിന്റെ തുടക്കത്തില്‍ രാഷ്ട്രീയമായ പുരോഗതികളെ കുറിച്ച് ‘ഇസ്‌ലാം – സെക്കുലരിസം ആന്റ് ലിബറല്‍ ഡെമോക്രസി ‘ എന്ന പുസ്തകത്തില്‍ ഞാന്‍ വിവരിച്ചിരുന്നു. ഇസ്‌ലാമിക സമൂഹത്തിന്റെ ജനാധിപത്യത്തിലേക്കുള്ള സഞ്ചാരത്തെ കുറിച്ചും അതില്‍ പ്രതിപാദ്യമുണ്ട്. രണ്ട് വിഷയങ്ങളാണ് പ്രധാനമായും അതില്‍ ഉന്നയിച്ചത്. ഇസ്‌ലാമിക രാഷ്ട്രത്തില്‍ വളര്‍ന്നു വരുന്ന രാഷ്ട്രീയത്തിലെ മതത്തിന്റെ ഇടപെടലിനെ കുറിച്ചാണ് ആദ്യം പ്രതിപാദിച്ചത്. സ്വാഭാവികമായും മതേതര രാഷ്ട്രീയവുമായി അതിന് ഏറ്റുമുട്ടേണ്ടി വരുന്നതിനെയും കുറിച്ച് ജനാധിപത്യപരമായ അന്വേഷണത്തിന്റെ പ്രസക്തിയെ കുറിച്ചായിരുന്നു രണ്ടാമത് ചര്‍ച്ച ചെയ്തത്. ഇസ്‌ലാമിസ്റ്റുകള്‍ മതത്തിന്റെ രാഷ്ട്രീയ സാധ്യതകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ വര്‍ഷങ്ങളായി നടത്തിവരുന്നുണ്ട്. ജനാധിപത്യവുമായി സഹകരിച്ചു പോകുന്ന സമീപനമാണ് അത് ഒരു പരിധിവരെ സ്വീകരിച്ചത്. ഇത്തരത്തിലുള്ള ചരിത്രപരമായ ഒരു വികാസ ക്ഷമത നേടിയെടുക്കുന്നതില്‍ പശ്ചാത്യര്‍ പരാജയപ്പെട്ടിരിക്കുന്നു. എന്നാല്‍ രാഷ്ട്രീയത്തിലെ മതത്തിന്റെ ഇടപെടലിനെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും പശ്ചാത്യര്‍ തെറ്റായ സങ്കല്‍പങ്ങള്‍ വെച്ചുപുലര്‍ത്തുമ്പോള്‍ ഇസ്‌ലാമിസ്റ്റുകള്‍ വേണ്ടത്ര ചരിത്രാവബോധം നേടിയെടുത്തിരിക്കുന്നു.

മതവും രാഷ്ട്രീയവും
മതത്തിന്റെ അടിത്തറയില്‍ നിലകൊണ്ട കക്ഷികള്‍ക്കും സാംസ്‌കാരിക നായകന്മാര്‍ക്കും തങ്ങളുടെ രാഷ്ട്രങ്ങളില്‍ ജനാധിപത്യപരമായ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുവാന്‍ സാധിച്ചിട്ടുണ്ട്. ആധുനിക ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കുന്ന മനുഷ്യാവകാശം പോലുള്ള മൂല്യങ്ങളെ മതപരമായ അടിസ്ഥാനങ്ങളില്‍ വിശകലനം ചെയ്യാനും അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല, വൈകിയാണെങ്കിലും ഇത്തരത്തിലുള്ള ഒരു പരിവര്‍ത്തനത്തെ നിഷേധിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. ജനാധിപത്യപരമായ പുരോഗനങ്ങളെ ഉള്‍ക്കൊണ്ടു കൊണ്ട് മതത്തിന്റെ രാഷ്ട്രീയസാധ്യതകളെ ഉപയോഗപ്പെടുത്തുന്നതില്‍ തുനീഷ്യയിലെ അന്നഹ്ദ നേതൃപരമായ പങ്കുവഹിക്കുകയുണ്ടായി. ഈജിപ്തില്‍ ഇത്തരമൊരു പരീക്ഷണത്തെ കുറിച്ച് അഭിപ്രായാന്തരങ്ങളുണ്ടായെങ്കിലും അത് സ്വീകരിക്കാന്‍ അവരും നിര്‍ബന്ധിതരാകുകയുണ്ടായി.

