Current Date

Search
Close this search box.
Search
Close this search box.

അംറ് ബിന്‍ ജുമൂഹ്: ജിഹാദിനെ പ്രണയിച്ച രക്തസാക്ഷി

അബ്ദുല്ലാഹ് ബിന്‍ അംറ് ബിന്‍ ഹറമിന്റെ സഹോദരി ഹിന്ദിന്റെ ഭര്‍ത്താവായ അംറ് ബിന്‍ ജുമൂഹ് ആയിരുന്നു അദ്ദേഹം. മദീനയിലെ ബനൂ സലമ ഗോത്രത്തിലെ പ്രമാണികളില്‍ ഒരാള്‍. മകന്‍ മുആദ് ബിന്‍ അംറ് അദ്ദേഹത്തേക്കാള്‍ മുമ്പ് ഇസ്‌ലാം സ്വീകരിച്ചു. രണ്ടാം അഖബ ഉടമ്പടിയിലുണ്ടായിരുന്ന 70 പേരില്‍ ഒരാളായിരുന്നു മുആദ്. പിതാവിന്റെ ഇസ്‌ലാം സ്വീകരണത്തിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചു.

പിതാവ് വീടിന് മുമ്പില്‍ ഒരു വിഗ്രഹമുണ്ടാക്കി അതിന് മനാഫ് എന്ന പേരു വിളിച്ചു. മകനായ മുആദ് ബിന്‍ അംറും കൂട്ടുകാരന്‍ മുആദ് ബിന്‍ ജബലും വിഗ്രഹത്തെ പരിഹസിക്കാനും കളിയാക്കാനും തീരുമാനിച്ചു. രാത്രിയായപ്പോള്‍ അവര്‍ രണ്ടുപേരും അതിനെയെടുത്ത് ആളുകള്‍ മാലിന്യം നിക്ഷേപിക്കുന്ന കുഴിയില്‍ തള്ളി. നേരം വെളുത്തപ്പോള്‍ വിഗ്രഹത്തെ തേടിയെത്തിയ അംറ് അതിനെ തല്‍സ്ഥാനത്ത് കണ്ടില്ല. ഏറെ നേരത്തെ അന്വേഷണത്തിന് ശേഷം അത് കിടന്നിരുന്ന കുഴിയിലും എത്തി. ദേഷ്യത്തോടെ അദ്ദേഹം പുലമ്പി: നാശം! ഞങ്ങളുടെ ദൈവത്തോട് ആരാണ് രാത്രിയില്‍ അതിക്രമം ചെയ്തത്? പിന്നെ അതിനെ കഴുകി വൃത്തിയാക്കി സുഗന്ധം പൂശി. രാത്രിയായപ്പോള്‍ രണ്ടു കൂട്ടുകാരും മുമ്പ് ചെയ്തതു പോലെ തന്നെ അതിനെ മാലിന്യ കുഴിയില്‍ തള്ളി. ഇത് ആവര്‍ത്തിച്ചപ്പോള്‍ നിരാശനായ അംറ് തന്റെ വാളെടുത്ത് വിഗ്രഹത്തിന്റെ കഴുത്തില്‍ വെച്ച് പറഞ്ഞു: നിനക്ക് വല്ല നന്മയും ചെയ്യാന്‍ കഴിയുമെങ്കില്‍ നീ സ്വയം പ്രതിരോധിക്ക്.’

അടുത്ത ദിവസവും നേരം പുലര്‍ന്നപ്പോള്‍ വിഗ്രഹത്തെ തല്‍സ്ഥാനത്ത് കണ്ടില്ല. അതേ കുഴിയില്‍ തന്നെയായിരുന്നു അന്നും. പക്ഷെ, അന്ന് അതൊറ്റക്കായിരുന്നില്ല ഒരു നായയുടെ ശവത്തോട് നന്നായി കൂട്ടികെട്ടിയ നിലയിലായിരുന്നു. അത് അയാളില്‍ കോപവും ദുഖവും ഉണ്ടാക്കി. ഇപ്രകാരം വിഷണ്ണനായി ഇരിക്കുന്ന സന്ദര്‍ഭത്തില്‍ നേരത്തെ ഇസ്‌ലാം സ്വീകരിച്ച കുറച്ചാളുകള്‍ വിഗ്രഹത്തിലേക്ക് ചൂണ്ടി സംസാരിക്കാന്‍ തുടങ്ങി. സമാനതകളില്ലാത്ത ഏകനായ ഇലാഹിനെ പറ്റിയും മുഹമ്മദ് നബി(സ)യെയും അദ്ദേഹത്തിന്റെ സന്ദേശത്തെ പറ്റിയും സംസാരിച്ചു. ദൈവിക സന്ദേശം ഉള്‍ക്കൊണ്ട അദ്ദേഹം ഉടന്‍ തന്നെ ഇസ്‌ലാമിലേക്ക് കടന്ന് വന്നു.

