Current Date

Search
Close this search box.
Search
Close this search box.

അധാര്‍മിക ബന്ധങ്ങളും എയ്ഡ്‌സും

‘കുടുംബ ബന്ധങ്ങള്‍ വളരെ പവിത്രമായി കരുതുന്നവരാണ് നമ്മളെല്ലാവരും. അതങ്ങനെത്തന്നെ ആയിരിക്കുകയും വേണം. കാരണം, വിവാഹേതര ലൈംഗിക ബന്ധങ്ങളാണ് എയ്ഡ്‌സ് എന്ന മാരക രോഗം പിടിപെടാന്‍ പ്രധാന കാരണം. എയ്ഡ്‌സ് ചികിത്സിച്ചു ഭേദമാക്കാനാവില്ല. വരാതെ സൂക്ഷിക്കണം. അതിന് വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ ഇല്ലാതാക്കുക. നമ്മുടെ കുടുംബ ബന്ധങ്ങള്‍ ഭദ്രമായിരിക്കട്ടെ.    ‘ വര്‍ഷങ്ങള്‍ക്ക് മുമ്പ് (ഇപ്പോള്‍ ഉണ്ടോ എന്നറിയില്ല) റേഡിയോവില്‍ കേള്‍ക്കാറുണ്ടായിരുന്ന ബോധവല്‍കരണ വാചകങ്ങള്‍ ഓര്‍മ്മയില്‍ നിന്നെടുത്തെഴുതിയതാണിത്. ലോകത്താകമാനം എയ്ഡ്‌സ് രോഗികള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഈ വാചകങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ട്. കാരണം, എയ്ഡ്‌സ് ഉണ്ടാകുന്നതിനുള്ള മുഖ്യ കാരണങ്ങളിലേക്കും അതിനെതിരെയുള്ള മുന്‍ കരുതലുകളിലേക്കും ഇത് സൂചന നല്‍കുന്നു.

ഇന്ത്യയില്‍ മാത്രം 21 ലക്ഷത്തോളം എയ്ഡ്‌സ് ബാധിതരുണ്ടെന്നാണ് യു.എന്നിന്റെ കണക്ക് വ്യക്തമാക്കുന്നത്. ലോകാടിസ്ഥാനത്തില്‍ എയ്ഡ്‌സ് ബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണത്രെ ഇന്ത്യ. 2012 ല്‍ മാത്രം 140,000 പേരാണ് എയ്ഡ്‌സ് ബാധയെ തുടര്‍ന്ന് മരിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കണക്കുകള്‍ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ളവയാണെങ്കിലും എയ്ഡ്‌സിനെ ക്ഷണിച്ചു വരുത്തുകയും, എയ്ഡ്‌സിലേക്കുള്ള വഴികള്‍ വെട്ടിത്തുറക്കുകയും ചെയ്യുന്ന ഒരു തലമുറയാണ് ഇന്ന് നില നില്‍ക്കുന്നത്.

അധാര്‍മികവും പ്രകൃതി വിരുദ്ധവുമായ ലൈംഗിക ബന്ധങ്ങളാണ് എയ്ഡ്‌സിന്റെ മുഖ്യ കാരണം. അണു വിമുക്തമല്ലാത്ത സിറിഞ്ചുകളുടെ ഉപയോഗവും, സുരക്ഷിതമല്ലാത്ത രക്തം സ്വീകരിക്കലും മറ്റു കാരണങ്ങളാണ്. എന്നാല്‍ ഇന്ന് ഇത്തരം തെറ്റായ ബന്ധങ്ങള്‍ നിയന്ത്രണാതീതമായി വര്‍ദ്ധിക്കുകയാണ്. ലോകത്തെ പല രാജ്യങ്ങളും ഇത്തരം ബന്ധങ്ങള്‍ക്ക് പച്ചക്കൊടി കാട്ടുകയും നിയപരമായ സംരക്ഷണം നല്‍കുകയും ചെയ്യുന്നുണ്ട്. വിവാഹേതര ലൈംഗിക ബന്ധങ്ങളും, സ്വവര്‍ഗവിവാഹങ്ങളും അനുവദനീയാക്കിക്കൊണ്ടുള്ള നടപടികള്‍ ഇതാണ് വരച്ചു കാട്ടുന്നത്

ഇന്ത്യയും കേരളവും ഇക്കാര്യത്തില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ലൈംഗികത്തൊഴിലാളികളുടെയും സ്വവര്‍ഗഭോഗികളുടെയും വര്‍ധിച്ച എണ്ണം ഇതിലേക്ക് സൂചന നല്‍കുന്നുണ്ട്. 868,000 സ്ത്രീകളായ ലൈംഗിക തൊഴിലാളികളും, 427,000 സ്വവര്‍ഗരതിക്കാരായ പുരുഷന്മാരും ഇന്ത്യയിലുണ്ടെന്ന ഭീമമായ കണക്കുകള്‍ ഇതിന്റെ തെളിവാണ്. വിവാഹിതിരാകാതെ ദമ്പതികളായി തുടരുന്ന ലീവിംഗ് ടുഗദര്‍ രീതിയും മറ്റു അനാശാസ്യ ബന്ധങ്ങളും രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ലൈംഗിക സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പരസ്യമായ നിലവിളികളും രാജ്യത്ത് ഉയര്‍ന്നു കൊണ്ടിരിക്കുന്നുണ്ട്. സംസ്‌കാരികമായ ഉന്നതിക്ക് ഒരു കാലത്ത് കേളികേട്ട കേരളത്തില്‍ പോലും ഇത്തരം മുറവിളികളുയരുന്നതിന്റെ പച്ചയായ തെളിവാണ് ഈയടുത്ത് എറണാകുളത്ത് നടന്ന ‘Kiss of love’ എന്ന പേരില്‍ നടന്ന ചുംബന സമരം. സാംസ്‌കാരിക പ്രവര്‍ത്തകരെന്ന് സ്വയം അഭിമാനിക്കുന്നവര്‍ ഈ പേക്കൂത്തിന് അനുകൂലമായ എഴുത്തുകള്‍ കൊണ്ട് കേരളത്തിലെ മുഖ്യധാരാ മാഗസിനുകളുടെ പേജുകള്‍ നിറച്ചതും നാം കണ്ടതാണ്.

പ്രപഞ്ച സ്രഷ്ടാവ് നിര്‍ണ്ണയിക്കുകയും, നിര്‍ദ്ദേശിക്കുകയും ചെയ്ത രൂപത്തില്‍ മനുഷ്യര്‍ പരസ്പര ബന്ധങ്ങള്‍ പുലര്‍ത്തിയിരുന്നെങ്കില്‍ ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കുമായിരുന്നില്ല. പ്രകൃതി വിരുദ്ധമായും അധാര്‍മികമകായും മനുഷ്യന്‍ ചെയ്തു കൂട്ടിയ കര്‍മ്മങ്ങള്‍ അവന് തന്നെ വിനയായിത്തീരുന്നതാണ് നാം കാണുന്നത്. ഇത്തരം തെറ്റായ ബന്ധങ്ങള്‍ വെടിയുകയും നേരായ വഴിയില്‍ സഞ്ചരിക്കുകയും ചെയ്യല്‍ മാത്രമാണ് ഇതിനുള്ള ഏക പരിഹാരം.

Related Articles