Current Date

Search
Close this search box.
Search
Close this search box.

അറബ് നാടുകളെ വെട്ടിമുറിക്കുന്നവരും വിലയൊടുക്കേണ്ടി വരും

looking-map.jpg

അറബ് പ്രദേശങ്ങളില്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ പടിഞ്ഞാന്‍ നേതാക്കന്‍മാര്‍ നടത്തുന്ന പ്രസ്താവനകള്‍ നിരവധിയാണ്. അവിടെ നടക്കുന്ന യുദ്ധങ്ങളിലും അതിനെ വിഭജിക്കുന്നതിലും പ്രധാന കളികള്‍ നടത്തുന്നത് അവരാണ്. അവിടെ വിഭാഗീയതയുടെ വിത്തുകള്‍ പാകി അതിന് ആവശ്യം പോലെ വെള്ളവും വളവും വെച്ചുകൊടുത്തവരാണവര്‍. പുതിയ ഭൂപടങ്ങള്‍ വരച്ച് അതിര്‍ത്തികള്‍ മാറ്റിവരക്കുകയാണവര്‍. അതേസമയം അറബ് നേതാക്കള്‍ അധികവും അവരുടെ ഉപകരണങ്ങളായി മാറിയിരിക്കുന്നു.

ഈ ആഴ്ച്ചയില്‍ സി.എന്‍.എന്‍ ചാനലിലൂടെ മുന്‍ അമേരിക്കന്‍ ഇന്റലിജന്‍സ് മേധാവി മൈക്കള്‍ ഹൈഡന്‍ പറഞ്ഞത് ഗൗരവത്തിലെടുക്കേണ്ട ഒന്നു തന്നെയാണ്. ‘സിറിയ നിലവിലില്ല, ഇറാഖ് അവസാനിച്ചിരിക്കുന്നു, പഴയ അവസ്ഥയിലേക്ക് അതൊരിക്കലും മടങ്ങില്ല. ലബനാന്‍ പിച്ചിചീന്തപ്പെടുകയാണ്, ലിബിയ എന്നത് പഴകാല വര്‍ത്തമാനം മാത്രമായിരിക്കുന്നു.’ എന്നാണദ്ദേഹം പറഞ്ഞത്. അമേരിക്കന്‍ ഭരണകൂടത്തിന്റെ അടുക്കള രഹസ്യങ്ങള്‍ വരെ അറിയുന്ന ഒരാളുടെ ഭാഗത്തു നിന്നുള്ള ഈ പ്രസ്താവനയെ അല്‍പം ഭയത്തോടെ തന്നെയാണ് കാണേണ്ടത്. അതുകൊണ്ട് തന്നെ സമയം ഒട്ടും നഷ്ടപ്പെടുത്താതെ അതില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കഴിയുന്നവയെ രക്ഷപ്പെടുത്താന്‍ ഇതിനെ ഗൗരവത്തിലെടുക്കേണ്ടതുണ്ട്. സ്ഥാനമൊഴിയുന്ന അമേരിക്കന്‍ ഉദ്യോഗസ്ഥരില്‍ അധികവും അല്‍പം കൂടി സ്വാതന്ത്ര്യം അനുഭവിക്കുന്നു. സുബോധത്തോടെയോ അല്ലാതെയോ ചില വിവരങ്ങള്‍ അവരില്‍ നിന്ന് ചോരുകയും ചെയ്യുന്നു.

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി കോണ്‍ഗ്രസിന് മുന്നില്‍ നടത്തിയ പ്രസ്താവന ഹൈഡന്റെ വാക്കുകളെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. സിറിയയെ ഒരൊറ്റ രാഷ്ട്രമായി നിലനിര്‍ത്തല്‍ ഇനി പ്രയാസമാണെന്നാണ് കെറി പറഞ്ഞത്. ഭാവി സിറിയ ഫെഡറല്‍ സംവിധാനത്തിലാക്കുകയാണ് പ്രധാന പരിഹാരങ്ങളിലൊന്ന് എന്ന റഷ്യന്‍ വിദേശകാര്യ സഹമന്ത്രി സെര്‍ജി റിബാകോവിന്റെ പ്രസ്താവനയും അത് തന്നെയാണ് സൂചിപ്പിക്കുന്നത്. സുസ്ഥിരതയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നടപ്പാക്കിയിട്ടുള്ള ഫെഡറല്‍ സംവിധാനത്തില്‍ നിന്നും തീര്‍ത്തും ഭിന്നമായ ഫെഡറലിസമാണ് അതുകൊണ്ട് പടിഞ്ഞാറന്‍ കൊളോണിയല്‍ ശക്തികള്‍ ഉദ്ദശിക്കുന്നത്. അഥവാ വിഭാഗീയതയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാനുള്ള പദ്ധതിയാണത്. റഷ്യയും അമേരിക്കയും ജരമനിയുമെല്ലാം ഫെഡറല്‍ രാഷ്ട്രങ്ങളാണല്ലോ പിന്നെ എന്താ പ്രശ്‌നം എന്നാണവര്‍ ചോദിക്കുക.

അറബ് വസന്തത്തിന്റെ വിപ്ലവങ്ങള്‍ ഒരുവിധം അടങ്ങിയ അവസ്ഥയാണിന്നുള്ളത്. അതിലെ മിക്ക വിപ്ലവങ്ങളും ‘വ്യാജ’മായിരുന്നു. അല്ലെങ്കില്‍ പാശ്ചാത്യ രാഷ്ട്രങ്ങളും അമേരിക്കയും തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി യഥാര്‍ഥ ലക്ഷ്യത്തില്‍ നിന്ന് അവയെ തെറ്റിക്കുകയായിരുന്നു. സ്വേച്ഛാധിപതികളില്‍ നിന്ന് മോചനം നേടാനും സ്വാതന്ത്ര്യം നേടാനുമുള്ള ജനതയുടെ മോഹത്തെ അവര്‍ ചൂഷണം ചെയ്യുകയായിരുന്നു. പടിഞ്ഞാറിന്റെ അജണ്ടകളെ എതിര്‍ത്ത ചില ഭരണകൂടങ്ങളെ താഴെയിറക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അറബ് ഇസ്രയേല്‍ സംഘര്‍ഷത്തില്‍ കീഴൊതുങ്ങാന്‍ തയ്യാറല്ലാത്ത, ഇസ്രയേല്‍ അധിനിവേശത്തെ ചെറുക്കല്‍ മുഖ്യ അജണ്ടയായി സ്വീകരിച്ച ഭരണകൂടങ്ങളെയാണവര്‍ ലക്ഷ്യമിട്ടത്.

പ്രദേശത്തിന്റെ ഭൂപടവും അതിര്‍ത്തികളും മാറ്റി വരക്കാനുള്ള പുതിയ പാശ്ചാത്യ പദ്ധതി ഏറെ അപകടങ്ങളുള്ളതാണ്. പരസ്പരമുള്ള യുദ്ധങ്ങൡ മുക്കി സഹവര്‍ത്തിത്വത്തിന്റെ കഥ കഴിച്ചും സൈന്യങ്ങളെ പിരിച്ചു വിട്ടും, യുദ്ധത്തിന് പുതിയ എതിരാളികളെ സൃഷ്ടിച്ചു കൊടുത്തും വംശത്തിന്റെയും വിഭാഗത്തിന്റെയും അടിസ്ഥാനത്തിലുള്ള വിഭജനത്തിലേക്ക് എത്തിക്കുന്നതിലൂടെ അത് സാധ്യമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

ഇറാഖ് അവസാനിച്ചിട്ടില്ല, സിറിയ ആവിയായിട്ടുമില്ല, ലിബിയ ഭൂപടത്തില്‍ നിന്ന് നീങ്ങിപ്പോയിട്ടില്ല, യമനിനെ ചെങ്കടലോ റുബ്ഉല്‍ ഗാലി മരുഭൂമിയോ വിഴുങ്ങിയിട്ടുമില്ല. ഈ നാടുകളിലെയെല്ലാം ജനതയില്‍ നിലനില്‍ക്കുന്ന പരമാധികാരത്തിന്റെയും നാഗരികതയുടെയും ജീനുകള്‍ വീഴ്ച്ചയില്‍ നിന്ന് അവയെ ഉയിര്‍ത്തെഴുന്നേല്‍പിക്കും. എണ്ണായിരം വര്‍ഷങ്ങള്‍ക്കിടയില്‍ പലപ്പോഴും സംഭവിച്ച പോലെ നേതൃതലങ്ങളിലേക്ക് അവര്‍ മടങ്ങിയെത്തും. എപ്പോഴും അവയും അവിടങ്ങളിലെ ജനതയും ചരിത്രത്തില്‍ ഇടംപിടിക്കുകയാണുണ്ടായിട്ടുള്ളത്.

ഇസ്രയേലിനോട് പരസ്യമായും രഹസ്യമായും ബാന്ധവം പുലര്‍ത്തുന്ന ‘വിദഗ്ദര്‍’ മുന്നോട്ടു വെച്ച പുതിയ വിഭജന പദ്ധതിക്ക് അറബ് രാഷ്ട്രങ്ങളും അമേരിക്കയും ഇസ്രയേല്‍ തന്നെയും വലിയ വിലയൊടുക്കേണ്ടി വരും. ഈ പദ്ധതികളുടെ പാര്‍ശ്വഫലങ്ങള്‍ വളരെ കുറച്ചു പേര്‍ മാത്രമേ കാണുന്നുള്ളൂ എന്നതാണ് കാരണം. അതില്‍ ഏറ്റവും പ്രധാനം ‘ആയുധ അരാജകത്വ’മായിരിക്കും. നിരാശരായ അറബ് തലമുറ പ്രതികാരത്തിന് ശ്രമിച്ചേക്കും. അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല, തങ്ങളുടെ നാട് തകര്‍ക്കപ്പെട്ടിരിക്കുന്നു, ഭാവി ഇരുളടഞ്ഞിരിക്കുന്നു, എണ്ണ സമ്പത്തും അതില്‍ നിന്നുള്ള വരുമാനവും തങ്ങളുടെ സഹോദരങ്ങളെ തന്നെ കൊലപ്പെടുത്താനുള്ള ആയുധ ങ്ങള്‍ വാങ്ങുന്നതിനായി യൂറോപിലേക്കും അമേരിക്കയിലേക്കും ഒഴുകുകയാണ്.

വേള്‍ഡ് എകണോമിക് ഫോറം പ്രസിഡന്റ് ക്ലൗസ് ഷ്വാബ് ഇതിനെ കുറിച്ച് ജനുവരിയില്‍ നടന്ന ഒരു സെമിനാറില്‍ സൂചിപ്പിച്ചിട്ടുണ്ട്. അവിടെ സമ്മേളിച്ചിരുന്ന യൂറോപ്യന്‍മാരോടായി അദ്ദേഹം പറഞ്ഞു: വരും വര്‍ഷങ്ങളില്‍ നിങ്ങളുടെ നാടുകള്‍ അഭയാര്‍ഥി പ്രവാഹത്തെ അഭിമുഖീകരിക്കേണ്ടി വരും. ഒരു ബില്യണ്‍ ആളുകള്‍ വരെ ഇത്തരത്തില്‍ എത്താം. യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ തകര്‍ച്ചയാണത് അര്‍ഥമാക്കുന്നത്. യൂറോപ്യന്‍ സംസ്‌കാരത്തെയും നാഗരികതയെയും അത് മാറ്റിമറിക്കും. മുമ്പെങ്ങുമില്ലാത്ത നാഗരിക അരാജകത്വത്തിനും അത് കാരണമാകും.

ഒരടിസ്ഥാനവുമില്ലാതെ വാചകമടിക്കുന്ന ആളല്ല ഷ്വാബ്. സൂക്ഷ്മമായ നിരീക്ഷണങ്ങളുടെയും നിഗമനങ്ങളുടെയും ഉടമയായ സ്വിസ് സാമ്പത്തിക വിദഗ്ദനാണ് അദ്ദേഹം. ദശലക്ഷത്തില്‍ താഴെ വരുന്ന സിറിയന്‍ അഭയാര്‍ഥികളെ കൊണ്ട് തന്നെ യൂറോപ്യന്‍ യൂണിയന്‍ ആകെ പ്രശ്‌നത്തിലായിരിക്കുകയാണിന്ന്. വലിയ വെല്ലുവിളിയാണത് യൂറോപ്യന്‍ യൂണിയന് മുന്നില്‍ ഉയര്‍ത്തുന്നത്. എല്ലാ വ്യവസ്ഥകളും ലംഘിക്കാന്‍ അവര്‍ നിര്‍ബന്ധിതരായിരിക്കുന്നു. ബാരിക്കേഡുകള്‍ അതിര്‍ത്തികളിലേക്ക് വീണ്ടും മടങ്ങിയെത്തിരിക്കുന്നു. അഭയാര്‍ഥികളുടെ എണ്ണം ബില്യണിലേക്ക് ഉയര്‍ന്നാല്‍ എന്തായിരിക്കും അവസ്ഥ?

അഭയാര്‍ഥികളാവുന്ന ‘ആറ്റം ബോംബ്’ ഉയര്‍ത്തിക്കാട്ടി തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ യൂറോപ്യന്‍മാരെ ‘പിഴിഞ്ഞിരിക്കുക’യാണ്. തന്റെ രാജ്യത്തിന്റെ സമുദ്രം അഭയാര്‍ഥി പ്രവാഹത്തിന് മുന്നില്‍ തുറന്നിട്ടിരിക്കുയാണ് അദ്ദേഹം. ഒരു വര്‍ഷത്തിന് മൂന്ന് ബില്യണ്‍ യൂറോ വീതം ലഭിച്ചാല്‍ മാത്രമേ അത് അടക്കുകയുള്ളൂ എന്നാണദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. അതോടൊപ്പം വിസയില്ലാത്ത ഈ യാത്രയും അതുണ്ടാക്കുന്ന അപകടങ്ങളെ കുറിച്ച് സൂചന നല്‍കുന്നുണ്ട്. പാശ്ചാത്യര്‍ ഭീകരന്‍മാര്‍ എന്ന് വിശേഷിപ്പിക്കുന്നവര്‍ സായുധരായിട്ടാണ് ഈ അഭയാര്‍ഥി പ്രവാഹത്തില്‍ ചേരുന്നതെങ്കില്‍ എന്തായിരിക്കും അവസ്ഥയെന്നത് നമുക്ക് സങ്കല്‍പിക്കാവുന്നതാണ്.

അറബ് മണ്ണിനെ പിച്ചിചീന്താനും അരാജക രാഷ്ട്രങ്ങളാക്കി മാറ്റാനും ശ്രമിക്കുന്നവര്‍ സമീപ ഭാവിയില്‍ തന്നെ തങ്ങളുടെ വീഴ്ച്ച തിരിച്ചറിയും. അധിനിവേശ ഇസ്രയേലിന്റെ നിലനില്‍പിന് വേണ്ടിയാണല്ലോ പുതിയ ഭൂപടങ്ങള്‍ അവര്‍ വരച്ചുണ്ടാക്കുന്നത്. ഈ വിഭജന പദ്ധതിയുടെ വില അറബികളും മധ്യപൗരസ്ഥ്യ നാടുകളിലുള്ളവരും രക്തമായും സമ്പത്തായും ഒടുക്കേണ്ടി വരും. അവിടങ്ങളിലെ സുസ്ഥിരതയെയും അത് ബാധിക്കും. അതിനുള്ള സാധ്യത നാം തള്ളിക്കളയുന്നില്ല, അതില്‍ ആശ്ചര്യപ്പെടുന്നുമില്ല. അന്യരുടെ അടുക്കളയില്‍ പാകം ചെയ്തിരുന്ന ഈ പദ്ധതി വളരെ അടുത്തെത്തിയിരിക്കുകയാണ്. അതിനിനി നാളുകള്‍ മാത്രമാണ് നമ്മുടെ മുന്നിലുള്ളത്.

സംഗ്രഹം: നസീഫ്‌

Related Articles