Views

ലോക ബാലികാ ദിനം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

ഒക്‌ടോബര്‍ 11 പെണ്‍കുട്ടികളുടെ അന്താരാഷ്ട്ര ദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുകയാണ്. 2011 ഡിസംബര്‍ 19 ന് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ പാസാക്കിയ പ്രമേയത്തിലൂടെയാണ് ഈ ദിനം ആചരിക്കാന്‍ തുടങ്ങിയത്. പെണ്‍കുട്ടികളുടെ അവകാശങ്ങളുടെ സംരക്ഷണവും ലോകത്തുടനീളം അവര്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്യുക എന്നതാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമാക്കുന്നത്. ‘കൗമാരക്കാരായ പെണ്‍കുട്ടികളുടെ ശാക്തീകരണവും : അക്രമപരമ്പരകളുടെ അന്ത്യവും’ എന്നതാണ് ഈ വര്‍ഷത്തെ ബാലികാദിന പ്രമേയമായി നിശ്ചയിക്കപ്പെട്ടത്. ലോകത്തുടനീളം പെണ്‍കുട്ടികള്‍ക്കെതിരെ നടന്നു കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാനുള്ള എല്ലാവിധ നടപടികളും സ്വീകരിക്കാന്‍ ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറി ലോക രാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്തിരിക്കുന്നു.

പെണ്‍കുട്ടികളുടെ സുരക്ഷ ലോകാടിസ്ഥാനത്തില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഈ ദിനത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. ബോകോ ഹറാമുകള്‍ ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. പെണ്‍കുട്ടികളുടെ സംരക്ഷകരെന്ന് അവകാശപ്പെട്ടു കൊണ്ട് പല വ്യക്തികളും രാജ്യങ്ങളും ഇന്ന് ലോകത്ത് പുണ്യാളന്മാരായി ചമഞ്ഞു കൊണ്ടിരിക്കുകയാണ്. ഒരു ഭാഗത്ത് ഇറാഖിലും അഫ്ഗാനിലും ഫലസ്തീനിലും നടക്കുന്ന കൂട്ടക്കൊലകള്‍ക്ക് പ്രത്യക്ഷമായോ, പരോക്ഷമായോ നേതൃത്വം കൊടുക്കുന്നവരാണ് ഇവരില്‍ നല്ലൊരു ശതമാനം പേരും. ഇതിന്റെ പാപക്കറ മറച്ചു പിടിക്കാനായി മലാലമാരെ സൃഷ്ടിക്കുകയും അവര്‍ക്ക് നോബല്‍ സമ്മാനങ്ങളും മറ്റും നല്‍കിക്കൊണ്ട് പുണ്യാളവേഷം അണിയുകയും ചെയ്യുന്നു. പെണ്‍കുട്ടികള്‍ക്കും അവരുടെ സുരക്ഷക്കും, സാമൂഹിക പദവിക്കും വേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിക്കുകയും അതുല്യമായ സേവനങ്ങള്‍ അര്‍പ്പിക്കുകയും ചെയ്ത ചരിത്ര പുരുഷന്മാര്‍ ഇവിടെ വിസ്മരിക്കപ്പെടുന്നു.  
 
ഈ  ദിനത്തില്‍ ഏറ്റവും കൂടുതല്‍ സ്മരിക്കപ്പെടേണ്ട വ്യക്തിത്വം കാരുണ്യത്തിന്റെ മാനുഷിക രൂപമായ മുഹമ്മദ് നബി(സ)യാണ്. പെണ്‍കുട്ടികളുടെ സാമൂഹിക ഉന്നതിക്കുവേണ്ടി അദ്ദേഹത്തോളം ത്യാഗമനുഷ്ഠിച്ച മറ്റൊരു വ്യക്തി ലോകചരിത്രത്തിലുണ്ടാവില്ല. അതിന്റെ ആഴവും പരപ്പും മനസ്സിലാകണമെങ്കില്‍ അക്കാലത്ത് നിലനിന്ന സാമൂഹിക സാഹചര്യവും അതില്‍ പെണ്‍കുട്ടികള്‍ക്കുണ്ടായിരുന്ന സ്ഥാനത്തെയും നാം വിശകലനം ചെയ്യേണ്ടതുണ്ട്. നമ്മുടെ കാലഘട്ടത്തിന്റെയും സാമൂഹികസാഹചര്യത്തിന്റെയും അടിസ്ഥാനത്തില്‍ വിശകലനം ചെയ്താല്‍ നമുക്കത് മനസ്സിലാവില്ല. പ്രവാചകന്‍(സ)യുമായി ബന്ധപ്പെട്ട പല വിഷയങ്ങളും വിവാദമായിത്തീരാനുള്ള കാരണവും ഇതു കൊണ്ടുതന്നെയാണ്.  പ്രശസ്ത ഇസ്‌ലാമിക ചിന്തകനായ അലീശരീഅത്തിയുടെ ഗുരുനാഥന്‍ ജാക്വിസ് ബെര്‍ക്വെ: പറഞ്ഞതുപോലെ, ‘മറ്റൊരു യുഗത്തിലെയും പരിതഃസ്ഥിതിയിലെയും പ്രശ്‌നങ്ങളെ സ്വന്തം കാലഘട്ടത്തിന്റെയും പരിതസ്ഥിതിയുടെയും കാഴ്ചപ്പാടിലൂടെ നോക്കിക്കാണുകയും വിലയിരുത്തുകയും ചെയ്യുന്നവന്നു യാഥാര്‍ത്ഥ്യങ്ങളെ അവയുടെ തനിമയില്‍ കാണാന്‍ പറ്റുകയില്ല. അവര്‍ പറയുന്നതത്രെയും അസംബന്ധമായിരിക്കും.’

