Current Date

Search
Close this search box.
Search
Close this search box.

അമേരിക്കന്‍ പാലു കുടിച്ചാണ് തീവ്രവാദം പിച്ച വെക്കുന്നത്

terrorsm-us.jpg

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ അമേരിക്കക്കും മറ്റു പാശ്ചാത്യ ശക്തികള്‍ക്കും അവരുടെ നയനിലപാടുകളില്‍ കാര്യമായ മാറ്റം വരുത്തേണ്ടതായിട്ടു വന്നിരുന്നു. സോവിയറ്റ് യൂണിയനു പകരം ഒരു പുതിയ ശത്രുവിനെ മുന്നില്‍ നിര്‍ത്തേണ്ടത് പാശ്ചാത്യ രാഷ്ട്രങ്ങള്‍ക്ക് അനിവാര്യമായിരുന്നു. സാങ്കല്‍പ്പികമോ യാഥാര്‍ത്ഥ്യമോ ആയ ശത്രുവിനെതിരെയുള്ള നിരന്തര പോരാട്ടങ്ങളിലൂടെയല്ലാതെ ഒരു സാമ്രാജ്യത്തിനും അതിന്റെ ആധിപത്യം നിലനിര്‍ത്താനാവില്ലെന്ന് പോള്‍ കെന്നഡി അദ്ദേഹത്തിന്റെ ‘ദ റൈസ്  ആന്റ് ഫാള്‍ ഓഫ് ദ ഗ്രേറ്റ് പവര്‍’ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ഇപ്രകാരം രാജ്യത്തിന്റെ ശ്രദ്ധയും ശക്തിയും ബാഹ്യ ശത്രുവില്‍ കേന്ദ്രീകരിക്കപ്പെടാത്ത സാഹചര്യമുണ്ടായാല്‍ രാഷ്ട്രത്തിന്റെ ഊര്‍ജ്ജം ആഭ്യന്തര മേഖലയില്‍ വിനിയോഗിക്കപ്പെടേണ്ട സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നും, അത് വലിയ തോതിലുള്ള ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് ഇടവരുത്തുകയും രാജ്യത്തിന്റെ മേധാവിത്വ ശക്തി തകരാന്‍ കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കെന്നഡി ആവിഷ്‌കരിച്ച് ഈ സിദ്ധാന്തമാണ് പടിഞ്ഞാറിനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. യുദ്ധത്തിന്റെയും യുദ്ധത്തിലെ ത്യാഗപരിശ്രമങ്ങളുടെയും അഭാവം ജനങ്ങളെ സ്വയം ഉള്‍വലിയാന്‍ പ്രേരിപ്പിക്കുകയും വ്യക്തിപരമായ ആഗ്രഹാഭിലാഷങ്ങളുടെ പൂര്‍ത്തീകരണത്തിനു വേണ്ടിയുള്ള ഓട്ടപ്പാച്ചിലിലേക്ക് അവരെ തള്ളി വിടുകയും ചെയ്യുമെന്ന് ജര്‍മ്മന്‍ തത്വചിന്തകനായ ഹെഗല്‍ നിരീക്ഷിച്ചിട്ടുണ്ട്. ഇത് സമൂഹത്തിന്റെ പൂര്‍ണാര്‍ത്ഥത്തിലുള്ള തകര്‍ച്ചക്ക് വഴിവെക്കുമെന്നും ഹെഗല്‍ വിലയിരുത്തുന്നു.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ അമേരിക്കക്ക് ലോകാധിപത്യം നിലനിര്‍ത്തി കൊണ്ടുപോകാന്‍ ഒരു എതിരാളിയെ സൃഷ്ടിക്കേണ്ടത് ആവശ്യമായതും ഈ കാരണങ്ങളാലാണ്. 1990 ലെ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ശേഷം 2011 സെപ്തംബര്‍ 11 വരെയുള്ള കാലഘട്ടത്തില്‍ അമേരിക്കന്‍ നയനിലപാടുകള്‍ രൂപപ്പെടുത്തുന്നവര്‍ ശ്രമിച്ചു കൊണ്ടിരിന്നതും അത്തരമൊരു ശത്രുവിനെ രൂപപ്പെടുത്താനായിരുന്നു. 2001 സെപ്തംബര്‍ 11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ അക്രമണത്തോടു കൂടി അമേരിക്കന്‍ ആധിപത്യം ലോകത്ത് നിലനിര്‍ത്താന്‍ സഹായകമായ പുതിയ ശത്രു രൂപംകൊള്ളുകയായിരുന്നു.

കിഴക്കന്‍ യൂറോപ്പിലെ ‘ചുവന്ന ചെകുത്താന്’ പകരം പാശ്ചാത്യന് ഇനി പോരടിക്കേണ്ടി വരിക ‘പച്ച ചെകുത്താനോ’ടാണെന്ന് ലോകത്തിനു മുന്നില്‍ സമര്‍ത്ഥിക്കുന്നതിനാണ് സാമുവല്‍ ഹണ്ടിംഗടണ്‍ രചിച്ച ‘നാഗരികതകളുടെ സംഘട്ടനം’, ഫ്രാന്‍സിസ് ഫുകുയാമയുടെ ‘ചരിത്രത്തിന്റെ അന്ത്യം’ എന്നീ പുസ്തകങ്ങള്‍ കാര്യമായി ശ്രമിച്ചത്. രാഷ്ട്രങ്ങള്‍ തമ്മില്‍ ഇനിയുള്ള സംഘട്ടനങ്ങള്‍ കിഴക്കിന്റെ ഇസ്‌ലാമും പടിഞ്ഞാറിന്റെ ക്രിസ്ത്യാനിസവും തമ്മിലുള്ള സാംസ്‌കാരിക സംഘട്ടനമായിരിക്കുമെന്ന് ഹണ്ടിംഗടണ്‍ തന്റെ പുസ്തകത്തില്‍ വിശദമാക്കുന്നുണ്ട്. മനുഷ്യന്‍ നേടിയെടുത്ത ബൗദ്ധിക വളര്‍ച്ചയുടെ പര്യായമാണ് പടിഞ്ഞാറിന്റെ ഉദാര മുതലാളിത്തമെന്നും, മുതലാളിത്ത മൂല്യങ്ങളിലൂടെ മുഴു ലോകത്തിന്റെയും ആധിപത്യം പടിഞ്ഞാറിന്റെ കൈകളിലമരുമെന്നും ഫ്രാന്‍സിസ് ഫുകുയാമയും സമര്‍ത്ഥിക്കുന്നു.

സാമുവല്‍ ഹണ്ടിംഗടണും ഫുകുയാമയും സൃഷ്ടിച്ചെടുത്ത സൈദ്ധാന്തിക പരിസരത്തിനു പുറമെ ഇസ്‌ലാമിനെ അവമതിക്കാനും നിന്ദ്യമായി ചിത്രീകരിക്കാനുമുള്ള പടിഞ്ഞാറിന്റെ പരിശ്രമങ്ങള്‍ മറ്റു മാര്‍ഗങ്ങളിലൂടെയും തുടര്‍ന്നുകൊണ്ടിരുന്നു. അപ്രകാരം ഇസ്‌ലാമിനെ അവമതിക്കാന്‍ പുതിയ സാങ്കേതിക പദാവലികള്‍ തന്നെ പടിഞ്ഞാറ് രൂപപ്പെടുത്തുകയുണ്ടായി. ‘യാഥാസ്ഥിതികരും മൗലിക വാദികളുമെന്ന്’ വിളിച്ച് മുസ്‌ലിംകളെ തേജോവധം ചെയ്യാനായിരുന്നു പടിഞ്ഞാറ് ശ്രമിച്ചത്. ഇസ്‌ലാമിനെതിരായ ഇത്തരം സാങ്കേതിക പദാവലികള്‍ വലിയ അര്‍ത്ഥത്തില്‍ ലോകത്ത് സ്വീകാര്യമാകുകയും ചെയ്തു. അറബ് വാര്‍ത്താ മാധ്യമങ്ങളും സുരക്ഷാ വിഭാഗങ്ങള്‍ പോലും പടിഞ്ഞാറിന്റെ പദാവലികളെ വലിയ അര്‍ത്ഥത്തില്‍ എടുത്തുപയോഗിക്കുകയും സ്വയം വിഡ്ഢികളാകുകയും ചെയ്തു. എന്നുമാത്രമല്ല, ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും പേരില്‍ അറബ് ലോകത്ത് നിന്നും ശത്രുവിനെ സൃഷ്ടിക്കാനുള്ള പടിഞ്ഞാറിന്റെ ശ്രമത്തില്‍ ഭാഗവാക്കാകുന്നതില്‍ ചില അറബ് ഭരണകൂടങ്ങള്‍ തൃപ്തി കണ്ടെത്തുക പോലും ചെയ്തു. ‘ഭീകരവാദത്തിനെതിരായ പോരാട്ട’മെന്ന പേരില്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള അന്താരാഷ്ട്ര പരിസരമൊരുക്കാന്‍ പടിഞ്ഞാറിന് സാധിച്ചത് മേല്‍ സൂചിപ്പിച്ച ആസൂത്രിതമായ നീക്കങ്ങളിലൂടെ ആയിരുന്നു.

അഫ്ഗാന്‍ ജനതയുടെ ധീരമായ ചെറുത്തു നില്‍പ്പിനു മുന്നില്‍ സോവിയറ്റ് യൂണിയന്‍ മുട്ടു മടക്കി പിന്തിരിയുമ്പോള്‍ ദിശാബോധമുള്ള ഒരു നേതൃത്വം അവിടെ വളര്‍ന്നു വന്നിട്ടുണ്ടായിരുന്നില്ല. ശക്തമായ പോരാട്ടങ്ങളുടെ അവസാനത്തില്‍ അഫ്ഗാന്‍ ജനതക്ക് വിജയം വരിക്കാന്‍ സാധിച്ചപ്പോഴും, വ്യത്യസ്ത ചിന്താഗതിക്കാരായ അവിടത്തെ പോരാട്ട ഗ്രൂപ്പുകള്‍ക്ക് രാഷ്ട്രത്തെ ഒന്നിച്ചു മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കാതെ പോയത് അങ്ങേയറ്റം മോശമായ സാഹചര്യത്തിലേക്ക് അഫ്ഗാനെ നയിക്കുകയുണ്ടായി. സായുധമായ ശക്തിയും ദിശാബോധമുള്ള നേതൃത്വത്തിന്റെ അഭാവവും ഒരു ജനതയില്‍ സമന്വയിച്ചാലുള്ള അപകടത്തിന്റെ ഏറ്റവും മികച്ച പാഠമായിരുന്നു അഫ്ഗാന്‍. അഫ്ഗാനില്‍ പോരാട്ടത്തിന് നേതൃത്വം നല്‍കിയ അറബ് പോരാളികള്‍ക്കിടയില്‍ തന്നെ ഈ വിഷയത്തില്‍ അഭിപ്രായ വ്യത്യാസം പ്രകടമായിരുന്നു. മറ്റു രാഷ്ട്രങ്ങളില്‍ നിന്നുമുള്ള പോരാളികള്‍ അവരുടെ രാജ്യത്തിലേക്ക് തന്നെ മടങ്ങണമെന്നും അഫ്ഗാനിസ്ഥാന്റെ ജനാധിപത്യപരമായ വളര്‍ച്ചക്കും ഉന്നതിക്കും മുതല്‍ക്കൂട്ടാകുക അതാണെന്നുമായിരുന്നു അധിനിവേശ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കിയ അബ്ദുല്ല അസ്സാം അടക്കമുള്ളവരുടെ അഭിപ്രായം. അഫ്ഗാനില്‍ ജനാധിപത്യം പുലരാന്‍ പിന്തുണ നല്‍കുക എന്നായിരുന്നു അബ്ദുല്ല അസ്സാം അടക്കമുള്ളവര്‍ ഉദ്ദേശിച്ചിരുന്നത്.

അള്‍ജീരിയയിലായിരുന്നു ജനാധിപത്യത്തിലൂടെയുളള ഇസ്‌ലാമിക പാര്‍ട്ടികളുടെ അധികാര പ്രവേശനത്തിന് തുടക്കം കുറിച്ചത്. 1992 ല്‍ നടന്ന പാര്‍ലമെന്റ് ഇലക്ഷനില്‍ അള്‍ജീരിയന്‍ ഇസ്‌ലാമിക പാര്‍ട്ടി അധികാരത്തിലേറുമെന്ന് ഏറക്കുറെ ഉറപ്പായ സന്ദര്‍ഭത്തില്‍ സൈന്യം തെരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു. അതിനെ തുടര്‍ന്ന് രാജ്യം ശക്തമായ സായുധ പോരാട്ടങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. അഫ്ഗാനില്‍ ജനാധിപത്യം പുലരുന്നത് കാണാന്‍ കൊതിച്ച അബ്ദുല്ലാ അസ്സാമിന് അള്‍ജീരിയയിലെ ഇസ്‌ലാമിക പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയം കാണാനായില്ല. അദ്ദേഹം 1989 ല്‍ കൊല്ലപ്പെട്ടിരുന്നു.

അഫ്ഗാനില്‍ നിന്നും അസ്സാമിനോടൊപ്പം മടങ്ങി പോന്ന വ്യക്തികളിലൊരാളായിരുന്നു ഉസാമ ബിന്‍ ലാദന്‍. അദ്ദേഹം സഊദിയിലേക്ക് തിരിച്ചു പോവുകയും പിതാവിന്റെ കാലടിപ്പാതകള്‍ പിന്തുടര്‍ന്ന് ബിസിനസ് രംഗത്ത് ചുവടുറപ്പിക്കുകയും ചെയ്തു. എന്നാല്‍ രാജ്യത്ത് നിരോധിക്കപ്പെട്ട രാഷ്ട്രീയ മേഖലയില്‍ ഉസാമ ബിന്‍ ലാദന്‍ ഇടപെടാന്‍ ശ്രമിക്കുന്നു എന്ന ആരോപണം ഉന്നയിച്ചു കൊണ്ട് അദ്ദേഹത്തെ സഊദിയില്‍ നിന്നും പുറത്താക്കുന്ന കാഴ്ച്ചയാണ് നമുക്ക് പിന്നീട് കാണാനാവുന്നത്. ഭരണകൂടം ഉസാമക്കെതിരെ ഇത്തരമൊരു നിലപാട് സ്വീകരിക്കാനുള്ള കാരണം വളരെ വ്യക്തമായിരുന്നു. സദ്ദാം ഹുസൈന്റെ കുവൈത്ത് അധിനിവേശത്തിന്റെ നാളുകളില്‍ അമേരിക്കന്‍ സൈന്യത്തിന് ഇടത്താവളം ഒരുക്കി കൊടുത്തതും രാജ്യത്ത് അമേരിക്കന്‍ ആധിപത്യം സ്ഥാപിക്കാനുള്ള മാര്‍ഗം തുറന്ന് കൊടുത്തതും ബിന്‍ ലാദനടക്കമുള്ള ധാരാളം പേരുടെ ശക്തമായ എതിര്‍പ്പിനിടയാക്കിയിരുന്നു. സഊദി ഭരണകൂടത്തിന്റെ നിലപാടിനെതിരെ ശബ്ദിച്ചതിന്റെ പേരില്‍ അദ്ദേഹത്തെ വീട്ട് തടങ്കിലാക്കുകയും പിന്നീട് അഫ്ഗാനിലേക്ക് പോകാന്‍ അനുവാദം നല്‍കുകയുമാണുണ്ടായത്. 1991 – ല്‍ ബിന്‍ ലാദന്‍ സുഡാനിലേക്ക് പോകുകയും അവിടത്തെ നിര്‍മാണ മേഖലയിലും കാര്‍ഷിക രംഗത്തും വന്‍ തോതിലുള്ള നിക്ഷേപം നടത്തുകയുമുണ്ടായി. അതോടൊപ്പം രാഷ്ട്രീയപരമായ കാരണങ്ങളാല്‍ തന്നെ നാടുകടത്തിയ സഊദി ഭരണകൂടത്തിനെതിരെ ലണ്ടന്‍ ആസ്ഥാനമായി ഒരു പുതിയ കൂട്ടയ്മക്ക് അദ്ദേഹം രൂപം നല്‍കുകയും ചെയ്തു. സഊദിയെയും അമേരിക്കയെയും അങ്ങേയറ്റം ചൊടിപ്പിച്ച നടപടിയായിരുന്നു ബിന്‍ ലാദന്റെ ഈ നീക്കം. ലാദനെ വിട്ടുകിട്ടാന്‍ വേണ്ടി അമേരിക്കയും സഊദിയും സുഡാനുമേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും സുഡാന്‍ ഇരു രാഷ്ട്രങ്ങളുടെയും ആവശ്യം നിരാകരിക്കുകയായിരുന്നു. പിന്നീട് അഫ്ഗാനിലേക്ക് തന്നെ മടങ്ങിയ ഉസാമ ബിന്‍ ലാദന്‍ 1998 ല്‍ അയ്മന്‍ സവാഹിരിയുമായി ചേര്‍ന്ന് പോരാട്ട ഗ്രൂപ്പിന് രൂപം നല്‍കുകയായിരുന്നു. ലാദനപ്പോലെ തന്നെ സ്വന്തം നാട്ടില്‍ ഭരണാധികാരികളുടെ ക്രൂരതകള്‍ക്കിരയായിക്കൊണ്ടിരുന്ന അനവധി അറബ് ‘മുജാഹിദുകള്‍’ ലാദനോടൊപ്പം ചേരുകയും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന് മുന്നിട്ടിറങ്ങുകയും ചെയ്തു.

ടാന്‍സാനിയയിലെ ദാറുസ്സലാമിലും നെയ്‌റോബിയിലും യു.എസ് എംബസികള്‍ അക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് 2001 സെപ്തംബര്‍ 11 ന് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കപ്പെട്ടത്. യു.എസ് ചരിത്രത്തിലെ ഏറ്റവും കനത്ത അക്രണത്തിനാണ് സെപ്തംബര്‍ 11 സാക്ഷിയായത്. 9/11 നെ തുടര്‍ന്ന് ‘ഭീകര വിരുദ്ധ യുദ്ധത്തിന്’ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ നേതൃത്വത്തില്‍ തുടക്കം കുറിക്കുകയും അഫ്ഗാനിലും ഇറാഖിലും അമേരിക്ക സൈനിക അധിനിവേശം നടത്തുകയും ചെയ്തു. ഭീകരവാദികള്‍ക്ക് പിന്തുണ നല്‍കുന്നെന്ന ന്യായം പറഞ്ഞായിരുന്നു ഇരു രാഷ്ട്രങ്ങളിലേക്കും അമേരിക്ക അധിനിവേശം നടത്തിയത്.
സോവിയറ്റ് യൂണിയനെതിരായ യുദ്ധത്തില്‍ പോരാട്ടത്തിന് മുന്നിട്ടിറങ്ങിയ അറബ് പോരാളികള്‍ക്ക് അമേരിക്ക നല്‍കിയ പേരായിരുന്നു ‘അല്‍ ഖ്വായിദ’ എന്നത്. എന്നാല്‍ ഇന്നത് എല്ലാ മുസ്‌ലിം പോരാട്ട ഗ്രൂപ്പുകള്‍ക്കുള്ള പൊതുവായ പേരായി മാറിയിരിക്കുന്നുവെന്നതാണ് ശ്രദ്ധേയം.

2011 ലെ അറബ് വസന്തം അറബ് മേഖലയില്‍ വലിയ മാറ്റത്തിന് തിരികൊളുത്തിയിരുന്നു. സമാധാനപരമായ പ്രധിഷേധ പ്രകടനങ്ങളാണ് പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന ഏകാധിപത്യ വാഴ്ച്ചകള്‍ക്ക് അന്ത്യം കുറിച്ചത്. തികച്ചും സമാധാനപൂര്‍ണ്ണമായിരുന്നെങ്കിലും ആളിക്കത്തിയ പ്രതിഷേധാഗ്നി അറബ് മേഖലയിലെ കുലപതികളായ സ്വേച്ഛാധിപതികളുടെ സിംഹാസനങ്ങള്‍ മറിച്ചിട്ടു. തുനീഷ്യയിലും ഈജിപ്തിലും ലിബിയയിലും യമനിലും വസന്തം അധികാരമാറ്റത്തിന് വഴി തെളിയിച്ചു. സായുധമായ പോരാട്ടത്തിലൂടെ മാത്രമേ വിപ്ലവങ്ങള്‍ സാധ്യമാകൂ എന്ന ധാരണകളെ അറബ് വസന്തം തകര്‍ത്തു കളഞ്ഞു. തികച്ചും ജനാധിപത്യ പൂര്‍ണമായ തെരഞ്ഞെടുപ്പുകളിലൂടെ ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തിലെത്തിയെങ്കിലും ഈജിപ്തിലെ സൈനിക അട്ടിമറി മിഡില്‍ ഈസ്റ്റിലെ ജനാധിപത്യ പ്രക്രിയകള്‍ക്കേറ്റ കനത്ത ആഘാതമാണ്. പടിഞ്ഞാറിന്റെ ആജ്ഞാനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മുന്നോട്ട് നീങ്ങുന്ന സൈനിക ഭരണകൂടം അറബ് വസന്തത്തെ തല്ലിക്കെടുത്തുമെന്ന ആശങ്ക വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്.

യഥാര്‍ത്ഥത്തില്‍ ഈജിപ്തിലും സിറിയയിലും പാശ്ചാത്യ പദ്ധതികളാണ് നടപ്പിലായിക്കൊണ്ടിരിക്കുന്നത്. അറബ് ലോകത്ത് ഇസ്‌ലാമും ഇസ്‌ലാമിക സംഘടനകളും അധികാരത്തിലേറുന്നത് തടയാന്‍ പുതിയ തീവ്ര സംഘടനകളെ ഇളക്കി വിടാനാണ് പാശ്ചാത്യര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പാശ്ചാത്യന്റെ ഏറാന്‍മൂളികളായ അറബ് സ്വേച്ഛാധിപതികള്‍ നാണയതുട്ടുകള്‍ക്ക് വേണ്ടി വീണ്ടും തങ്ങളുടെ പിന്നാലെ വരുന്നതും സ്വപ്‌നം കണ്ട് നടക്കുകയാണ് പാശ്ചാത്യ ലോകം.
അറബ് മേഖലയിലെ ഏറ്റവും വലിയ ജനാധിപത്യ വാദികള്‍ ഇസ്‌ലാമിസ്റ്റുകള്‍ തന്നെയാണെന്ന് അറബ് വസന്തം തെളിയിച്ചു കഴിഞ്ഞു. എങ്കിലും തീവ്രവാദ മുദ്രകുത്തി ഇസ്‌ലാമിസ്റ്റുകളെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുവാനും അക്രമണത്തിന്റെ പാതയിലേക്ക് അവരെ തള്ളിവിടാനും കൊണ്ടുപിടിച്ച ശ്രമം തന്നെ നടക്കുന്നുണ്ട്. മേഖലയില്‍ നിന്ന് ജനാധിപത്യത്തെയും ഇസ്‌ലാമിസ്റ്റുകളെയും ഒരുമിച്ച് തൂത്തെറിയാനാണ് പാശ്ചാത്യര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സോവിയറ്റ് യൂണിയനെ തകര്‍ക്കാന്‍ ‘തീവ്രവാദികളെയും തീവ്രവാദത്തെയും’ പോറ്റിവളര്‍ത്തിയ പാശ്ചാത്യര്‍ വീണ്ടും ചരിത്രം ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. പാശ്ചാത്യന്റെ ദീര്‍ഘദൃഷ്ടിയും കൂര്‍മ്മ ബുദ്ധിയും തന്നെയാണ് ഇപ്പോഴത്തെ അറബ് മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് നിദാനമായിരിക്കുന്നതും.

വിവ : ജലീസ് കോഡൂര്‍

 

Related Articles