Current Date

Search
Close this search box.
Search
Close this search box.

അമേരിക്കന്‍ ഡ്രോണുകള്‍ എന്തിന് ഞങ്ങളുടെ മാതാപിതാക്കളെ ചുട്ടെരിച്ചു?

പഷ്തൂണ്‍, ലോകത്തിലെ ഏറ്റവും വലിയ ഗോത്രസമൂഹം, അവര്‍ക്ക് വേണ്ടി അന്താരാഷ്ട്രസമൂഹത്തിന് മുന്നില്‍ എഴുന്നേറ്റ് നിന്ന് സംസാരിക്കാന്‍ ഒരു നേതാവില്ല. പഷ്തൂണ്‍ ഗോത്രത്തിലെ ഒരു അംഗമെന്ന നിലയില്‍, എന്റെ ഗോത്രത്തിനെതിരെ അരങ്ങേറിയ യുദ്ധകുറ്റങ്ങളെ കുറിച്ച് എനിക്ക് ചിലത് ഈ ലോകത്തോട് വിളിച്ചു പറയാനുണ്ട്. പഷ്തൂണ്‍ ഗോത്രനേതാക്കള്‍, വിദ്യാസമ്പന്നരായ പഷ്തൂണ്‍ കോളെജ് വിദ്യാര്‍ത്ഥികള്‍, അഫ്ഗാന്‍ മതപണ്ഡിതന്‍മാര്‍ ഇവരൊക്കെ തന്നെ ഇന്ന് അതിക്രൂരമായി വംശഹത്യക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്. വ്യക്തമായ വംശീയ ഉന്മൂലനമാണിത്. മാധ്യമങ്ങള്‍ ഒരുവഴിക്ക് അവരുടെ കുപ്രചാരണങ്ങളുമായി മുന്നോട്ടുപോകുന്നുണ്ടെങ്കിലും, അഫ്ഗാനില്‍ യുദ്ധം തുടര്‍ന്നുക്കൊണ്ടിരിക്കുകയാണ്. പഷ്തൂണ്‍ ജനതയെയും മതപണ്ഡിതന്മാരെയും കൊന്നുതള്ളുവാന്‍ ന്യൂനപക്ഷ/വടക്കന്‍ സഖ്യത്തിനും മയക്കുമരുന്ന്-ആയുധമാഫിയക്കും അമേരിക്കയാണ് അനുമതി നല്‍കിയിരിക്കുന്നത്.

അഫ്ഗാനിസ്ഥാനില്‍ ജനിച്ച് വീണ് അവിടെ വളര്‍ന്നു വന്ന പഷ്തൂണ്‍ ഭൂരിപക്ഷ ജനതയെക്കൊണ്ട് ജയിലുകള്‍ നിറഞ്ഞിരിക്കുകയാണ്. പഷ്തൂണ്‍ ഗ്രാമങ്ങളൊക്കെ തന്നെ ഒന്നൊഴിയാതെ തകര്‍ക്കപ്പെട്ടുക്കൊണ്ടിരിക്കുന്നു. രഹസ്യയുദ്ധമാണ് ഇപ്പോള്‍ ഇവിടെ നടന്നുക്കൊണ്ടിരിക്കുന്നത്: പക്ഷെ യുദ്ധം ഇപ്പോഴും തുടരുന്നതിനെ കുറിച്ച് ഭൂരിഭാഗം അമേരിക്കന്‍ പൗരന്‍മാരും ബോധവാന്‍മാരല്ല. ഇതു കൊണ്ടുതന്നെയാണ് അഫ്ഗാനിസ്ഥാനെ സംബന്ധിക്കുന്ന ഒരു വിവരവും പുറത്തുവിടില്ലായെന്ന് പെന്റഗന്‍ അടുത്തിടെ പ്രസ്താവനയിറക്കിയത് എന്നെനിക്കുറപ്പുണ്ട്. കാരണം രഹസ്യയുദ്ധത്തിന് വേണ്ടിയും, അവരുടെ സ്വകാര്യ കൂലിപ്പടയാളി/ കോണ്‍ട്രാക്ടര്‍മാര്‍ക്ക് വേണ്ടിയും ചിലവഴിച്ച പണത്തെ കുറിച്ചുള്ള വിവരങ്ങള്‍ പെന്റഗണ് മറച്ചുവേക്കേണ്ടതുണ്ട്.