പെണ്‍കുട്ടികള്‍ക്ക് യാതൊരുവിധ പദവിയും സ്ഥാനവുമില്ലാത്ത നാടായിരുന്നു പ്രവാചകന്‍ (സ)യുടെ ജന്മദേശമായിരുന്നു അറേബ്യ. തങ്ങള്‍ക്ക് പെണ്‍മക്കള്‍ പിറക്കുന്നതു പോലും അപമാനമായി അവര്‍ കരുതി. അഥവാ ഒരാള്‍ക്ക് പിറന്നത് പെണ്‍കുട്ടിയാണെങ്കില്‍ അദ്ദേഹം അപമാന ഭാരത്താല്‍ പുറത്തിറങ്ങുക പോലും ചെയ്യില്ലായിരുന്നു. അദ്ദേഹത്തിന്റെ മുഖം കറുത്തിരുളുകയും എന്തോ ആപത്ത് വന്നണഞ്ഞതു പോലെ അദ്ദേഹം വെപ്രാളപ്പെടുകയും ചെയ്യുമായിരുന്നു. അതിന്റെ ഭയാനകതയെക്കുറച്ച് വിശുദ്ധഖുര്‍ആന്‍ വ്യക്തമാക്കുന്നു : ‘അവരിലൊരാള്‍ക്ക് പെണ്‍കുട്ടി ജനിച്ചതായി സുവാര്‍ത്ത ലഭിച്ചാല്‍, കഠിന ദുഃഖം കടിച്ചിറക്കിക്കൊണ്ട് അവന്റെ മുഖം കറുത്തുപോകുന്നു. തനിക്കു ലഭിച്ച സന്ദേശത്തിന്റെ ഹീനതയാല്‍ അവന്‍ ജനത്തില്‍നിന്നൊളിച്ചുനടക്കുന്നു. അപമാനിതനായിക്കൊണ്ട് പുത്രിയെ വളര്‍ത്തേണമോ, അതല്ല, അവളെ മണ്ണില്‍ കുഴിച്ചുമൂടിയാലോ എന്നവന്‍ ആലോചിച്ചുകൊണ്ടിരിക്കുന്നു. നോക്കുക! എത്ര ദുഷിച്ച വിധിയാണിവര്‍ അല്ലാഹുവിന്റെ കാര്യത്തില്‍ എടുക്കുന്നത്!’ (16: 58,59)  പലരും തങ്ങളുടെ പെണ്‍മക്കളെ ജീവനോടെ കുഴിച്ചുമൂടി. അവരുടെ ദീനമായ രോദനങ്ങള്‍ കേള്‍ക്കാള്‍ ആരും അന്ന് അറേബ്യയുലുണ്ടായിരുന്നില്ല.  ആര്‍ക്കാണ് സ്വന്തം പിഞ്ചോമനകളെ ജീവനോടെ കുഴിച്ചുമൂടാന്‍ മനസ്സുവരിക?  മനസാക്ഷിയുള്ള ആര്‍ക്കും അത് സാധിക്കില്ല. എന്നാല്‍ അറേബ്യയിലെ സാമൂഹിക സാഹചര്യം അവരെ അതിന് നിര്‍ബന്ധിതമാക്കുകയായിരുന്നു.

ഈയൊരുസാഹചര്യത്തിലാണ് വിശുദ്ധഖുര്‍ആനും പ്രവാചകന്‍ (സ)യും പെണ്‍കുട്ടികളുടെ വിമോചനത്തിനായി  മുന്നിട്ടു വരുന്നത്. അദ്ദേഹം സൈദ്ധാന്തികമായി മാത്രമല്ല, പ്രായോഗികമായും ഇടപെടലുകള്‍ നടത്തി. പെണ്‍മക്കള്‍ ജനിച്ചാല്‍ അപമാനഭാരത്താല്‍ വീട്ടില്‍ നിന്നും പുറത്തിങ്ങാത്തവര്‍ക്കിടയില്‍ പ്രവാചകന്‍(സ) വ്യത്യസ്തനായി. അദ്ദേഹം തന്റെ മകള്‍ ഫാത്തിമയെ പരസ്യമായി മടിയിലിരുത്തി ലാളിച്ചു. അവളെ ഉമ്മ വെച്ചു. അവളെ തന്റെ കൂടെക്കൂട്ടി. ആളുകളുമായി സംവാദത്തിലേര്‍പ്പെട്ടു കൊണ്ടിരിക്കുമ്പോഴും അദ്ദേഹം ഇത്തരം സ്‌നേഹ പ്രകടനങ്ങള്‍ നടത്തി. അന്നത്തെ സാമൂഹിക സാഹചര്യത്തില്‍ ഏറ്റവും കൗതുകകരമായ ഈ പ്രവൃത്തിയിലൂടെ പെണ്‍കുട്ടികള്‍ അപമാനമല്ലെന്നും അവരും ആണ്‍കുട്ടികളെപ്പോലെ സ്‌നേഹവും ശ്രേഷ്ഠതയും അര്‍ഹിക്കുന്നവരാണെന്നും അദ്ദേഹം ലോകത്തിന് പഠിപ്പിച്ചു കൊടുക്കുകയായിരുന്നു. പ്രവാചകന്‍(സ) ആ സമൂഹത്തോടു വിളിച്ചു പറഞ്ഞു : ‘എന്റെ ഒരംശമാണ് ഫാത്തിമ. എന്നെ മുറിച്ച മുറിയാണ് ഫാത്തിമ. അവരെ ആരെങ്കിലും ദേഷ്യം പിടിപ്പിച്ചാല്‍ എന്നെയാണ് ദേഷ്യം പിടിപ്പിച്ചതെന്നോര്‍ക്കണം’  ഫാത്തിമയെ പ്രവാചകന്‍(സ) നിരന്തരം സന്ദര്‍ശിക്കുകയും അവര്‍ക്കു വേണ്ട ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുകയും ചെയ്യുമായിരുന്നു. തന്റെ മറ്റു പെണ്‍മക്കളായ സൈനബിനോടും ഉമ്മു കുല്‍സുമിനോടും റുഖിയയോടും പ്രവാചകന്‍ (സ) ഈ വിധത്തില്‍ തന്നെയാണ് പെരുമാറിയത്. അദ്ദേഹം അവര്‍ക്ക് നല്‍കിയ പരിഗണയും വാത്സല്യവും കാരുണ്യവും അവിസ്മരണീയമാണ്.

പെണ്‍കുട്ടികളെ സംരക്ഷിക്കുന്നത് ശ്രേഷ്ഠവും പ്രതിഫലാര്‍ഹവുമായ കര്‍മ്മമായി അദ്ദേഹം പ്രഖ്യാപിച്ചു. നബി(സ) പറഞ്ഞു : 1)’പെണ്‍മക്കളുമായി ബന്ധപ്പെട്ട വല്ല കാര്യത്തിലും ആരെങ്കിലും പരീക്ഷിക്കപ്പെട്ടാല്‍, അവര്‍ അവരോട് ഏറ്റവും നല്ല നിലയില്‍ വര്‍ത്തിക്കട്ടെ. എങ്കില്‍ അവര്‍ അവന് നരകത്തില്‍ നിന്നുള്ള മറയായിത്തീരുന്നതാണ ്’. 2) ‘ആരെങ്കിലും തന്റെ രണ്ടു പെണ്‍മക്കളെ പ്രായപൂര്‍ത്തിയാകുന്നതുവരെ നന്നായി പരിചരിച്ചാല്‍ ഞാനും അദ്ദേഹവും അന്ത്യനാളില്‍ ഇതുപോലെയാണ് ഹാജരാവുക.’ എന്ന് പറഞ്ഞ് അദ്ദേഹം തന്റെ രണ്ടു വിരലുകള്‍ ചേര്‍ത്തു പിടിച്ചു.’ 3) ‘ആര്‍ക്കെങ്കിലും മൂന്ന് പെണ്‍മക്കളുണ്ടാവുകയും അവന്‍ അവരെ നന്നായി സംരക്ഷിക്കുകയും, അവരുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുകയും, അവരോട് കാരുണ്യത്തോടെ വര്‍ത്തിക്കുകയുമാണെങ്കില്‍ അവന് തീര്‍ച്ചയായും സ്വര്‍ഗ്ഗം ലഭിക്കുന്നതാണ്. അപ്പോള്‍ ഒരാള്‍ ചോദിച്ചു : അല്ലാഹുവിന്റെ ദൂതരേ, പെണ്‍മക്കള്‍ രണ്ടാണെങ്കിലോ? അദ്ദേഹം പറഞ്ഞു : രണ്ടാണെങ്കിലും.’ ആണ്‍കുട്ടികള്‍ക്ക് മാത്രം  ഉന്നതിയും പദവിയുമാണ്ടായിരുന്ന ഒരു സമൂഹത്തില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി വാക്കിലൂടെയും പ്രവൃത്തിയിലൂടെയും പോരാടിയ  പ്രവാചകന്‍, ഒടുവില്‍ പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടിയ ആ സമൂഹത്തെ ലോകത്തെ ഏറ്റവു വലിയ ബാലികാ സംരക്ഷകരാക്കിത്തീര്‍ത്തു. ഒരു വേള ആണ്‍കുട്ടിളെക്കാന്‍ പരിഗണനയും സ്ഥാനവും പെണ്‍കുട്ടികള്‍ കരസ്ഥമാക്കി. പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ അവരാവശ്യപ്പെടുന്ന വിവാഹമൂല്യം(മഹര്‍) നല്‍കാന്‍ പുരുഷന്മാര്‍ നിര്‍ബന്ധിതരായി. മാത്രമല്ല, പെണ്‍കുട്ടികളുടെ സാമ്പത്തികവും ആരോഗ്യപരവുമായ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കല്‍ പുരുഷന്റെ ബാധ്യതയായി. പെണ്‍കുട്ടികളുടെ സാമൂഹികസുരക്ഷ ഭരണകൂടത്തിന്റെ  മുഖ്യ ചുമതലകളിലൊന്നായി നിര്‍ണ്ണയിക്കപ്പെട്ടു. അവര്‍ക്കെതിരെയുള്ള അതിക്രമം മാത്രമല്ല, അവര്‍ക്കെതിരെയുള്ള ദുരാരോപണം പോലു വന്‍ പാപമായി ഗണിക്കപ്പെട്ടു. അതിന് കര്‍ക്കശമായ ശിക്ഷയും ഏര്‍പ്പെടുത്തി. തന്റെ വിഭാവനയിലുള്ള രാഷ്ട്രത്തെക്കുറിച്ചു പോലും പ്രവാചന്‍ പറഞ്ഞത് ‘സന്‍ആ മുതല്‍ ഹദറമൗത്ത് വരെ (അന്നത്തെ രാഷ്ടത്തിന്റെ രണ്ടറ്റങ്ങള്‍) ഒരു സ്ത്രീ സുരക്ഷിതയായി സഞ്ചരിക്കുന്ന നാടാണ് എന്റെ ലക്ഷ്യമെന്നാണ്.’  

പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും അന്തസ്സിനും അഭിമാനത്തിനും സുരക്ഷക്കും വേണ്ടി 1400 ലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് ശക്തമായി രംഗത്തുവരികയും പ്രായോഗികമായ മാത്യക സൃഷ്ടിക്കുകയം ചെയ്ത മുഹമ്മദ് നബിയാണോ,  തങ്ങളുടെ അതിക്രമങ്ങള്‍ക്കും ദുഷ്‌ചെയ്തികള്‍ക്കും മറയിടാന്‍ മലാലമാരെ സൃഷ്ടിക്കുന്ന നവലോക ശക്തികളാണോ, ആരാണ് യഥാര്‍ത്ഥ ബാലികാ സംരക്ഷകര്‍?  കാലം ഉയര്‍ത്തുന്ന ഇത്തരം ചോദ്യങ്ങള്‍ക്ക് നാം മറുപടി നല്‍കേണ്ടതില്ലേ?

Facebook Comments
Show More

Related Articles

Close
Close