Current Date

Search
Close this search box.
Search
Close this search box.

അമേരിക്കയുടെ ഭാവി -1

അമേരിക്കയിലേക്കുള്ള തങ്ങളുടെ വേനല്‍ക്കാല യാത്രയില്‍ അവിടത്തെ വൈദേശിക രാഷ്ട്രീയം പൊതുവിലും, മധ്യപൗരസ്ത്യ ദേശത്തെ രാഷ്ട്രീയം പ്രത്യേകിച്ചും കൈകാര്യം ചെയ്യുന്ന ഏതാനും വ്യക്തികളുമായി കണ്ടുമുട്ടാനും സംവദിക്കാനും അവസരം ലഭിക്കുകയുണ്ടായി. കൂടാതെ ഏതാനും അമേരിക്കന്‍ കുടുംബങ്ങളെ കാണുകയും, ആഭ്യന്തര രാഷ്ട്രീയവുമായി ബന്ധപ്പെട്ട അവരുടെ പരാതികള്‍ കേള്‍ക്കുകയും ചെയ്തു. അമേരിക്കയുടെ ഔദ്യോഗിക നിലപാടുകളും, അവിടത്തെ ജനങ്ങളുടെ വികാരങ്ങളും തീര്‍ത്തും വിരുദ്ധമാണെന്ന കാര്യം ഞങ്ങളൊരിക്കലും മനസ്സിലാക്കിയതോ, പ്രതീക്ഷിച്ചതോ ആയിരുന്നില്ല. രാഷ്ട്രീയനേതൃത്വത്തിന് ഫണ്ട് നല്‍കുന്ന സമ്പന്ന-വരേണ്യ-സമ്മര്‍ദ്ദ വിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസൃതമായാണ് അവിടത്തെ ഔദ്യോഗിക നയനിലപാടുകള്‍ രൂപപ്പെടുന്നതെന്ന് സാധാരണ പൗരന്മാര്‍ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് വളരെയധികം ആശങ്കയോടെയാണ് അവര്‍ അഭിമുഖീകരിക്കുന്നത്. ഒന്നുകില്‍ ഏറ്റവും മോശമായത്, അല്ലെങ്കില്‍ മോശമായത് തുടങ്ങിയ രണ്ട് അവസരങ്ങളാണ് തങ്ങള്‍ക്ക് മുന്നിലുള്ളതെന്ന് അവര്‍ വിശദീകരിക്കുന്നു.

സാധാരണക്കാരനായ അമേരിക്കന്‍ പൗരന്റെ വേദനയും ദുഖവും വരേണ്യ രാഷ്ട്രീയക്കാരുടെ മുന്‍ഗണനാക്രമത്തില്‍ നിന്നും തീര്‍ത്തും ഭിന്നമാണ്. ഞങ്ങള്‍ കാലിഫോര്‍ണിയയില്‍ ഏതാനും സമയം ചെലവഴിച്ചു. തങ്ങളുടെ സംസ്ഥാനത്ത് നടന്ന് കൊണ്ടിരിക്കുന്ന ജനസംഖ്യാപരമായ മാറ്റങ്ങളെ വളരെ സംശയത്തോടെയാണ് പൗരന്മാര്‍ വീക്ഷിക്കുന്നതെന്ന് അവരുടെ സംസാരത്തില്‍ നിന്ന് മനസ്സിലായി. ലാറ്റിനമേരിക്കന്‍ നാടുകളില്‍ നിന്നും, ഏഷ്യന്‍ രാഷ്ട്രങ്ങളില്‍ നിന്നുമായി ധാരാളം ജനവിഭാഗങ്ങള്‍ വന്ന് തങ്ങളുടെ നാട്ടില്‍ സ്ഥിരതാമസമാക്കുന്നതില്‍ അസ്വസ്ഥരാണ് അവര്‍. മാത്രമല്ല ഇവര്‍ വന്ന് താമസമാക്കുന്ന പ്രദേശങ്ങളില്‍ നിന്ന്- ഉദാഹരണമായി വടക്കന്‍ കാലിഫോര്‍ണിയയില്‍- ഇംഗ്ലീഷ് ഭാഷ തിരോഭവിക്കുകയും, പകരം സ്പാനിഷ് ഭാഷ പ്രചാരം സിദ്ധിക്കുകയും ചെയ്തു. മെക്‌സിക്കോയുമായി അതിര്‍ത്തി പങ്കിടുന്നിടങ്ങളില്‍ ഇംഗ്ലീഷ് ഭാഷ പൂര്‍ണമായും എടുത്തുമാറ്റപ്പെട്ടിരിക്കുന്നു.