2014 ഡിസംബര്‍ 28-ന് അഫ്ഗാനിസ്ഥാനിലെ സൈനികദൗത്യം അവസാനിപ്പിച്ചതായി ബറാക് ഒബാമ പ്രസ്താവനയിറക്കിയിരുന്നു. യുദ്ധം അവസാനിക്കാനൊന്നും പോകുന്നില്ല. അതൊരു വന്‍നുണയാണ്. 10000 അമേരിക്കന്‍ സൈനികര്‍, സി.ഐ.എ യുടെ പാരാമിലിറ്ററി വിഭാഗം, കമ്മ്യൂണിസ്റ്റുകളും യുദ്ധപ്രഭുക്കളുമടങ്ങുന്ന അഫ്ഗാനിലെ ‘തെരഞ്ഞെടുക്കപ്പെട്ട’ സര്‍ക്കാര്‍ എന്നിവരോടൊപ്പം ഒരുലക്ഷം വരുന്ന സ്വകാര്യ കൂലിപ്പടയാളികളെയും, കോണ്‍ട്രാക്ടര്‍മാരെയും ചേര്‍ത്തുക്കൊണ്ടാണ് ഇപ്പോഴും തുടരുന്ന യുദ്ധം അമേരിക്ക സംഘടിപ്പിച്ചിരിക്കുന്നത്.

അമേരിക്കന്‍ പ്രതിനിധികളുടെ ഈ യുദ്ധം, അഫ്ഗാന്‍/പഷ്തൂണ്‍ ഗ്രാമീണര്‍ക്കെതിരെയുള്ള യുദ്ധമാണ്. അപൂര്‍വ്വ പ്രകൃതിദത്ത വിഭവസമ്പത്ത് കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഹെല്‍മണ്ട് പ്രവിശ്യയിലാണ് പഷ്തൂണ്‍ മുസ്‌ലിം ഭൂരിപക്ഷം ജീവിക്കുന്നത്. സി.ഐ.എ തെമ്മാടി അബ്ദുല്ല അബ്ദുല്ലക്ക് കീഴിലാണ് അമേരിക്കയുടെ സാമ്പത്തിക പിന്‍ബലമുള്ള സ്വകാര്യ വാടകക്കൊലയാളികള്‍ (അര്‍ബകായ്, ഐ.എസ്.ഐ.എസ്, ദാഇഷ്) പ്രവര്‍ത്തിക്കുന്നത്. ഇവയൊക്കെ നിയന്ത്രിക്കുന്നതും സി.ഐ.എ തന്നെയാണ്. 2012 സെപ്റ്റംബര്‍ 2-ന് ബഹുമാന്യരായ അമേരിക്കന്‍ അഫ്ഗാന്‍ പ്രതിനിധികളുടെ കൂടെ ഞാനും ഡോ. അബ്ദുല്ല അബ്ദുല്ലയെ സന്ദര്‍ശിച്ചിരുന്നു. കുട്ടിക്കാലം മുതല്‍ക്ക് തന്നെ എനിക്ക് അയാളെ അടുത്തറിയാം. സ്വകാര്യ കൂലിപ്പടയാളികളുടെ കൂടെ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്ന കാര്യം ചര്‍ച്ചക്കിടെ അദ്ദേഹം ഞങ്ങളുമായി പങ്കുവെച്ചു. സിറിയയിലെ ഐ.എസ്.ഐ.എസ് പോലെയുള്ള വിവിധ അന്താരാഷ്ട്ര ഭീകരവാദ സംഘങ്ങളാണ് അഫ്ഗാനില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നാണ് മുഖ്യധാരാ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചുക്കൊണ്ടിരിക്കുന്നത്. എന്റെ വിവരത്തിന്റെ അടിസ്ഥാനത്തില്‍, അതെല്ലാം കള്ളക്കഥകളാണെന്ന് തന്നെയാണ് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നത്. അഫ്ഗാന്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള, സി.ഐ.എ സാമ്പത്തിക സഹായം നല്‍കുന്ന സംഘങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഭീകരസംഭവങ്ങളുടെയെല്ലാം പിന്നില്‍. അമേരിക്കന്‍ പൊതുസമൂഹത്തെ വഴിതെറ്റിക്കുന്നതിന് വേണ്ടിയാണ് അവയുടെയെല്ലാം ഉത്തരവാദിത്വം ഐ.എസ്.ഐ.എസിന്റെ മേല്‍ക്കെട്ടിവെച്ച് അവരെ പഴിപറയുന്നത്. അഫ്ഗാനില്‍ അമേരിക്കന്‍ സൈന്യത്തിന്റെ സാന്നിധ്യം തുടര്‍ന്നും അനിവാര്യമാണെന്ന് അമേരിക്കന്‍ സമൂഹം മുറവിളിക്കൂട്ടൂന്നതിന്റെ കാരണമിതാണ്.

