Current Date

Search
Close this search box.
Search
Close this search box.

അറബ് വസന്തം നിലവില്‍ താല്‍പര്യപ്പെടുന്നത്

ഒന്നാം ലോകയുദ്ധത്തിന് ശേഷം 1924-ലാണ് ഉസ്മാനീ ഖിലാഫത്ത് തകര്‍ന്നത്. അറബ് ലോകത്തിന് മേലുള്ള തങ്ങളുടെ അധിനിവേശം യൂറോപ്പ് പൂര്‍ത്തീകരിച്ച കാലമായിരുന്നു അത്. ജോര്‍ദാനും, ഫിലസ്ത്വീനും, ഇറാഖും ബ്രിട്ടീഷുകാരുടെയും സിറിയയും ലബനാനും ഫ്രാന്‍സിന്റെയും കോളനികളായി മാറി. പത്തൊമ്പതാം നൂറ്റാണ്ടില്‍ അദന്‍, ഈജിപ്ത്, മൊറോക്കോ, തുനീഷ്യ, ഗള്‍ഫ് രാഷ്ട്രങ്ങള്‍ തുടങ്ങിയവ ബ്രിട്ടനും, ഫ്രാന്‍സിനും കീഴില്‍ വന്നതിന് ശേഷമായിരുന്നു ഇത്. അതോടെ കോളനിവല്‍ക്കരിക്കപ്പെട്ട അറബ് രാഷ്ട്രങ്ങള്‍ രണ്ട് സുപ്രധാന പദ്ധതികള്‍ക്ക് കീഴിലായി.

1. യൂറോപ്പും മറ്റ് കൊളോണിയല്‍ രാഷ്ട്രങ്ങളും നേതൃത്വം നല്‍കിയ പദ്ധതി. മുസ്‌ലിം സമൂഹത്തെ പാശ്ചാത്യ വല്‍ക്കരിക്കുകയായിരുന്നു പ്രസ്തുത പദ്ധതിയുടെ ആകെത്തുക.
2. മതനേതൃത്വങ്ങള്‍ നേതൃത്വം നല്‍കിയ ഖിലാഫത്ത് പുനസ്ഥാപനത്തിനും, സമൂഹത്തിന്റെ സര്‍വ്വമേഖലകളിലും ഇസ്‌ലാമിക നിയമങ്ങളുടെ പ്രായോഗികവല്‍ക്കരണത്തിനും വേണ്ടിയുള്ള പദ്ധതി. ഇതിനെ തുടര്‍ന്നാണ് ഇമാം ഹസനുല്‍ ബന്നാ ഈജിപ്തില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂനും, ഇമാം അബുല്‍ അഅ്‌ലാ മൗദൂദി ജമാഅത്തെ ഇസ്‌ലാമിയും തഖിയ്യുദ്ധീന്‍ നബ്ഹാനി ഹിസ്ബുത്തഹ്‌രീറും രൂപീകരിക്കുന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്കകം ധാരാളം പ്രസ്ഥാനങ്ങളും സംഘടനകളും പ്രസ്തുത ലക്ഷ്യം മുന്നില്‍വെച്ച് രംഗത്ത് വരികയുണ്ടായി.

പ്രസ്തുത രണ്ട് പദ്ധതികള്‍ക്കിടയിലുമുള്ള പോരാട്ടം ഒരു നൂറ്റാണ്ടിലധികം ശക്തമായിത്തന്നെ നടന്നു. ഈ സംഘട്ടനത്തിന്റെ വിധിയെഴുത്തായിരുന്നു യഥാര്‍ത്ഥത്തില്‍ അറബ് വസന്തത്തിലൂടെ നാം കണ്ടത്. മുസ്‌ലിം സമൂഹത്തെ പാശ്ചാത്യവല്‍ക്കരിക്കാനുള്ള പദ്ധതിയുടെ പരാജയപ്പെട്ടുവെന്നും, ഉമ്മത്തിന്റെ മനസ്സില്‍ ഇസ്‌ലാം അടിയുറച്ചിരിക്കുന്നുവെന്നും അറബ് വസന്തം ലോകത്തിന് മുന്നില്‍ പ്രഖ്യാപിച്ചു. തുനീഷ്യ, ഈജിപ്ത്, മൊറോക്കോ തുടങ്ങിയ രാഷ്ട്രങ്ങളില്‍ തങ്ങളുടെ ഭരണാധികാരികളെ തീരുമാനിച്ച ഇസ്‌ലാമിസ്റ്റുകള്‍ വ്യക്തമാക്കുന്നത് ഇക്കാര്യമാണ്. പീഢീതരും, സുരക്ഷിതത്വം നഷ്ടപ്പെട്ടവരുമായിരിക്കെയാണ് അവര്‍ വസന്തം വിരിയിച്ചത്. ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനുള്ള തയ്യാറെടുപ്പ് പോലും അവര്‍ നടത്തിയിരുന്നില്ല.

പാശ്ചാത്യര്‍ തീര്‍ത്തും നിസ്സഹായരാണ്. അതിനാല്‍ തന്നെ നിലവിലുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ യൂറോപ്പിലെ ക്രൈസ്തവ ജനാധിപത്യ പ്രസ്ഥാനങ്ങളെപ്പോലെയാവണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. ചുരുങ്ങിയപക്ഷം തുര്‍ക്കിയിലെ ജസ്റ്റിസ് ആന്റ് ഡെവലെപ്‌മെന്റ് പാര്‍ട്ടിയെപ്പോലെങ്കിലും ആവേണ്ടതുണ്ട്. അതായത് സ്വതന്ത്ര മതേതര ജനാധിപത്യ വ്യവസ്ഥയായിരിക്കേണ്ടതുണ്ട് പരമോന്നത ഭരണവ്യവസ്ഥ. അതിന്റെ മൂല്യങ്ങളായിരിക്കണം രാഷ്ട്രീയവും, സാമൂഹികവും സാമ്പത്തികവുമായ ജീവിതത്തെ നയിക്കേണ്ടത്. പൊതു നിരത്തിലേക്ക് കൊണ്ട് വരാതെ വ്യക്തികള്‍ സ്വകാര്യ ജീവിതത്തില്‍ രഹസ്യമായി കൈകാര്യം ചെയ്യേണ്ടതാണ് മതം.

ഈ സമീപനവും പരാജയപ്പെടുമെന്ന് തന്നെയാണ് നാം വിശ്വസിക്കുന്നത്. കാരണം ഒന്നാം ലോകയുദ്ധത്തിന് ശേഷം പ്രമുഖമായ രണ്ട് അറബ് രാഷ്ട്രങ്ങള്‍(ഈജിപ്ത്, ഇറാഖ്) ജനാധിപത്യ പരീക്ഷണം നടത്തിയിരുന്നു. ലബനാന്‍, സുഡാന്‍, സിറിയ, തുനീഷ്യ തുടങ്ങിയ രാഷ്ട്രങ്ങളിലും അത് തന്നെ നടത്തി നോക്കി. പക്ഷെ അവയൊന്നും തന്നെ വിജയിച്ചില്ല. കാരണം പ്രസ്തുത രാഷ്ട്രങ്ങളുടെ അസതിത്വത്തിന് ഇണങ്ങുന്നതായിരുന്നില്ല ജനാധിത്യ സംവിധാനം. മാത്രമല്ല, ജനാധിപത്യം നിയമമാക്കുന്ന വ്യക്തിയുടെ സമ്പൂര്‍ണ സ്വാതന്ത്ര്യം, ലോകത്തെക്കുറിച്ച ഭൗതിക വീക്ഷണം, മൂല്യങ്ങളേക്കാള്‍ താല്‍പര്യങ്ങള്‍ക്കുള്ള മുന്‍ഗണന തുടങ്ങിയ സിദ്ധാന്തങ്ങള്‍ മുസലിം ഉമ്മത്ത് നിലകൊള്ളുന്ന സംസ്‌കാരത്തോടും, വ്യക്തിത്വത്തോടും ഏറ്റുമുട്ടുന്നവയായിരുന്നു. ലോകത്തെ കേവല ഭൗതിക പദാര്‍ഥപരമായ വായന അദൃശ്യ ലോകത്തെകുറിച്ച മുസ്‌ലിമിന്റെ വിശ്വാസത്തോട് ഏറ്റുമുട്ടുന്നു.

