Current Date

Search
Close this search box.
Search
Close this search box.

അബ്ദുല്‍ ഖാദിര്‍ മുല്ലയുടെ അവസാന വാക്കുകള്‍

ഇന്നലെ തൂക്കിലേറ്റപ്പെട്ട ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി നേതാവ് അബ്ദുല്‍ ഖാദിര്‍ മുല്ലയുടെ കുടുംബാംഗങ്ങള്‍ ശിക്ഷ നടപ്പിലാക്കുന്നതിന് അല്‍പ്പം മുമ്പ് അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. വധശിക്ഷ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായുള്ള വിവരങ്ങളൊന്നും തന്നെ ജയില്‍ അധികൃതര്‍ അപ്പോഴും അദ്ദേഹത്തെ അറിയിച്ചിരുന്നില്ല. വധശിക്ഷ നടപ്പിലാക്കുന്നതിന് മുമ്പ് അവസാനമായി സന്ദര്‍ശിക്കാന്‍ ജയില്‍ അധികൃതര്‍ അനുവാദം നല്‍കിയതു പ്രകാരമാണ് കുടുംബാംഗങ്ങള്‍ എത്തിയതെന്ന് അറിഞ്ഞപ്പോഴാണ് അദ്ദേഹം പോലും ശിക്ഷ നടപ്പിലാക്കാന്‍ പോകുന്ന വിവരം അറിയുന്നത്. ഇന്നലെ രാത്രി 8 മണിക്കായിരുന്നു കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത്. വധശിക്ഷ നടപ്പിലാക്കിയത് രാത്രി 10 മണിക്കും. എന്നാല്‍ തന്റെ മരണം ആസന്നമായെന്ന് വ്യക്തമായ വേളയിലും അബ്ദുല്‍ ഖാദിര്‍ മുല്ല വളരെ ധീരതയോടും സ്ഥൈര്യത്തോടും കൂടിയാണ് സംസാരിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. കുടുംബാംഗങ്ങളോടുള്ള അദ്ദേഹത്തിന്റെ അവസാന വാക്കുകള്‍ ഇങ്ങനെയായിരുന്നു:
‘ഞാന്‍ തീര്‍ത്തും നിരപരാധിയാണ്. ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ അണിചേര്‍ന്നു എന്നതുകൊണ്ടാണ് ഞാന്‍ വധിക്കപ്പെടാന്‍ പോകുന്നത്. രക്തസാക്ഷിത്വം എന്നത് അല്ലാഹു എല്ലാവര്‍ക്കും നല്‍കുന്ന അനുഗ്രഹമല്ല. അല്ലാഹു എനിക്ക് രക്തസാക്ഷിത്വം നല്‍കി അനുഗ്രഹിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ അതീവ ഭാഗ്യശാലിയായിരിക്കും. രക്തസാക്ഷിത്വത്തേക്കാള്‍ മികച്ചതായി മറ്റെന്താണ് ജീവിതം കൊണ്ട് നേടാനുള്ളത്. എന്റെ ഓരോ തുള്ളി ചോരയും ഇസ്‌ലാമിക പ്രസ്ഥാനത്തെ അജയ്യമാക്കുകയും ഏകാധിപതികളെ തകര്‍ത്തു കളയുകയും ചെയ്യും. എന്നെ കുറിച്ച് എനിക്ക് ഒട്ടും നിരാശ തോന്നുന്നില്ല, എന്നാല്‍ ഈ രാജ്യത്തിന്റെയും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും ഭാവിയോര്‍ത്ത് എനിക്ക് നിരാശനാകാതിരിക്കാന്‍ ആവുന്നില്ല. ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഇസ്‌ലാമിക പ്രസ്ഥാനത്തിന് വേണ്ടിയായിരുന്നു എന്റെ ജീവിതം. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ അനീതിക്കു മുന്നില്‍ തലകുനിച്ച് നില്‍ക്കാന്‍ ഞാന്‍ ഒരിക്കലും സന്നദ്ധനായിട്ടില്ല, അനീതിക്ക് മുന്നില്‍ തലകുനിക്കാന്‍ ഇനിയും ഞാന്‍ ഒരുക്കമല്ല. ജീവിതവും മരണവും തീരുമാനിക്കുന്ന ശക്തി അല്ലാഹുവാണ്. അതിനാല്‍ തന്നെ ഒരു ഭൗതിക ശക്തിക്കു മുന്നിലും ദയാഹരജിയുമായി ചെല്ലാന്‍ ഞാന്‍ ഒരുക്കമല്ല. ഏതെങ്കിലും വ്യക്തികളുടെ തീരുമാന പ്രകാരമല്ല ഞാന്‍ തൂക്കുമരത്തിലേറുന്നത്, മറിച്ച് എന്റെ വിധി തീരുമാനിക്കുന്നത് അല്ലാഹുവാണ്. എന്റെ അന്ത്യവും രക്തസാക്ഷ്യവും തീരുമാനിച്ചത് അവന്‍ തന്നെയാണ്. അല്ലാഹുവിന്റെ വിധിയെ ഇരു കൈയ്യും നീട്ടി സ്വീകരിക്കാന്‍ ഞാന്‍ സന്നദ്ധനാണ്’.
ക്ഷമയും സഹനവും അവലംബിക്കാനായിരുന്നു കുടുംബാംഗങ്ങളോടുള്ള അദ്ദേഹത്തിന്റെ അവസാന ഉപദേശം. തന്റെ രക്തസാക്ഷിത്വം അല്ലാഹു സ്വീകരിക്കാന്‍ ജനങ്ങളുടെ പ്രാര്‍ത്ഥനയും പിന്തുണയും വേണമെന്നും അദ്ദേഹം കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടു.

കടപ്പാട് : www.jamaat-e-islami.org

അബ്ദുല്‍ ഖാദിര്‍ മുല്ല
ബംഗ്ലാദേശ് ജമാഅത്ത് നേതാവിന്റെ വധശിക്ഷ നടപ്പാക്കി
അബ്ദുല്‍ ഖാദര്‍ മുല്ലയുടെ അവസാന വാക്കുകള്‍
വിഘടനത്തെ എതിര്‍ത്തതോ യുദ്ധകുറ്റം?
വിചാരണ…അബ്ദുല്‍ ഖാദര്‍ മുല്ല വരെ

Related Articles