Current Date

Search
Close this search box.
Search
Close this search box.

അതിരു കടക്കുന്ന ഇസ്രയേല്‍ ഭീകരത

ജനനം മുതല്‍ അക്രമത്തിന്റെയും ധിക്കാരത്തിന്റെയും പ്രതീകമായിട്ടാണ് ഇസ്രയേല്‍ എന്ന രാഷ്ട്രം അറിയപ്പെടുന്നത്. യൂറോപ്യന്‍ രാജ്യമായ ജര്‍മ്മനിയില്‍ ജൂതര്‍ക്കുണ്ടായ ദുരനുഭവത്തിനും പീഡനത്തിനും പ്രായശ്ചിത്തം ചെയ്യേണ്ടി വന്നത് അറബ് ലോകമാണെന്നത് അങ്ങേയറ്റം വിരോധാഭാസവും തെമ്മാടിത്തരവുമെന്ന് മാത്രമേ വിശേഷിപ്പിക്കാനാകൂ. ലക്ഷക്കണക്കിന് ഫലസ്തീന്‍ പൗരന്‍മാരെ ഒരു സുപ്രഭാതത്തില്‍ അവരുടെ ജന്മഭൂയില്‍ നിന്നും ആട്ടിയോടിച്ചാണ് 1948 ല്‍ ഇസ്രയേല്‍ എന്ന രാഷ്ട്രം രൂപീകരിക്കപ്പെടുന്നത്. അവിടം മുതല്‍ ഫലസ്തീനിലും സമീപ രാഷ്ട്രങ്ങള്‍ക്കു നേരെയും ഇസ്രയേല്‍ നടത്തുന്ന അക്രമണങ്ങള്‍ക്കും കയ്യേറ്റങ്ങള്‍ക്കും യാതൊരു വിധ നിയന്ത്രണവുമില്ല. ഫലസ്തീന്‍ വിമോചന നായകനും പ്രസിഡന്റുമായിരുന്ന യാസര്‍ അറഫാത്തിന്റെ മരണവുമായി ബന്ധപ്പെട്ട പരിശോധനാ റിപ്പോര്‍ട്ടുകള്‍ ഇന്നലെ പുറത്തു വന്നതോടു കൂടി ഇസ്രയേല്‍ അതിക്രമത്തിന്റെ മറ്റൊരു ഭീകര ചിത്രം കൂടി ലോക ജനതക്കു മുന്നില്‍ തെളിഞ്ഞു വന്നിരിക്കുകയാണ്. 2004 നവംബറിലാണ് യാസര്‍ അറഫാത്ത് മരണപ്പെടുന്നത്. മരണ സമയത്ത് തന്നെ മരണ കാരണത്തെ സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ആരോപണങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് അറഫാത്തിന്റെ ഭൗതിക അവിശിഷ്ടങ്ങള്‍ പുറത്തെടുത്ത് സ്വിസര്‍ലാന്റിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പരിശോധനയില്‍ മാരകമായ വിഷം അകത്തു ചെന്നാണ് അറഫാത്ത് മരണപ്പെട്ടതെന്ന് വ്യക്തമായിരിക്കുന്നു. കഴിഞ്ഞ ദിവസം അല്‍ ജസീറയാണ് സ്വിസ് പഠന റിപ്പോര്‍ട്ട് പുറത്തു വിട്ടത്. അത്യുഗ്രശേഷിയുള്ള പൊളോണിയം എന്ന വിഷത്തിന്റെ അംശം അറഫാത്തിന്റെ ശരീരത്തില്‍ സാധാരണ അളവിനെ അപേക്ഷിച്ച് 18 മടങ്ങ് കൂടതലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തുടര്‍ച്ചയായി രണ്ട് വര്‍ഷം ഇസ്രയേല്‍ സൈന്യത്തിന്റെ തടവില്‍ ഭരണ ആസ്ഥാനത്ത് കഴിഞ്ഞ അറഫാത്ത് 2004 ഒക്ടോബര്‍ 12 ന് ഭക്ഷണം കഴിച്ചയുടനെയാണ് രോഗിയാകുന്നതും പിന്നീട് അതിനെ തുടര്‍ന്ന് മരണപ്പെടുന്നതും. അറഫാത്തിന്റെ മരണത്തിലേക്ക് നയിച്ച വിഷാംശം എങ്ങനെ അദ്ദേഹത്തിന്റെ ശരീരത്തിലെത്തി എന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലെങ്കിലും സംശയത്തിന്റെ മുന നീളുന്നത് സ്വാഭാവികമായും ഇസ്രയേലിനു നേരെ തന്നെയാണ്. അറഫാത്തിനെ വകവരുത്തിയത് ഇസ്രയേലാണെന്ന് ഫലസ്തീനിലെ ഫതഹും ഹമാസും വ്യക്തമാക്കിയിട്ടുണ്ട്. അറഫാത്തിന്റെ മരണത്തില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്നും ഫതഹ് ആവശ്യപ്പെട്ടിരിക്കുന്നു.
