Current Date

Search
Close this search box.
Search
Close this search box.

അറബ് രാഷ്ട്രങ്ങളേക്കാള്‍ ഭേദം ഇസ്രായേലോ?

pal-child-jerusalem.jpg

ഇസ്രായേലി അധിനിവേശത്തിന്റെ ഫലസ്തീന്‍ ജനതക്ക് നേരെയുള്ള തികച്ചും അപമാനകരമായ അതിക്രമവും, അടിച്ചമര്‍ത്തലും ദിനേന സംഭവിക്കുന്നുണ്ട്. ഇസ്രായേല്‍ എന്ന രാഷ്ട്രം സ്ഥാപിക്കുന്നതിന് വേണ്ടി ചരിത്രത്തിലെ ഫലസ്തീനികളെ വംശീയമായി ഉന്മൂലനം ചെയ്തു തുടങ്ങിയ 1948-ലെ നഖബ (ദുരന്തം) മുതല്‍ക്ക് തന്നെ തന്നെ അത് ആരംഭിച്ചിരുന്നു. അടുത്ത കാലത്തൊന്നും അവസാനിക്കാത്ത മട്ടില്‍ മനുഷ്യാവാകാശ ലംഘനങ്ങള്‍ അനിയന്ത്രിതമായി തന്നെ തുടരുകയാണ്.

ഇസ്രായേല്‍ സര്‍ക്കാറിന്റെ നിരന്തര പീഢനങ്ങള്‍ക്കെതിരെ അധിനിവേശത്തിന് കീഴില്‍ കഴിയുന്ന ജനത ഇടക്കെപ്പോഴെങ്കിലും ഹിംസാത്മക ചെറുത്ത് നില്‍പ്പ് നടത്തുന്നതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ലെന്നാണ് കഴിഞ്ഞ ഡിസംബറില്‍ ഐക്യരാഷ്ട്ര സഭാ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ നിരീക്ഷിച്ചത്. വ്യക്തിപരമായി, ഇസ്രായേല്‍ സൈന്യത്തിന്റെയും, അനധികൃത ജൂതകുടിയേറ്റ കേന്ദ്രങ്ങളില്‍ താമസിക്കുന്ന മതതീവ്രവാദികളുടെയും സ്വഭാവം എന്നെയും അത്ഭുതപ്പെടുത്തുന്നില്ല. കാരണം അതാണ് അധിനിവേശകര്‍ ചെയ്യുന്നത് – അവര്‍ അടിച്ചമര്‍ത്തുന്നു, തകര്‍ക്കുന്നു, അവര്‍ ജനങ്ങളോട് നിഷ്ഠൂരമായി പെരുമാറുകയും ചെയ്യുന്നു. 68 വര്‍ഷമായി ഇസ്രായേലികള്‍ ഇത് തന്നെ ചെയ്തു കൊണ്ടിരിക്കുകയാണ്. അതേ സമയം ‘അന്താരാഷ്ട്ര സമൂഹത്തിന്റെ’ നേതാക്കള്‍ അവരുടെ താല്‍പ്പര്യമില്ലായ്മയുടെയും, കുറച്ചൊക്കെ ഞങ്ങള്‍ പരിഗണിക്കുന്നുണ്ട് എന്ന് നടിക്കുന്നതിന്റെയും ഇടയില്‍ കിടന്ന് ഊഞ്ഞാലാടി കൊണ്ടിരിക്കുകയാണ്.