മാതൃകായോഗ്യമായ ഇസ്‌ലാമിക ജീവിതം കാഴ്ചവെച്ചു. മുടന്തുണ്ടായിട്ടുപോലും ജിഹാദ് ചെയ്യുന്നതിന് അങ്ങേയറ്റം കൊതിച്ച വ്യക്തിയായിരുന്നു അദ്ദേഹം.
അദ്ദേഹം മാന്യനും ഉദാരനുമായിരുന്നു. ആളുകളെ സല്‍കരിക്കുകയും ഭക്ഷണം നല്‍കുകയും അഥിതികളെ ആദരിക്കുകയും ചെയ്തിരുന്നു. അംറിന്റെ ശ്രേഷ്ഠത നബി(സ)യും അംഗീകരിച്ചിരുന്നു. അംറ് ബിന്‍ ജുമൂഹിന്റെ ഗോത്രമായ ബനീസലമയില്‍ നിന്നും വന്ന സംഘത്തോട് നബി(സ) ചോദിച്ചു: ‘ബനീസലമക്കാരെ, ആരാണ് നിങ്ങളുടെ നേതാവ്?’ അവര്‍ പറഞ്ഞു: ‘ജദ്ദ് ബിന്‍ ഖൈസ്, അദ്ദേഹം പിശുക്കനാണെങ്കിലും.’ അവരോട് പ്രവാചകന്‍(സ) പറഞ്ഞു: പിശുക്കിനേക്കാള്‍ കഠിനമായ എന്ത് രോഗമാണുള്ളത്? ജടപിടിച്ച തലമുടിയുള്ള അംറ് ബിന്‍ ജുമൂഹാണ് നിങ്ങളുടെ നേതാവ്.’ പ്രവാചകന്‍ അദ്ദേഹത്തെ ആദരിച്ചതിന്റെ സാക്ഷ്യമായിരുന്നു ഇത്.

ജിഹാദിനെ പ്രണയിച്ചവന്‍
അദ്ദേഹത്തിന് നാല് മക്കളാണുണ്ടായിരുന്നത്. അവരെല്ലാം പൗരുഷമുള്ള മുസ്‌ലിംകളായിരുന്നു. അവര്‍ നബി(സ)യോടൊപ്പം യുദ്ധത്തിനായി പോയിരുന്നു. ബദ്‌റില്‍ പങ്കെടുക്കാന്‍ വേണ്ടി അംറ് താല്‍പര്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മക്കള്‍ പിതാവിനെ പിന്തിരിപ്പിക്കാന്‍ നബി(സ)യോട് ശുപാര്‍ശ ചെയ്തു. നിര്‍ബന്ധ ശാസനയിലൂടെയെങ്കിലും അത് നടത്താനും അവര്‍ ആഗ്രഹിച്ചു.

നബി(സ) അദ്ദേഹത്തിന് യുദ്ധത്തിന് പോകുന്നതില്‍ നിന്ന് ഇളവുള്ള കാര്യം അദ്ദേഹത്തെ അറിയിച്ചു. മുടന്തനായിരുന്നുവല്ലോ അദ്ദേഹം. പലതവണ അദ്ദേഹം ആവശ്യപ്പെട്ടിട്ടും മദീനയില്‍ തന്നെ നില്‍ക്കാനാണ് നബി(സ) അദ്ദേഹത്തോട് കല്‍പ്പിച്ചത്. പിന്നീട് ഉഹുദ് യുദ്ധം വന്നപ്പോള്‍ അംറ് നബി(സ)യുടെ അടുക്കല്‍ വന്ന് അനുവാദം ചോദിച്ചു. എന്നിട്ട് അദ്ദേഹം പറഞ്ഞു: ‘താങ്കളോടൊപ്പം യുദ്ധത്തിന് പുറപ്പെടുന്നതില്‍ നിന്ന് എന്റെ മക്കള്‍ എന്നെ തടയുകയാണ്. അല്ലാഹുവാണ, എന്റെ ഈ മുടന്തുമായി സ്വര്‍ഗത്തില്‍ പ്രവേശിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.’ അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തിന് മുന്നില്‍ നബി(സ) അനുവാദം നല്‍കി. ആയുധമെടുത്ത് വളരെ സന്തോഷത്തോടും ആനന്ദത്തോടും കൂടി അദ്ദേഹം പുറപ്പെട്ടു. ‘അല്ലാഹുവേ, എനിക്ക് ശഹാദത്ത് നല്‍കേണമേ, എന്നെ വീട്ടിലേക്ക് മടക്കരുതേ.’