 ആല്‍ഫ്രഡ് സ്റ്റീഫന്‍ സൂചിപ്പിച്ചത് പോലെ ഇരു ഭാഗത്തുനിന്നുമുള്ള സഹിഷ്ണുതാപരമായ വീക്ഷണത്തിലൂടെ ജനാധിപത്യത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സാധിക്കും. രാഷ്ട്രീയ ശക്തികളുടെയും മത പ്രസ്ഥാനങ്ങളുടെയും ഇടയില്‍ അടിസ്ഥാനപരമായ വേര്‍തിരിവ് ഉണ്ട് എന്നത് ഒരു യാഥാര്‍ഥ്യമാണ്. മതേതര രാഷ്ട്രീയം അറബ് നാടുകളില്‍ നേരിടുന്ന വെല്ലുവിളികള്‍ 2011-ല്‍ ഉര്‍ദുഗാന്‍ തന്റെ ഈജിപ്ത് സന്ദര്‍ശന വേളയില്‍ വ്യക്തമാക്കിയതാണ്. രാഷ്ട്രീയത്തിലെ റോള്‍ മോഡലായിട്ട് അന്ന് എല്ലാവരും ഉര്‍ദുഗാനെ വാഴ്ത്തുകയുണ്ടായി. ഇഖവാനികളടങ്ങുന്ന വന്‍ജനാവലിയാണ് അദ്ദേഹത്തെ കാണാനായി അന്ന് ഒരുമിച്ചുകൂടിയത്. ടെലിവിഷന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത്‌കൊണ്ട് ഉര്‍ദുഗാന്‍ മതേതരത്വത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കുകയുണ്ടായി. ‘നിങ്ങള്‍ മതേതരത്വത്തെ കുറിച്ച് സന്ദേഹപ്പെടേണ്ടതില്ല, ഈജിപ്ത് സമീപഭാവിയില്‍ തന്നെ മതേതര രാഷ്ട്രമായിത്തീരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. മതേതരത്വം എന്നാല്‍ മതത്തെയും രാഷ്ട്രീയത്തെയും അകറ്റിനിര്‍ത്തുന്ന അമുസ് ലിം രാഷ്ട്രമാണെന്ന തെറ്റായ ധാരണ നാം മാറ്റണം. നാം ഉദ്ദേശിക്കുന്ന മതേതരത്വം എല്ലാ മതങ്ങളെയും മാനിക്കുന്ന മതനിരപേക്ഷമായ ഒന്നാണ്. അത് സാധ്യമായാല്‍ സമൂഹത്തിന് മൊത്തം സുരക്ഷയോടെയും സമാധാനത്തോടെയും ജീവിക്കാന്‍ സാധിക്കും.’ ഈ വാചകങ്ങളില്‍ ഇഖവാനിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതികരണം കാണാവുന്നതാണ്. ഇന്ന് ഇത് സാധ്യമായില്ലെങ്കില്‍ പിന്നെ എപ്പോള്‍ എന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തുകയുണ്ടായി. അറബ് ലോകത്തിന് സ്വീകരിക്കാന്‍ പറ്റുന്ന പ്രായോഗിക മാതൃകയായി തുര്‍ക്കിയും ഉര്‍ദുഗാനും വളരുകയും ചെയ്തു.

മതേതരത്വത്തില്‍ നിന്ന് നാഗരിക രാഷ്ട്രത്തിലേക്ക്
മതേതരത്വവും ഇസ്‌ലാമിസ്റ്റുകളും തമ്മിലുള്ള ഇഴയടുപ്പും ഇഴപിരിക്കലും ചേര്‍ത്ത് വെച്ച് രൂപപ്പെട്ട മറ്റൊരു സംജ്ഞയാണ് നാഗരിക രാഷ്ട്രം(ദൗല മദനിയ്യ). അതിന്റെ മൂര്‍ത്തമായ രൂപമായിട്ടില്ലെങ്കിലും മൗലികാവകാശങ്ങള്‍, നീതി തുടങ്ങിയ അടിസ്ഥാന കാര്യങ്ങളില്‍ ഊന്നിക്കൊണ്ടാണ് അത് നിലകൊള്ളുന്നത്. ന്യൂനപക്ഷ അവകാശങ്ങള്‍, സ്ത്രീകളുടെയും പുരുഷന്മാരുടെയും സാമൂഹ്യ ഉത്തരവാദിത്തം തുടങ്ങിയവയില്‍ ഇനിയും ഏകാഭിപ്രായം രൂപപ്പെട്ടിട്ടില്ല. ഇസ്‌ലാമിക ലോകത്ത് ഇത് ജീവസ്സുറ്റ ചര്‍ച്ചയായി നിലകൊള്ളുന്നുണ്ട്. നാഗരിക രാഷ്ട്രത്തെ കുറിച്ചുള്ള വിഭാവന മുന്നോട്ട് പോകുന്നതില്‍ തുണീഷ്യയാണ് മാതൃക. അന്നഹ്ദയുടെ ആത്മീയ പിതാവെന്നറിയപ്പെടുന്ന റാശിദുല്‍ ഗന്നൂശിയാണ് ഇതില്‍ പ്രധാനപ്പെട്ട സംഭാവനകള്‍ അര്‍പ്പിച്ചത്. അറബ് വസന്തത്തെ തുടര്‍ന്നുള്ള സമകാലിക പശ്ചാത്തലത്തില്‍ ഈ നിരീക്ഷണത്തിന് വലിയ പ്രാധാന്യം ഉണ്ട്. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ എത്തിച്ചേര്‍ന്ന ജനാധിപത്യപരമായ വികാസത്തെ കുറിച്ചും അറബ് വസന്തത്തിന്റെ സഞ്ചാരഗതികളെ കുറിച്ചും നാം വ്യക്തമായ കാഴ്ചപ്പാട് രൂപീകരിക്കേണ്ടതുണ്ട്.

വിവ : അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles