Current Date

Search
Close this search box.
Search
Close this search box.

അമേരിക്ക ഭീകരവിരുദ്ധരോ അതോ ഭീകരതയുടെ ഉല്‍പ്പാദകരോ?

us-army.jpg

താമ്പയിലെ മാക്ഡില്‍ എയര്‍ഫോഴ്‌സ് ബേസില്‍ വെച്ച് പ്രസിഡന്റ് ഒബാമ നടത്തിയ തന്റെ അവസാനത്തെ വിദേശനയ പ്രഭാഷണം അതിന്റെ ഉദ്ദേശത്തെ തന്നെ വഞ്ചിക്കുന്നതായിരുന്നു. ഭീകരവിരുദ്ധ യുദ്ധത്തില്‍ എന്നെത്തേക്കാളുമുപരി പങ്ക് ഇപ്പോള്‍ താമ്പയിലെ എയര്‍ഫോഴ്‌സ് ബേസിനുണ്ട്.

ഭീകരതക്കെതിരെയുള്ള യുദ്ധത്തില്‍ അമേരിക്ക സ്വന്തം മൂല്യങ്ങളോട് സത്യസന്ധത പുലര്‍ത്തുന്നവരാണെന്ന് ഉറപ്പിക്കുന്നതും അങ്ങനെ തന്നെ നിലകൊള്ളണമെന്ന് ആവശ്യപ്പെടുന്നതുമായിരുന്നു പ്രസംഗത്തിന്റെ ആകെതുക. എന്നാല്‍, യമനില്‍ സൗദി അറേബ്യ നടത്തുന്ന ബോംബാക്രമണത്തിന് സഹായങ്ങള്‍ ചെയ്തു കൊണ്ടുക്കുന്നതിന്റെ പേരില്‍ അമേരിക്കക്കെതിരെ യുദ്ധം കുറ്റം ചുമത്തപ്പെടും എന്ന മുന്നറിയിപ്പ് കത്ത് കോണ്‍ഗ്രസ്സ് വക്താവും കാലിഫോര്‍ണിയ ഡെമോക്രാറ്റുമായ ടെഡ് ല്യൂ സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിക്ക് നല്‍കിയ അതേസമയത്ത് തന്നെയാണ് ഒബാമയുടെ പ്രസംഗവും നടന്നത്. യമനില്‍ ബോംബാക്രമണം നടത്തുന്ന സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനയുടെ യുദ്ധവിമാനങ്ങളില്‍ ആകാശത്ത് വെച്ച് തന്നെ ഇന്ധനം നിറച്ച് കൊടുക്കുന്ന സഹായമാണ് അമേരിക്ക ചെയ്തുകൊണ്ടിരിക്കുന്നത്. സ്ത്രീകളും കുട്ടികളുമടക്കമുള്ള സിവിലിയന്‍മാര്‍ ബോംബാക്രമണത്തിന് ഇരയായതിന് 70-ഓളം തെളിവുകള്‍ ഉണ്ടെന്ന് ടെഡ് അവകാശപ്പെടുന്നുണ്ട്. ആഭ്യന്തര സംഘര്‍ഷമുണ്ടായിരുന്നെങ്കിലും സൗദിയുടെ നേതൃത്വത്തിലുള്ള ബോംബാക്രമണം തുടങ്ങിയതിന് ശേഷമാണ് യമനില്‍ അഭയാര്‍ത്ഥി പ്രതിസന്ധി ആരംഭിച്ചത്.

അമേരിക്കയുടെ കോപത്തിന് പാത്രമാവാന്‍ മാത്രം ലിബിയ എന്താണ് അവരോട് ചെയ്തത്? എന്താണിന്ന് ലിബിയയുടെ അവസ്ഥ. ആഫ്രിക്കയെ പുരോഗതിയിലേക്ക് നയിക്കാന്‍ നേതൃത്വം നല്‍കിയ ഒരു രാജ്യം ഇന്ന് ബോംബുകള്‍ വര്‍ഷിക്കപ്പെട്ട് തുണ്ടംതുണ്ടമായി തകര്‍ച്ചയുടെ വക്കിലാണുള്ളത്. കാര്യക്ഷമായ ഒരു സര്‍ക്കാര്‍ അവിടെ ഇല്ല. അതിരിക്കട്ടെ, രാജ്യത്തിന്റെ തെക്ക് ഭാഗത്ത് നിന്നും ട്രിപ്പോളിയിലേക്ക് വെള്ളം കൊണ്ടുവന്നിരുന്ന അമൂല്യവും വിലയേറിയതുമായ ജനസേചന സംവിധാനം ബോംബിട്ട് തകര്‍ത്തത് എന്ത് മൂല്യത്തിന്റെ പേരിലാണെന്ന് ഒബാമ ഒന്ന് പറഞ്ഞു തരുമോ? ഇന്ന്, സാധിക്കുന്നവരെല്ലാം യൂറോപ്പിലേക്ക് രക്ഷപ്പെടോടി കൊണ്ടിരിക്കുകയാണ്. ലിബിയയിലേക്ക് ജോലി അന്വേഷിച്ച് വന്നിരുന്ന സബ്‌സഹാറന്‍ ആഫ്രിക്കക്കാരെല്ലാം എങ്ങനെയെങ്കിലും യൂറോപ്പിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്.

തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് കാരണക്കാര്‍ ആരാണെന്ന് ലിബിയക്കാരോട് ഒന്ന് ചോദിക്കണം. ഒരു നിമിഷം പോലും ആലോചിക്കാതെ അവര്‍ ഉത്തരം പറയും, അത് അമേരിക്കയാണെന്ന്. ആ രാജ്യത്തിന്റെ തകര്‍ച്ചക്ക് പ്രധാന കാരണക്കാര്‍ അമേരിക്ക തന്നെയാണ്. അതേ ചോദ്യം യമനികളോടും ചോദിച്ച് നോക്ക്. അതേ ഉത്തരം തന്നെയായിരിക്കും അവരും പറയുക. അമേരിക്കയാണ് യുദ്ധവിമാനങ്ങളും, ബോംബുകളും, വിമാന ഇന്ധനവും ആവശ്യക്കാര്‍ വിതരണം ചെയ്യുന്നത്. അമേരിക്കയെ കൂടാതെ ഒരു വ്യോമാക്രമണവും നടക്കില്ല.

സൊമാലിയക്കാരോടും ചോദിച്ച് നോക്കണം. അമേരിക്കയുടെ എല്ലാവിധ പിന്തുണയോടും കൂടിയാണ് എതോപ്യ സൊമാലിയയില്‍ അധിനിവേശം നടത്തിയത്. സ്ഥിരത കൈവരിക്കാനുള്ള അവസാന പ്രതീക്ഷയും അങ്ങനെ സൊമാലിയക്ക് നഷ്ടമായി. കൊല്ലുംകൊലയും ഇന്നവിടെ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ ഭരണകൂടത്തിനെതിരെ അപകട മുന്നറിയിപ്പ് അന്ന് തന്നെ നല്‍കപ്പെട്ടിരുന്നു. കുറച്ചാഴ്ച്ചകള്‍ക്ക് മുമ്പാണ് ഒരു സൊമാലിയന്‍ വിദ്യാര്‍ത്ഥി ഓഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ അക്രമം അഴിച്ചുവിട്ടത്. ഈ ആഴ്ച്ച ഡൊണാള്‍ഡ് ട്രംപ് പ്രസ്തുത യൂണിവേഴ്‌സിറ്റിയില്‍ എത്തി അനുശോചനം അറിയിക്കുകയും, പതിവ് പോലെ തന്റെ മുസ്‌ലിം കുടിയേറ്റ വിരുദ്ധ പ്രസ്താവനകള്‍ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

ഇറാഖികളോടും അഫ്ഗാനികളോടും ചോദിച്ച് നോക്കുക. വിശാലമായ നോര്‍ത്ത് ആഫ്രിക്കയും കടന്ന് യമനും അഫ്ഗാനിസ്ഥാനും താണ്ടി പാകിസ്ഥാന്‍ വരെ ഇന്ന് അസ്ഥിരതയുടെയും അരക്ഷിതത്വത്തിന്റെയും പിടിയിലമര്‍ന്നിരിക്കുയാണ്. 200000 ആളുകളാണ് ഇറാഖില്‍ കൊല്ലപ്പെട്ടത്. ദശലക്ഷണക്കിന് പേരെ യുദ്ധകെടുതികള്‍ മാരകമായി ബാധിച്ചു. ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലെ വാട്ട്‌സണ്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കണക്കുകള്‍ പ്രകാരം 111000 പേരാണ് അഫ്ഗാനിസ്ഥാനില്‍ യുദ്ധം മൂലം കൊല്ലപ്പെട്ടത്. 15 വര്‍ഷത്തോളമുള്ള അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനിക സാന്നിധ്യം മരണസംഖ്യ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. യുദ്ധം മൂലം കൊല്ലപ്പെട്ടവരുടെ എണ്ണം കണക്കാക്കുക എളുപ്പമല്ല. ഇറാഖിലെ മരണസംഖ്യ കണക്കുകള്‍ സൂചിപ്പിക്കുന്നതിനേക്കാള്‍ എത്രയോ അധികമാണ്.

ചോദിക്കാനുള്ളത് ഇത്രമാത്രമാണ്, 9/11-ന്റെ ഉത്തരവാദികള്‍ എന്ന് പറയപ്പെടുന്നവര്‍ സൗദി അറേബ്യയില്‍ നിന്നുള്ള ആ 19 പേര്‍ ആണെന്നതാണോ ഈ കൂട്ടക്കൊലകള്‍ക്കുള്ള നിങ്ങളുടെ ന്യായീകരണം? എന്തിനായിരുന്നു അത്? കാരണം എന്തുതന്നെയായാലും, അമേരിക്കയില്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ട അപര ഭയം എന്ന വികാരം തന്നെയാണ് ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിന്റെ കാരണങ്ങളില്‍ ഒന്ന് എന്ന് നിസ്സംശയം പറയാന്‍ സാധിക്കും.

ഭീകരവാദത്തെ തോല്‍പ്പിക്കാനുള്ളതാണോ അതോ ഒരു പ്രത്യേക വിഭാഗം ജനങ്ങളെ അപരവത്കരിക്കുന്നതിന് വേണ്ടിയാണോ നിങ്ങളുടെ ഈ വൃത്തിക്കെട്ട വിദേശനയം?

(ഡോ. അര്‍ഷദ് എം ഖാന്റെ ലേഖനം അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ ചര്‍ച്ച ചെയ്യപ്പെടുകയും, കോണ്‍ഗ്രഷണല്‍ രേഖകളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.)

കടപ്പാട്: countercurrents.org
മൊഴിമാറ്റം: irshad shariathi

Related Articles