പതിറ്റാണ്ടുകളോളം ഫലസ്തീന്‍ ജനതയുടെ വിമോചന പോരാട്ടത്തിന് നേതൃത്വം കൊടുക്കുകയും പോരാളികള്‍ക്ക് ആവേശമായി മാറുകയും ചെയ്ത യാസര്‍ അറഫാത്തിനെ കൊലപ്പെടുത്തിയത് ഇസ്രയേലാണെന്ന വിലയിരുത്തല്‍ അത്രപെട്ടെന്ന് തള്ളിക്കളയാന്‍ ലോകമനസാക്ഷിക്ക് കഴിയില്ല. മുമ്പും ഇതുപോലെയുള്ള ക്രൂര കൃത്യങ്ങള്‍ യാതൊരു വിത ദയയുമില്ലാതെ നടപ്പിലാക്കിയ ചരിത്രം ഇസ്രയേലിനു പറയാനുണ്ട്. തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് വിലങ്ങു തടിയാകുന്നവരെ നിഷ്‌കരുണം ഇല്ലായ്മ ചെയ്യുന്നതാണ് സയണിസ്റ്റ് ഭീകര രാഷ്ട്രം ഇന്നേവരെ സ്വീകരിച്ചിട്ടുള്ള രീതിശാസ്ത്രം. ശിരസ് മാത്രം ചലിപ്പിക്കാന്‍ കഴിയുന്ന വിമോചന പോരാട്ടത്തിന്റെ ആവേശവും പ്രതീകവുമായി മാറിയ അഹമ്മദ് യാസീന്‍ എന്ന ഹമാസ് നേതാവിനെയും അബ്ദുല്‍ അസീസ് റന്‍തീസിയെയും നടുറോഡില്‍ അപ്പാച്ചെ ബോംബിട്ട് കൊലപ്പെടുത്തിയ ഇസ്രയേല്‍ നടപടി ലോകം നെട്ടലോടെ കണ്ടതാണ്. ഫലസ്തീന്‍ നേതാക്കളെ വകവരുത്തുക എന്നതിന് പുറമെ അന്താരാഷ്ട്ര നിമയമങ്ങളൊക്കെയും കാറ്റില്‍ പറത്തി ഫലസ്തീനിലെ അധിനിവിഷ്ട ഭൂമിയില്‍ ഇസ്രയേല്‍ കയ്യേറ്റം പൂര്‍വ്വാധികം ശക്തിപ്പെട്ടു വരികയാണ്. കയ്യേറ്റ ഭൂമിയില്‍ പുതിയ പാര്‍പ്പിട കേന്ദ്രങ്ങള്‍ പണിയാനുള്ള നീക്കങ്ങളും ഇസ്രയേല്‍ തകൃതിയായി നടത്തുന്നുണ്ട്. ഖുദ്‌സിലും വെസ്റ്റ് ബാങ്കിലും പുതിയ 5000 പാര്‍പ്പിട കേന്ദ്രങ്ങള്‍ പണിയാനാണ് ജൂത രാഷ്ട്രം തീരുമാനിച്ചിരിക്കുന്നത്. അതിനു പുറമെ ലോക മുസ്‌ലിംകളുടെ പുണ്യഗേഹങ്ങളിലൊന്നായ മസ്ജിദുല്‍ അഖ്‌സ വിഭജിക്കാനും മുസ്‌ലിം ജൂത വിഭാഗങ്ങള്‍ക്കിടയില്‍ പകുത്തു നല്‍കാനും ഇസ്രയേല്‍ കൂടിയാലോചനകള്‍ ആരംഭിച്ചിരിക്കുന്നു. ഏതാനും ദിവസം മുമ്പ് ഇസ്രയേല്‍ പാര്‍ലമെന്റ് കമ്മിറ്റി ഈ വിഷയം ചര്‍ച്ച ചെയ്യുകയും അതിനു വേണ്ട പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്തിരിക്കുന്നു. ഇസ്രയേല്‍ അധിനിവേശത്തിന്റെ ക്രൂരതകള്‍ ഏറ്റവും കൂടുതല്‍ അഭിമുഖീകരിക്കുന്നത് ഗസ്സയിലെ ജനതയിലാണ്. വര്‍ഷങ്ങളായി ഇസ്രയേല്‍ ഉപരോധത്തില്‍ കഴിയുന്ന ഗസ്സയിലെ ജനങ്ങള്‍ കടുത്ത യാതനകള്‍ സഹിച്ചുകൊണ്ടാണ് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്. ഇസ്രയേല്‍ ഉപരോധത്തെ തുടര്‍ന്ന് നിര്‍മാണ സാധനങ്ങള്‍ കിട്ടാത്തതിനാല്‍ യു.എന്‍ പുനരിധിവാസ സംഘത്തിനു പോലും ഗസ്സയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ടി വന്നിരിക്കുന്നു. ഈജിപ്തില്‍ സീസിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് ഇസ്രയേലിനെ കൂടുതല്‍ ശക്തനാക്കിയപ്പോള്‍ ഫലസ്തീന്‍ ജനതയുടെ ജീവിതം കൂടുതല്‍ ദുസ്സഹമായിരിക്കുകയാണ്. വെസ്റ്റ് ബാങ്കില്‍ നിന്നും ഖുദ്‌സില്‍ നിന്നും ഫലസ്തീനികളെ അറസ്റ്റ് ചെയ്യുന്ന നടപടി ഇസ്രയേല്‍ അഭംഗുരം തുടരുന്നുണ്ട്. ഇസ്രയേല്‍ തടവില്‍ കഴിയുന്ന ഫലസ്തീനികളുടെ എണ്ണം 4000 ത്തിലധികം വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇസ്രയേലിനെ അറബ് ലോകത്ത് കുടിയിരുത്തിയ യൂറോപ്പിന്റെയും അമേരിക്കയുടെയും ഒത്താശയോടു കൂടിയാണ് ഫലസ്തീന്‍ ജനതക്കു നേരയുള്ള ഇസ്രയേല്‍ കാടത്തം ശക്തിപ്പെടുന്നത്. ഇപ്പോള്‍ മിഡില്‍ ഈസ്റ്റ് സന്ദര്‍ശിച്ചു കൊണ്ടിരിക്കുന്ന അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഈജിപ്തിലെ ‘ഇസ്‌ലാമിക’ തീവ്രവാദത്തെ പിഴുതെറിയേണ്ടതിനെ കുറിച്ച് വാചക കസര്‍ത്തു നടത്തിയപ്പോള്‍ ഇസ്രയേലിന്റെ കാടത്തത്തെയും അത്രിക്രമങ്ങളെയും എതിര്‍ക്കുവാനോ അതിനെതിരെ ഒരക്ഷരം ഉരിയാടാനോ തയ്യാറായില്ല. അമേരിക്കയുടെയും യൂറോപ്പിന്റെയും നിറഞ്ഞ പിന്തുണ തന്നെയാണ് സയണിസ്റ്റ് ഭീകര രാഷ്ട്രത്തെ വളര്‍ത്തി കൊണ്ടു വരുന്നതും. സിറിയയിലും ഇറാനിലും ഇടപെടാനും ഉപരോധം ഏര്‍പ്പെടുത്താനും യൂറോപ്പും അമേരിക്കയും യു.എന്നും കാണിക്കുന്ന താല്‍പര്യവും ആവേശവും ഒരിക്കലും ഇസ്രയേല്‍ വിഷയത്തില്‍ അനുവര്‍ത്തിക്കാറില്ല. യു.എന്‍ തന്നെ പാസാക്കിയ നിരവധി പ്രമേയങ്ങളെയും നിയമങ്ങളെയും നഗ്നമായി ലംഘിച്ചും കാറ്റില്‍പറത്തിയും ഇസ്രയേല്‍ നടത്തുന്ന കാടത്തരങ്ങള്‍ക്ക് കൂട്ടു നില്‍ക്കുന്ന അന്താരാഷ്ട്ര സമൂഹമാണ് ഇക്കാര്യത്തില്‍ ഒന്നാമത്തെ പ്രതി. ഫലസ്തീന്‍ വിഷയത്തില്‍ അന്താരാഷ്ട്ര സമുഹവും യു.എന്നും തുടരുന്ന കുറ്റകരമായ മൗനവും ഇരട്ടത്താപ്പ് നിലപാടും വെടിയാന്‍ സന്നദ്ധമാകുകയും ഇസ്രയേല്‍ അധിനിവേശത്തിനും അതിക്രമങ്ങള്‍ക്കുമെതിരെ ധീരമായ നിലപാടെടുക്കാന്‍ മുന്നോട്ട് വരികയും ചെയ്യേണ്ടതുണ്ട്.  

Related Articles