Current Date

Search
Close this search box.
Search
Close this search box.

അന്നൊരു ഏപ്രില്‍ ഫൂള്‍ നട്ടുച്ചക്ക്‌

ഏപ്രില്‍ ഒന്നടുക്കുമ്പോള്‍ മറ്റുള്ളവരെ എങ്ങനെ ഫൂല്‍ ആക്കാം എന്നതിന്റെ ഗവേഷണത്തിലായിരിക്കും പലരും.. ഓണ്‍ലൈന്‍ ഫൂള്‍ ആക്കല്‍ അത്രത്തോളം ഉപദ്രവകരമല്ല.പ്രമുഖമലയാള നടി ചെന്നൈയില്‍ പിടിയില്‍ എന്നന്യൂസില്‍ ക്ലിക്കിയാല്‍ അയ്യേ  ഏപ്രില്‍ഫൂള്‍ പറ്റിച്ചേ എന്ന് കാണും….
എന്നാല്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന എത്രയെത്ര പറ്റിക്കല്‍ മാമാങ്കങ്ങള്‍ അരങ്ങേറുന്നുണ്ട് നമ്മൂടെ നാട്ടില്‍ ..
ചെറിയ ചെറിയ വിരുതുകള്‍ എത്ര വലിയ ദുരന്തങ്ങളിലേക്കാണ് വഴി വെട്ടുന്നത്…
ജയപ്രകാശ് എസ്, (http://itsjp.blogspot.in)എന്റെ ലോകം ബ്ലോഗില്‍ അത്തരം ഒരനുഭവമാണ് പറയുന്നത്.. 
“2002 ഏപ്രില്‍ ഒന്ന്.. ഞാന്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന കാലം..
വേനലവധി അടിച്ചുപൊളിക്കുകയാണ്.. ഏപ്രില്‍ ഫൂള്‍ ദിനമല്ലേ.. എന്തെങ്കിലുമൊക്കെ ചെയ്യാതിരിക്കുന്നതെങ്ങനെ…
നല്ല വെയിലാണ് പുറത്ത്.. എങ്കിലും വെക്കേഷന്‍ ഒരു കുളിര്‍മ്മ തന്നെയാണ്..
വീട്ടിന്‍ അമ്മാമ്മ വന്നിട്ടുണ്ട്(അമ്മയുടെ അമ്മ).
വെക്കേഷന് എന്നെ അവരുടെ കൂടെ നിര്‍ത്താനാണ് പ്ലാന്‍ ..
തൃക്കാക്കരയാണ് അമ്മാമ്മയുടെ വീട്..
എനിക്ക് പോകാന്‍ ഒട്ടും താല്‍പ്പര്യമില്ല..
ഇവിടുത്തെ കൂട്ടുകാരോടൊത്ത് അടിച്ചു പൊളിക്കാന്‍ പറ്റില്ലല്ലോ..
വരുമ്പോള്‍ അമ്മാമ്മ ഒരു സമ്മാനം കൊണ്ടുവന്നിരുന്നു..
ഒരു റബ്ബര്‍ പാമ്പ്… അത്രക്ക് ഒറിജിനാലിറ്റിയൊന്നുമില്ല… മൊത്തത്തില്‍ കൊള്ളാം അത്ര തന്നെ..
രാവിലെ തന്നെ അതും എടുത്ത് പുറത്തേക്കിറങ്ങി..
വീട്ടിലിരുന്നാല്‍ അമ്മാമ്മയുടെ കൂടെ പോകാനുള്ള നിര്‍ബന്ധം കേള്‍ക്കണം.. 
പറമ്പില്‍ കൂട്ടുകാരെല്ലാം വന്നു. ചെറിയ തോതില്‍ ആ പാമ്പും വെച്ച് ഞാന്‍ ഏപ്രില്‍ ഫൂള്‍ കളി തുടങ്ങി..നേര് പറയണമല്ലോ .. ഒരുത്തനും പേടിച്ചില്ല..
അപ്പോഴാണ് സിയ്യ ഒരു ഐഡിയ പറഞ്ഞത്..
ആ പാമ്പ് വെച്ച് അവന്റെ ഉമ്മുമ്മയെ ഒന്ന് വിരട്ടാം..
ഉമ്മൂമ്മക്ക് ഏകദേശം 65 വയസ്സ് പ്രായം വരും..
