Current Date

Search
Close this search box.
Search
Close this search box.

അതിരുകളില്ലാത്ത ഗുരുപരമ്പര

ഇന്ന് വായനാദിനം. അല്ലാഹു തന്റെ അന്ത്യദൂതനോട് ആദ്യമായി ആവശ്യപ്പെട്ടത് വായിക്കാനാണ്. അറിവിന്റെ കവാടം വായനയാണ്. അത് നമ്മുടെ ജീവിതത്തിന് തെളിച്ചമേകുന്നു. മനസ്സിന് വെളിച്ചം നല്‍കുന്നു. ലോകത്ത് പ്രകാശം പരത്തുന്നു.

മനുഷ്യന്‍ മരിക്കും. എന്നാല്‍ പുസ്തകങ്ങള്‍ക്ക് മരണമില്ല. അവ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു. മരണമടഞ്ഞ മനുഷ്യരെ നമുക്ക് കാണുക സാധ്യമല്ല, പക്ഷെ, അവരുടെ മനസ്സ് നമുക്ക് വായിച്ചറിയാന്‍ കഴിയും. ഉത്തമ ഗ്രന്ഥങ്ങള്‍ വായിക്കുമ്പോള്‍ നാം അവ എഴുതിയവരുടെ അദൃശ്യസാന്നിദ്ധ്യം അനുഭവിക്കുന്നു. അവര്‍ നാമുമായി സംവദിക്കുന്നു. നമുക്ക് ശിക്ഷണം നല്‍കുന്നു. നേര്‍വഴി കാണിച്ചുതരുന്നു. നമ്മുടെ ചിന്തകളെ പ്രബുദ്ധമാക്കുന്നു. അങ്ങനെ നല്ല പുസ്തകങ്ങള്‍ നമ്മുടെ നല്ല ഗുണകാംക്ഷികളും മാര്‍ഗ്ഗദര്‍ശികളുമായി മാറുന്നു. നമ്മെ മണ്‍മറഞ്ഞ മഹാന്മാരുമായി ബന്ധിപ്പിക്കുന്നു.

ചരിത്രത്തിലെ ഉജ്ജ്വലരായ ചിന്തകന്മാരുടെയും പ്രതിഭാശാലികളുടെയും പരിഷ്‌കര്‍ത്താക്കളുടെയും വിപ്ലവകാരികളുടെയും ആത്മഭാഷണം കേള്‍ക്കാന്‍ കഴിയുന്ന മഹാഭാഗ്യവാന്മാരാണ് അവരുടെ ഗ്രന്ഥങ്ങളെ കൂട്ടുകാരായി സ്വീകരിച്ച് അവ വായിക്കുന്നവര്‍. അവയിലൂടെ ലോകത്തിലെ ഏതു വിപ്ലവകാരിക്കും നമ്മുടെ കിടപ്പറയിലേക്കും സ്വീകരണ മുറിയിലേക്കും കടന്നുവരാം. നാമുമായി വര്‍ത്തമാനം പറയാം. ഒരു ഭരണകൂടത്തിന്നും അതിന്റെ പോലീസിനും പട്ടാളത്തിനും അവരെ തടയാനാവില്ല.

നമ്മെ നേര്‍വഴിയില്‍ നയിക്കുന്ന നല്ലകൃതികള്‍ വായിക്കുമ്പോള്‍ നാം അവരുടെ ശിഷ്യന്മാരായി മാറുന്നു. അവര്‍ നമ്മുടെ ഗുരുവര്യന്മാരും. അതിനാല്‍ നല്ല വായനക്കാര്‍ക്ക് കാലം കണ്ട മഹാന്മാരുടെയൊക്കെ ശിഷ്യന്മാരായി മാറാന്‍ അവസരം ലഭിക്കുന്നു. അതിനേക്കാള്‍ മഹത്തായ ഭാഗ്യം മറ്റെന്തുണ്ട്!

Related Articles