അമേരിക്കയുടെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക പതനത്തെക്കുറിക്കാന്‍ മാത്രം ഖണ്ഡിതമായി തെളിവുകളല്ല ഈ വര്‍ത്തമാനങ്ങള്‍. ഈ സംഭവങ്ങളെ സാമാന്യവല്‍ക്കരിക്കുകയോ, മാരകമായി സമര്‍പ്പിക്കുകയോ ചെയ്യേണ്ടതല്ല. എന്നാല്‍പോലും അമേരിക്കയെ അലട്ടുന്ന മുഖ്യമായ പല പ്രശ്‌നങ്ങളുമുണ്ട്. തൊഴിലില്ലായ്മ, ആരോഗ്യമേഖലയിലെ തകര്‍ച്ച, ധാര്‍മിക മേഖലയിലെ ജീര്‍ണത തുടങ്ങിയ അവയില്‍ പരമപ്രധാനമാണ്. അമേരിക്കയില്‍ സംഭവിച്ച, രാഷ്ട്രീയ നേതൃത്വം ബോധപൂര്‍വ്വം വിസ്മരിക്കുകയോ അവഗണിക്കുകയോ ചെയ്ത രാഷ്ട്രീയവും, സാമ്പത്തികവുമായ തകര്‍ച്ചയുടെ പ്രത്യാഘാതം മാത്രമാണ് അവ. അതിര് കവിഞ്ഞ ഉപഭോഗത്തില്‍ അധിഷ്ടിതമായ ജീവിതരീതി, മത-രാഷ്ട്രീയ വ്യവസ്ഥകള്‍ക്കുള്ള ഫണ്ടിംഗ് തുടങ്ങി അമേരിക്കന്‍ ഭൂരിപക്ഷ പൗരന്മാരെ ബാധിക്കുന്ന അടിയന്തര പരിഹാരമര്‍ഹിക്കുന്ന വിഷയങ്ങളില്‍ ഗൗരവതരമായ പഠനം നടക്കേണ്ടിയിരിക്കുന്നു.

അമിതമായ ഉപഭോഗ സംസ്‌കാരത്തെ പോഷിപ്പിക്കുന്ന, പ്രോല്‍സാഹിപ്പിക്കുന്ന നിലപാടാണ് കടം സൃഷ്ടിച്ചത്. അമേരിക്കന്‍ സ്വപ്‌നം പൂവണിയിക്കാന്‍, ചരക്ക് വിലകൊടുത്ത് വാങ്ങി ഉപഭോക്താവിന്റെ ദാഹം ശമിപ്പിക്കാന്‍ വ്യക്തി മാത്രമല്ല, കടവും പങ്കാളിയാവണമെന്ന നരകീയ കാഴ്ച്ചപാടാണ് അവര്‍ക്കുള്ളത്. ഇപ്രകാരം കടം ഇടനിലക്കാരനായിരിക്കെ തങ്ങളുടെ ചരക്കിന്റെ വില എത്രവേണമെങ്കിലും അധികരിപ്പിക്കാന്‍ മുതലാളിമാര്‍ക്ക് സാധിക്കുമെന്ന് ചുരുക്കം. വ്യക്തിയുടെ സമ്പത്തും, കഴിവും കണക്കാക്കുന്നത് അവന്റെ കയ്യിലുള്ള വസ്തുക്കളുടെയോ, ഉടമസ്ഥതയിലുള്ള  സ്വത്തുക്കളുടെയോ മാത്രം അടിസ്ഥാനത്തിലല്ല, മറിച്ച് കടംവാങ്ങാനുള്ള അവന്റെ കഴിവിന്റെ അടിസ്ഥാത്തിലാണ്. അമേരിക്കന്‍ സാമൂഹ്യ ഘടനയില്‍ ക്രെഡിറ്റ് കാര്‍ഡില്ലാത്ത പൗരന്‍ സംശയിക്കപ്പെടേണ്ട വ്യക്തിയാണെന്ന് ചുരുക്കം.

