Current Date

Search
Close this search box.
Search
Close this search box.

അറബിഭാഷ നേരിടുന്ന പ്രശ്‌നം ഒരു സര്‍വകലാശാലയുടേത് മാത്രമോ??

എല്ലാ അന്താരാഷ്ട്ര അറബി ഭാഷ ദിനത്തിലും നമ്മുടെ പത്രമാധ്യമങ്ങളിലും അക്കാദമിക രംഗത്തും നടക്കുന്ന ചര്‍ച്ചകള്‍ ശ്രദ്ധിച്ചാല്‍ ഒരു അറബിക് സര്‍വകലാശാലയുടെ പ്രശ്‌നം മാത്രമാണ് കേരളത്തില്‍ നാം അഭിമുഖീകരിക്കുന്ന ഏക പ്രശ്‌നമെന്നും അത് യാഥാര്‍ഥ്യമാകുന്നതോടെ ഭാഷാ സംരക്ഷണ മേഖലയിലെ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചു എന്ന രീതിയിലുള്ളതാണ്. ഒരു അറബിക് സര്‍വകലാശാല ഉണ്ടാകുക എന്നത് നമ്മുടെ ന്യായമായ അവകാശമാണെന്നും അത് യാഥാര്‍ഥ്യമാകുന്നതോടെ ഭാഷ സംരക്ഷണ രംഗത്ത് പുത്തനുണര്‍വുണ്ടാകുമെന്നും അംഗീകരിക്കുന്നതോടൊപ്പം തന്നെ കേരളത്തിലെ അറബിഭാഷ സംരക്ഷണത്തില്‍ നാം അഭിമുഖീകരിക്കുന്ന സുപ്രധാനമായ ചില വിഷയങ്ങള്‍ കൂടി നമ്മുടെ അടിയന്തര ശ്രദ്ധയിലുണ്ടാകേണ്ടതുണ്ട്.

അറബി വിദ്യാലയങ്ങളുടെയും അധ്യാപകരുടെയും എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനം കേരളത്തിനാണ്. കേരളത്തില്‍ ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസുകളിലായി 9,71,920 കുട്ടികള്‍ അറബി പഠിക്കുന്നുണ്ട്. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഒരു ലക്ഷത്തിലധികം വിദ്യാര്‍ഥികളും പഠിക്കുന്നു. 12 എയ്ഡഡ് അറബിക് കോളജുകളും 29 അണ്‍ എയ്ഡഡ് കോളജുകളും കേരളത്തിലുണ്ട്. ഇവയിലൂടെ പതിനായിരത്തില്‍പ്പരം വിദ്യാര്‍ഥികളും പഠനം നടത്തുന്നുണ്ട്്. കേരളത്തിലെ 12 എയ്ഡഡ് കോളജുകളിലും അറബിക് ബിരുദാനന്തര ബിരുദ കോഴ്‌സുകളുണ്ട്്.

ഇത്രയും കണക്കുകള്‍ ഔപചാരിക അറബി വിദ്യാഭ്യാസം നേടുന്നവരുടെതാണ്. അവയുടെ ഗുണനിലവാരവും പ്രയോജനവും ചര്‍ച്ച ചെയ്യുക ഇവിടെ ലക്ഷ്യമല്ല. എന്നാല്‍ അനൗപചാരികമായി ഈ ഭാഷ പഠിക്കുകയും അതിന്റെ സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന പള്ളിദര്‍സുകള്‍- അറബി കോളേജുകള്‍, ഇസ്‌ലാമിയ കോളേജുകള്‍, വനിത കേളേജുകള്‍, ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റികള്‍ എന്നിവ കേരളത്തില്‍ നിരവധിയുണ്ട്. ഒരു പക്ഷെ, ഔദ്യോഗിക സ്ഥാപനങ്ങളില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ ലക്ഷ്യം വെച്ച് പഠിക്കുന്നവരേക്കാള്‍ ആഴത്തിലും ലക്ഷ്യബോധത്തോടെയും പഠിക്കുകയും ഭാഷയുടെ സംരക്ഷകരായി നിലകൊള്ളുകയും ചെയ്യുന്നത് സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഇത്തരം സ്ഥാപനങ്ങളില്‍ പഠിക്കുന്നവരാകും. പക്ഷെ ഇവരുടെ സംഭാവനകളെ മുഖവിലക്കെടുക്കാനോ അത്തരം കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കാനോ നാം തയ്യാറാകുന്നില്ല എന്നത് കടുത്ത വിരോധാഭാസമാണ്.

