Current Date

Search
Close this search box.
Search
Close this search box.

അടിയന്തിരാവസ്ഥയെ കുറിച്ച പ്രവചനങ്ങള്‍

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിറം കെടുത്തിയ 1975-ലെ അടിയന്തിരാവസ്ഥക്ക് നാല്‍പത് വയസ്സ് തികയുന്ന വേളയില്‍ രാജ്യം മറ്റൊരു അടിയന്തിരാവസ്ഥയുടെ വക്കിലാണെന്ന മുന്നറിയിപ്പാണ് പലരും നല്‍കുന്നത്. കഴിഞ്ഞ ആഴ്ച്ച അടിയന്തരാവസ്ഥയുടെ 40ാം വാര്‍ഷികത്തിന് മുന്നോടിയായി ‘ദി ഇന്ത്യന്‍ എക്‌സ്പ്രസ്’ പത്രത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി പറഞ്ഞത് നിലവിലെ രാഷ്ട്രീയ സാഹചര്യം അടിയന്തിരാവസ്ഥ വീണ്ടും വരാവുന്ന പരുവത്തിലാണെന്ന്. ഭരണഘടനാപരവും നിയമപരവുമായ പരിരക്ഷ നല്‍കാതെ ജനാധിപത്യത്തെ അടിച്ചമര്‍ത്തുന്ന ശക്തികള്‍ കൂടുതല്‍ ശക്തരാകുന്ന സാഹചര്യം അതിന് വഴിയൊരുക്കുമെന്ന മുന്നറിയിപ്പാണ് അദ്വാനി പങ്കുവെച്ചത്. അദ്വാനി പറയുന്നതിനും മാസങ്ങള്‍ക്ക് മുമ്പേ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാനും സുപ്രീം കോടതി ജഡ്ജിയുമായ മാര്‍ക്കണ്ഡേയ കട്ജു അടിയന്തിരാവസ്ഥയെ കുറിച്ച പ്രവചനം നടത്തിയിരുന്നു. 1975-77 ലെ അടിയന്തിരാവസ്ഥക്ക് സമാനമായ അടിയന്തിരാവസ്ഥ രാജ്യത്ത് ഒരു വര്‍ഷത്തിനുള്ളില്‍ ഉണ്ടാകുമെന്നാണ് 2015 ജനുവരി 7-ന് ‘സത്യം ബ്രുയാത്’ എന്ന തന്റെ ബ്ലോഗില്‍ കട്ജു കുറിച്ചത്.

1975-ലെ പത്തൊമ്പത് മാസത്തോളം നീണ്ടു നിന്ന അടിയന്തിരാവസ്ഥയുടെ ദുരിതത്തിന്റെ വലിയൊരളവും അനുഭവിച്ചത് മുസ്‌ലിംകളായിരുന്നു എന്ന് കാണാം. വര്‍ഗീയ സംഘടനയായ ആര്‍.എസ്.എസിനെ നിരോധിച്ചപ്പോള്‍ തൂക്കമൊപ്പിക്കുന്നതിനായി ജമാഅത്തെ ഇസ്‌ലാമിയെ നിരോധിക്കുകയും അതിന്റെ നേതാക്കളെയും ജയിലിലടക്കുകയും ചെയ്തു. അടിയന്തിരാവസ്ഥയോടനുബന്ധിച്ച് കൂട്ടവന്ധ്യംകരണത്തിന് വിധേയരാക്കപ്പെട്ടവരില്‍ വലിയൊരു വിഭാഗം മുസ്‌ലിം സമുദായത്തില്‍ പെട്ടവരായിരുന്നു. നിരവധി മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കണ്ടുകെട്ടി. ഇത്തരത്തില്‍ മുസ്‌ലിം സമുദായത്തിന് വലിയ നഷ്ടം വരുത്തിയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് ഒരു മുസ്‌ലിം രാഷ്ട്രപതിയായിരുന്നുവെന്നതും ശ്രദ്ധേയമാണ്. ഇന്ധിരാഗാന്ധിയുടെ ഉത്തരവനുസരിച്ച് രാഷ്ട്രപതിയായിരുന്ന ഫക്‌റുദ്ദീന്‍ അലിയാണത് പ്രഖ്യാപിച്ചത്.

അടിയന്തിരാവസ്ഥയെ കുറിച്ച മുതിര്‍ന്ന നേതാക്കളുടെ മുന്നറിയിപ്പുകള്‍ക്കും പ്രവചനങ്ങള്‍ക്കും ശക്തിപകരുന്ന രാഷ്ട്രീയ സാമൂഹ്യ സാഹചര്യമാണ് നിലനില്‍ക്കുന്നത്. പല സന്ദര്‍ഭങ്ങളിലായി പല പേരുകളില്‍ ഭരണകൂടങ്ങള്‍ ചുട്ടെടുത്ത ടാഡ, പോട്ട പോലുള്ള കരിനിയമങ്ങള്‍ക്ക് കീഴിയില്‍ അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ന്യൂനപക്ഷങ്ങള്‍ക്ക് നേരെ സംഘ് നേതാക്കളും അനുയായികളും സ്വീകരിച്ചിരിക്കുന്ന സമീപനവും പ്രസ്താവനകളും ജനാധിപത്യത്തെ സംബന്ധിച്ചടത്തോളം ഒട്ടും ആശാവഹമല്ല. ജനങ്ങളെ വര്‍ഗീയമായി ചേരിതിരിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന ശക്തികളെ മതസൗഹാര്‍ദത്തിലൂടെയും സഹിഷ്ണുതയിലൂടെയും നേരിടാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. ജനാധിപത്യം പൗരന്‍മാര്‍ക്ക് അനുവദിച്ചു തരുന്ന അവകാശങ്ങളെ കുറിച്ച് നല്ല ബോധ്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിച്ചെടുത്ത് ജനാധിപത്യത്തെ ശക്തിപ്പെടുത്തി നിലവിലെ സാഹചര്യത്തെ പ്രതിരോധിക്കാനായിരിക്കട്ടെ നമ്മുടെ ശ്രമങ്ങള്‍.

Related Articles