നടക്കാനൊന്നും കുഴപ്പമില്ല.. കണ്ണും കാതും ഷാര്‍പ്പ്..
സിയ്യ പതുക്കെ പാമ്പുമായി നടന്നു.. ഞങ്ങള്‍ പിന്നാലെയും.. അവനത് പതുക്കെ കുളിമുറിയിലെ ബക്കറ്റില്‍ ഇട്ടു..എന്നിട്ടതില്‍ വെള്ളം നിറച്ചു.. അപ്പോള്‍ ഒരു ഒറിജിനാലിറ്റിയൊക്കെ പാമ്പിന് വന്നു..
ഉമ്മൂമ്മ കുളിമുറിയിലേക്ക് കയറുന്നതും കാത്ത് ഞങ്ങള്‍ തൊട്ടപ്പുറത്തെ കശുമാവിന്‍ ചോട്ടില്‍ നിന്നു. 
കുറച്ച് കഴിഞ്ഞപ്പോള്‍ ന്റെ റബ്ബേ എന്നൊരു നിലവിളി.. ഉമ്മൂമ്മയാണ്.ബക്കറ്റ് നിലത്തേക്ക് തെറിക്കുന്ന ശബ്ദം കേട്ടു.. ഞങ്ങള്‍ പരസ്പരം മിഴിച്ചുനോക്കി, സിയ്യയെ അവിടെയൊന്നും കാണാനില്ല..എല്ലാവരും പറമ്പ് വിട്ട് അവരവരുടെ വീട്ടിലോക്കോടി,, ഞാന്‍ മാത്രം അവിടെ തരിച്ചുനിന്നു…
കുറച്ച് കഴിഞ്ഞപ്പോള്‍ സിയ്യയുടെ വീട്ടില്‍ ആള്‍ക്കൂട്ടമായി.. രാജന്‍ ചേട്ടന്റെ ഓട്ടോറിക്ഷയിലേക്ക് എല്ലാരും കൂടി ഉമ്മൂമ്മയെ കയറ്റുന്നത് കണ്ടു..
എനിക്ക് നിന്ന നില്‍പ്പില്‍ അനങ്ങാന്‍ പറ്റുന്നില്ല.
ഞാന്‍ വേഗം വീട്ടിലേക്കോടി
.. അവിടെ അമ്മാമ്മ എല്ലാരോടും യാത്ര ചോദിക്കുകയാണ്.. പോകാനുള്ഌഒരുക്കമാണ്.. 
‘ഞാനും വരാം അമ്മാമ്മയോടൊപ്പം’
എല്ലാവരും ആദ്യമൊന്ന് ഞെട്ടി.. ഇവനിതെന്ത് പറ്റിയെന്നായി.
ഏതായാലും എന്നെ പെട്ടെന്ന് റെഡിയാക്കി അമ്മാമ്മയുടെ കൂടെ വിട്ടു..
ബസ്സ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ സിയ്യയുടെ വീട്ടിലേക്കൊന്ന് ഒളികണ്ണിട്ടൊന്ന് നോക്കി..സിയ്യയുടെ കരച്ചില്‍ ഉറക്കെ കേള്‍ക്കാം..
കൂടെ ഒരു ചോദ്യവും..
‘എട ഹിമാറെ .. എവിടന്ന് കിട്ടിയെടാ ഈ പണ്ടാരം..’ 
ഞാന്‍ അമ്മാമ്മയടെ കൈ പിടിച്ച് വേഗം നടന്നു.. പതിമൂന്ന് ദിവസം അമ്മാമ്മയുടെ വീട്ടില്‍ നിന്നു. രാത്രി കിടക്കാന്‍ കണ്ണടച്ചാല്‍ റബ്ബര്‍ പാമ്പും ഉമ്മൂമ്മയും കണ്ണില്‍ തെളിയും..
വിഷുവിന്റെ അന്നാണ് പിന്നെ വീട്ടിലെക്ക് തിരിച്ചത്.. 
അപ്പോഴാണ് അറിയുന്നത്.. ഉമ്മൂമ്മയെ 6 ദിവസം അമൃതാ ഹോസ്പിറ്റലില്‍ ഐ സി യുവില്‍ കിടത്തിയെന്ന്,.. ഇപ്പോള്‍ ഡിസ്ചാര്‍ജ് ചെയ്‌തെന്നും..
ഇടുപ്പെല്ലിന് പൊട്ടലുണ്ടത്രെ. സിയ്യയുടെ ഉമ്മയുടെ മാലയും വളയും പണയം വെച്ചാണ് അവരെ ചികില്‍സിച്ചത്.. ഈ സംഭവത്തിലെ എന്റെ പങ്ക് ആരും അറിഞ്ഞില്ല.. സിയ്യയെ സ്വഭാവം നന്നാക്കാന്‍ യത്തീംഖാനയില്‍ ചേര്‍ത്തു. 
രണ്ട് വര്‍ഷത്തിന് ശേഷം ഉമ്മൂമ്മ മരിച്ചു. സിയ്യ ഇന്നൊരു മൊബൈല്‍ഷോപ്പില്‍ വര്‍ക് ചെയ്യുന്നു. മാറാതെ ഒരു വിളിപ്പേരും അവന് വീണു.. -പാമ്പ് – 
ഇന്നും ഏപ്രില്‍ ഫൂള്‍ അടുക്കുമ്പോള്‍ ഉള്ളിലൊരു ആളലാണ്.. 
***************************
സോമന്‍ കടലൂരിന്റെ മിടുക്കര്‍ എന്ന കവിത സുന്ദരമാണ്.. 
മിടുക്കര്‍
_________  നിന്റെ മകന്‍ 
സെന്റ് തോമാ ഇംഗ്ലീഷ് മീഡിയത്തില്‍
എന്റെ മകള്‍ വിവേകാനന്ദാ വിദ്യാഭവനത്തില്‍
അവന്റെ മകനും മകളും ഇസ്ലാമിക് പബ്ലിക് സ്‌കൂളില്‍ 
ഒരേ ബെഞ്ചിലിരുന്ന് ഒരു പാഠപുസ്തകം പങ്കിട്ട്
ഒരേ വിശപ്പ് വായിച്ച്
നമ്മള്‍ പഠിക്കാതെ പഠിച്ച 
ആ പഴയ ഉസ്‌കൂള്‍ ഇപ്പോഴുമുണ്ട്.. 
പണ്ടത്തെ നമ്മുടെ അഛനമ്മമാരെ പോലെ 
പരമ ദരിദ്രരായ 
ചിലരുടെ മക്കള്‍ അവിടെ പഠിക്കുന്നുമുണ്ട്.. 
കുരിശും വാളും ശൂലവുമായി
നമ്മുടെ മക്കള്‍ 
ഒരിക്കല്‍ കലി തുള്ളുമ്പോള്‍
നടുക്ക് വീണ് തടുക്കുവാന്‍ 
അവരെങ്കിലും മിടുക്കരാവട്ടെ.. 
*********************************** സിദ്ധീഖലി രാങ്ങാട്ടൂരിനെ ഓര്‍മ്മയുണ്ടോ.. ഒരു എല്‍ ഡി എഫ് ഭരണ കാലത്ത് ഇദ്ദേഹത്തിന്റെ പ്രസംഗം നമ്മെ ഒട്ടേറെ ചിരിപ്പിച്ചതാണ്.. .
യു ഡി എഫ് ഭരിക്കും കാലത്ത് എമര്‍ജന്‍സിയെല്ലാം കേടുവന്നു എന്നാണ് അന്നദ്ദേഹം പറഞ്ഞത്….
രാവിലെ പോയതാണോ കട്ട് .. അതോ ഉച്ചക്ക് പോയതോ.. അതോ വൈകുന്നേരം പോയതോ.. അതോ പാതിരാത്രിക്ക് പോയതോ..
എന്നൊക്കെയായിരുന്നു കമ്യൂണിസ്റ്റുകാരോടുള്ള അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍..
പറഞ്ഞവാക്കുകളെല്ലാം ഇങ്ങനെ തിരിഞ്ഞു കൊത്തും എന്ന് സ്വപ്‌നേപി അങ്ങോര്‍ വിചാരിച്ചിരിക്കില്ല….
കൊടുത്താല്‍ പണി കൊല്ലത്തും കിട്ടും എന്നല്ലേ,….
സിദ്ധീഖലിയുടെ പഴയ പ്രസംഗത്തിലേക്ക് സൂചന നല്‍കിയിള്ള ആക്ഷേപങ്ങള്‍ക്കിപ്പോള്‍ ഫേസ്ബുക്കില്‍ ഒ്ട്ടും പഞ്ഞമില്ല.

Related Articles