ഇസ്‌ലാം വിരുദ്ധമായ ഇത്തരം ചില നിയമങ്ങളെക്കുറിച്ച് ഇമാം ഹസനുല്‍ ബന്നാ വ്യക്തമാക്കിയിരുന്നു. വ്യഭിചാരം, മദ്യം, പലിശ തുടങ്ങിയവ അനുവദനീയമാക്കുന്ന നിയമങ്ങള്‍ ഉദാഹരണം. പ്രസ്തുത നിയമങ്ങള്‍ക്കെതിരെ യുദ്ധം നടത്തണമെന്നും, അവ റദ്ധാക്കപ്പെടണമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

പാശ്ചാത്യ ജനാധിപത്യത്തെ അന്ധമായി അനുകരിച്ചുവെന്നത് തന്നെയാണ് അവയുടെ പരാജയത്തിന്റെ മുഖ്യ കാരണം. പടിഞ്ഞാറിന് യോജിച്ചത് അതുപോലത്തന്നെ അറബ്-ഇസ്‌ലാമിക സമൂഹത്തിന് യോജിച്ച് കൊള്ളണമെന്നില്ല. അതിനാല്‍ തന്നെ രാഷ്ട്രീയ വ്യവസ്ഥയുടെ കാര്യത്തില്‍ അന്തിമതീരുമാനം രൂപപ്പെടുത്തുന്നതിന് മുമ്പ് ചിന്തകന്‍മാരും, ഇസ്‌ലാമിസ്റ്റുകളും ഇസ്‌ലാമിക പ്രസ്ഥാനങ്ങളും ചരിത്രത്തിന്റെ പലഘട്ടങ്ങളെയും, അനുഭവങ്ങളെയും കുറിച്ച് പുനരാലോചന നടത്തേണ്ടതുണ്ട്. പ്രസ്തുത ചര്‍ച്ച താഴെപറയുന്ന കാര്യങ്ങളില്‍ കേന്ദ്രീകരിക്കാവുന്നതാണ്.

1. രണ്ട് ലോകയുദ്ധങ്ങള്‍ക്കിടയില്‍ ഇറാഖിലും ഈജിപ്തിലുമുണ്ടായിരുന്ന ജനാധിപത്യ അനുഭവങ്ങളെക്കുറിച്ച സമഗ്രമായ വിലയിരുത്തുക.
2. പാശ്ചാത്യ സമൂഹത്തിനും, മുസ്‌ലിം സമൂഹത്തിനുമിടയിലെ അന്തരങ്ങളെ തിട്ടപ്പെടുത്തുക. അവയില്‍ ഏറ്റവും മുഖ്യമായത് മതത്തോടുള്ള സമീപനമാണ്. പടിഞ്ഞാറില്‍ മതത്തിന്റെ പങ്ക് പ്രതിലോമപരവും നമ്മുടെ സമൂഹങ്ങളില്‍ നിര്‍മാണാത്മകവുമാണ്. പടിഞ്ഞാറില്‍ സമൂഹത്തെക്കാള്‍ ശക്തി രാഷ്ട്രത്തിനാണ്. നമ്മുടെ അടുത്താവട്ടെ രാഷ്ട്രത്തെക്കാള്‍ സ്ഥാനം സമൂഹത്തിനാണ്.
3. ജനാധിപത്യം യൂറോപ്പിനും പടിഞ്ഞാറിനും യോജിച്ച രാഷ്ട്രീയ സംവിധാനമാണെന്ന അവബോധം. അവര്‍ക്ക് നൂറ്റാണ്ടുകളുടെ അനുഭവവും അക്കാര്യത്തിലുണ്ട്. പടിഞ്ഞാറിന് യോജിച്ച സംവിധാനം നിര്‍ബന്ധമായും നമുക്ക് യോജിച്ച് കൊള്ളണമെന്നില്ല. മറിച്ച് നമ്മുടെ സംഭവലോകത്തിനും, നാഗരിക വ്യക്തിത്വത്തിനും അനുഗുണമായ വിധത്തില്‍ അതിനെ വികസിപ്പിക്കാവുന്നതാണ്.
4. പാശ്ചാത്യ നാഗരികത പൂര്‍ണമായും നന്മയല്ല. മറിച്ച് തികച്ചും രോഗാതുരവും, പ്രതിസന്ധികള്‍ അഭിമുഖീകരിക്കുകയുമാണ് അവര്‍. നമ്മുടെ ചിന്തകന്മാരും, പണ്ഡിതരും അത് വീക്ഷിക്കുന്നുമുണ്ട്. പ്രസ്തുത രോഗങ്ങളും പ്രതിസന്ധികളും നമ്മുടെ സമൂഹത്തിലെത്താതെ നോക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. മാത്രമല്ല, അവയില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ് ബുദ്ധിയും യുക്തിയും.
5. നമ്മുടെ രാഷ്ട്രീയ പരീക്ഷണങ്ങളുടെ ചരിത്രത്തെക്കുറിച്ച അവബോധം. അവയിലെ അനുകൂലമായവയെ പൊടിതട്ടിയെടുക്കുകയും കാലത്തോട് യോജിക്കുന്ന വിധത്തില്‍ വികസിപ്പിക്കുകയും ചെയ്യുക.
6. അറബ്-ഇസ്‌ലാമിക സമൂഹമെന്ന ഒരു സംഘം നിലവിലുണ്ടെന്ന ബോധം. അവയുടെ ഭാഷയും, ചരിത്രവും സംസ്‌കാരവും ഒന്നാണ്. ഈ സമൂഹം അതിനെ ശക്തിപ്പെടുത്തുന്ന, അതിന്റെ ഐക്യം സംരക്ഷിക്കുന്ന, അസ്തിത്വം കാത്ത് സൂക്ഷിക്കുന്ന, തിന്മയെ പ്രതിരോധിക്കുന്ന ഒരു രാഷ്ട്രം ആഗ്രഹിക്കുന്നുണ്ട്. അതിനാല്‍ ഈജിപ്തിലും, തുനീഷ്യയിലും വിജയിച്ച ഇസ്‌ലാമിസ്റ്റുകള്‍ പണിയെടുക്കേണ്ടത് അതിന് വേണ്ടിയാണ്. കാരണം അവരുടെ രൂപീകരണം ഈ ലക്ഷ്യം സ്ഥാപിക്കുന്നതിന് വേണ്ടിയായിരുന്നു. സമൂഹം അവരെ വിജയിപ്പിച്ചതും അതിന് വേണ്ടി തന്നെയാണ്.
7. ഖിലാഫത്ത് തകര്‍ന്നതോടെ, ഒന്നാം ലോകയുദ്ധത്തിന് ശേഷം മുതലാളിത്ത ജനാധിപത്യ രീതിയും, രണ്ടാം ലോകയുദ്ധത്തിന് ശേഷം സോഷ്യലിസ വ്യവസ്ഥയുമാണ് അറബ് രാഷ്ട്രങ്ങള്‍ പരീക്ഷിച്ച് പോന്നത്. അതോടെ ജീവിതത്തില്‍ വിവാഹം, ത്വലാഖ് തുടങ്ങിയ ചില്ലറ കാര്യങ്ങളില്‍ മാത്രം ഇസ്‌ലാമിക അധ്യാപനങ്ങള്‍ പരിമിതമായി.

സമൂഹത്തില്‍ നിന്നും ഇസ്‌ലാമിക നിയമങ്ങള്‍ പൂര്‍ണമായും വിപാടനം ചെയ്യാന്‍ അതിന് സാധിച്ചില്ല. നിലവില്‍ തുനീഷ്യയിലെയും, ഈജിപ്തിലെയും ഇസ്‌ലാമിസ്റ്റുകള്‍ക്ക് രണ്ട് സാധ്യതകളുണ്ട്. നടപ്പാക്കപ്പെട്ട ശരീഅത്ത് സംവിധാനങ്ങളുടെ മേഖല കൂടുതല്‍ വിശാലമാക്കുകയോ, ജീവിതത്തിന്റെ നിഖില മേഖലകളിലും പൂര്‍ണാര്‍ത്ഥത്തില്‍ ശരീഅത്ത് നടപ്പാക്കുകയോ ചെയ്യുക. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് ഇവയിലേതെങ്കിലും ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ അവര്‍ ഉമ്മത്തിന് പുതുതായി ഒന്നും നല്‍കിയിട്ടില്ലെന്ന് ചുരുക്കം.  

ഇപ്പോള്‍, ഈജിപ്തിലെയും തുനീഷ്യയിലെയും ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ അടിയന്തിര ബാധ്യത ഇസ്‌ലാമിനെ രാഷ്ട്രത്തിന്റെ സാമൂഹികവും, രാഷ്ട്രീയവും, സാമ്പത്തികവും, സാംസ്‌കാരികവുമായ എല്ലാ മേഖലകളുടെയും അടിസ്ഥാനമായി സ്വീകരിക്കുകയെന്നതാണ്. അപ്രകാരം ചെയ്യുന്ന പക്ഷം നിലനില്‍ക്കുന്ന സാഹചര്യത്തിന്റെ താല്‍പര്യവും അത് തന്നെയാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ ഉമ്മത്ത് അഭിമുഖീകരിച്ച അസ്വസ്ഥതക്കും, വീഴ്ചക്കും അറുതി വരുത്താന്‍ അതുമുഖേനെ സാധിച്ചേക്കും.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles