Current Date

Search
Close this search box.
Search
Close this search box.

അപ്പോള്‍ വസ്ത്രം ധരിക്കാനുള്ളതല്ലേ…

എന്തിന് ഇങ്ങനെ പുതച്ച് മൂടി  വസ്ത്രം ധരിക്കണം…
കുറച്ചൊക്കെ ഓപ്പണ്‍ ആയാലെന്താണ്…. എന്നാണ് ചില പെണ്ണുങ്ങളെങ്കിലും ചോദിക്കുന്നത്… അത്തരം ചോദ്യങ്ങളെ കയ്യടിച്ച് പ്രോല്‍സാഹിപ്പിക്കാന്‍ ദുശ്ശാസനന്‍മാര്‍ ചുറ്റും ഉണ്ട് എന്നത് കൊണ്ട് പറയുന്നവര്‍ക്കത് വലിയ മൈലേജാവുകയും ചെയ്യും…
പെണ്ണുങ്ങള്‍ മുലക്കച്ചയിടാന്‍ വേണ്ടി സമരം നടത്തിയ നാടാണിതെന്ന് ആരെങ്കിലും ഇവര്‍ക്ക് പറഞ്ഞു കൊടുക്കരുതോ..
ആഞ്ഞുകൊത്തുന്ന അനുഭവങ്ങള്‍ എന്ന കമല്‍ റാം സജീവിന്റെ പുസ്തകത്തില്‍ വിടി ഭട്ടത്തിരിപ്പാടിന്റെ ഭാര്യ ശ്രീദേവി അന്തര്‍ജനം പറയുന്നുണ്ട്…

‘സ്വാതന്ത്രം വേണം എന്ന്ച്ച്ട്ട് അധികാവരുത്….. പണ്ട് ഞങ്ങള് മൊലക്കച്ചയിടാന്‍ വെമ്പല് കൂട്ടി….. ഇന്നത് വേണ്ടാത്രെ.. ഇതിലേതാ സ്വാതന്ത്രംന്ന് ആര്‍ക്കറിയാം…’

ഈ വിഷയത്തിലെ വൈരുധ്യത്തെ തുറന്ന് കാട്ടി ഉസ്മാന്‍ ഇരിങ്ങാട്ടിരി (Usman Iringattiri)ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പാണ് താഴെ…

‘വസ്ത്രധാരണ ചര്‍ച്ചകളില്‍ കാണുന്ന ‘ വൈരുദ്ധ്യാത്മക ഭൗതിക വാദം ‘ ഏറെ രസകരമാണ്. ഒരു പൊതു പരിപാടിയിലോ മറ്റോ ഒരു പുരുഷന്‍ പങ്കെടുക്കുമ്പോള്‍ അവന്‍ ഫുള്‍ സ്ലീവില്‍ ആണ് പ്രത്യക്ഷപ്പെടുന്നത് .

ഫുള്‍ കൈ ഷര്‍ട്ട്. പാന്റ്‌സ്. ടൈ. സോക്ക്‌സ്. ഷൂ ..
പോരാത്തതിന് ഒരു ഓവര്‍ കോട്ടും ..
ചുരുക്കത്തില്‍ ‘മുഖവും മുന്‍ കയ്യും ഒഴിച്ച് ബാക്കി എല്ലാം മറച്ച പുരുഷന്‍’ എല്ലാം തികഞ്ഞ ജന്റില്‍മാന്‍ .. !!! അത്തരക്കാര്‍ക്ക് ചൂടിന്റെ പ്രശ്‌നമില്ല, വിയര്‍ത്താല്‍ കുഴപ്പമില്ല , കറുപ്പായാല്‍ അത്രയും നന്ന് !!

ഇനി ഒരു പുരുഷന്‍ ഒരു പൊതുവേദിയിലോ പൊതു ഇടങ്ങളിലോ വെറും ഒരു ട്രൗസറും അയഞ്ഞ ടീ ഷര്‍ട്ടും ഒക്കെ ഇട്ട് പ്രത്യക്ഷപ്പെട്ടാലോ ? തനി തറ !!! മാനേഴ്‌സ് ഇല്ലാത്തവന്‍ .. !!!

സ്ത്രീകളുടെ കാര്യം വരുമ്പോള്‍ നേരെ വിപരീതമാണ് സമീപനം. അവള്‍ പൊതുവേദികളിലും പൊതു ഇടങ്ങളിലും പ്രത്യക്ഷപ്പെടേണ്ടത് ബിക്കിനിയില്‍ .. ശരീരത്തിന്റെ മറച്ച ഭാഗത്തേക്കാള്‍ കൂടുതല്‍ മറക്കാതെ വിട്ടേക്കണം ..!!! അവള്‍ തനി മോഡേണ്‍ ഗേള്‍ ..!!! കാലത്തിനൊപ്പം സഞ്ചരിക്കുന്ന തന്റെടിയായ പെണ്ണ് ..!!!

ഇനി അവളെങ്ങാനും ശരീരം മുഴുവന്‍ മറച്ചു പ്രത്യക്ഷപ്പെട്ടാലോ? വെറും കണ്ട്രി ഗേള്‍ .. പൊതിഞ്ഞു കെട്ടി പ്രത്യക്ഷപ്പെടുന്നവള്‍ .. കാലത്തോടൊപ്പം സഞ്ചരിക്കാത്ത ‘കപട സദാചാരി’ !!!

ചുരുക്കത്തില്‍ പുരുഷന്‍ പൊതിഞ്ഞു കെട്ടുന്നതിനോട് ആര്‍ക്കും ഒരു വിയോജിപ്പുമില്ല .. സ്ത്രീയെങ്ങാനും ‘പൊതിഞ്ഞു കെട്ടിയാല്‍’ ആകാശം ഇടിഞ്ഞു വീഴുകയും ചെയ്യും !!!

നീ എന്ത് ധരിക്കണം എന്ന് തീരുമാനിക്കേണ്ടത് നീയാണ്. അവളുടേത് അവളും ..
ഇതിലൊന്നും ആര്‍ക്കും ഇടപെടാന്‍ അവകാശമില്ല .. നിനക്ക് നിന്റെ ഇഷ്ടം . എനിക്ക് എന്റെ ഇഷ്ടം .. അവള്‍ക്ക് അവളുടെ ഇഷ്ടം .

എങ്കിലും വസ്ത്ര ധാരണം മാന്യതയുടെ പ്രകടനം കൂടിയാണ് .. അത് പെരുമാറ്റം പോലെ മാന്യവും കുലീനവും ആവുന്നതാണ് എന്ത് കൊണ്ടും അഭികാമ്യം .. പുരുഷനായാലും സ്ത്രീയായാലും ‘

*************************************************************************

മാതൃദിനം കഴിഞ്ഞു.. കഥകളായും കവിതകളായും ലേഖനങ്ങളായും ഓണ്‍ലൈന്‍ ലോകം അമ്മയെ ഓര്‍ത്തെടുത്തു….
വല്ലാതെ ഉള്ളില്‍ തൊട്ട എഴുത്തായിരുന്നു അബ്ബാസിന്റെത്…
(Abbas Kubbusine Prnayikkendi Vannavan)

‘ഉമ്മാക്ക് ..  

പ്രിയപ്പെട്ട ഉമ്മാ….

ഇന്ന് ലോക മാതൃദിനമാണ്. ഉമ്മയടക്കമുള്ള എല്ലാ ഉമ്മമാരേയും അവരുടെ മക്കള്‍ പ്രത്യേകമായി ഓര്‍ക്കുന്ന ദിവസം. സത്യത്തില്‍ ഞങ്ങള്‍ക്ക് നിങ്ങളെ ഓര്‍ക്കാന്‍
ഇങ്ങിനെയൊരു ദിവസത്തിന്റെ ആവശ്യമൊന്നുമില്ലാട്ടോ ഉമ്മാ.. എന്നാലും ലോകം മാറികൊണ്ടെയിരിക്കുകയല്ലേ… ഇവിടെ ഇപ്പോള്‍ എല്ലാവര്‍ക്കും ഓരോദിവസങ്ങളുണ്ട്, പ്രണയിക്കുന്നവര്‍ക്കും,അച്ചന്മാര്‍ക്കും, കുട്ടികള്‍ക്കും, വൃദ്ധന്മാര്‍ക്കും, വനിതകള്‍ക്കും.. എല്ലാവര്‍ക്കും ഓരോ ദിനങ്ങള്‍. അതിലൊരു ദിനമാണ് മാതൃദിനവും ..
ഇപ്പോള്‍ പഴയപോലെയോന്നുമല്ല ഉമ്മാ. നമ്മുടെ നാട്ടില്‍ അനാഥകുട്ടികളെ സംരക്ഷിക്കാന്‍ യത്തീംഖാനകള്‍ ഉണ്ടായിരുന്നില്ലേ. അതുപോലെ ഇപ്പോള്‍  ഉമ്മമാരെയും, ഉപ്പമാരെയും സംരക്ഷിക്കാന്‍ നാട് നിറയെ വൃദ്ധ സദനങ്ങളുമുണ്ട്.

ഞങ്ങള്‍ പ്രവാസികളില്‍
പലരും ചെയ്യുന്ന ഒരുപരിപാടിയുണ്ട് ഉമ്മാ. നമ്മുടെ നാട്ടിലൊക്കെ ഇപ്പോള്‍ എല്ലാവര്‍ക്കും ഫോണ്‍ ഉണ്ട്. ഞങ്ങളൊക്കെ എന്നും ഞങ്ങളുടെ ഭാര്യമാരെ വിളിച്ചു ഒരുപാട് നേരം സംസാരിക്കും. ഉമ്മാരോട് മിക്കവാറും ആഴ്ചയില്‍ ഒരു ദിവസമേ സംസാരിക്കൂ. ഭാര്യയോട് ഒരു മണിക്കൂര്‍ സംസാരിക്കുമ്പോള്‍ ഉമ്മാനോട് ഒരു അഞ്ചു മിനുട്ട് സംസാരിച്ചാല്‍ ഞങ്ങള്‍ക്കൊന്നും സംഭവിക്കില്ല. എന്നാലും ഞങ്ങള്‍  സംസാരിക്കില്ല. ഓ… ഉമ്മാക്ക് സംസാരിക്കാന്‍ അവിടെ ഉപ്പയുണ്ടല്ലോ. ഓള്‍ക്ക് ഞാന്‍ മാത്രമല്ലേ ഉള്ളൂ എന്ന ഒരു ചിന്തയാണ് പലര്‍ക്കും..

ഞാന്‍ നീട്ടുന്നില്ല …ഉമ്മാ ….നിങ്ങള്‍ എന്നെ വിട്ടു പോയിരുന്നില്ലെങ്കില്‍ ഞാന്‍ ഇന്ന് നിങ്ങളെ ഫോണില്‍ വിളിക്കുമായിരുന്നു. എന്നിട്ട് ഹാപ്പി മദെര്‍സ് ഡേ ഉമ്മച്ചീ എന്ന് പറയുമായിരുന്നു. അപ്പോള്‍ നിങ്ങള്‍ പറയും.. ഒന്ന് പോടാ.. ഓന്റെ ഒരു മദെര്‍സ് ഡേ….. വെറുതെ വര്‍ത്താനം പറഞ്ഞു പൈസ കളയാതെ എന്തെങ്കിലും പോയി തിന്നാന്‍ നോക്ക്. പണി കഴിഞ്ഞു വന്നതല്ലെയുള്ളൂ.. അന്നോട് ഞാന്‍ പറഞ്ഞിട്ടില്ലേ.

Related Articles