Current Date

Search
Close this search box.
Search
Close this search box.

അടുക്കളയില്‍ തന്നെ അവള്‍ക്ക് പര്യായങ്ങളുണ്ട്

സ്ത്രീ ഉണര്‍വുകളുടെ കാലമാണിത്..
ഫെമിനിസമെന്നാല്‍ പുരുഷവിദ്വേഷം എന്ന് വന്നുതീര്‍ന്നു എന്നതാണ്
ഈ വിഷയത്തിലെ പ്രശ്‌നം..
അത് കൊണ്ടാണ് എഴുത്തുകാരി ആലീസ് വാക്കര്‍ പോലും തന്നെ സ്വയം വുമണിസ്റ്റ് എന്ന് വിളിക്കാന്‍ ഇഷ്ടപ്പെട്ടത്..
ഫെമിനിസത്തിന് പാശ്ചാത്യബൂര്‍ഷ്വാ വേരുകളുള്ളത് കൊണ്ടാണ്
പലരും ഇതിനെ തള്ളിപ്പറയുന്നതെന്ന് ഡോ ജാന്‍സി ജെയിംസ് പറയുന്നുണ്ട്..
(ഫെമിനിസം കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്).

എന്തായാലും സ്ത്രീകള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കുന്നതില്‍
ഈ ചിന്താരീതി അനല്‍പ്പമായ പങ്കുവഹിച്ചിട്ടുണ്ട്..
സ്ത്രീവാദികള്‍ പറയുന്നതില്‍ കുറേയൊക്കെ ശരിയുമുണ്ട് താനും..

പതിവ്രത എന്ന കണ്‍സെപ്റ്റ് തന്നെ നോക്കൂ..
ഭര്‍ത്താക്കന്‍മാര്‍ പറയുന്നതെന്തും അക്ഷരം പ്രതി അനുസരിക്കുന്നവളാണ്
പതിവ്രത എന്നല്ലേ മിത്തുകള്‍ നമ്മോട് പറയുന്നത്.
വരരുചിയുടെ മകന്‍ പാക്കനാര്‍ എങ്ങനെയാണ് തന്റെ ഭാര്യ പതിവ്രതയാണെന്ന് അഗ്‌നിഹോത്രിക്ക് മുന്നില്‍ തെളിയിക്കുന്നത്..

പാക്കനാര്‍ ചെന്ന് ഭാര്യയോട് നെല്ലെടുത്ത് കുത്തി അരിയാക്കാന്‍ പറയുന്നു…
ശേഷം ചോറുണ്ടാക്കാന്‍.. എല്ലാത്തിനും ശേഷം ചോറ് കൊണ്ട് പോയി കുപ്പയിലിടാന്‍ പറയുന്നു…. അത് അങ്ങനെ തന്നെ അനുസരിക്കുന്നത് കൊണ്ട് പാക്കനാരുടെ ഭാര്യ പതിവ്രത!
ചോറെന്തിന് നശിപ്പിക്കുന്നു എന്ന് ചോദിച്ചതിനാല്‍ അഗ്‌നിഹോത്രിയുടെ ഭാര്യ പതിവ്രത അല്ല എന്നും വരുന്നു.!

മിത്തുകളില്‍ നിന്ന് മോചിതമായി പുതിയ കാലത്ത് വന്നാലും സ്ത്രീകളുടെ
കാര്യം അത്ര സുരക്ഷിതമല്ല എന്ന് സമകാലിക യാഥാര്‍ഥ്യങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്..

ഓ.. അത് പറയാന്‍ നീയാര് .. എന്ന തീതിയിലുള്ള പുരുഷനിലപാടുകള്‍ക്കാണെന്ന് തോന്നുന്നു മാറ്റം വരേണ്ടത്…
പുകയില്ലാത്ത അടുപ്പുകളോടാണ് കവി വീരാന്‍ കുട്ടി പെണ്ണുങ്ങളെ സാമ്യപ്പെടുത്തുന്നത്…
അടുക്കളയില്‍ തന്നെ അവള്‍ക്ക് പര്യായങ്ങളുണ്ടെന്നും പറയുന്നു അദ്ദേഹം…
തീയൊഴിയാത്ത അടുപ്പിലെ മുക്കല്ലാണത്രെ ഭാര്യ, മകള്‍, അമ്മ…..

പുകയില്ലാത്ത അടുപ്പുകളുടെ ഉപമ

വീട്ടില്‍ നിന്നു തന്നെ
അവള്‍ക്കു പര്യായങ്ങളുണ്ട്..
അല്ലെങ്കില്‍ അടുക്കളയില്‍ നിന്ന്..

തീയൊഴിയാത്ത അടുപ്പിലെ മുക്കല്ല്
അമ്മ, പത്‌നി, മകള്‍ ..
മൂന്ന് കൊത്തിവെപ്പുകള്‍ ..
കൊള്ളിയും കൊള്ളിവെപ്പുകാരും മാറിക്കൊണ്ടേയിരിക്കും..
തീക്കരയിലെ സ്ത്രീലിംഗ പ്രതിഷ്ഠകള്‍
എവിടേയും പോകുന്നില്ല…

ഉരുളിയോ പായസപ്പാത്രമോ
ശിരസിലേറ്റി.. ചാരത്തില്‍ പുതഞ്ഞ്
കിടപ്പിനുമുമ്പുള്ള യാമത്തില്‍
രക്ഷകരിലാരെങ്കിലും വെള്ളം തളിച്ചുപോകും..
ഉറക്കം കെടുത്തുന്ന ഒറ്റക്കനലും ബാക്കിയാവരുത്…
പച്ചവിറകില്‍ പുകഞ്ഞോ
ചിരട്ടക്കനലില്‍ എരിഞ്ഞോ വേണം എപ്പോഴും…

****************************

കമലാസുറയ്യയുടെ ദാനം എന്ന കവിതയും സ്ത്രീകള്‍
അനുഭവിക്കുന്ന മനോലോകത്തെ വരയുന്നുണ്ട്….

ദാനം.

എന്നെ തുണ്ട് തുണ്ടായി
ഞാന്‍ വിതരണം ചെയ്യുന്നു..
മക്കള്‍ക്കായി,
ഭര്‍ത്താവിന്നായി,
മിത്രങ്ങള്‍ക്കായി,
അശരണര്‍ക്കായി,

ഒടുവില്‍ എന്റെ കണ്ണാടിയില്‍
ഞാന്‍ എന്റെ കണ്ണുകള്‍ മാത്രം കാണുന്നു…
കണ്ണുനീരും..

**************************************

NB : ഫേസ്ബുക്കില്‍ നടക്കുന്ന ആണ്‍പെണ്‍ ചര്‍ച്ചകളൊക്കെയും സംഘട്ടനങ്ങളിലേക്കാണ് പലപ്പോഴും വഴിമാറാറ്… വര്‍ഗസംഘട്ടനത്തിലൂടെ ലോകം വളരും എന്ന് പഠിപ്പിച്ചത് കമ്യൂണിസമാണ്.. ഒരു ലോകവും സംഘട്ടനം കൊണ്ട് വളര്‍ന്നിട്ടില്ല… സഹകരണങ്ങളാണ് ഉയര്‍ച്ചക്കുള്ള നിദാനം.. രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദങ്ങള്‍ക്കു വേണ്ടിയാണല്ലോ യു എന്‍ എന്ന ആശയം തന്നെ പിറന്നത്.. അതിന് മുമ്പ് ലീഗോഫ് നാഷന്‍സും…
ആണുങ്ങളോടുള്ള വിദ്വേഷമായാണ് ഇപ്പോള്‍ സ്ത്രീവാദങ്ങള്‍ വളര്‍ന്നു കൊണ്ടിരിക്കുന്നത്… പൗരുഷം മീശരോമത്തിലൊളിപ്പിച്ച കാപട്യം എന്നാണ് ഈയിടെ ഒരു ഫെമിനിസ്റ്റ് ഫേസ്ബുക്കിലെഴുതിയത്… പാതിവ്രത്യം സിന്ദുരം കൊണ്ട് മറച്ച കളവ് എന്ന് അതിന് ചുട്ട മറുപടിയും വന്നു…

Related Articles