ചരിത്രം ആവര്‍ത്തിക്കുമെന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അഫ്ഗാനിലെ തദ്ദേശീയരായ പഷ്തൂണികളെ വംശീയ ഉന്മൂലനം ചെയ്യുന്നതിനും, പഷ്തൂണികളുടെ മാതൃരാജ്യവും അവിടെയുള്ള വിഭവസമ്പത്തും കൊള്ളയടിക്കുന്നതിനും വേണ്ടിയാണ് അമേരിക്കയുടെ ഇപ്പോഴത്തെ സാമ്രാജ്യത്വ അധിനിവേശം. ഇതുതന്നെയാണ് കഴിഞ്ഞ നൂറ്റാണ്ടുകളില്‍ അമേരിക്കയിലെ തദ്ദേശീയരായ ഗോത്രസമൂഹങ്ങള്‍ക്കെതിരെ അവര്‍ അനുവര്‍ത്തിച്ചത്. അധിനിവേശത്തിനെതിരെ ചെറുത്തുനിന്ന റെഡ്ഇന്ത്യന്‍സിന്റെ ഗോത്രനേതാക്കളെ വധിക്കാന്‍ അമേരിക്ക പ്രയോഗിച്ച തന്ത്രങ്ങളാണ് അവര്‍ ഇന്ന് പഷ്തൂണ്‍ ഗ്രാമങ്ങളില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്നത്. ബലംപ്രയോഗിച്ചുള്ള കുടിയിറക്കല്‍, തദ്ദേശീയ വാസികളില്‍ നിന്നും അവരുടെ ഭൂമിയും അമൂല്യമായ വിഭവങ്ങളും കൊളളയടിക്കല്‍, വിഭജിച്ച് ഭരിക്കുക എന്നീ തന്ത്രങ്ങളാണ് അമേരിക്ക പഷ്തൂണികള്‍ക്കെതിരെ പ്രയോഗിക്കുന്നത്. അഫ്ഗാനിലെ അമേരിക്കന്‍ ആധിപത്യത്തിന് മുഖ്യഭീഷണി ഉയര്‍ത്തുന്നത് പഷ്തൂണികളാണ്. ഭൂതകാലത്ത് പറ്റിയപ്പോയ തെറ്റുകളില്‍ നിന്നും,  ചെയ്തുകൂട്ടിയ ക്രൂരകൃത്യങ്ങളില്‍ നിന്നും അമേരിക്ക പാഠം പഠിക്കേണ്ടതുണ്ട്. അഫ്ഗാന്‍ ഭൂരിപക്ഷ ജനതക്കെതിരെയുള്ള അമേരിക്കയുടെ സാമ്രാജ്യത്വ കാമ്പയിനില്‍ ചൈനയും പങ്കാളിയാവാന്‍ പോവുകയാണോ എന്ന ചോദ്യം ഈ അവസരത്തില്‍ ഉയര്‍ന്നുവരുന്നുണ്ട്.

19-ാം നൂറ്റാണ്ടിലെ അധിനിവേശകര്‍ക്കെതിരെ ചെറുത്തുനിന്ന അമേരിക്കയിലെ തദ്ദേശീയ ചെറോക്കീ ഗോത്ര വര്‍ഗത്തിനെ ബലപ്രയോഗത്തിലൂടെ അവിടെനിന്നും ആട്ടിപ്പുറത്താക്കിയത് ഈ സന്ദര്‍ഭത്തില്‍ ഓര്‍ത്തുപോവുകയാണ്. 1824-25 കാലയളവില്‍ ചെറോക്കീ നേതാക്കളെ വധിച്ച് അവരുടെ ഭൂമി പിടിച്ചെടുത്തതിന് ശേഷം, അന്നാട്ടിലെ ജനങ്ങളെ അവരെ സംബന്ധിച്ചിടത്തോളം തികച്ചും അപരിചിതവും കഠിന സാഹചര്യങ്ങള്‍ നിറഞ്ഞതുമായ ‘ഇന്ത്യന്‍ ടെറിറ്റടി’ യിലേക്ക് യു.എസ് ബലപ്രയോഗത്തിലൂടെ മാറ്റിപ്പാര്‍പ്പിച്ചു. ‘ട്രെയില്‍ ഓഫ് ടിയേഴ്‌സ്’ (കണ്ണീര്‍പാട്) എന്ന പേരിലാണ് ഈ യുദ്ധകുറ്റം അറിയപ്പെടുന്നത്. ഇതുപോലുള്ളത് ഇന്നും അരങ്ങേറുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടുന്നില്ലേ? ഇപ്പോള്‍, അഫ്ഗാനിസ്ഥാനിലെ ന്യൂനപക്ഷ വംശങ്ങളില്‍ നിന്നും വരുന്ന ആര്‍ത്തിമൂത്ത ചില അഫ്ഗാന്‍ ഒറ്റുക്കാര്‍, അമേരിക്കയുമായും മറ്റുചില രാഷ്ട്രങ്ങളുമായും കരാറുകളില്‍ ഒപ്പുവെച്ചുക്കൊണ്ടിരിക്കുകയാണ്. ഗ്രാമങ്ങള്‍ നശിപ്പിച്ചതിന് ശേഷം പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമായ പഷ്തൂണ്‍ പ്രദേശങ്ങള്‍ അവര്‍ പിടിച്ചെടുക്കുകയാണ്. ഗ്രാമങ്ങളില്‍ നിന്നും ആട്ടിപ്പുറത്താക്കപ്പെടുന്ന പഷ്തൂണികള്‍ ‘ഗിരിമേഖലകളില്‍’ ബലം പ്രയോഗത്തിലൂടെ പുനരധിവസിപ്പിക്കപ്പെടുകയാണിന്ന്.

കഴിഞ്ഞ പതിനാല് വര്‍ഷക്കാലം അമേരിക്ക, നാറ്റോ സൈന്യം, അഫ്ഗാനിലെ പാവസര്‍ക്കാര്‍ എന്നിവര്‍ ചേര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ പഷ്തൂണികള്‍ക്കെതിരെ ചെയ്തുകൂട്ടിയതും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും യുദ്ധംകുറ്റങ്ങള്‍ തന്നെയാണ്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്യൂ ബുഷ്, വൈസ് പ്രസിഡന്റ് ഡിക് ചെനി, ഡോണാള്‍ഡ് റംസ്‌ഫെല്‍ഡ്, പ്രസിഡന്റ് ഒബാമ, നാറ്റോ സെക്രട്ടറി ജനറല്‍ അന്‍ഡേഴ്‌സ് ഫോഗ് റസ്മുസ്സണ്‍, സി.ഐ.എ കാപാലികരായ അഷ്‌റഫ് ഗനി, ഹാമിദ് കര്‍സായി, സാല്‍മെയ് ഖലീല്‍സാദ്, അബ്ദുല്ല അബ്ദുല്ല, റാശിദ് ദസ്തം, മുഹമ്മദ് മഹാഖിഖ്, സയ്യാഫ്, സിബ്അതുല്ല മുജദ്ദിദ്ദീ, കരീം ഖലീല്‍, ജനറല്‍ നൂറുല്‍ ഹഖ് ഉലൂമി, ജനറല്‍ ഷേര്‍ മുഹമ്മദ് കരീമി, ഹനീഫ് അത്മര്‍, യുദ്ധപ്രഭുക്കള്‍, മയക്കുമരുന്ന് മാഫിയകള്‍, മറ്റു ഉന്നതോദ്യോഗസ്ഥര്‍, സൈനികത്തലവന്‍മാര്‍ അവരുടെ മേധാവികള്‍ തുടങ്ങിയവരാണ് യഥാര്‍ത്ഥ ഭീകരവാദികള്‍. ഈ വ്യക്തികളെയൊക്കെ യുദ്ധകുറ്റങ്ങള്‍ക്കായുള്ള കോടതികള്‍ക്ക് മുന്നില്‍ ഹാജറാക്കി വിചാരണചെയ്യുക തന്നെ വേണം.

ഈ കുറ്റവാളികളെ വിചാരണചെയ്ത് അര്‍ഹമായ ശിക്ഷ നല്‍കുവാന്‍ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്രസമൂഹം ധൈര്യംപൂര്‍വം മുന്നോട്ട് വരേണ്ടതുണ്ട്. യുദ്ധകുറ്റങ്ങള്‍ക്ക് ഉത്തരവാദികളായ ഈ വന്‍ശക്തികള്‍ക്ക് മുന്നില്‍ മുട്ടുമടക്കാതെ അവരുടെ കുറ്റങ്ങള്‍ മൂടിവെക്കാതെ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഐക്യരാഷ്ട്രസഭ തന്റേടം കാട്ടണം. 1989-ല്‍ അഫ്ഗാനിലെ സോവിയറ്റ് അധിനിവേശവും, യുദ്ധവും അവസാനിച്ചപ്പോള്‍, സോവിയറ്റ് യൂണിയനും, കമ്മ്യൂണിസ്റ്റ് യുദ്ധപ്രഭുക്കളും ചേര്‍ന്ന് അഫ്ഗാന്‍ പൗരന്‍മാര്‍ക്കെതിരെ ചെയ്തുകൂട്ടിയ യുദ്ധകുറ്റങ്ങളുടെ പേരില്‍ അവരെ വിളിച്ചുവരുത്തി വിചാരണചെയ്യാന്‍ ഐക്യരാഷ്ട്രസഭ തയ്യാറായില്ല. അന്നവര്‍ നീതിനടപ്പാക്കിയില്ല. ഇന്നും അതുതന്നെയാണ് സംഭവിച്ചുക്കൊണ്ടിരിക്കുന്നത്. മറ്റൊരു വന്‍ശക്തിയായ അമേരിക്കയും, അക്രമികളായ അഫ്ഗാന്‍ പാവ സര്‍ക്കാറുകളും ചേര്‍ന്ന് ഇന്ന് അഫ്ഗാനിലെ പഷ്തൂണ്‍ ജനതക്കെതിരെ യുദ്ധകുറ്റങ്ങള്‍ ആവര്‍ത്തിച്ചുക്കൊണ്ടിരിക്കുകയാണ്. ഇന്നേവരെ ഈ യുദ്ധകുറ്റങ്ങള്‍ അന്വേഷിക്കാനും നടപടികളെടുക്കാനും അന്താരാഷ്ട്രാ ട്രൈബ്യൂണികളിലൊന്നു പോലും മുന്നോട്ട് വന്നിട്ടില്ല. വന്‍ശക്തികള്‍ക്ക് വേണ്ടി ഈ കുറ്റകൃത്യങ്ങള്‍ മൂടിവെക്കുന്നത് ഐക്യരാഷ്ട്രസഭ തുടര്‍ന്നുക്കൊണ്ടിരിക്കുകയാണ്. നീതി നടപ്പാക്കാതെ അഫ്ഗാനില്‍ സമാധാനം പുലരുകയില്ല. അന്താരാഷ്ട്രാ ട്രൈബ്യൂണുകളിലൂടെ നീതി ലഭിച്ച ബോസ്‌നിയന്‍ വംശജര്‍, റുവാണ്ടക്കാര്‍, രണ്ടാം ലോകമഹായുദ്ധത്തിന്റെ ഇരകളാവാന്‍ വിധിക്കപ്പെട്ട ജൂതന്മാര്‍ എന്നിവരെപ്പോലെ തന്നെ പഷ്തൂണുകളും നീതി അര്‍ഹിക്കുന്നുണ്ട്.

9/11 ദുരന്തവുമായി യാതൊരു ബന്ധവുമില്ലാത്ത അഫ്ഗാനിസ്ഥാനില്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ അധിനിവേശം നടത്തിയ അമേരിക്ക, അഫ്ഗാനിസ്ഥാനിലെ നിയമങ്ങളെ വെല്ലുവിളിച്ചു കൊണ്ട് ആ രാഷ്ട്രത്തിന് മേല്‍ പോക്കിരി രാഷ്ട്രം കളിച്ചുക്കൊണ്ടിരിക്കുകയാണെന്നാണ് വസ്തുതകള്‍ തെളിയിക്കുന്നത്. അതിനുവേണ്ടി കാര്‍പ്പറ്റ് ബോംബുകള്‍, പരീക്ഷണ ആയുധങ്ങള്‍, വിദൂരനിയന്ത്രിത കൊലയാളി ഡ്രോണുകള്‍ എന്നിവയാണ് അമേരിക്ക ഉപയോഗിക്കുന്നത്. പാവ സര്‍ക്കാറുകള്‍, മയക്കുമരുന്നു മാഫിയകളായ വടക്കാന്‍ സഖ്യങ്ങള്‍, യുദ്ധം/ അധിനിവേശം എന്നിവയെ എതിര്‍ത്ത, എതിര്‍ത്തുക്കൊണ്ടിരിക്കുന്ന അഫ്ഗാനികളെ കൊന്നുതള്ളാനും, തട്ടിക്കൊണ്ടുപോകാനും, പീഢിപ്പിക്കാനും, ഭയപ്പെടുത്താനും, പഷ്തൂണ്‍ ഗ്രാമങ്ങളില്‍ റെയ്ഡ് നടത്താനും സി.ഐ.എ, ബ്ലാക്ക്‌വാട്ടര്‍ കൂലിപ്പടയാളികളൊണ് അമേരിക്ക രംഗത്തിറക്കിയിരിക്കുന്നത്.

അഫ്ഗാനിലെ നിയമങ്ങള്‍ക്കും, അധികാര സ്ഥാപനങ്ങള്‍ക്കും അതീതരായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സ്വകാര്യ കൂലിപ്പടയാളികള്‍, സി.ഐ.എ ഓപ്പറേറ്റീവുകള്‍, ജെ.എസ്.ഓ.എസി സ്‌പെഷ്യല്‍ സൈന്യം എന്നിവര്‍ക്കാണ് യഥാര്‍ത്ഥത്തില്‍ ഭീകരവാദികള്‍ എന്ന പേര് ശരിക്കും ചേരുക. ഈ ഭീകരവാദികളുടെ ഭീകരപ്രവര്‍ത്തനങ്ങളുടെ ഇരകളാണ് അഫ്ഗാനിലെ ഭൂരിപക്ഷ ജനതയായ പഷ്തൂണികള്‍. അവരാണ് ഈ യുദ്ധകുറ്റങ്ങളുടെ ഇരകള്‍. അഫ്ഗാനികളും അമേരിക്കക്കാരുമായ യുദ്ധകുറ്റവാളികള്‍, അവര്‍ ആരുതന്നെയായാലും, ഏതൊക്കെ സ്ഥാനമാനങ്ങള്‍ വഹിക്കുന്നവരായാലും ശരി, പാര്‍ലമെന്റ് അംഗങ്ങളടക്കമുള്ളവരെ ഈ യുദ്ധകുറ്റങ്ങളുടെ പേരില്‍ വിചാരണ ചെയ്യുകതന്നെ വേണം. ലോകത്തിന്റെ മറ്റുഭാഗങ്ങളിലെ ഇരകളെ പോലെത്തന്നെ നീതി പഷ്തൂണികളുടെയും അവകാശമാണ്. എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ, നീതി നടപ്പാക്കാതെ അഫ്ഗാനില്‍ സമാധാനം പുലരുകയില്ലെന്നതിന് കഴിഞ്ഞ നാല് ദശാബ്ദക്കാലം നാം സാക്ഷികളാവുകയുണ്ടായി.

അഫ്ഗാനിസ്ഥാനില്‍ യഥാര്‍ത്ഥ സമാധാനം പുലരുക തന്നെവേണം. അമേരിക്കന്‍ സൈന്യവും, വാടകക്കൊലയാളികളുമടക്കമുള്ള എല്ലാ വിദേശ സൈന്യങ്ങളും അഫ്ഗാനിസ്ഥാന്‍ വിട്ടുപോയാലല്ലാതെ ഒരിക്കലും അവിടെ സമാധാനം പുനഃസ്ഥാപിക്കപ്പെടുകയില്ല. യുദ്ധകുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാതെ നമുക്ക് പരിപൂര്‍ണ്ണമായ അര്‍ത്ഥത്തിലുള്ള സമാധാനം കൈവരികയില്ല.
(മുന്‍ അഫ്ഗാന്‍ മുജാഹിദീന്‍ പ്രതിനിധിയാണ് അബ്ദുല്‍ ഖാദര്‍)

മൊഴിമാറ്റം: മുര്‍ശിദ കാളാചാല്‍

Related Articles