Current Date

Search
Close this search box.
Search
Close this search box.

അറബ് അവഗണനയുടെ പ്രതീകമായി ഐലാന്റെ ചിത്രം നിലനില്‍ക്കും

മുങ്ങിമരിച്ച സിറിയന്‍ കുഞ്ഞ് ഐലാന്‍ കുര്‍ദിയുടെ മുഖം നാം കണ്ടിട്ടില്ല. ബദ്‌റോം തീരത്ത് കിടന്ന ആ മൃതദേഹത്തിന്റെ ചിത്രങ്ങളിലെല്ലാം മുഖം ഭൂമിക്ക് നേരെ തിരിച്ചു വെച്ചതായിരുന്നു. ചിത്രകാരന്‍ നാജി അലിയുടെ ഭാവനയില്‍ വിരിഞ്ഞ ഫലസ്തീനിയായ ‘ഹന്‍ദല’യുടെ മുഖവും നാം കണ്ടിട്ടില്ല. എന്നാല്‍ അടുത്ത ദിവസം മിക്ക പത്രങ്ങളിലും സഹോദരന്‍ ഗാലിബിനൊപ്പം പുഞ്ചിരിച്ചു നില്‍ക്കുന്ന ജീവനോടെയുള്ള അവന്റെ ചിത്രം നാം കണ്ടു. നമ്മെയെല്ലാം ഞെട്ടിക്കുകയും ഉള്ള് വേദനിപ്പിക്കുകയും ചെയ്ത ഒന്നായിരുന്നു അത്. സ്വീഡന്‍ വിദേശകാര്യമന്ത്രിയുടെ കവിളിലൂടെ ഉതിര്‍ന്നു വീണ കണ്ണീര്‍ അതാണ് പ്രകടിപ്പിച്ചത്.

ചിത്രങ്ങള്‍, പ്രത്യേകിച്ചും അവ കുട്ടികളുടേതാകുമ്പോള്‍ ചരിത്രത്തിന്റെ ഗതിയെ മാറ്റിയിട്ടുണ്ട്. നമ്മുടെ ഓര്‍മകളിലത് കുറേകാലം നിലനില്‍ക്കുന്നു. 1972-ല്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ നഗ്നയായി ഓടിയ വിയറ്റ്‌നാം പെണ്‍കുട്ടിയുടെയും, 2000 സെപ്തംബര്‍ 30-ന് ഇസ്രയേല്‍ ആക്രമണത്തില്‍ നിന്നും മറഞ്ഞു നില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പിതാവിന്റെ മടിത്തട്ടില്‍ രക്തസാക്ഷിയായ മുഹമ്മദ് അബൂദുര്‍റയുടെയും ചിത്രങ്ങള്‍ പോലെ ഐലാന്റെ ചിത്രവും നിലനില്‍ക്കുമെന്നതില്‍ സംശയമില്ല.

‘ഐലാന്‍ എന്ന കുട്ടിയുടെ മൃതദേഹം കണ്ടപ്പോള്‍ ഒരു ബ്രിട്ടീഷുകാരനെന്ന നിലയില്‍ ഞാന്‍ ലജ്ജിക്കുന്നു.’ എന്നാണ് ഗാര്‍ഡിയന്‍ പത്രത്തിന്റെ വായനക്കാരന്‍ കുറിച്ചിട്ടത്. കാരണം അയാളുടെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ സിറിയന്‍ അഭയാര്‍ഥികള്‍ക്ക് മുന്നില്‍ വാതില്‍ കൊട്ടിയടച്ചു. (ഏതാനും ആയിരങ്ങള്‍ ഇതില്‍ നിന്ന് ഒഴിവാണ്) അപ്പോള്‍ മരണപ്പെട്ടവന്റെ ആളുകളായ നാം എന്തു പറയും? സിറിയയിലെ മുഴുവന്‍ ഇരകളുടെയും ആളുകളാണല്ലോ നാം. കഴിഞ്ഞ അഞ്ചുവര്‍ഷമായി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന മണ്ണിന്റെ ആളുകളാണല്ലോ നാം.

നമ്മുടെ അറബ് നേതാക്കള്‍, പ്രത്യേകിച്ചും ഈ യുദ്ധത്തില്‍ ഇടപെട്ടിട്ടുള്ള, അതിലേക്ക് കൂടുതല്‍ എണ്ണ ചൊരിഞ്ഞു കൊടുത്തിട്ടുള്ള അവര്‍ നമ്മെ പോലെ ഈ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടോ എന്ന് നമുക്കറിയില്ല. എന്തായിരുന്നു അവരുടെ വികാരവും പ്രതികരണവും എന്നും അറിയില്ല. സ്വീഡന്‍ വിദേശകാര്യമന്ത്രിയുടെയും നമ്മില്‍ ബഹുഭൂരിപക്ഷത്തിന്റെയും കവിളിലൂടെ കണ്ണീര്‍ ഉതിര്‍ന്ന പോലെ അവര്‍ക്ക് കണ്ണീര്‍ പൊടിഞ്ഞിട്ടുണ്ടോ?

അഭയാര്‍ഥികളില്‍ രണ്ടു തരക്കാരാണുള്ളത്. സ്വന്തം നാട്ടില്‍ മരണത്തെ അഭിമുഖീകരിക്കുന്നവരാണ് ഒന്നാമത്തെ വിഭാഗം. തങ്ങളുടെ അന്തസ്സും മനുഷ്യത്വും സംരക്ഷിച്ച് ഭൂമിയുടെ മറ്റേതെങ്കിലും ഭാഗത്ത് സമാധാനത്തോടെ ജീവിക്കാനാഗ്രഹിച്ച് പോകുന്ന യാത്രയില്‍ കപ്പലിലും ശീതീകരിച്ച ട്രക്കുകളിലും കയറുന്ന അവര്‍ അതില്‍ സംഭവിച്ചേക്കാവുന്ന അപകടത്തെ ഭയക്കുന്നില്ല. തൊഴിലില്ലായ്മയും അഴിമതിയും സ്വജനപക്ഷപാതിത്വവും പീഢനങ്ങളും ജീവിതത്തിന്റെ എല്ലാ മോഹങ്ങളും തകര്‍ത്തെറിഞ്ഞതിന് ശേഷം സ്വന്തത്തിനും മക്കള്‍ക്കും അന്നം തേടി ഇറങ്ങിത്തിരിച്ചവരാണ് രണ്ടാമത്തെ വിഭാഗം. പലപ്പോഴും ഈ രണ്ടു വിഭാഗവും വേര്‍തിരിക്കാനാവാത്ത വിധം കൂടികലര്‍ന്ന നിലയിലും കാണാം. എന്നാല്‍ ഏതവസ്ഥയിലും അഭയം അനിവാര്യമായ ആവശ്യമാണ്. മുഴുവന്‍ അഭയാര്‍ഥികള്‍ക്കും അഭയമൊരുക്കല്‍ മാനുഷിക ബാധ്യതയുമാണ്. അതുകൊണ്ട് തന്നെ അത് ചെയ്യുന്നവരോട് നാം നന്ദി പറയുന്നു. ഓരോ വര്‍ഷവും തന്റെ രാജ്യത്ത് ദശലക്ഷത്തോളം അഭയാര്‍ഥികളെ സ്വീകരിക്കുന്ന ജര്‍മന്‍ ചാന്‍സ്‌ലര്‍ ആംഗല മെര്‍ക്കല്‍ അതിന്റെ മുന്‍നിരയിലാണുള്ളത്. ‘അഭയാര്‍ഥികളെ കൊണ്ടുള്ള പരീക്ഷണത്തില്‍ യൂറോപ് പരാജയപ്പെട്ടാല്‍ നാം സ്വപ്‌നം കാണുന്ന യൂറോപ്പായിരിക്കുയില്ല അത്.’ എന്ന മെര്‍ക്കലിന്റെ വാക്കുകള്‍ പ്രസക്തമാണ്.

സിറിയന്‍ അഭയാര്‍ഥികള്‍ക്ക് മുന്നില്‍ വാതില്‍ കൊട്ടിയടച്ച തങ്ങളുടെ ഭരണകൂടങ്ങള്‍ക്ക് വേണ്ടി ന്യായങ്ങളുന്നയിക്കുന്ന ചില അറബ് ‘ചിന്തകരുടെയും’ നിരീക്ഷകരുടെയും വാക്കുകള്‍ നമ്മെ വേദനിപ്പിക്കുന്നതാണ്. അഭയാര്‍ഥികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അറബ് ലീഗ് ചേരണമെന്നാണ് അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ‘സിറിയന്‍ അഭയാര്‍ഥികള്‍ അറബ് ലീഗിന്റെ ഏറ്റവും വലിയ പ്രശ്‌നമാണെന്ന്’ അറബ് ലീഗ് ജനറല്‍ സെക്രട്ടറി നബീല്‍ അറബി പറയുമ്പോള്‍ നമ്മുടെ വേദന ഇരട്ടിപ്പിക്കുകയാണത് ചെയ്യുന്നത്. ലീഗിലെ സിറിയയുടെ അംഗത്വം മരവിപ്പിച്ചപ്പോഴും മുമ്പ് ലിബിയയില്‍ ചെയ്തത് പോലെ സിറിയയില്‍ അന്താരാഷ്ട്ര സൈനിക ഇടപെടല്‍ നടത്താന്‍ പ്രമേയമിറക്കണമെന്നാവശ്യപ്പെട്ട് യുഎന്‍ രക്ഷാസമിതിയെ സമീപിച്ചപ്പോഴും എന്തുകൊണ്ട് ഈ അവതാനതയുണ്ടായില്ല?

വേദനാജനകം തന്നെയാണിത്. 2007-2008 വര്‍ഷങ്ങളില്‍ രണ്ട് ദശലക്ഷത്തോളം ഇറാഖില്‍ നിന്നുള്ള അഭയാര്‍ഥികളെ സ്വീകരിച്ചപ്പോള്‍ അറബ് ലീഗിനോട് യോഗം ചേരാന്‍ സിറിയ ആവശ്യപ്പെട്ടിട്ടില്ല. അഭയാര്‍ഥി ജനലക്ഷങ്ങളെ ജോര്‍ദാനിലും ലബനാനിലും പ്രവേശിപ്പിക്കുന്നതിന് അറബ് ഉച്ചകോടി വിളിച്ചു ചേര്‍ക്കണമെന്ന ആവശ്യവും സിറിയക്കാര്‍ ഉയര്‍ത്തിയില്ല.

അഭയാര്‍ഥികള്‍ക്ക് മുന്നില്‍ വാതില്‍ തുറക്കാത്തതിനെ ന്യായീകരമെന്നോണം ജോര്‍ദാനിലെ സഅ്തരി അഭയാര്‍ഥി ക്യാമ്പില്‍ നല്‍കിയ ഈത്തപ്പഴപെട്ടികളെയും ബ്ലാങ്കറ്റുകളെയും കുറിച്ച് വിവരിച്ച് ഗള്‍ഫ് നാടുകളുടെ ഉദാരതയെപ്പറ്റി അവര്‍ വാചാലരാകുന്നത് വായിക്കുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ വേദന ഇരട്ടിക്കുകയാണ്.

സിറിയന്‍ സഹോദരങ്ങള്‍ക്ക് മുന്നില്‍ വാതില്‍ കൊട്ടിയടച്ചതിനെ വിമര്‍ശിച്ച് ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ‘വൈകാരികമാവുകയാണ്’ എന്ന ആരോപണമാണ് വാതിലുകള്‍ അടച്ചിട്ടതിനെ ന്യായീകരിച്ച് ഒരാള്‍ എനിക്കെതിരെ ഉന്നയിച്ചത്. നാം എന്തുചെയ്യണം, ഈ ദുരന്തത്തോട് എന്ത് സമീപനം സ്വീകരിക്കണം എന്നാണ് അവര്‍ താല്‍പര്യപ്പെടുന്നത്? വൈകാരികതയുടെ വിപരീതം എന്താണ്, കടല്‍ ജീവികള്‍ക്ക് ഭക്ഷണമായി മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് നേരെയുള്ള മരവിപ്പും അവഗണനയുമല്ലേ അത്?

