Current Date

Search
Close this search box.
Search
Close this search box.

അബ്ബാസും സീസിയും ഗസ്സയെ ഇനിയും മനസ്സിലാക്കിയിട്ടില്ല

ഗസ്സയിലെ ജനങ്ങള്‍ ഇസ്രയേല്‍ ബോംബ് വര്‍ഷത്തിന് കീഴില്‍ ജീവിക്കുമ്പോള്‍ പലപ്പോഴും ഉയര്‍ന്നു വരാറുള്ള ഒരു ചോദ്യമുണ്ട്. ഇസ്രയേല്‍ ജനത ശാന്തിയിലും സമാധാനത്തിലും ജീവിക്കുമ്പോള്‍ എന്തുകൊണ്ട് നമ്മള്‍ വെള്ളവും വെളിച്ചവുമില്ലാതെ ഉപരോധത്തില്‍ കീഴില്‍ പട്ടിണിയിലും പരിവട്ടത്തിലുമായി ജീവിക്കേണ്ടി വരുന്നു? ഗസ്സക്കാരുടെ ദുരിതത്തില്‍ വേദനിക്കുന്ന ആരെങ്കിലും അവരോട് ഇതിനെ കുറിച്ച് ചോദിച്ചാല്‍ അവരുടെ മറുപടി ഇപ്രകാരമായിരിക്കും : ശാന്തനാകൂ സഹോദരാ, രക്തസാക്ഷിത്തം പ്രതീക്ഷിച്ചിരിക്കുന്ന ഞങ്ങള്‍ സന്തുഷ്ടരാണ്.

ബോംബ് സ്‌ഫോടനങ്ങള്‍ക്ക് നടുവിലാണ് ഗസ്സയിലെ ജനങ്ങളുടെ നിത്യജീവിതം. കച്ചവട സ്ഥാപനത്തിലേക്കുള്ള യാത്രയിലും മീന്‍ പിടിക്കാന്‍ കടലില്‍ പോകുമ്പോഴും വയലില്‍ കൃഷിയിലേര്‍പ്പെട്ടിരിക്കുമ്പോഴും ബോംബുകള്‍ അവരെ തേടിയെത്തുന്നു. മൂന്ന് ദിവസം മുമ്പ് ഇസ്രയേല്‍ സൈന്യം നടത്തിയ അക്രമണത്തില്‍ വീടുതകര്‍ന്ന കര്‍ഷകനായ ഗസ്സയില്‍ നിന്നുള്ള ഒരാളോട് അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം എന്നോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു : പേടിക്കാനൊന്നുമില്ല, ഞങ്ങള്‍ ടെന്റുകളിലേക്ക് മടങ്ങും, ഭൂമി വിരിപ്പാക്കിയും ആകാശം പുതപ്പാക്കിയും ഞങ്ങള്‍ കഴിയും. ഒന്നാം നഖബയുടെ കാലത്ത് ഞങ്ങളുടെ പിതാക്കളും പ്രപിതാക്കളും അങ്ങനെയാണ് ജീവിച്ചിരുന്നത്, കല്ലുകള്‍ ഇനിയും കിട്ടും, വീട് പുനര്‍നിര്‍മ്മികാനുമാകും, എന്നാല്‍ ആത്മാവിന് കരുത്ത് പകരുന്ന അന്തസ്സ് കാത്തുസൂക്ഷിക്കുന്നതിനാണ് ഞങ്ങള്‍ പ്രധാന്യം നല്‍കുന്നത്.

ഈജിപ്തിന്റെ നേതൃത്വത്തിലുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിനോട് ഗസ്സക്കാര്‍ പ്രകടിപ്പിച്ച പൊതുവികാരം ഈ അന്തസ്സ് കാത്തുസൂക്ഷിച്ചിക്കുന്നതായിരുന്നു. ഗസ്സയിലെ എല്ലാ പോരാട്ട ഗ്രൂപ്പുകളും ആ കരാറിനെ ധൈര്യസമേതം തള്ളിക്കളയുകയായിരുന്നു. രക്തസാക്ഷികളുടെ രക്തത്തിന് വിലകല്‍പ്പിക്കാതെ, നെതന്യാഹുവിനെ വിജയശ്രീലാളിതനായി മടങ്ങാനുനവദിച്ചുകൊണ്ട് തിരശ്ശീലക്ക് പിന്നിലേക്ക് മടങ്ങാന്‍ ഒരുക്കമല്ലെന്നും, എന്ത് നഷ്ടം സഹിച്ചാലും നിരുപാധികം വെടിനിര്‍ത്താന്‍ സന്നദ്ധമല്ലെന്നും അവര്‍ ഒറ്റക്കെട്ടായി പ്രഖ്യാപിക്കുകയായിരുന്നു.

മുമ്പ് ഗസ്സക്കാര്‍ക്കിടയില്‍ തന്നെ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു, പല സന്ദര്‍ഭങ്ങളിലും ഹമാസും ഫതഹും വിരുദ്ധമായ നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. ഇപ്പോള്‍ അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതകളും നീങ്ങിയിരിക്കുന്നു, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം ഐക്യത്തോടെയും യോജിപ്പോടെയുമാണ് പുതിയ ‘റോക്കറ്റ് ഇന്‍തിഫാദ’യില്‍ ഗസ്സ നിവാസികള്‍ അണിനിരന്നിരിക്കുന്നത്. ഈജിപ്ത് മുന്നോട്ടു വെച്ച നിന്ദ്യതയും അപമാനവും നിറഞ്ഞ വെടിനിര്‍ത്തല്‍ കരാറിനെ അവര്‍ ഒറ്റക്കെട്ടായി നിരാകരിച്ചിരിക്കുന്നു, നെതന്യാഹുവിന്റെ കൊലവിളിയെയും, ഇസ്രയേല്‍ അക്രമണത്തിനു നേരെ മൗനം ദീക്ഷിക്കുന്ന അറേബ്യന്‍ ഭരണാധികാരികളെയും അവര്‍ ഒന്നിച്ചെതിര്‍ക്കുന്നു, ഗസ്സക്കാരുടെ പ്രതിരോധം തങ്ങളുടെ കൂടി അന്തിയുറക്കം കെടുത്തുമെന്നറിയുന്ന അറബ് ഭരണാധികാരികള്‍ ഇസ്രയേലിന്റെ അക്രമണത്തിന് നേരെ തുടരുന്ന കുറ്റകരമായ മൗനം കൂട്ടക്കൊലകള്‍ക്ക് പ്രചോദനമായി വര്‍ത്തിക്കുകയാണ് ചെയ്യുന്നത്.

നെതന്യാഹുമായി ഉണ്ടാക്കിയ കരാറുമായി ബന്ധപ്പെട്ട വിവരം ഈജിപ്ത് അധികൃതര്‍ മാധ്യമങ്ങള്‍ വഴി പുറത്ത് വിട്ട സന്ദര്‍ഭത്തില്‍, കരാറിന് വന്‍ സ്വീകാര്യത ലഭിക്കുമെന്നാണ് കരുതിയത്. എന്നാല്‍ ഗസ്സയിലെ ജനങ്ങളുടെ പോരാട്ട വീര്യവും ധീരതയും ശൗര്യവും മനസ്സിലാക്കുന്നതില്‍ എപ്പോഴുമെന്ന പോലെ ഇത്തവണയും ഈജിപ്ത് പരാജയപ്പെട്ടിരിക്കുന്നു.

മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍, ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും അദ്ദേഹത്തിന്റെ സില്‍ബന്ധികളും ചേര്‍ന്നാണ് ഈ വെടിനിര്‍ത്തല്‍ കരാര്‍ ചുട്ടെടുത്തിരിക്കുന്നത്. അതുകൊണ്ടു കൂടിയാണ് ഗസ്സയിലെ ജനങ്ങള്‍ ഈ കരാറിനെ നിഷ്‌കരുണം തള്ളിക്കളഞ്ഞത്. കാരണം ഗസ്സയിലും വെസ്റ്റ് ബാങ്കിലുമുള്ള ഫലസ്തീന്‍ ജനതയെയും അവരുടെ ഉള്ളില്‍ തിളച്ചു കൊണ്ടിരിക്കുന്ന ദേശീയ വികാരവും മനസ്സിലാക്കാന്‍ ഇന്നോളം അബ്ബാസിന് സാധിച്ചിട്ടില്ല. പോരാട്ട വീര്യം അടിയറവെച്ച, സ്വന്തം ജന്മനാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹം എന്നേ ഉപേക്ഷിച്ച ഒരാള്‍ക്ക് എങ്ങനെയാണ് സ്വന്തം ജനതയെ മനസ്സിലാക്കാനും പ്രതിരോധ പോരാട്ടങ്ങളെ മാനിക്കാനുമാകുക? അബ്ബാസിന്റെ ഈ പ്രവര്‍ത്തനം പോരാളികള്‍ക്കിടയില്‍ അദ്ദേഹത്തിനുള്ള സ്ഥാനം നഷ്ടപ്പെടുത്തിയിരിക്കുന്നു. ഈ റമദാന്‍ മാസത്തില്‍ അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളായ തെല്‍അവീവിലേക്കും ഹൈഫയിലേക്കും ഖുദ്‌സിലേക്കും റോക്കറ്റ് ഉതിര്‍ത്ത് ഉശിര് കാട്ടിയ ‘കതാഇബ് അല്‍അഖ്‌സ’ എന്ന പോരാട്ട ഗ്രൂപ്പ് അബ്ബാസിന്റെ ഫതഹ് പാര്‍ട്ടിയുടെ തന്നെ ഭാഗമാണ്, അവരുടെ കൂടി പിന്തുണയാണ് ഇപ്പോള്‍ അബ്ബാസിന് നഷ്ടമായിരിക്കുന്നത്.

വെടിനിര്‍ത്തല്‍ കരാര്‍ തള്ളിക്കളഞ്ഞ നടപടിയെ ഫലസ്തീന്‍ അതോറിറ്റിയിലെ ബുദ്ധിരാക്ഷസന്മാര്‍ വിവേകരഹിതമായ നടപടി എന്നാണ് വിലയിരുത്തിയത്. കരാര്‍ തള്ളിക്കളഞ്ഞത് അക്രമത്തിനുള്ള ന്യായീകരണമായി നെതന്യാഹു ഉയര്‍ത്തിക്കാട്ടുമെന്നും അതുവഴി അക്രമത്തിന് അന്താരാഷ്ട്ര പരിരക്ഷ കിട്ടുമെന്നുമാണ് ഇക്കൂട്ടര്‍ പറയുന്നത്. ഞാന്‍ ചോദിച്ചോട്ടെ, നെതന്യാഹുവിന്റെ കൂട്ടക്കൊലകള്‍ക്കും അതിക്രമങ്ങള്‍ക്കും അന്താരാഷ്ട്ര പരിരക്ഷ എന്നാണ് ഉണ്ടാകാതിരുന്നിട്ടുള്ളത്?  ഗസ്സയെയും അതിന് മുമ്പ് തെക്കന്‍ ലെബനാനിനെയും അക്രമിക്കാന്‍ അമേരിക്കന്‍ നിര്‍മ്മിത വിമാനങ്ങള്‍ അയച്ചത് വെടിനിര്‍ത്തല്‍ കരാര്‍ തള്ളിക്കളഞ്ഞതിന് ശേഷമല്ലല്ലോ? പിന്നെപ്പോഴാണ് ഫലസ്തീനികളുമായും ലെബനാനികളുമായും ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാറിന് സന്നദ്ധമായിട്ടുള്ളത്.

ഹമാസുമായിട്ടോ മറ്റേതെങ്കിലും പോരാട്ട വിഭാഗങ്ങളുമായിട്ടോ ചര്‍ച്ച ചെയ്തിട്ടല്ല ഈജിപ്ത് ഈ കരാറുണ്ടാക്കിയത്. ഏകപക്ഷീയമായി കരാറുണ്ടാക്കിയതിന് ശേഷം, കരാറിനെ നിരുപാധികം അംഗീകരിക്കണമെന്നും അല്ലെങ്കില്‍ ഗസ്സയിലെ അക്രമണത്തിന് ഇസ്രയേലിന് ഞങ്ങള്‍ പച്ചക്കൊടി കാണിക്കുമെന്നും പോരാളികളെ ഭീഷണിപ്പെടുത്തുകയായിരുന്നു ഈജിപ്ത്. കരാര്‍ തള്ളിക്കളഞ്ഞാല്‍ പിന്നെയുണ്ടാകുന്ന അക്രമണത്തിന്റെ ഉത്തരവാദിത്വം നിങ്ങള്‍ക്കായിരിക്കുമെന്ന മുന്നറിയിപ്പും ഈജിപ്ത് നല്‍കിയിരിക്കുന്നു. കഷ്ടം! ഏറ്റവും വലിയ അറബ് രാജ്യത്തിന്റെ നിലപാടാണോ ഇത്? മര്‍ദ്ദിതരായ ജനതയുടെ മോചനത്തിന് നമ്മള്‍ ഇവരെയാണോ ആശ്രയിക്കുന്നത്? ദുരിത ബാധിതരായ ജനത്തിന് മുന്നില്‍ അതിര്‍ത്തികള്‍ കൊട്ടിയടച്ചതും, ഗസ്സന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അറേബ്യയില്‍ നിന്നും ഇതര രാജ്യങ്ങളില്‍ നിന്നും വന്ന സംഘങ്ങളെ തടഞ്ഞുവെച്ചതും ഇതേ ഈജിപ്ത് തന്നെയല്ലേ?

ഗസ്സയുടെ തീരത്ത് പന്തുകളിച്ചുകൊണ്ടിരിക്കെ ഇസ്രയേല്‍ സൈന്യത്തിന്റെ ബോംബ് വര്‍ഷത്തില്‍ ചിതറിത്തെറിച്ച കുട്ടികളുടെ കബന്ധങ്ങള്‍ കണ്ടിട്ട് അബ്ദുല്‍ ഫത്താഹ് സീസിക്ക് എന്ത് വികാരമാണ് ഉണ്ടായതെന്ന് നമുക്കറിയില്ല. മാനുഷിക കവചങ്ങളാണോ ഈ പിഞ്ചുകുട്ടികള്‍? പൊളിഞ്ഞുവീണ വീട്ടില്‍ ദുഃഖിച്ചിരിക്കുന്ന നോമ്പുകാരായ ഗസ്സക്കാരുടെമേല്‍ ഇസ്രയേലിന്റെ ‘എഫ് 16’ വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചത് സീസി കണ്ടിട്ടുണ്ടാവുമോ? ഈ ദാരുണ കാഴ്ച്ച കണ്ടിട്ടും സൈനികനായ അദ്ദേഹത്തിന്റെ സേനാ വികാരം ഉണര്‍ന്നില്ലെന്നോ?

ഗസ്സയിലെ ലക്ഷക്കണക്കിന് ജനങ്ങളോട് നാടുവിട്ടു പോകാന്‍ ആവശ്യപ്പെട്ട ഇസ്രയേലിന്റെ ഭീഷണിക്കത്തുകളെ കുറിച്ച് കേട്ടിണ്ടും കണ്ടിട്ടും എന്ത് നിലപാടാണ് അറബ് ഭരണാധികാരികള്‍ എടുത്തത്. ഇക്കൂട്ടര്‍ എവിടെ പോകുമെന്ന് അവര്‍ സ്വന്തത്തോടെങ്കിലും ചോദിച്ചു നോക്കിയിട്ടുണ്ടോ? 150 മൈല്‍ മാത്രം വിസ്തീര്‍ണമുള്ള, കടുത്ത ഉപരോധത്തില്‍ കീഴില്‍ കഴിയുന്ന ഗസ്സയില്‍ ഇവര്‍ എവിടെ പോകാനാണ്? ലോകത്തെ ഏറ്റവും ജനസാന്ദ്രത കൂടിയ ഇടമായ ഗസ്സയില്‍ ഇപ്പോള്‍ തന്നെ ജനങ്ങള്‍ ഞെരുങ്ങിയാണ് ജീവിക്കുന്നത്! ഇസ്രയേലിന്റെ മുന്നറിയിപ്പ് കേട്ട് ‘വഫാഅ്’ ആശുപത്രിയിലെ രോഗികളും ഡോക്ടര്‍മാരും പിന്നെ എവിടെ പോകാനാണ്? ശ്മശാനങ്ങളിലേക്കോ?

ഇസ്രയേലിന്റെ ഭീഷണിയെ ഗസ്സയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുന്നു, അവര്‍ അവരുടെ വീടുകളും ആശുപത്രികളും വിട്ടുപോകാന്‍ സന്നദ്ധമായിട്ടില്ല, നാടുവിടുന്നതിനേക്കാള്‍ രക്തസാക്ഷിത്വത്തിനാണ് അവര്‍ പ്രാമുഖ്യം നല്‍കുന്നത്. ഏതാനും അറബ് രാജ്യങ്ങളും അറേബ്യക്ക് പുറത്ത് നിന്ന് തുര്‍ക്കിയെ പോലുള്ള ചില രാജ്യങ്ങളും വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് വേണ്ടി ആത്മാര്‍ഥമായി യത്‌നിക്കുന്നുണ്ട്, എന്നാല്‍ അക്രമണം അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ സന്നദ്ധമായില്ലെങ്കില്‍ സൈന്യത്തെ അയക്കുമെന്നും ഇസ്രയേലിന്റെ എംബസികള്‍ അടച്ചു പൂട്ടുമെന്നും പ്രഖ്യാപിക്കാന്‍ ഈ രാജ്യങ്ങള്‍ക്ക് ഒന്നിനും സാധിച്ചിട്ടില്ല. ദുര്‍ബലമായ ഈമാനെങ്കിലും ഉള്ളവര്‍ അത്രയെങ്കിലും ചെയ്യേണ്ടതുണ്ട്.

അറബ് രാജാക്കന്മാര്‍ അവരുടെ കൊട്ടാരങ്ങളില്‍ കഴിഞ്ഞു കൊള്ളട്ടെ, അവരുടെ സൈനികര്‍ ശീതീകരിച്ച സുഖാഢംബര ബാരക്കുകളിലും കഴിയട്ടെ, ഈ കാളരാത്രിയില്‍ സമുദായത്തിന്റെ വിജയത്തിന് വേണ്ടി ജീവനും രക്തവും നല്‍കാന്‍ സന്നദ്ധരായ ചുണക്കുട്ടികള്‍ ഗസ്സയിലുണ്ടെന്നതാണ് നമുക്ക് ആശ്വാസം നല്‍കുന്നത്.

വിവ : ജലീസ് കോഡൂര്‍

Related Articles