ബ്രിട്ടീഷ് ചാരിറ്റിയായ ഇന്റര്‍പാലിന് വേണ്ടി വനിതകള്‍ മാത്രമടങ്ങുന്ന ഒരു സംഘത്തോടൊപ്പം അടുത്തിടെ ഞാന്‍ ലബനാനിലേക്ക് ഒരു ഫീല്‍ഡ് ട്രിപ്പ് നടത്തിയിരുന്നു. മെയ് പകുതിയോടെ വരാനിരിക്കുന്ന നഖബ വാര്‍ഷികദിനത്തിലായിരുന്നു എന്റെ മനസ്സ് മുഴുവന്‍. ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക അധിനിവേശം അവസാനിക്കുന്നതിന് മുമ്പ് ഇങ്ങനെ ഇനി എത്ര വാര്‍ഷികദിനങ്ങള്‍ വന്നു പോകും എന്ന ചോദ്യം മനസ്സിലുണര്‍ന്നു. ഇസ്രായേലുമായി ബന്ധപ്പെട്ടല്ല ഉത്തരമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം ഓരോ വര്‍ഷവും ബില്ല്യണ്‍ കണക്കിന് ഡോളര്‍ നല്‍കി കൊണ്ട് സയണിസ്റ്റ് രാഷ്ട്രത്തെ പുഷ്ടിപ്പെടുത്തുന്നതില്‍ അമേരിക്കന്‍ നികുതിദായകര്‍ സന്തോഷം കണ്ടെത്തുന്ന കാലത്തോളം ഫലസ്തീന്‍ ജനതക്ക് മേലുള്ള ഇസ്രായേലി സൈനിക അധിനിവേശം തുടരും. മിഡിലീസ്റ്റിലെ ഒട്ടുമിക്ക പ്രശ്‌നങ്ങളുടെയും പിന്നില്‍ ബ്രിട്ടനാണെന്ന് കണ്ടെത്താന്‍ കഴിയുമെങ്കിലും, പാശ്ചാത്യ രാഷ്ട്രങ്ങളുമായി ബന്ധപ്പെട്ടുമല്ല ഫലസ്തീന്‍ പ്രശ്‌നത്തിന്റെ ഉത്തരം കിടക്കുന്നത്.

അറബ് ലോകവുമായി ബന്ധപ്പെട്ട് അതിനുള്ള ഉത്തരം കണ്ടെത്താന്‍ കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പ്രത്യേകിച്ച്, സുഖഭോഗവാദികളും അഴിമതിക്കാരുമായ, തങ്ങളുടെ വരേണ്യ സുഹൃത്തുക്കളുമായി ചേര്‍ന്ന് സമൂഹത്തിലെ താഴേക്കിടയില്‍ കിടക്കുന്നവരെ ചൂഷണം ചെയ്ത് ഭരണം നടത്തുന്ന നേതാക്കളില്‍. മില്ല്യണ്‍ കണക്കിന് വരുന്ന സാധാരണക്കാരായ അറബികള്‍ ഫലസ്തീനോടുള്ള സ്‌നേഹം ഹൃദയത്തില്‍ സൂക്ഷിക്കുന്നവരാണ്. പക്ഷെ ഈ സ്‌നേഹം അവരുടെ നേതാക്കള്‍ക്കില്ലാതെ പോയതിന്റെ ദുരിതമാണ് ഫലസ്തീനികള്‍ ഇന്നും അനുഭവിക്കുന്നത്.

ഉദാഹരണമായി, സഊദി അറേബ്യയും, ഗള്‍ഫ് സ്റ്റേറ്റുകളും, കിഴക്കിലും പടിഞ്ഞാറിലും ഒരുപാട് സ്വാധീനവും ശക്തിയുമുള്ള രാജ്യങ്ങളാണിത്. പക്ഷെ ഫലസ്തീന്‍ വിമോചനത്തിന് വേണ്ടി തങ്ങളുടെ സ്വാധീനം അവര്‍ ഉപയോഗിക്കുകയില്ല. മറിച്ച്, സാധാരണക്കാരന്റെ പ്രതീക്ഷയായിരുന്ന അറബ് വസന്തത്തെ ഇല്ലാതാക്കാന്‍ ബില്ല്യണ്‍ കണക്കിന് ഡോളറാണ് അവര്‍ ചെലവഴിച്ചത്. ലണ്ടനിലെ വമ്പിച്ച സ്വത്തുവകകളിലൂടെയും, ബ്രിട്ടീഷ് അമേരിക്കന്‍ ആയുധ കമ്പനികളെ തീറ്റിപോറ്റുന്നതിലൂടെയും ഒരുപാട് ശക്തി സംഭരിച്ചിട്ടുണ്ടെങ്കിലും അതൊന്നും പൊതു നന്മക്ക് വേണ്ടി ഈ ശൈഖുമാരും സുല്‍ത്താന്‍മാരും ഉപയോഗിക്കുകയില്ല.

70 വര്‍ഷത്തിന് അടുത്തായി, ഫലസ്തീനിയന്‍ സംസ്‌കാരവും സ്വത്വവും സംരക്ഷിക്കാനെന്ന് അവകാശപ്പെട്ടുന്ന ഒരു അറബ് ലീഗ് പ്രമേയത്തിന്റെ പേരില്‍ ഫലസ്തീനികള്‍ക്ക് അറബ് രാഷ്ട്രങ്ങള്‍ പൗരത്വം നല്‍കുന്നില്ല. ഒരു ദിവസം തങ്ങളുടെ മാതൃഭൂമിയിലേക്ക് തിരിച്ച് പോകാന്‍ നിയമപരമായ അവകാശമുള്ള മില്ല്യണ്‍ കണക്കിന് വരുന്ന ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം പ്രസ്തുത നടപടി ഒരുതരത്തില്‍ യുക്തിസഹം തന്നെയാണെങ്കിലും, തങ്ങളുടെ പൗരന്‍മാര്‍ക്ക് നല്‍കുന്നത് പോലുള്ള തുല്ല്യ തൊഴിലവസരങ്ങളും, വി്ദ്യഭ്യാസവും, വീടും, വൈദ്യസഹായവും, വിവാഹ സൗകര്യങ്ങളും നല്‍കുന്ന, തങ്ങളുടെ പൗരന്‍മാര്‍ക്ക് തുല്ല്യമായി തന്നെ ഫലസ്തീനികളെയും കാണുന്ന ഒരു പ്രത്യേക പദവിയെങ്കിലും ഫലസ്തീനികള്‍ക്ക് നല്‍കാന്‍ കഴിയും.

അറബ് ലോകത്തെ അതിര്‍ത്തികള്‍ കടക്കുമ്പോള്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ ഓരോ ഫലസ്തീനിക്കും പറയാനുണ്ട്. ചില രാഷ്ട്രങ്ങള്‍ ഫലസ്തീനികളുടെ യാത്രാരേഖകള്‍ അംഗീകരിക്കുകയില്ല. മിക്ക ഫലസ്തീനികള്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ കഴിയുകയില്ല കാരണം അവര്‍ ജീവിക്കുന്ന മിഡിലീസ്റ്റ് രാഷ്ട്രങ്ങള്‍ അവര്‍ക്ക് പൗരത്വം നല്‍കുന്നില്ല. യുദ്ധത്തെ തുടര്‍ന്ന് ഗസ്സയില്‍ നിന്നും രക്ഷപ്പെട്ടെത്തിയ 165000 ഫലസ്തീനികള്‍ ജോര്‍ദാനിലുണ്ട്. പക്ഷെ അവര്‍ക്കിപ്പോഴും ഗവണ്‍മെന്റ് സര്‍വീസില്‍ കയറാന്‍ കഴിഞ്ഞിട്ടില്ല. ഔദ്യോഗിക ജോര്‍ദാനിയന്‍ പദവി അവര്‍ക്ക് ഇല്ലായെന്നത് തന്നെ കാരണം.

മൗലികാവകാശങ്ങള്‍ പോലും ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് നിഷേധിക്കപ്പെടുന്നുണ്ട്. ലബനാനില്‍ ഞാനിത് കണ്ടിട്ടുണ്ട്. രാജ്യത്തെ ബ്യൂറോക്രസിയില്‍ ഫലസ്തീനികള്‍ക്ക് പ്രവേശനമില്ല. ലബനാനില്‍ 73 തൊഴില്‍ മേഖലകളില്‍ ഫലസ്തീനികള്‍ തൊഴിലെടുക്കുന്നത് ലബനാന്‍ ഗവണ്‍മെന്റ് നിരോധിച്ചിട്ടുണ്ട്. അഭയാര്‍ത്ഥി ക്യാമ്പുകളിലെ കുട്ടികളുടെ സ്വപ്‌നങ്ങളും പ്രതീക്ഷളുമാണ് അതോടെ തകര്‍ന്നത്. ഡോക്ടര്‍, അഡ്വക്കറ്റ്, ജേര്‍ണലിസ്റ്റ് തുടങ്ങിയ തൊഴില്‍ മേഖലകളില്‍ നിന്നും നിങ്ങള്‍ നിരോധിക്കപ്പെട്ടാല്‍ പിന്നെ അതായി തീരുന്നതിനെ കുറിച്ച് ആലോചിക്കുന്നതില്‍ പോലും അര്‍ത്ഥമില്ലല്ലോ?

അഭയാര്‍ത്ഥി ക്യാമ്പിന് പുറത്തുള്ള ജീവിതം നിഷേധിക്കപ്പെട്ടതോടെ ഫലസ്തീന്‍ ക്യാമ്പുകള്‍ നരകതുല്ല്യമായി മാറി. നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത ദുരിത ജീവിതമാണ് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഫലസ്തീനികള്‍ നയിക്കുന്നത്. 20000 പേര്‍ക്ക് താമസിക്കാന്‍ നിര്‍മിച്ച ക്യാമ്പുകളില്‍ ഏതാണ് 100000-ലധികം ആളുകളാണ് താമസിക്കുന്നത്.

ഈജിപ്തിലെ പട്ടാള ഭരണകൂടം റഫ അതിര്‍ത്തി അടച്ചിട്ടിരിക്കുകയാണ്. ഇതിന്റെ ഫലമായി ഹാര്‍വാര്‍ഡ്, കാംബ്രിഡ്ജ്, ഓക്‌സ്‌ഫോര്‍ഡ് തുടങ്ങിയ ഉന്നതകലാലയങ്ങളില്‍ സ്‌കോളര്‍ഷിപ്പോടെ പഠനത്തിന് അവസരം ലഭിച്ച പഠനത്തില്‍ മുന്നിട്ട് നില്‍ക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഗസ്സ അതിര്‍ത്തി കടക്കാന്‍ കഴിഞ്ഞിട്ടില്ല. ഡോക്ടറേറ്റുകള്‍ നേടിയ കാര്യത്തില്‍ ഗസ്സയിലെ നേതാക്കളെ കവച്ചുവെക്കാന്‍ മിഡിലീസ്റ്റില്‍ ആരും തന്നെയില്ല. വിദ്യാഭ്യാസത്തിന് അവര്‍ നല്‍കുന്ന പ്രാധാന്യമാണ് ഇത് തുറന്ന് കാട്ടുന്നത്.

യുദ്ധം വെട്ടിമുറിച്ച സിറിയയില്‍, അസദിന്റെ ക്രൂരഭരണം അടിച്ചേല്‍പ്പിച്ച ഉപരോധത്തിന്റെയും യുദ്ധത്തിന്റെയും ഫലമായി ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഭക്ഷണം ലഭിക്കാതെ മരിച്ച് വീണു കൊണ്ടിരിക്കുകയാണ്. രക്ഷപ്പെട്ടോടിയവര്‍ക്ക് തങ്ങളുടെ ഭാവിയെന്താണെന്ന് ഒരുപിടിയുമില്ല. അവരില്‍ ഭൂരിഭാഗത്തിനും അഭയാര്‍ത്ഥി ക്യാമ്പിന് പുറത്തെ ജീവിതം എന്താണെന്ന് അറിയില്ല.

സിറിയന്‍-ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് UNHCR-ല്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഈജിപ്ത് അനുവാദം നല്‍കിയിട്ടില്ല. എന്നുവെച്ചാല്‍ ഈജിപ്തില്‍ എത്തിയ അഭയാര്‍ത്ഥികള്‍ക്ക് ഒരു വിധത്തിലുള്ള സേവനവും, താമസാനുമതിയും ലഭിക്കില്ലെന്ന് അര്‍ത്ഥം. ലിബിയ, കുവൈത്ത്, ഇറാഖ് അടക്കമുള്ള അറബ് രാഷ്ട്രങ്ങള്‍ ഫലസ്തീനികളെ തങ്ങളുടെ രാജ്യത്ത് വെച്ചുപൊറുപ്പിക്കാറില്ല. അറബ് ലോകത്തുടനീളം രണ്ടാം കിട പൗരന്‍മാരെ പോലെയാണ് ഫലസ്തീനികള്‍ കണക്കാക്കപ്പെടുന്നത്.