കേരളത്തിലെ ഉന്നത അറബിക്-ഇസ്‌ലാമിക് കലാലയങ്ങളായി അറിയപ്പെടുന്ന ശാന്തപുരം അല്‍ജാമിഅ, ചെമ്മാട് ദാറുല്‍ ഹുദ, മര്‍കസുസ്സഖാഫതുസ്സുന്നിയ, ജാമിഅ സലഫിയ്യ പുളിക്കല്‍, ജാമിഅ നദവിയ എടവണ്ണ തുടങ്ങിയ സ്ഥാപനങ്ങളിലെ കോഴ്‌സുകള്‍ക്ക് അലിഗഡ്, ഹംദര്‍ദ് തുടങ്ങിയ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റികളുടെയും മലേഷ്യ ഇന്റര്‍നാഷനല്‍ യൂനിവേഴ്‌സിറ്റി, ഖത്തര്‍ യൂനിവേഴ്‌സിറ്റി, അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി തുടങ്ങിയ അന്താരാഷ്ട്ര യൂനിവേഴ്‌സിറ്റികളിലും അംഗീകാരമുണ്ട്. പക്ഷെ, കേരളത്തിലെ സര്‍വകലാശാലകള്‍ ഇതിനെ അംഗീകരിക്കാനോ അതിന്റെ വളര്‍ച്ചയെ അംഗീകരിക്കാനോ തയ്യാറാകാതെ പുറം തിരിഞ്ഞു നില്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

അറബി ഭാഷ സംരക്ഷണം കേവലം അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാകുന്നതോടെ പൂര്‍ണമാകുന്നതല്ല, അതിന് അതിന്റെതായ പുരോഗതിയുണ്ടാകുന്നതോടൊപ്പം തന്നെ അറബി ഭാഷ അതിന്റെ സമഗ്രാര്‍ഥത്തില്‍ പഠിപ്പിക്കുന്ന ഇത്തരം സ്ഥാപനങ്ങളെ അംഗീകരിക്കല്‍ വളരെ അനിവാര്യമാണ്. കാരണം ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് പുറത്തുവരുന്ന വിദ്യാര്‍ഥികളുടെ ശേഷി ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ നമ്മുടെ സംസ്ഥാനത്തിനാവുന്നില്ല. വിദ്യാര്‍ഥി ജീവിതത്തിന്റെ സിംഹഭാഗവും അറബി ഭാഷ പഠനത്തിനും അത് നിലനില്‍പിന്റെ നിദാനമായ വിശുദ്ധ ഖുര്‍ആന്‍ പഠനത്തിനും വേണ്ടി ചിലവഴിച്ചവര്‍ ജീവിതായോധനം തേടി പ്രവാസത്തിന്റെ മരുപ്പറമ്പിലോ മദ്‌റസയുടെയും പാരലല്‍ കോളേജുകളുടെ ചുറ്റുവട്ടത്തോ ഒതുങ്ങിക്കൊണ്ടിരിക്കുന്ന ഖേദകരമായ കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. മാത്രമല്ല, സര്‍ക്കാര്‍ അംഗീകാരവും പരിഗണനയുമില്ലാത്തതോടെ മത-ഭാഷ പഠനത്തില്‍ നിന്നും പുതിയ തലമുറ വഴിമാറി സഞ്ചരിക്കുന്നത് കാണാം. കഴിവും ശേഷിയുമുള്ള വിദ്യാര്‍ഥികള്‍ മറ്റുമേച്ചില്‍ പുറങ്ങള്‍ തേടി പോകുകയാണ് ചെയ്യുന്നത്. ഇതും ഭാവിയില്‍ ഭാക്ഷ സംരക്ഷണരംഗത്ത് രൂക്ഷമായ പ്രതിസന്ധി തീര്‍ക്കും.

ദേശീയ- അന്തര്‍ദേശീയ സര്‍വകലാശാലകള്‍  ചില മാനദണ്ഡങ്ങള്‍ക്കനുസൃതമായി കേരളത്തിലെ ഇത്തരം സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനെ കുറിച്ച് നാം സൂചിപ്പിച്ചല്ലോ. കാലിക്കറ്റ് സര്‍വകലാശാലകളടക്കമുള്ള കേരളത്തിലെ യൂനിവേഴ്‌സിറ്റികള്‍  ഇതിനെ കുറിച്ച് ഗൗരവതരമായ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്. ഡിസ്റ്റന്‍സ് കോഴ്‌സുകള്‍ മുതല്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ വരെ അന്താരാഷ്ട്ര വിദ്യാഭ്യാസ രംഗത്ത് സാര്‍വത്രികമായി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാലത്ത് നാം ചില ക്രമപ്രശ്‌നങ്ങള്‍ ഉന്നയിച്ച് കൊണ്ട് ഇതില്‍ നിന്നും പിന്മാറുകയാണെങ്കില്‍ അത് ഒരേ സമയം അറബി ഭാഷയോടും തലമുറയോടും ചെയ്യുന്ന അനീതിയായിരിക്കും. ചില മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഇത്തരം കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കുന്നതോടെ അവരുടെ ശേഷിയും സര്‍ഗാത്മകതയും നമ്മുടെ നാട്ടില്‍ തന്നെ നമുക്ക് പ്രയോജനപ്പെടുത്താന്‍ സാധിക്കും. പ്രാഥമിക-സ്‌കൂള്‍ തലങ്ങളിലെല്ലാം രണ്ട് വര്‍ഷത്തെ പ്രിലിമിനറി കോഴ്‌സും ലക്ഷത്തിന്റെ നോട്ടുകെട്ടുകളുമുണ്ടെങ്കില്‍ ഏതൊരുവനും അധ്യാപകരാകാം എന്ന അവസ്ഥയാണുള്ളത്. ഉന്നത വിദ്യാഭ്യാസ രംഗത്തെയും സ്ഥിതിഗതികളും വിഭിന്നമല്ല. വിദ്യാഭ്യാസ രംഗത്തെ പുതിയ പ്രവണതകളെ ഉള്‍ക്കൊള്ളാനും അവ പുതിയ തലമുറയില്‍ ക്രിയാത്മകമായി പ്രസരണം ചെയ്യാനും സാധിക്കാത്തതിന് പ്രധാന കാരണം ആഴത്തിലുള്ള വിജ്ഞാനത്തിന്റെ അഭാവമാണ്.

പുതിയ അധ്യാപന ശൈലിയും ബോധനശാസ്ത്രവുമെല്ലാം ആവശ്യപ്പെടുന്നത് ക്ലാസ് റൂമില്‍ അറബി ഭാഷ മാത്രം സംസാരിക്കുന്ന ഒരു അന്തരീക്ഷമുണ്ടാകുക എന്നതാണ്. ഇതിനോട് എത്രപേര്‍ക്ക് നീതിപുലര്‍ത്താന്‍ കഴിയും എന്നത് ഇത്തരത്തില്‍ ഒരു വലിയ പ്രശ്‌നമാണ്. അതോടൊപ്പം തന്നെ ജോലിയില്‍ കയറി വിശ്രമിക്കുന്നതിന് പകരം നിരന്തരമായി നവീകരണം സാധ്യമാകുന്നതിനുള്ള അവസരങ്ങളും കോഴ്‌സുകളും അധ്യാപകര്‍ക്ക് ഒരുക്കപ്പെടണം. ലോകത്ത് തന്നെ അറബി ഭാഷ പഠനത്തില്‍ മികച്ചുനില്‍ക്കുന്ന പ്രദേശമാണ് കേരളം. പക്ഷെ അറബി ഭാഷ പ്രചാരണ-സംരക്ഷണ മേഖലകളില്‍, പ്രത്യേകിച്ച് ഔദ്യോഗിക രംഗത്ത് നാം ഫലപ്രദമായി അവ ഉപയോഗപ്പെടുത്തുന്നില്ല എന്നതാണ് നാം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം.

കാലത്തിന്റെ മാറ്റങ്ങളെ ഉള്‍ക്കൊള്ളാത്ത കരിക്കുലവും പാഠ്യപദ്ധതിയും അശാസ്ത്രീയമായ അധ്യാപനരീതികളും യോഗ്യരല്ലാത്ത അധ്യാപകരും  നിയമക്കുരുക്കുകളുമാണ് രാജ്യത്ത് അറബി ഭാഷ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങള്‍. അവ കണ്ടെത്തി ചികിത്സിക്കുന്നതായിരിക്കും തൊലിപ്പുറത്തെ ചികിത്സയേക്കാള്‍ ദേദപ്പെട്ടതും ഖുര്‍ആനിന്റെ ഭാഷയോട് ചെയ്യുന്ന നീതിയും!

Related Articles