കടത്തെയും ഉപഭോഗത്തെയും സാമ്പത്തിക മേഖലയുടെ അടിസ്ഥാന ചാലകമാക്കി സ്ഥാപിച്ചത് രാഷ്ട്രത്തെ പാപ്പരത്വത്തിലേക്കാണ് തള്ളിയത്. തീര്‍ത്തും പാപ്പരായ, കടത്തില്‍ ജീവിക്കുന്ന അമേരിക്കക്ക് ചൈനയാണ് സാമ്പത്തിക സഹായം നല്‍കുന്നത്. കാരണം അവര്‍ക്ക് നേട്ടമുണ്ടാക്കുന്ന കാര്യമാണത്. ചൈനയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ട വിഭവങ്ങള്‍ അമേരിക്ക വിലകൊടുത്ത് വാങ്ങുന്ന, ചൈനയുടെ സാമ്പത്തിക മേഖലയെ വിജയിപ്പിക്കുന്ന കാലത്തോളം അവര്‍ അമേരിക്കയെ സഹായിക്കും. എന്നാല്‍ തങ്ങളുടെ മാര്‍ക്കറ്റ് പച്ചപിടിക്കുകയും, സ്വാശ്രയാമാവുകയും ചെയ്താല്‍ ചൈന തങ്ങളുടെ നാട്ടില്‍ തന്നെ കേന്ദ്രീകരിക്കുകയും, കയറ്റുമതി കുറക്കുകയും ചെയ്യും. അതോടെ അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥയുടെ ഏകഉറവിടവും വറ്റിവരണ്ട് പോകും.

ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് പോലും രാഷ്ട്രീയ നേതൃത്വത്തിന് ഇഷ്ടമല്ല. നിലവിലുള്ള പരിതാപകരമായ രാഷ്ട്രീയ സ്ഥിതിയെ നിരാകരിക്കുകയാണവര്‍ ചെയ്യുക. താല്‍ക്കാലികമായ ചില പോരായ്മകളാണെന്ന് ന്യായവാദം ഉന്നയിക്കും. കഴിഞ്ഞ വര്‍ഷം കടത്തെയും, സാമ്പത്തിക ബാധ്യതയെയും കുറിച്ച ഇവരുടെ ഒരു ചര്‍ച്ചയില്‍ ഞാന്‍ പങ്കെടുക്കുകയുണ്ടായി. യാഥാര്‍ത്ഥ്യത്തെ മറച്ച് വെക്കുന്ന, നിരാകരിക്കുന്ന അവരുടെ പ്രവണത കണ്ട് ഞാന്‍ അല്‍ഭുതപരതന്ത്രനായി. ചില അറബ്-ലബനാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ അമേരിക്കയെ സഹായിക്കുന്നുവെന്നത് ഇതിനോട് ചേര്‍ത്ത് മനസ്സിലാക്കേണ്ടതാണ്. ചുരുക്കത്തില്‍ ഒരു ആഭ്യന്തര കലാപത്തിനോ, തകര്‍ച്ചക്കോ വഴിവെച്ചേക്കാവുന്ന ഭീകരമായ പതനത്തിലേക്കാണ് അമേരിക്ക നീങ്ങിക്കൊണ്ടിരിക്കുന്നത്.

അമേരിക്കന്‍ സാമ്പത്തിക ഘടന പ്രതിസന്ധികളെ തരണം ചെയ്തിട്ടില്ലെന്ന് തന്നെയാണ് അവിടെ നിന്ന് ലഭിക്കുന്ന സൂചനകള്‍ വ്യക്തമാക്കുന്നത്. പരിഹാരങ്ങളൊക്കെയും സമര്‍പ്പിക്കപ്പെട്ടതിന് ശേഷവും തൊഴിലില്ലായ്മ നിരക്ക് വളരെ കൂടുതലാണ്. അതിനാല്‍ തന്നെ ഒബാമ രണ്ടാം തവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. ഭൂരിപക്ഷം ഇഷ്ടപ്പെടുന്ന സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായ വിധത്തിലാണ് മാധ്യമങ്ങളും, സാമ്പത്തിക കേന്ദ്രങ്ങളും കാര്യങ്ങളവതരിപ്പിക്കുക. അതിനാല്‍ തന്നെ ഒബാമയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാവശ്യമായ ഫണ്ട് ലഭിച്ച് കൊള്ളണമെന്നില്ല. സാമ്പത്തിക വിദഗ്ദര്‍ കാര്യങ്ങള്‍ കൃത്യമായിത്തന്നെ അവതരിപ്പിക്കുമെങ്കിലും മണിമാര്‍ക്കറ്റുകള്‍ അമേരിക്കയുടെ യഥാര്‍ത്ഥ സാമ്പത്തികാവസ്ഥ മറച്ചുവെച്ച് ഭാവനാ ലോകത്തെയാണ് സമര്‍പ്പിക്കുക. (തുടരും)

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles