Current Date

Search
Close this search box.
Search
Close this search box.

അഖ്‌ലാക്ക് കഴിച്ചത് എന്താണെന്നാണ് ‘ആധുനിക’ ഇന്ത്യക്ക് അറിയേണ്ടത്

dadri-killing.jpg

ജനകൂട്ടത്തിന് ഇഷ്ടപ്പെടാത്തത് കഴിച്ചത് കാരണം ഒരാള്‍ കൊല്ലപ്പെടുന്നു. മരണപ്പെട്ടയാളുടെ വീട്ടിലെ ഫ്രിഡ്ജിലുണ്ടായിരുന്ന ഭക്ഷണസാധനങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് വേണ്ടി ലാബിലേക്ക് അയക്കപ്പെട്ടു. അങ്ങനെ അയാളുടെ അത്താഴം ഗൗരവതരമായ ഒരു ക്രിമിനല്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി മാറി. മരണപ്പെട്ടയാള്‍ എന്ത് മാംസമാണ് കഴിച്ചതെന്ന പരിശോധനയില്‍ രാജ്യത്തിന്റെ സംവിധാനങ്ങളെല്ലാം മുഴുകുന്നു.

ഇപ്പോഴിതാ, മരണപ്പെട്ടയാളുടെ കുടുംബാംഗങ്ങള്‍ ക്രമിനല്‍ കേസില്‍ പ്രതികളാക്കപ്പെടുന്ന അവസ്ഥ സംജാതമായിരിക്കുന്നു. വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലൂടെയാണ് ആ കുടുംബം ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ്, ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ കൊല്ലപ്പണി ചെയ്ത് ഉപജീവനം കഴിക്കുന്ന മുഹമ്മദ് അഖ്‌ലാക്കിനെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് വീട്ടില്‍ നിന്നും പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ട് വന്ന് ക്രൂരമായി അടിച്ച് കൊന്നത്. അഖ്‌ലാക്കിന്റെ കുടുംബം ബീഫ് കഴിച്ചിരുന്നു എന്ന കിംവദന്തിയാണത്രെ ജനകൂട്ടം അയാളെ അടിച്ച് കൊല്ലാന്‍ കാരണമായി ഭവിച്ചത്. ഇപ്പോള്‍, അഖ്‌ലാക്കിന്റെ ഉമ്മയും, വിധവയായ ഭാര്യയും അടക്കമുള്ള കുടുംബത്തിന് മേല്‍ ഗോഹത്യയുടെ പേരില്‍ കുറ്റം ചുമത്തികൊണ്ട് എഫ്.ഐ.ആര്‍ തയ്യാറാക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്.

ഒരുകണക്കിന് നോക്കുമ്പോള്‍ കോടതിയെ കുറ്റം പറയാന്‍ കഴിയില്ല. സി.ആര്‍.പി 156(3) വകുപ്പ് പ്രകാരമാണ് കോടതി നടപടി. നിയമം അനുശാസിക്കുന്നത് മാത്രമേ കോടതി ചെയ്യുന്നുള്ളു. ബീഫ് കഴിക്കുന്നത് ഉത്തര്‍പ്രദേശില്‍ ക്രിമിനല്‍ കുറ്റമൊന്നുമല്ല, പക്ഷെ ഗോഹത്യ ക്രിമിനല്‍ കുറ്റമാണ്. അതൊരു ജാമ്യം ലഭിക്കാത്ത, ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

‘നാല്പാട് നിന്നും അവര്‍ ഇരച്ച് വന്നു. ചിലര്‍ മതില് ചാടിയും, മറ്റു ചിലര്‍ ഗേറ്റ് തുറന്നും. വന്നവരെല്ലാം കൂടി വീട്ടിനകത്തേക്ക് ഇരച്ച് കയറി. ഞങ്ങള്‍ പശുവിനെ അറുത്തിരിക്കുന്നുവെന്ന് അവര്‍ ആക്രോശിച്ചു.’ അഖ്‌ലാക്കിന്റെ ഉമ്മ 75 വയസ്സുകാരി അസ്ഗരി അഖ്‌ലാക്ക് പറഞ്ഞു. ‘ആരും കാണാതെ എങ്ങനെ ഞങ്ങള്‍ക്ക് ഒരു പശുവിനെ കൊണ്ടുവരാന്‍ കഴിയുമെന്ന് ഞാന്‍ അവരോട് ചോദിച്ചു? ഈ ചുറ്റുവട്ടത്തുള്ള ഏക മുസ്‌ലിം കുടുംബമാണ് ഞങ്ങളുടേത്’ അവര്‍ പറഞ്ഞു.

അത് ആട്ടിറച്ചിയായിരുന്നുവെന്ന് അഖ്‌ലാക്കിന്റെ കുടുംബം തറപ്പിച്ച് പറഞ്ഞിരുന്നു. അതേസമയം അഖ്‌ലാക്കിന്റെ സഹോദരന്‍ ഒരു പശുകുട്ടിയുടെ കഴുത്തറുക്കുന്നതും, അഖ്‌ലാക്കും, മകനും ചേര്‍ന്ന് അതിനെ അടിക്കുന്നതും തങ്ങള്‍ കണ്ടുവെന്നാണ് മറ്റുള്ളവരുടെ ഭാഷ്യം.

കഴിച്ച അത്താഴത്തിന്റെ പേരില്‍ ഒരു മനുഷ്യന്‍ കൊല്ലപ്പെട്ടിരിക്കുന്നു എന്നതല്ല ഇപ്പോഴത്തെ വിഷയം. അത് ബീഫായിരുന്നോ മട്ടണായിരുന്നോ എന്ന കാര്യത്തില്‍ അഖ്‌ലാക്ക് നുണയാണോ പറഞ്ഞത് എന്നതിലേക്ക് വിഷയം മാറിയിരിക്കുന്നു. ‘നിങ്ങള്‍ എന്താണ് അത്താഴത്തിന് കഴിച്ചത്?’ എന്ന ചോദ്യത്തിനുള്ള ഉത്തരം ആള്‍ക്കൂട്ടം നടത്തിയ കൊലയെ ന്യായീകരിക്കാനും, വിശദീകരിക്കാനും സമര്‍ത്ഥമായി ഉപയോഗിക്കപ്പെടുകയാണിപ്പോള്‍. ആരാണ് മുഹമ്മദ് അഖ്‌ലാക്കിനെ കൊന്നത് എന്നതിനേക്കാള്‍, എന്താണ് മുഹമ്മദ് അഖ്‌ലാക്ക് കഴിച്ചത് എന്നതിനെ കുറിച്ച് ആലോചിക്കാനാണ് നമ്മോട് പറയപ്പെടുന്നത്.

സംഭവം നടന്ന് ഒമ്പത് മാസം കഴിഞ്ഞിട്ടും, അന്നത്തെ ആ കരിദിനത്തില്‍ കാര്യങ്ങള്‍ കൈവിട്ട് പോയതില്‍ ദുഃഖം രേഖപ്പെടുത്തി കൊണ്ട് ഗ്രാമവാസികളില്‍ ഒരാള്‍ പോലും മുന്നോട്ട് വന്നിട്ടില്ലെന്നതാണ് ഏറെ ഭീകരം. എന്‍.ഡി.ടി.വിയുടെ രവീഷ് കുമാര്‍ കഠിനമായ വേദനയോടെ എഴുതുകയുണ്ടായി ‘സംഭവിച്ച് പോയതില്‍ പശ്ചാതപിക്കുന്ന ഒരാളെ പോലും എനിക്ക് കാണാന്‍ കഴിഞ്ഞില്ല, ഇതെന്തു കൊണ്ടാണ്? ഗ്രാമത്തില്‍ നിന്നുള്ള ആയിരകണക്കിന് പേര്‍ ഒരു കൊലയാളി കൂട്ടമായി മാറിയതില്‍ എന്തുകൊണ്ടാണ് ഒരാള്‍ പോലും ഒരു നടുക്കം പോലും രേഖപ്പെടുത്താതിരുന്നത്?’

അഖ്‌ലാക്കിന്റെ കുടുംബത്തിന് എതിരെ എഫ്.ഐ.ആര്‍ തയ്യാറാക്കാനുള്ള കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് ബി.ജെ.പിയുടെ പ്രാദേശിക നേതാവ് സഞ്ജയ് റാണ രംഗത്ത് വന്നു. അഖ്‌ലാക്കിന്റെ കൊലയാളികളില്‍ ഒരാള്‍ ഇദ്ദേഹത്തിന്റെ മകനാണ്. ‘കോടതിയുടേത് ശരിയായ നടപടിയാണ്. ഏകപക്ഷീയമായ നടപടിയാണ് യു.പി സര്‍ക്കാര്‍ കൈകൊണ്ടിരുന്നത്. ഇപ്പോഴത്തെ കോടതി വിധിയിലൂടെ മറുഭാഗത്തിന് കൂടി നീതി ലഭ്യമായിരിക്കുകയാണ്.’ സഞ്ജയ് റാണ പറഞ്ഞു.

മറുഭാഗത്തിനും കൂടി നീതി? അഖ്‌ലാക്കിനെ തങ്ങള്‍ അടിച്ച് കൊന്നിട്ടില്ല എന്നല്ല ഈ ‘മറുഭാഗം’ വാദിക്കുന്നത്, മറിച്ച് അഖ്‌ലാക്ക് കഴിച്ചത് മട്ടനല്ല, ബീഫ് തന്നെയാണ് എന്നാണ് ഇവരുടെ വാദം. ഇതിലൂടെ അയാള്‍ കൊല്ലപ്പെടേണ്ടവന്‍ തന്നെയാണെന്നും, തങ്ങള്‍ ഗോഹത്യയുടെ ഇരകളാണെന്നും വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നത്.

പരസ്പരവിരുദ്ധമായ ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ കാര്യങ്ങളെ വീണ്ടും വഷളാക്കി. അഖ്‌ലാക്കിന്റെ വീട്ടില്‍ നിന്നും കണ്ടെടുക്കപ്പെട്ട മാംസം മട്ടണ്‍ ആണ് എന്നായിരുന്നു ആദ്യം വന്ന ഫോറന്‍സിക് റിപ്പോര്‍ട്ട്. എന്നാല്‍ പുതിയ ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുന്നത് മാംസം പശുവിന്റേതോ, അതിന്റെ കുട്ടിയുടേതോ ആണെന്നാണ്. പിന്നീട്, ഫ്രിഡ്ജില്‍ നിന്നല്ല, ക്രൈം സീനില്‍ നിന്നാണ് മാംസം കണ്ടെടുക്കപ്പെട്ടതെന്ന് പറയപ്പെട്ടു.

നിലവില്‍ സംഭവം അസാധ്യമാംവിധം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞു. വരാനിരിക്കുന്ന യു.പി തെരഞ്ഞെടുപ്പില്‍ അഖ്‌ലാക്ക് കഴിച്ച ബീഫിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. നീതിയൊന്നുമല്ല ഇവിടെ വിഷയം, രാഷ്ട്രീയ അധികാരം കൈപിടിയിലൊതുക്കുന്നതിന് വേണ്ടിയുള്ള അജണ്ടകളെയാണ് ഇവ സംരക്ഷിക്കുന്നത്. അഖ്‌ലാക്കിന്റെ ‘അവസാനത്തെ അത്താഴം’ രാഷ്ട്രീയ വിജയത്തിന് വേണ്ടി ഒരു കൂട്ടര്‍ ഉപയോഗപ്പെടുത്തുന്നത് എത്രമാത്രം അരോചകമാണ്.

എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് പ്രകാരം, ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത് വന്ന സമയത്ത്, ഗ്രാമത്തില്‍ മഹാപഞ്ചായത്ത് ചേരുകയുണ്ടായി. അഖ്‌ലാക്കിന്റെ കുടുംബത്തിനെതിരെ നടപടിയെടുക്കമെന്ന് ഒത്തുകൂടിയര്‍ ആവശ്യപ്പെട്ടു. അഖ്‌ലാക്കിന്റെ മരണത്തില്‍ ഗ്രാമവാസികള്‍ യാതൊരു മനസ്താപവും ഉണ്ടായിരുന്നില്ല എന്ന് തന്നെയാണ് ഇത് ചൂണ്ടികാട്ടുന്നത്. അഖ്‌ലാക്കിന്റെ മരണത്തിന് ഉത്തരവാദി അഖ്‌ലാക്ക് തന്നെയാണെന്ന് വരുത്തി തീര്‍ക്കാനുള്ള നിന്ദ്യമായ ഒരു ശ്രമമായിരുന്നു അത്.

ആ ദിവസം മുഹമ്മദ് അഖ്‌ലാക്ക് കഴിച്ചത് ബീഫായിരുന്നോ അതോ മട്ടണായിരുന്നോ?
അഖ്‌ലാക്കിന് എന്ത് സംഭവിച്ചു എന്നതിനെ കുറിച്ചുള്ള നമ്മുടെ വീക്ഷണങ്ങള്‍ ഈ ചോദ്യത്തിന്റെ ഉത്തരത്തില്‍ നിന്നായിരിക്കണം രൂപപ്പെടേണ്ടത് എന്ന് നിര്‍ബന്ധം പിടിക്കുന്നത് അശ്ലീലം തന്നെയാണ്. 2016-ലെ ഇന്ത്യയില്‍ കൊല്ലപ്പെട്ട ഒരു മനുഷ്യന്‍ കഴിച്ച ഭക്ഷണം വരെ കോടതിയില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്.

ഒരു ആധുനിക രാഷ്ട്രമാണ് ഇന്ത്യയെന്ന് ഇനിയും നമുക്കെങ്ങനെ പറയാന്‍ സാധിക്കുന്നു?

(HuffPost India-യുടെ കോണ്‍ട്രിബ്യൂട്ടിംഗ് എഡിറ്ററാണ് ലേഖകന്‍)

വിവ: ഇര്‍ഷാദ് കാളാചാല്‍

Related Articles