അല്ലാഹുവിന്റെ പേരില്‍ ചെയ്ത ശപഥം പാലിക്കല്‍
ഉഹ്ദില്‍ ഇരു കക്ഷികളും ഏറ്റുമുട്ടി. അംറ് ബിന്‍ ജുമൂഹും നാല് മക്കളും അധര്‍മത്തിന്റെ ശക്തികളോട് ധീരധീരം പൊരുതി. ഓരോ വെട്ടിനും ശേഷം ചക്രവാളത്തിലേക്ക് ഉറ്റുനോക്കിയിരുന്നു. തന്റെ റൂഹ് പിടിച്ച് സ്വര്‍ഗത്തിലേക്ക് കൊണ്ടുപോകാനായി വരുന്ന മലക്ക് വരാന്‍ ധൃതിവെക്കുകയായിരുന്നു അദ്ദേഹം.

അല്ലാഹുവോട് ആത്മാര്‍ത്ഥമായി ശഹാദത്ത്് തേടിയിരുന്ന അദ്ദേഹം അതിനുത്തരം നല്‍കപ്പെടുമെന്ന് തന്നെ ഉറപ്പിച്ചിരുന്നു. തന്റെ മുടന്തുള്ള കാലുമായി സ്വര്‍ഗത്തിലെത്താന്‍ അതിയായി കൊതിച്ച വ്യക്തിയായിരുന്നു അദ്ദേഹം. മുഹമ്മദ് നബി(സ) എങ്ങനെ അനുയായികളെ തെരെഞ്ഞെടുത്തുവെന്നും അവരെയെങ്ങനെ സംസ്‌കരിച്ചുവെന്നും സ്വര്‍ഗാവകാശികള്‍ക്ക് കാണിച്ചു കൊടുക്കുന്നതിനായിരുന്നു.

അദ്ദേഹം കാത്തിരുന്നത് വന്നെത്തി. മുഹൂര്‍ത്തത്തെ അറിയിച്ച് കൊണ്ട് ഒരു വെട്ടേറ്റു. ശാശ്വതമായ സ്വര്‍ഗത്തില്‍ മഹാനായ രക്തസാക്ഷിയുടെ വിവാഹ രാവ്. മുസ്‌ലിംകളായ രക്തസാക്ഷികളെ മറമാടുന്നതിനിടയില്‍ അവിടെ കൂടിയിരുന്നവരോടായി പ്രവാചകന്‍ പറഞ്ഞു: നിങ്ങള്‍ ശ്രദ്ധിക്കുക, അബ്ദുല്ലാഹ് ബിന്‍ അംറ് ബിന്‍ ഹറാമിനെയും അംറ് ബിന്‍ ജുമൂഹിനെയും ഒരേ ഖബറിലാക്കുക. ഇഹലോകത്ത് അവര്‍ പരസ്പരം സ്‌നേഹിച്ചവരായിരുന്നു.’ അങ്ങനെ സ്‌നേഹിതരായ രണ്ട് കൂട്ടുകാരെയും ഒരൊറ്റ ഖബറില്‍ തന്നെ മറവ് ചെയ്തു. പിന്നീട് നബി(സ) പറഞ്ഞു: എന്റെ ആത്മാവ് ആരുടെ പക്കലാണോ അവനാണ് സത്യം, അല്ലാഹുവിന്റെ പേരില്‍ ശപഥം ചെയ്താല്‍ തീര്‍ച്ചയായും അത് പൂര്‍ത്തിയാക്കുന്നവര്‍ നിങ്ങളിലുണ്ട്.’ അദ്ദേഹം ഉഹ്ദില്‍ രക്തസാക്ഷിയായി കിടക്കുമ്പോള്‍ പ്രവാചകന്‍(സ) അതിലൂടെ കടന്ന പോയപ്പോള്‍ പറഞ്ഞു: ‘തന്റെ മുടന്തുമായി സ്വര്‍ഗത്തിദ്ദേഹം കാല്‍ വെക്കുന്നത് ഞാന്‍ കണ്ടു.’

വിവ: അഹ്മദ് നസ്വീഫ് തിരുവമ്പാടി

Related Articles