Views

മുസ്‌ലിം ‘ക്രിമിനലുകളെ’ നിര്‍മ്മിക്കല്‍; ഒരു ഹിന്ദുത്വ ഫോര്‍മുല

ആര്‍.എസ്.എസ് താത്വികാചാര്യനായ എം.എസ് ഗോള്‍വാള്‍ക്കര്‍ മുസ്‌ലിംകളെ ഒന്നാമത്തെയും ക്രൈസ്തവരെ രണ്ടാമത്തെയും ആഭ്യന്തര ഭീഷണിയായാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ആര്‍.എസ്.എസ് നേതാക്കന്‍മാരും പ്രവര്‍ത്തകരും അതില്‍ അടിയുറച്ച് വിശ്വസിക്കുകയും ചെയ്യുന്നു. അത്‌കൊണ്ടാണ് ധര്‍മ് ജാഗ്രന്‍ സമിതി (Dharam Jagran Samiti) യുടെ നേതൃത്വം വഹിക്കുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകനായ രാജേശ്വര്‍ സിംഗ് 2014 ല്‍ മോദി അധികാരമേറ്റ് മാസങ്ങള്‍ക്ക് ശേഷം ‘ഞങ്ങള്‍ 2021 നകം ഇന്ത്യയെ മുസ്‌ലിംകളില്‍ നിന്നും ക്രൈസ്തവരില്‍ നിന്നും മുക്തമാക്കുമെന്ന്’പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ജനസംഖ്യയുടെ 16-17 ശതമാനത്തോളം മുസ്‌ലിംകളും ക്രൈസ്തവരും ആണെന്നിരിക്കെ അതൊരു ദുഷ്‌കരമായ ജോലി തന്നെയായിരിക്കും. അതേസമയം, ഹിന്ദുത്വ നേതാക്കന്‍മാരും അണികളും അതിന്റെ പണിപ്പുരയിലാണ്. മുസ്‌ലിംകളാണ് ഏറ്റവും വലിയ ന്യൂനപക്ഷം എന്നതിനാല്‍ തന്നെ ഹിന്ദുത്വ ശക്തികള്‍ അവരിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പശു, വന്ദേമാതരം, ലവ്ജിഹാദ്, രാജ്യാതിര്‍ത്തിക്ക് പുറത്തുള്ള ബന്ധങ്ങളെക്കുറിച്ച ആരോപണങ്ങള്‍ എന്നിവക്ക് പുറമെ വ്യാജ വീഡിയോകളും മുസ്‌ലിംകള്‍ക്കെതിരെ ശത്രുത പരത്താനും ആളുകളെ സംഘടിപ്പിച്ച് ആക്രമിക്കാനും ഉപയോഗപ്പെടുത്തുന്നുണ്ട്. മുസ്‌ലിംകളെ തുരത്താനുള്ള മന്ത്രങ്ങളായി ഗൂഢാലോചനകള്‍ മാറിയിരിക്കുകയാണ്.

ഈയടുത്ത് രാജസ്ഥാനിലാണ് പുതിയ സംഭവം നടന്നത്. മുസ്‌ലിംകള്‍ക്കും ദലിതര്‍ക്കുമെതിരായ അക്രമത്തിലേക്കാണ് രാജ്യത്തെ അത് നയിച്ചുകൊണ്ടിരിക്കുന്നത്. ആ സംഭവത്തെക്കുറിച്ച് ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന വാര്‍ത്ത ഇങ്ങനെയായിരുന്നു: ‘ഏകദേശം ഒരു മാസം മുമ്പ് രാജസ്ഥാനിലെ ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ഹിന്ദോളിയില്‍ നടന്ന ഒരു സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയുണ്ടായി. മുകളില്‍ നിന്നാണ് ആ വീഡിയോ മുഴുവനായും എടുത്തിരുന്നത്. മൊട്ടത്തൊപ്പിയും കുര്‍ത്ത പൈജാമയും ധരിച്ച വൃദ്ധന്‍ ഒരു കുട്ടിയെ പീഢിപ്പിക്കുന്ന ദൃശ്യമാണ് അതിലുള്ളത്. ക്യാമറയുടെ ആംഗിള്‍ കാരണവും റെക്കോഡിംഗിന് ഗുണമേന്‍മയില്ലാത്തതിനാലും രണ്ട് പേരെയും തിരിച്ചറിയാന്‍ പ്രയാസമായിരുന്നു. ആക്രമണം അരങ്ങേറിയ നിര്‍മ്മാണം നടന്ന് കൊണ്ടിരിക്കുന്ന സ്ഥലത്തെയും മനസ്സിലാക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ജൂലൈ അവസാനത്തോട് കൂടി ആക്രമണകാരി എണ്‍പത് വയസ്സ് പ്രായമുള്ള അബ്ദുല്‍ അന്‍സാരിയോട് സാദൃശ്യമുള്ള ആളാണെന്നും ഒരു രജ്പുത് പെണ്‍കുട്ടിയാണ് അക്രമിക്കപ്പെട്ടതെന്നുമുള്ള വാര്‍ത്ത പ്രചരിക്കുകയുണ്ടായി.’

ബിസിനസ്സുകാരുടെ കുടുംബത്തലവനാണ് അബ്ദുല്‍ വഹീദ് അന്‍സാരി. ‘ഭാരത് കൃഷി സേവാ കേന്ദ്ര’ എന്ന പേരില്‍ അദ്ദേഹത്തിനൊരു ബിസിനസ്സ് സ്ഥാപനമുണ്ട്. വിത്തുകള്‍, കീടനാശിനികള്‍. രാസവളം, കീടനാശിനി തളിക്കുന്ന ഉപകരണങ്ങള്‍ എന്നിവയായിരുന്നു അവിടെയുണ്ടായിരുന്നത്. മക്കളുടെ സഹോയത്തോടെയാണ് അദ്ദേഹമത് നടത്തിയിരുന്നത്. വീഡിയോ വൈറലായതിന് ശേഷം അന്‍സാരി കാലങ്ങളായി അറിയുന്നവരടക്കമുള്ള പ്രതിഷേധക്കാര്‍ അന്‍സാരിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കൊണ്ട് തെരുവുകളിലായിരുന്നു. ബി.ജെ.പി, ബജ്‌റംഗ്ദള്‍, വി.എച്ച്.പി, കര്‍മ്മസേന എന്നീ ഹിന്ദുത്വ സംഘടനകളെല്ലാം പ്രത്യേകം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി. പ്രതിഷേധത്തിനിടെ അന്‍സാരിയുടെ വീടിന് നേരെ അക്രമികള്‍ കല്ലെറിയുകയും കാറ് നശിപ്പിക്കുകയും ചെയ്തു.’

റിപ്പോര്‍ട്ടില്‍ പറയുന്നു: ‘ജൂലൈ 31 ന് വീഡിയോയിലുള്ള എന്ന് സംശയിക്കപ്പെടുന്ന പെണ്‍കുട്ടിയുടെ പിതാവ് ഹിന്ദോളി പോലീസ് സ്‌റ്റേഷനില്‍ ഒരു പരാതി രേഖപ്പെടുത്തുകയുണ്ടായി. പാവാട കണ്ടപ്പോള്‍ വീഡിയോയിലുള്ളത് തന്റെ മകളാണെന്ന് ബോധ്യപ്പെട്ടതായി അയാള്‍ പോലീസിന് മൊഴി കൊടുക്കുകയുണ്ടായി. ഐ.പി.സി സെക്ഷന്‍ 376 ന് (ബലാല്‍സംഘം) കീഴിലും പോക്‌സോക്ക് (Protection of Children from sexual offences Act) കീഴിലും അന്‍സാരിക്കെതിരെ എഫ്.ഐ.ആര്‍ രേഖപ്പെടുത്തുകയും ചെയ്തു.’

അബ്ദുല്‍ വഹീദ് അന്‍സാരിയുടെ മൂത്ത പുത്രനായ ശഹാദത്ത് അലി അന്‍സാരി പറയുന്നത് ‘അന്നേ ദിവസം ആറ് മണിക്ക് പോലീസ് ചോദ്യം ചെയ്യാനായി ഉപ്പയെ പിടിച്ച് കൊണ്ട് പോകുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു’എന്നാണ്. ‘ ഞങ്ങള്‍ പോലീസിന് കോഴ കൊടുത്തെന്ന് ചിലയാളുകള്‍ (അതില്‍ നാല് പേര്‍ പത്രപ്രവര്‍ത്തകരായിരുന്നു) പ്രചരിപ്പിക്കുകയുണ്ടായി.’ നാന്നൂറോളം വരുന്ന ആളുകള്‍ അവരുടെ വീട് വളയുകയും അന്‍സാരിയെ അറസ്റ്റ് ചെയ്യാനായി ആ ദിവസം തന്നെ പോലീസ് വീണ്ടും വരികയും ചെയ്തു. കഴിഞ്ഞ 27 ദിവസങ്ങളായി അദ്ദേഹം ജയിലിലാണ്.

ആഗസ്റ്റ് ആദ്യവാരത്തില്‍ തന്നെ വീഡിയോ വ്യാജമാണെന്ന് തെളിയിക്കപ്പെടുകയുണ്ടായി. യു.പിയിലെ കളിമണ്‍പാത്രങ്ങള്‍ നിര്‍മ്മിക്കുന്ന കുര്‍ജാ നഗരത്തില്‍ മാര്‍ച്ച് മാസത്തിലാണ് വീഡിയോ റെക്കോഡ് ചെയ്യപ്പെട്ടതെന്നും അബ്ദുല്‍ അന്‍സാരിയുമായി അതിനൊരു ബന്ധവുമില്ലെന്നും യു.പി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ബുണ്ടി (Bundi) എസ്.പിയായ ആദര്‍ശ് സിധുവും അക്കാര്യം സൂചിപ്പിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വീഡിയോ ബുണ്ടിയില്‍ നിന്നുള്ളതല്ലെന്ന് പോലീസിന് വ്യക്തമായിക്കഴിഞ്ഞിരിക്കുകയാണ്. അതേസമയം അന്‍സാരിയുടെ പ്രതിസന്ധികള്‍ തീര്‍ന്നിട്ടില്ല. കാരണം ‘പീഢിപ്പിക്കപ്പെട്ട’പെണ്‍കുട്ടി സി.ആര്‍.പി.സി 164 ന് കീഴില്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ നടത്തിയ പ്രസ്താവന പോലിസിനെ കൂടുതല്‍ നിയമക്കുരുക്കിലാക്കിയിരിക്കുകയാണ്.

ഹിന്ദുത്വ വര്‍ഗീയ ശക്തികളുടെ ഗൂഢാലോചനയുടെ ഫലമായി നിരപരാധിത്വത്തിന് സംശയാതീതമായ തെളിവുകളുണ്ടായിട്ടും അബ്ദുല്‍ വഹീദ് അന്‍സാരി ഇപ്പോഴും ജയിലറക്കുള്ളില്‍ തന്നെയാണ്. എന്തുകൊണ്ടാണ് ഹിന്ദുത്വ സംഘടന ഗൂഢാലോചന നടത്തിയത് എന്നറിയാന്‍ ബുദ്ധിമുട്ടൊന്നുമില്ല. അന്‍സാരി കുടുംബം ഹിന്ദോളിയില്‍ നടത്തുന്ന ബിസിനസ്സ് വളരെ വലുതാണ്. അയല്‍വാസികളുമായെല്ലാം തങ്ങള്‍ക്ക് നല്ല ബന്ധമായിരുന്നെങ്കിലും തങ്ങളുടെ ബിസിനസ്സ് വളര്‍ച്ചയില്‍ അസൂയ പൂണ്ടവര്‍ അവരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നാണ് മൂത്ത മകനായ ശഹാദത്ത് പറയുന്നത്.

ഹിന്ദുത്വ സംഘടനകളുടെ ഹിന്ദോളിയിലെ ഗൂഢാലോചന അവരുടെ ഗൂഢാലോചന നിറഞ്ഞ മാനസികാവസ്ഥയുടെ തുടര്‍ച്ചയാണ്. ആര്‍.എസ്.എസിന്റെ ഒരു പ്രസിദ്ധീകരണമായ ‘പരംവൈഭവ് കെ പാത് പാറി’ ല്‍ (Param vaibhav ke path par) പറയുന്നു: ‘ഡല്‍ഹി മുസ്‌ലിം ലീഗിന്റെ വിശ്വാസം നേടിയെടുക്കുന്നതിന് വേണ്ടി സ്വയംസേവകര്‍ മുസ്‌ലിംകളായി അഭിനയിച്ചിരുന്നു. അവരുടെ ഗൂഢാലോചനകള്‍ അറിയുന്നതിന് വേണ്ടിയായിരുന്നു അത്.’

സ്വാതന്ത്ര്യദിനത്തില്‍ മുസ്‌ലിംകളായി അഭിനയിച്ച് കൊണ്ട് ആര്‍.എസ്.എസ് എന്താണ് ചെയ്തിരുന്നത് എന്നതിനെക്കുറിച്ച് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ആദ്യത്തെ പ്രസിഡന്റായ ഡോ.രാജേന്ദ്രപ്രസാദ് വ്യക്തമാക്കിയിട്ടുണ്ട്. 1948 മാര്‍ച്ച് 14ന് ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ പട്ടേലിനെഴുതിയ കത്തില്‍ അദ്ദേഹം എഴുതി: ‘പ്രശ്‌നങ്ങളുണ്ടാക്കാന്‍ ആര്‍.എസ്.എസുകാര്‍ പദ്ധതിയിടുന്നുണ്ട്. മുസ്‌ലിംകളായി വേഷമിട്ട് കൊണ്ട് അവര്‍ ഹിന്ദുക്കളുമായി പ്രശ്‌നങ്ങളുണ്ടാക്കുകയും അവരെ അക്രമിക്കുകയും ചെയ്യുന്നുണ്ട്. ഹിന്ദുക്കളെ പ്രകോപിപ്പിക്കുകയാണവര്‍ ചെയ്യുന്നത്. അതുപോലെ അവരില്‍പെട്ട ചില ഹിന്ദുക്കള്‍ മുസ്‌ലിംകളെ ആക്രമിക്കുകയും അവരെ പ്രകോപിപ്പിക്കുകയും ചെയ്യും. ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള പരസ്പര സംഘട്ടനത്തിലേക്കാണ് അത് വഴിവെക്കുക.’

ഹിന്ദുത്വ ഗൂഢാലോചനയുടെ അനന്തരഫലമായിരുന്നു രാഷ്ട്രപിതാവിന്റെ കൊലപാതകം. മുസ്‌ലിംകളാണ് ഹിന്ദുത്വ ഗൂഢാലോചനകളുടെ പ്രധാന ലക്ഷ്യം. ഒരു ജനാധിപത്യ-മതേതര ഇന്ത്യയോട് കൂറുള്ള സത്യസന്ധരായ നിയമപാലകരും നീതിന്യായവ്യവസ്ഥയുമാണ് ആകെയുള്ള പ്രതീക്ഷ.

വിവ: സഅദ് സല്‍മി

Facebook Comments
Related Articles
Show More
Close
Close