അധികാരം കൈയ്യാളുന്നവരെ തന്നെയാണ് ഇതിന് പഴി പറയേണ്ടത്. കാരണം ഫലസ്തീനികളോടും ഫലസ്തീനോടുമുള്ള സാധാരണ ജനങ്ങളുടെ സ്‌നേഹം കലര്‍പ്പില്ലാത്തതാണ്. അധിനിവിഷ്ഠ ഭൂമിയില്‍ അധിനിവേശകര്‍ നടത്തിയ അതിക്രമത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്തകള്‍ പുറത്ത് വരുമ്പോള്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്ന അറബ് നേതാക്കളെ ഞാന്‍ കണ്ടിട്ടുണ്ട്. അതേസമയം അല്‍അഖ്‌സ നിലകൊള്ളുന്ന ഭൂമിയെ അറബ് ജനത എത്രത്തോളം ആഴത്തില്‍ സ്‌നേഹിക്കുന്നുണ്ട് എന്നതിന് ഞാന്‍ സാക്ഷിയാണ്.

ഈ നേതാക്കളെല്ലാം ഒന്ന് വിരല്‍ ഞൊടിക്കുകയേ വേണ്ടൂ. റിയാദ് മുതല്‍ ദുബൈ വരെയുള്ള, കൈറോ മുതല്‍ അമ്മാന്‍ വരെയുള്ള അറബ് നേതൃത്വം ഒത്തൊരുമിച്ച് ഫലസ്തീനികളുടെ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുകയാണെങ്കില്‍ കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് ഒന്ന് ഉണ്ടാവുക തന്നെ ചെയ്യും. ഇതിനേക്കാളെല്ലാമുപരി, ഫലസ്തീന്‍ ജനതയെ വഞ്ചിച്ചു കൊണ്ട് തെല്‍അവീവില്‍ സുഖാസ്വാദനത്തിന് പോകുന്ന ചില അറബ് നേതാക്കള്‍ ചെയ്യുന്നതാണ് ഏറ്റവും വലിയ വിശ്വാസ വഞ്ചന. സ്വതന്ത്ര ഫലസ്തീന് അധികാരവും ചെങ്കോലും ഒരിക്കലും നല്‍കപ്പെടുകയില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ഈജിപ്തില്‍ ബാലറ്റ് പേപ്പറിലൂടെ മുസ്‌ലിം ബ്രദര്‍ഹുഡ് അധികാരത്തിലെത്തിയത് അറബ് നേതൃത്വത്തിന് വലിയ ഭീഷണി ഉയര്‍ത്തിയിരുന്നു. പക്ഷെ വഞ്ചകരായ, നെറികെട്ട അറബ് നേതാക്കളുടെ എല്ലാവിധ പിന്തുണയോടെയും നടത്തപ്പെട്ട പട്ടാള അട്ടിമറിയിലൂടെ ജനാധിപത്യത്തിന്റെ ആ തീപ്പൊരി വളരെ പെട്ടെന്ന് തന്നെ അതിക്രൂരമായി ഊതികെടുത്തപ്പെട്ടു. സങ്കടകരമായ യാഥാര്‍ത്ഥ്യം എന്താണെന്നാല്‍, ഈ സ്വാര്‍ത്ഥരായ വ്യക്തികള്‍ അധികാരത്തില്‍ തുടരുന്ന കാലത്തോളം ഫലസ്തീനിലെ ഇസ്രായേല്‍ സൈനിക അധിനിവേശം അവസാനിക്കുകയില്ല, ഫലസ്തീന് സ്വാതന്ത്ര്യം ലഭിക്കുകയുമില്ല. തീര്‍ച്ചയായും ഇസ്രായേല്‍ ഭരണകൂട നടപടികള്‍ തീര്‍ച്ചയായും ക്രൂരം തന്നെയാണ്, പക്ഷെ അറബ് നേതൃത്വം നിസ്സംഗത അതിക്രൂരമാണെന്ന് പറയാതെ വയ്യ.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles