Current Date

Search
Close this search box.
Search
Close this search box.

അറബ് ലോകം വീണ്ടും വിഭജിക്കപ്പെടുമോ?

arabworld.jpg

2010 ഡിസംബര്‍ 17-ന് തൂനീഷ്യയില്‍ ആരംഭം കുറിക്കുകയും, 2011 ജനുവരി 14-ന് തുനീഷ്യന്‍ ഏകാധിപതി സൈനുല്‍ ആബിദീന്‍ ബിന്‍ അലിയെ സ്ഥാനഭ്രഷ്ടനാക്കി കൊണ്ട് മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുകയും ചെയ്ത അറബ് വസന്ത വിപ്ലവമുഹൂര്‍ത്തങ്ങള്‍ അറബ് മേഖലയില്‍ മാത്രമല്ല മറിച്ച് ലോകത്തുടനീളം പ്രതിധ്വനികള്‍ സൃഷ്ടിക്കുകയുണ്ടായി. തുനീഷ്യന്‍ ഇഫക്ട് 2011-2012 കാലയളവില്‍ ഈജിപ്ത്, ലിബിയ, സിറിയ എന്നിവിടങ്ങളിലേക്ക് വ്യാപിക്കുകയും, ആ രാഷ്ട്രങ്ങളുടെ രാഷ്ട്രീയ സാമൂഹിക ചരിത്രത്തില്‍ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയും ചെയ്തു. പക്ഷെ, ബാഹ്യശക്തികളുടെ എല്ലാവിധ സഹായങ്ങളുമുണ്ടായിരുന്ന പ്രതിവിപ്ലവ ശക്തികള്‍, വിപ്ലാവാരംഭം മുതല്‍ക്ക് ജനങ്ങള്‍ അവരുടെ മനസ്സില്‍ കാത്തുസൂക്ഷിച്ച സ്വാതന്ത്ര്യ-ജനാധിപത്യ സ്വപ്‌നങ്ങളെയെല്ലാം ദുഃസ്വപ്‌നമാക്കി തീര്‍ക്കുകയാണ് ചെയ്തത്.

2011 കാലയളവിലെ അതിവേഗ സാമൂഹിക ചലനങ്ങള്‍ പാശ്ചാത്യ ശക്തികളെ ഞെട്ടിച്ചിരുന്നുവെന്ന കാര്യത്തില്‍ സംശയത്തിനിടമില്ല. അതുകൊണ്ടു തന്നെയാണ് അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, റഷ്യ തുടങ്ങിയ വന്‍ശക്തികള്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഒരു നിമിഷം അങ്കലാപ്പിലായതും, കാത്തിരിക്കാന്‍ തീരുമാനിച്ചതും. എന്നിരുന്നാലും, വളരെ പെട്ടെന്ന് തന്നെ മേഖലയിലെ ജനാധിപത്യ മാറ്റത്തെ ഗതിതിരിച്ച് വിടാനുള്ള പദ്ധതി ഒരുക്കപ്പെട്ടു. ഫ്രാന്‍സിന്റെയും അമേരിക്കയുടെയും വിദേശ നയത്തില്‍ അത് വളരെ പെട്ടെന്ന് പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങള്‍ പുറത്ത് നിന്നുള്ള പിന്തുണക്കായി ഒരുപാട് കാത്ത് നിന്നു. പക്ഷെ കേവലം അവ്യക്തമായ പ്രതികരണങ്ങളും, താല്‍പ്പര്യമില്ലായ്മയുമാണ് അവര്‍ക്ക് ലഭിച്ചത്. കഥ അവിടെ അവസാനിക്കേണ്ടതായിരുന്നു. പക്ഷെ അതിലും വലുത് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. വ്യത്യസ്ത സ്ഥലങ്ങളില്‍ വിവിധ മാര്‍ഗങ്ങളിലൂടെ ബാഹ്യശക്തികള്‍ ഇടപെടാന്‍ തുടങ്ങി. അറബ് ലോകത്ത് ജനാധിപത്യം വ്യാപിക്കുന്നതില്‍ പാശ്ചാത്യ ശക്തികള്‍ ഒരിക്കല്‍ പോലും തല്‍പരരായിരുന്നില്ല. ഇനി അങ്ങനെ ഉണ്ടെങ്കില്‍ തന്നെ, മേഖലയിലെ അവരുടെ താല്‍പര്യം സംരക്ഷിക്കുന്നതിനും സ്വാധീനം ഉറപ്പിക്കുന്നതിനുള്ള ഒരു ഭരണതന്ത്രമാണത്. സ്വതന്ത്ര തെരഞ്ഞെടുപ്പുകളും, നിയമ വാഴ്ച്ചയും, രാഷ്ട്രീയ സ്ഥിരതയും, സാമ്പത്തികാഭിവൃദ്ധിയും വാഗ്ദാനം ചെയ്യുന്ന യഥാര്‍ത്ഥ ജനാധിപത്യമല്ല പാശ്ചാത്യരാഷ്ട്രങ്ങള്‍ അറബ് ലോകത്ത് പുലരണമെന്ന് ആഗ്രഹിക്കുന്നത്.

ഗോത്രത്തിന്റെയും, വിഭാഗീയതയുടെയും അടിസ്ഥാനത്തില്‍ അറബ് രാഷ്ട്രങ്ങളെ ചെറുകഷ്ണങ്ങളായി വിഭജിക്കാനാണ് ഇപ്പോഴത്തെ പദ്ധതി. ഇറാഖിനെ മൂന്ന് രാജ്യങ്ങളായി വിഭജിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്: തെക്ക് ഭാഗത്ത് ശിയാ രാഷ്ട്രം, വടക്കു ഭാഗത്ത് കുര്‍ദിഷ് രാഷ്ട്രം, പടിഞ്ഞാറ് ഭാഗത്ത് സുന്നി രാഷ്ട്രം. അതേ ലക്ഷ്യത്തോടെ വടക്ക് ഭാഗത്ത് സുന്നി രാഷ്ട്രവും, തീരദേശ പര്‍വ്വതമേഖലയില്‍ അലവി രാഷ്ട്രവും, തെക്ക് ഭാഗത്ത് ദ്രൂസ് രാഷ്ട്രവും സ്ഥാപിച്ച് കൊണ്ട് സിറിയയെ വിഭജിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. മേഖലയിലെ മറ്റേതൊരു രാജ്യത്തേക്കാളും സൈനികമായും രാഷ്ട്രീയമായും ആധിപത്യമുള്ള ഒരു വന്‍ശക്തിയായി ഇസ്രായേല്‍ ശക്തിപ്രാപിക്കുക എന്ന മറ്റൊരു ലക്ഷ്യവും ഇതിന്റെ ഭാഗമായുണ്ട്. അവരുടെ ലക്ഷ്യപ്രകാരമുള്ള മഹത്തായ ഇസ്രായേല്‍ രാഷ്ട്രനിര്‍മിതിയിലേക്ക് അങ്ങനെ അവര്‍ കൂടുതല്‍ അടുക്കുകയും ചെയ്യും.

ഈ പദ്ധതിയെ കുറിച്ചുള്ള ചില സൂചനകള്‍, 2006-ല്‍ മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസിലൂടെ ചോര്‍ന്നിരുന്നു. ‘ന്യൂ മിഡിലീസ്റ്റ്’ എന്നായിരുന്നു ആ രേഖയുടെ പേര്. ഭൂപടങ്ങള്‍ ലോകത്തെ മാറ്റിവരച്ചു കൊണ്ടിരിക്കുകയാണ്, ഇന്ന് മിഡിലീസ്റ്റ് എന്ന് വിളിക്കപ്പെടുന്ന മേഖല പ്രത്യക്ഷപ്പെട്ടത് 1980-കള്‍ മുതല്‍ക്കാണ്. ബ്രിട്ടീഷ്-അമേരിക്കന്‍ ഓറിയന്റലിസ്റ്റായ ബര്‍ണാഡ് ലെവിസുമായി ബന്ധപ്പെട്ട് ഒട്ടേറെ ആശ്ചര്യജനകമായ കാര്യങ്ങളുണ്ട്.

അറബ് മേഖലയെ കുറിച്ച് ഒരുപാട് എഴുതിയ വ്യക്തിയാണ് ബര്‍ണാഡ് ലെവിസ്. ഗോത്രവൈവിധ്യവും, വിഭാഗീയ ഭിന്നതകളും കാരണമായി അറബ് ലോകത്തിന് ഒരിക്കലും ഒരു ഏകനേതൃത്വത്തിന് കീഴില്‍ ഒരുമിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതുകൊണ്ടു തന്നെ അറബ് മേഖലക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ അവര്‍ക്കിടയിലെ വിഭാഗീയതയെ പാശ്ചാത്യലോകം മുതലെടുക്കണമെന്ന് അദ്ദേഹം വാദിച്ചു.

ലബനാനില്‍ നടന്നത് പോലെയുള്ള ആഭ്യന്തര യുദ്ധങ്ങള്‍ക്ക് അറബ് ലോകം സാക്ഷിയാവുമെന്ന്, ഒപ്പറേഷന്‍ ഡസേര്‍ട്ട് സ്റ്റോമിന് ശേഷം 1992-ല്‍, ലെവിസ് അഭിപ്രായപ്പെടുകയുണ്ടായി. ആ സമയത്ത് ഫോറിന്‍ അഫേഴ്‌സില്‍ അദ്ദേഹം എഴുതുകയുണ്ടായി:

‘പാന്‍-അറബിസം അപ്രത്യക്ഷമായതോടെ ഏകാധിപതികളാലും, പുറത്ത് നിന്നും വന്ന് അവരെ വിഡ്ഢികളാക്കിയ പൊള്ളയായ ആശയങ്ങളാലും വലഞ്ഞ ജനത ഇസ്‌ലാമിക മൗലികവാദത്തില്‍ ആകൃഷ്ടരായി. ഭരണകൂടം തങ്ങളുടെ അടിച്ചമര്‍ത്തല്‍ നയം ശക്തമാക്കുന്നതിന് അനുസരിച്ച് പ്രതിപക്ഷ എതിരാളികളെ ഉന്മൂലനം ചെയ്തു കൊണ്ടിരിക്കും. ഇത് മൗലികവാദികള്‍ക്ക് സഹായകരമായി ഭവിക്കും. കേന്ദ്രത്തിലെ അധികാരശക്തി ദുര്‍ബലമായാല്‍, രാജ്യത്തെ ഒരുമിച്ച് നിര്‍ത്തുന്ന ഒരു സിവില്‍ സമൂഹമോ, ഒരു പൊതുദേശീയ സ്വത്വബോധമോ പിന്നെ ഉണ്ടാവുകയില്ല. പിന്നീടെന്ത് സംഭവിക്കുമെന്നാല്‍, ലബനാനില്‍ സംഭവിച്ചത് പോലെ വര്‍ഗത്തിന്റെയും, ഗോത്രത്തിന്റെയും, പ്രാദേശികതയുടെയും, പാര്‍ട്ടികളുടെയും പേരില്‍ തമ്മിലടിച്ച് രാഷ്ട്രം വിഭജിക്കപ്പെടാന്‍ തുടങ്ങും.’

സിറിയ, ഇറാഖ്, യമന്‍, ലിബിയ എന്നീ രാജ്യങ്ങളിലെ ഇപ്പോഴത്തെ അരക്ഷിതാവസ്ഥ തന്നെയല്ലെ ലെവിസിന്റെ വാക്കുകളില്‍ പ്രതിധ്വനിക്കുന്നത്?  ഇറാഖ് യുദ്ധം, ഗള്‍ഫ് യുദ്ധം, ഭീകരവിരുദ്ധ യുദ്ധം തുടങ്ങിയ പേരുകളിട്ട് വിളിക്കപ്പെടുന്ന പാശ്ചാത്യ രാഷ്ട്രങ്ങളുടെ അനാവശ്യ ഇടപെടലുകള്‍ ആരംഭിക്കുന്നത് വരേക്കും, എല്ലാ മതങ്ങളും, വിഭാഗങ്ങളും പരസ്പര സഹിഷ്ണുതയോടെയും, വളരെയധികം സമാധാനത്തോടെയും കഴിഞ്ഞിരുന്ന രാജ്യങ്ങളാണ് ഇവയൊക്കെ. അഞ്ച് അറബ് രാഷ്ട്രങ്ങളെ 14 രാഷ്ട്രങ്ങളായി വിഭജിച്ച് കൊണ്ട് മാറ്റിവരച്ച ഒരു ഭൂപടം 2013-ല്‍ ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടിരുന്നു. സൗദി അറേബ്യ, ലിബിയ, യമന്‍, ഇറാഖ്, സിറിയ എന്നിവയായിരുന്നു ആ അഞ്ച് രാഷ്ട്രങ്ങള്‍.

ലോറന്‍സ് ഓഫ് അറേബ്യ എന്ന പേരില്‍ അറിയപ്പെടുന്ന ടി.ഇ. ലോറന്‍സിന് അദ്ദേഹത്തിന്റെ ജീവിതകാലത്ത് പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയ ദൗത്യത്തിന്റെ തുടര്‍ച്ചയാണ് അറബ് മേഖലയുടെ ഭൂപടം മാറ്റിവരക്കാനുള്ള ഇപ്പോഴത്തെ പദ്ധതി. ലോര്‍ഡ് സെസില്‍, ലോര്‍ഡ് കേഴ്‌സണ്‍, ലോര്‍ഡ് ബാള്‍ഫര്‍, ജനറല്‍ സ്മട്ട്‌സ്, ബ്രിട്ടീഷ് ഫോറിന്‍ ഓഫീസിലെ മാര്‍ക്ക് സൈക്കസ് എന്നിവരുടെ മുഖ്യ ഉപദേഷ്ടാവായിരുന്നു ടി.ഇ. ലോറന്‍സ്. ലോറന്‍സിന്റെ ഉപദേശപ്രകാരമാണ് അറബ് മേഖലയുടെ ഭൂപടം അന്ന് മാറ്റിവരക്കപ്പെട്ടത്. ‘ഉഥ്മാനിയ ഖിലാഫത്ത് തകര്‍ക്കുക’ എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ വേണ്ടി, ഉഥ്മാനിയ സാമ്രാജ്യത്തിന് കീഴിലുള്ള അറബ് പ്രദേശങ്ങള്‍ വിഭജിച്ച് തങ്ങളുടെ സ്വാധീനമേഖലകളാക്കി കൊണ്ട് 1916 മെയ് 19-ന് ബ്രിട്ടനും ഫ്രാന്‍സും ഒപ്പുവെച്ച ആ കുപ്രസിദ്ധമായ ഉമ്പടിയുടെ പേരാണ് സൈക്കസ്-പീക്കോ ഉടമ്പടി. അഞ്ച് അറബ് രാഷ്ട്രങ്ങളെ വിഭജിച്ച് 14 രാഷ്ട്രങ്ങളാക്കാനുള്ള ഇപ്പോഴത്തെ പദ്ധതിയെ അതുകൊണ്ടു തന്നെ ‘സൈക്കസ്-പീക്കോ 2- 2016’ എന്ന് വിളിക്കാം.

അടുത്തകാലത്തായി ഇറാനും ഈ പദ്ധതിയില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. കൂടുതല്‍ രാഷ്ട്രങ്ങളിലേക്ക് തങ്ങളുടെ സ്വാധീനം വ്യാപിക്കുക എന്ന 2003 മുതല്‍ക്കുള്ള അവരുടെ അജണ്ടയാണ് അതിന് കാരണം.

മേല്‍ സൂചിപ്പിച്ച വിഭജന പദ്ധതിയുടെ വെളിച്ചത്തില്‍, മേഖലയില്‍ മൊത്തത്തില്‍ നടന്ന് കൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെ എളുപ്പം മനസ്സിലാക്കാന്‍ സാധിക്കും. ഇറാഖ് അധിനിവേശം മുതല്‍ക്കിങ്ങോട്ട്, സിറിയയിലെ ആഭ്യന്തരയുദ്ധത്തോടുള്ള പാശ്ചാത്യരാജ്യങ്ങളുടെ പ്രതികരണങ്ങള്‍, ഐക്യരാഷ്ട്രസഭയുടെ ശക്തിയില്ലായ്മ, തുനീഷ്യ പോലെയുള്ള അറബ് വസന്താനന്തര രാജ്യങ്ങളിലെ ജനാധിപത്യ മാറ്റത്തെ പിന്തുണക്കാനുള്ള പാശ്ചാത്യരാജ്യങ്ങളുടെ വൈമനസ്യം വരെയുള്ള കാര്യങ്ങളുടെ പിന്നിലെന്താണെന്ന് അവയെ അവരുടെ വിഭജന പദ്ധതിയുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ എളുപ്പം മനസ്സിലാവും.

മതത്തിന്റെയും വര്‍ഗത്തിന്റെയും അടിസ്ഥാനത്തില്‍, ശിയാ, സുന്നി, അലവി, ദ്രൂസ്, ക്രിസ്ത്യന്‍, കുര്‍ദ് തുടങ്ങിയ ചെറുരാഷ്ട്രങ്ങളായി അറബ് മേഖലയെ വിഭജിക്കാനുള്ള ; എന്നുവെച്ചാല്‍ മഹത്തായ ഇസ്രായേല്‍ രാഷ്ട്രത്തിന് വേണ്ടിയുള്ള വിഭജന-അധിനിവേശ പദ്ധതികളൊന്നും തന്നെ അണിയറയില്‍ നടക്കുന്നില്ലെന്ന് വാദിക്കുന്നത് തികഞ്ഞ വിഡ്ഢിത്തം തന്നെയാണ്. എന്നിരുന്നാലും, ഇറാഖ്, സിറിയ, യമന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ ഉടന്‍ തന്നെ ചെറുകഷ്ണങ്ങളായി വിഭജിക്കപ്പെടുമെന്ന് കരുതുന്നതും വിഡ്ഢിത്തം തന്നെയാണ്. സൗദി അറേബ്യ, തുര്‍ക്കി തുടങ്ങിയ മേഖലയിലെ സ്വാധീനശക്തികളായ ജി.സി.സി, അറബ് ലീഗ് രാജ്യങ്ങള്‍ അറബ് മേഖലയെ തകര്‍ക്കാനുള്ള അത്തരം ശ്രമങ്ങളെ ഫലപ്രദമായി തടയുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles