Current Date

Search
Close this search box.
Search
Close this search box.

അക്ഷര്‍ധാം കേസില്‍ സംഭവിച്ചത്..?

രാജ്യമൊന്നടങ്കം നരേന്ദ്ര മോദി വന്‍ഭൂരിപക്ഷത്തോടെ ജയിച്ചതറിയാന്‍ ടി.വി.യിലേക്ക് നോക്കിയിരിക്കവേ, സുപ്രീംകോടതി ഗുജറാത്ത് പോലീസിന്റെ കൃത്രിമമായ അന്വേഷണത്തെ വിമര്‍ശിക്കുകയായിരുന്നു.’രാജ്യത്തിന്റെ അഖണ്ഡതയെയും സുരക്ഷയെയും സംബന്ധിക്കുന്ന ഗൗരവപ്പെട്ട കേസില്‍ അന്വേഷണസംഘം പുലര്‍ത്തിയ നിരുത്തരവാദിത്തപരമായ സമീപനത്തില്‍ നമുക്കുള്ള നീരസം അറിയിക്കുന്നു. വിലപ്പെട്ട ജീവന്‍ അപഹരിച്ച യഥാര്‍ഥ പ്രതികളെ പിടികൂടുന്നതിന് പകരം, നിരപരാധികളായ ആളുകളുടെ കുറ്റമാരോപിക്കുകയും, അവരെ പിടികൂടി തടവിലാക്കുകയുമായിരുന്നു അന്വേഷണസംഘം ചെയ്തത്,’ ജസ്റ്റിസ് എ.കെ.പട്‌നായിക്, ജസ്റ്റിസ് വെങ്കടെ ഗോപാല ഗൗഡ എന്നിവരുള്‍പ്പെട്ട ബെഞ്ച് പറഞ്ഞു.

2002 സെപ്തംബര്‍ 24ന് അക്രമികളുള്‍പ്പെടെ 33പേരുടെ മരണത്തിനിടയാക്കിയ ഗാന്ധിനഗറിലെ അക്ഷര്‍ധാം ക്ഷേത്രത്തിന് നേര്‍ക്കുണ്ടായ ആക്രമണത്തെ തുടര്‍ന്നായിരുന്നു സുലൈമാന്‍ അജ്മീരി, ശാന്‍ മിയ എന്ന ചാന്ദ് ഖാന്‍, മുഫ്തി അബ്ദുല്‍ ഖയ്യൂം മന്‍സൂരി, മുഹമ്മദ് സലീം ശൈഖ്, അബ്ദുല്‍ മിയാന്‍ ഖാദിരി, അല്‍ത്വാഫ് ഹുസൈന്‍ എന്നിവരെ പ്രതികളായി പോലീസ് മുദ്രകുത്തിയത്. അക്രമികളുടെ പോക്കറ്റില്‍ നിന്നും ഉര്‍ദുവിലെഴുതിയ ഒരു കത്ത് ലഭിച്ചിരുന്നു. അക്രമികളുടെ ശരീരങ്ങളിലെന്നപോലെ തന്നെ, കണ്ടെടുക്കപ്പെട്ട കത്തിലും രക്തമോ, മണ്ണോ പുരണ്ടിരുന്നില്ല എന്നത് കൗതുകകരമായിരുന്നു. എന്നാലകട്ടെ, അക്രമികളുടെ ശരീരത്തില്‍ വെടിയുണ്ടകളേറ്റുള്ള ഒരുപാട് മുറിവുകളും പരിക്കുകളുമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ, കത്ത് യഥാര്‍ഥത്തില്‍ സംഭവസ്ഥലത്തു നിന്നും കണ്ടെടുത്തത് തന്നെയാണോ എന്ന കാര്യത്തില്‍ സംശയം ഉയര്‍ന്നിരുന്നു. അജ്മീരി, മിയ, മന്‍സൂരി എന്നിവര്‍ക്ക് വധശിക്ഷയും, ശൈഖിന് ജീവപര്യന്തം തടവും, ഖാദിരിക്ക് 10 വര്‍ഷം തടവും, ഹുസൈന് 5 വര്‍ഷം തടവും 2006 ജൂലായില്‍ പോട്ട കോടതി വിധിച്ചിരുന്നു. 2010 മെയ് 30ന് ഗുജറാത്ത് ഹൈകോടതി ഇവരുടെ ശിക്ഷ ശരിവെച്ചിരുന്നു. കുറ്റാരോപിതരുടെ കുറ്റം പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിയാഞ്ഞതിനാല്‍ ഇക്കഴിഞ്ഞ മെയ് 16ന് സുപ്രീംകോടതി ഇവര്‍ ആറുപേരെയും വെറുതെ വിട്ടു. നിയമത്തിന്റെ കണ്ണില്‍ ആരോപണവിധേരയാവരുടെ കുറ്റസമ്മതത്തിന്റെ മൊഴി നിയമത്തിന്റെ മുന്നില്‍ സ്വീകാര്യമല്ലെന്നാണ് കോടതി പറഞ്ഞത്. സാധാരണയായി തെളിവുകളില്ലാത്ത സാഹചര്യത്തില്‍ പോലീസ് ചെയ്യുന്നത് പോലെ, ഈ മൊഴികള്‍ ആരോപണവിധേയരായവര്‍ തടവിലായിരിക്കെ എടുത്തതും, ഒരുവേള മര്‍ദ്ദനങ്ങളെ തുടര്‍ന്ന് സമ്മതിപ്പിച്ചതായിരിക്കാനും സാധ്യതകളുണ്ട്.

സൊഹ്‌റാബുദ്ധീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഇപ്പോള്‍ തടവില്‍ കഴിയുന്ന മുന്‍ ഡി.എസ്.പി. ഡി.ജി.വന്‍സാരയാണ് ഈ കേസ് അന്വേഷിച്ചിരുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. വന്‍സേരയും, നരേന്ദ്ര മോദിയും തമ്മിലുള്ള അടുപ്പം ഏവര്‍ക്കും അറിവുള്ളതാണ്. മുര്‍തസ ഹാഫിസ് യാസിന്‍, അശ്‌റഫ് അലി അഹ്മദ് ഫാറൂഖ് എന്നീ പാകിസ്താന്‍ പൗരന്മാരായി തിരിച്ചറിയപ്പെട്ടവരാണ് ആക്രമണം നടത്തിയതെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി എല്‍.കെ.അദ്വാനി പ്രഖ്യാപിച്ചിരുന്നു. ഇവരെ കൂടാതെ തിരിച്ചറിയപ്പെടാത്ത 28 പേരെയും പോട്ട കോടതി പ്രതികളാക്കിയിരുന്നു.

നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വിജയ പ്രഖ്യാപനത്തിന്റെ ദിവസം തന്നെ വന്ന സുപ്രീംകോടതിയുടെ വിധിപ്രഖ്യാപനം ഗുജറാത്ത് പോലീസിന് സ്‌ഫോടനത്തിലുള്ള പങ്കിനെ പറ്റി സംശയിക്കാന്‍ കാരണമായിട്ടുണ്ട്. പോട്ട കോടതിയും ഹൈകോടതിയും തടവിലാക്കാന്‍ ഉത്തരവിട്ടവര്‍ നിരപരാധികളാണെങ്കില്‍ ആരാണ് യഥാര്‍ഥ പ്രതികള്‍. കുറ്റാരോപിതര്‍ നിരപരാധികളാണെങ്കില്‍ ആക്രമണം നടത്തിയവര്‍ പാക് പൗരന്മാരാണെന്ന വാദം നമ്മളെങ്ങനെ വിശ്വസിക്കും..? ഏറ്റുമുട്ടല്‍ തന്നെ വ്യാജമാണെങ്കിലൊ..?? എന്തിനാണ് അത് നടത്തിയത്…? അതേ വര്‍ഷം ആരംഭത്തില്‍ ഗുജറാത്ത് വംശഹത്യയെ തുടര്‍ന്ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിഛായക്കേറ്റ കളങ്കം മായ്ക്കാനുള്ള എളുപ്പവഴിയായിരുന്നോ..?

മുകളില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി ആവശ്യമുണ്ട്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അക്ഷര്‍ധാം ആക്രമണത്തിന് പിന്നിലുള്ള സംശയങ്ങളെ ദുരീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ജയിലിലുള്ള ഏക ഇന്ത്യന്‍ സംസ്ഥാനമാണ് ഗുജറാത്ത്. മോദിയുടെ മുന്‍ സഹപ്രവര്‍ത്തക മായ കോദ്‌നാനിയും ഗുജറാത്ത് വംശഹത്യയില്‍ അവര്‍ക്കുള്ള പങ്കിനെ തുടര്‍ന്ന് ജയിലിലാണ്.

ഗുജറാത്തിന്റെ കലുഷിതമായ പൂര്‍വ്വകാലം മോദിയുടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള ആരോഹണത്തെ തുടര്‍ന്നുള്ള ജ്വരത്തില്‍ ജനങ്ങള്‍ മറന്ന മട്ടാണ്. ഈ സംഭവങ്ങളില്‍ ഏതെങ്കിലും അര്‍ത്ഥത്തില്‍ നരേന്ദ്ര മോദിക്ക് പങ്കുണ്ടെങ്കില്‍ അത് ഗുരുതരമായ സംഗതിയാണ്.

പതിനൊന്ന് വര്‍ഷത്തിനു ശേഷം കുറ്റാരോപിതര്‍ മോചിപ്പിക്കിപ്പെട്ടെങ്കിലും, പോലീസിന്റെയും സുരക്ഷാ ഏജന്‍സികളുടെയും മുന്‍കൈയ്യില്‍ സംഭവിച്ച പിഴവുകളെ തുടര്‍ന്ന് അവര്‍ക്കുണ്ടായ നഷ്ടങ്ങള്‍ ഒരിക്കലും നികത്താനാവുന്നതല്ല. അവര്‍ക്ക് തങ്ങളുടെ ജീവനോപാധികള്‍ നഷ്ടപ്പെട്ടിരിക്കാം, സുഹൃത്തുക്കളുടെയും അയല്‍വാസികളുടെയും ഒറ്റപ്പെടുത്തലുകള്‍, എല്ലാറ്റിലുമുപരി, അവരുടെ കുട്ടികള്‍ സമൂഹത്തില്‍ അനുഭവിച്ചേക്കാവുന്ന ഒറ്റപ്പെടല്‍. സമൂഹത്തില്‍ ഒരാള്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുന്നതിലും ഭീകരമായി എന്താണുള്ളത്..? പതിനൊന്ന് വര്‍ഷമെന്നത് ദീര്‍ഘമായ കാലയളവാണ്. ഒരാളെ മാനസികമായി നശിപ്പിക്കാന്‍ അതു ധാരാളമാണ്. ഇത്തരം ഭീകരമായ അനുഭവങ്ങളുണ്ടായ ആളുകള്‍ക്ക് ഒരിക്കല്‍ കൂടി തങ്ങളുടെ ജീവിതം കരുപിടിപ്പിക്കാന്‍ കഴിഞ്ഞെന്നു വരില്ല.

പോലീസിനും സുരക്ഷാ ഏജന്‍സികളുടെയും അബദ്ധം എത്ര കുടുംബങ്ങളുടെ ജീവിതമാണ് തകര്‍ത്തെറിഞ്ഞിരിക്കുന്നത്. ഇവരെ തീവ്രവാദികളായി ചിത്രീകരിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്ന മാധ്യമങ്ങള്‍ എന്നാല്‍, ഇവരെ നിരപരാധികളായി പ്രഖ്യാപിച്ചപ്പോള്‍ തിരുത്താന്‍ തയ്യാറായില്ല. അതുകൊണ്ട് തന്നെ ഒരിക്കല്‍ ഇവരെ കുറിച്ചുണ്ടായ പൊതുധാരണ മുഴുവനായി മായ്ക്കപ്പെടുന്നില്ല. കുറ്റാരോപിതര്‍ തീവ്രവാദികളാണെന്നാണ് സമൂഹം ഇപ്പോഴും കരുതുന്നത്. അവരെ വിശേഷിപ്പിക്കാന്‍ ഇപ്പോഴും മാധ്യമങ്ങള്‍ തീവ്രവാദികളെന്ന പദമാണ് ഉപയോഗിക്കുന്നത്. ഇത് സമൂഹത്തില്‍ ധ്രുവീകരണമുണ്ടാക്കുന്നു. ബിജെപി യെ പോലൊരു പാര്‍ട്ടിയെ ഇത്തരം ധ്രുവീകരണം ഏറെ സഹായിക്കുന്നുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ.

ജനങ്ങളുടെ ജീവിതം കൊണ്ട് പന്താടുന്നത് വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ബിജെപി ക്ക് അതില്‍ തീര്‍ച്ചയായും പങ്കുണ്ട്. വന്‍ഭൂരിപക്ഷത്തോടെ തെരഞ്ഞെടുപ്പ് ജയിക്കാന്‍ വോട്ടുകളിലുണ്ടായ ധ്രുവീകരണം കുറച്ചൊന്നുമല്ല ബിജെപിയെ സഹായിച്ചത്. ബിജെപിക്ക് യുപിയില്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കഴിഞ്ഞതില്‍ അമിത ഷായെ മോദി അനുമോദിക്കുമ്പോള്‍, വര്‍ഗീയ ധ്രുവീകരണത്തിന് അമിത് ഷാക്കുള്ള കഴിവിനെയാണ് മോദി പ്രകീര്‍ത്തിക്കുന്നത്. പക്ഷെ, നിഷേധിക്കാനാവാത്ത ഒന്നുണ്ട്, ഇത്തരം രാഷ്ട്രീയക്കളി സമൂഹത്തെയും രാഷ്ട്രത്തെയും ഗുരുതരമായ രീതിയിലാണ് ബാധിക്കുക. ധ്രുവീകരിക്കപ്പെട്ട ജനങ്ങള്‍ക്ക് ഒരുമയുണ്ടായിരിക്കുകയില്ല എന്നതിനാല്‍ തന്നെ, ഇപ്പോഴുള്ള നീക്കം രാജ്യത്തെ ആഭ്യന്തരമായി ദുര്‍ബലമാക്കുകയേ ചെയ്യൂ.

വിവ: മുഹമ്മദ് അനീസ്‌

Related Articles