പൈതൃകപരമായും നാഗരികമായും ഏറെ മുന്നിട്ടുനില്‍ക്കുന്ന അറബ് സമൂഹങ്ങളില്‍ ഒന്നാണ് സിറിയന്‍ ജനത. വിദ്യാസമ്പന്നരും ഊര്‍ജ്ജസ്വലരുമായ അവര്‍ക്ക് ആതിഥേയത്വം നല്‍കുന്ന രാജ്യങ്ങള്‍ക്ക് അവര്‍ വലിയ മുതല്‍ക്കൂട്ടായി മാറും. അത്യധ്വാനം ചെയ്ത് ഒന്നുമില്ലാത്ത അവസ്ഥയില്‍ നിന്ന് കെട്ടിപടുക്കുന്ന അവര്‍ മറ്റുള്ളവര്‍ക്ക് ഭാരമായി മാറില്ല. ഈജിപ്തിലെ ഒക്ടോബര്‍-6 നഗരത്തെ അവര്‍ ഒരു സ്വര്‍ഗമാക്കി മാറ്റി. ഹോട്ടലുകളും റെസ്‌റ്റോറന്റുകളും കച്ചവട സ്ഥാപനങ്ങളും അവര്‍ അവിടെ തുറന്നു. അതിലൂടെ നിരവധി ഈജിപ്ഷ്യന്‍ സഹോദരങ്ങള്‍ക്ക് തൊഴില്‍ നല്‍കി. തുര്‍ക്കിയിലും യു.എ.ഇയിലും ജോര്‍ദാനിലും അതു തന്നെയാണ് അവര്‍ ചെയ്തത്. ജര്‍മനിയിലും സ്‌പെയിനിലും വരെ അവരത് ചെയ്തു. എന്നിട്ടും അവര്‍ക്ക് നേരെ സമ്പന്നരായ അറബികളുടെ മരവിച്ച സമീപനത്തിന് കാരണമെന്താണ്?

അഞ്ച് അറബ് രാഷ്ട്രങ്ങള്‍ ഇപ്പോള്‍ അഭയാര്‍ഥികളെ പുറത്തുവിട്ടു കൊണ്ടിരിക്കുകയാണ്. അറബികളെ ഉപകരണമാക്കി പാശ്ചാത്യര്‍ നടത്തിയ ഗൂഢാലോചനയുടെ ഇരകളാണവര്‍. ലിബിയയെ തകര്‍ത്ത് ലിബിയന്‍ ജനതയുടെ പകുതിയെ തുനീഷ്യയിലേക്കും അള്‍ജീരിയയിലേക്കും എത്തിച്ചത് ആരാണ്? ഇറാഖിനെ അക്രമിച്ച് അധിനിവേശം നടത്തിയത് ആരായിരുന്നു? ഇപ്പോഴും അവിടത്തെ അഭയാര്‍ഥി പ്രവാഹം നിലച്ചിട്ടില്ല. ആറു മാസത്തോളമായി തുടരുന്ന വ്യോമാക്രമണങ്ങള്‍ ദശലക്ഷക്കണക്കിന് യമനികളെയായിരിക്കും ഒരുപക്ഷെ നാളെ അഭയാര്‍ഥികളാക്കി മാറ്റുക.

ഐലാന്‍ കുര്‍ദിക്കും കുടുംബത്തിനും അല്ലാഹുവിന്റെ കാരുണ്യം ലഭിക്കട്ടെ. സമൂഹങ്ങളുടെ ഈ കളിയില്‍ മരിച്ചവരും മരിച്ചുകൊണ്ടിരിക്കുന്നവരുമായ മുഴുവന്‍ അറബ് കുഞ്ഞുങ്ങള്‍ക്കും കാരുണ്യം ലഭിക്കട്ടെ. ഒരു അറബിയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ഞാന്‍ ഞങ്ങളുടെ നാട്ടില്‍ നടന്നു കൊണ്ടിരിക്കുന്നതില്‍ ലജ്ജിക്കുകയാണ്. ഞങ്ങളുടെ ദൗര്‍ബല്യത്തിലും വീഴ്ച്ചയിലും നിങ്ങള്‍ ഞങ്ങള്‍ക്ക് മാപ്പുതരിക.

മൊഴിമാറ്റം: നസീഫ്‌

Related Articles