Views

മുസ്‌ലിം ഐക്യത്തിലേക്കു ചുവടുവെയ്ക്കുമ്പോള്‍

കേരളത്തിലെ മുസ്‌ലിം സമുദായ സംഘടനകള്‍ക്കിടയിലെ ഐക്യം എന്ന ആശയം വ്യത്യസ്ത കോണുകളില്‍ നിന്ന് ശക്തമായി ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ കുറിപ്പ്. സംഘടനകള്‍ക്കു പുറത്തുള്ളവരില്‍ നിന്നാണ് മുമ്പ് ഈ ആശയം ശക്തമായി ഉയര്‍ന്നു വന്നിരുന്നതെങ്കില്‍, ഇപ്പോഴത്, പല സംഘടനാ നേതാക്കളും പറഞ്ഞു തുടങ്ങി. സമുദായത്തിനകത്ത് സംഘടനാപക്ഷപാതിത്വം തീര്‍ത്ത ശക്തമായ ശൈഥില്യം മറനീക്കി പുറത്തു വന്ന നിരവധി സംഭവങ്ങള്‍ക്ക് സമീപ കാലം സാക്ഷ്യം വഹിച്ചു. സംഘടനകള്‍ക്കു വേണ്ടി മരണത്തില്‍ കലാശിക്കുന്ന സംഘട്ടനങ്ങള്‍, അതു മൂലം പൂട്ടിയിടപ്പെട്ട പള്ളികള്‍, പള്ളികളും വിദ്യാഭ്യാസസ്ഥാപനങ്ങളും കൈക്കലാക്കാന്‍ വേണ്ടി ഇരു വിഭാഗങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന കേസുകള്‍, ഒരേ പള്ളിയില്‍ രണ്ടു ഖുതുബകള്‍, ഖതീബിനെ ബന്ധിയാക്കി ഖുതുബ തന്നെ നഷ്ടപ്പെടുത്തല്‍ തുടങ്ങി സംഘടനയുടെപേരില്‍ സമുദായത്തില്‍ ചിലര്‍ക്ക് ആറടി മണ്ണ് പോലും വിലക്കപ്പെടുന്ന ദുര്യോഗം ‘ഉത്തമ സമുദായ’ത്തിനുണ്ടായിരിക്കുന്നു. സമുദായഐക്യത്തിന്റെ ആവശ്യകത ഏറി വരുന്ന ഒരു കാലത്താണ് മുസ്‌ലിം ഉമ്മത്തില്‍ നിന്ന് ഇത്തരം വാര്‍ത്തകള്‍ കേട്ടുകൊണ്ടിരിക്കുന്നത്. വാര്‍ത്തയാകാത്ത ചെറുതും വലുതുമായ സംഭവങ്ങള്‍ ഓരോ പ്രദേശത്തുകാര്‍ക്കും മഹല്ലുകാര്‍ക്കും പറയാനുണ്ടാകും.

മുസ്‌ലിം ഉമ്മത്തിന്റെ ഐക്യത്തിന്റെ ആവശ്യകതയും അതിനുള്ള ആഹ്വാനവും ഖുര്‍ആന്‍ അസന്നിഗ്ധമാം വിധം ഊന്നിപ്പറയുന്നുണ്ട്. 3:103, 49:10, 21:92. എല്ലാവരാലും അംഗീകരിക്കപ്പെടുന്ന തത്വമാണ് അവയെങ്കിലും മുസ്‌ലിം ഐക്യം എന്ന ആശയം പല സംഘടനകളുടെയും പ്രവര്‍ത്തന അജണ്ടയില്‍ പോലും സ്ഥാനം പിടിച്ചിട്ടില്ല. ഇനി ഉണ്ടെങ്കില്‍തന്നെ അതിന്റെ സ്ഥാനം മറ്റുപല സംഘടനാ താല്‍പ്പര്യങ്ങളേക്കാളും പിന്നിലാണ്.  സമീപ കാലത്തുണ്ടായ പല സംഭവവികാസങ്ങളില്‍ നിന്നും മനസ്സിലാകുന്നത് അങ്ങനെയാണ്. ഈ സംഘനടകള്‍ക്കും അവയില്‍ അംഗങ്ങളോ അനുഭാവികളോ ആയ മുസ്‌ലിംകള്‍ക്കിടയിലും എങ്ങനെ ഒരു മിനിമം ഐക്യമുണ്ടാക്കാം എന്ന ആലോചനയാണിത്. അതിനു പ്രയോജനപ്രദമാകുമെന്ന കരുതുന്ന, മുമ്പ് പലരാലും പറയപ്പെട്ട, ഏതാനും മാര്‍ഗ്ഗ നിര്‍ദേശങ്ങളാണിത്. തദടിസ്ഥാനത്തില്‍ മുസ്‌ലിം സംഘടനകള്‍, അവയുടെ വ്യതിരിക്തമായ അസ്ഥിത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ, നയകര്‍മപരിപാടികള്‍ ആവിഷ്‌ക്കരിക്കുന്ന പക്ഷം ഭാവിയില്‍ ഗുണകരമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.
    
ഇവിടെ മുസ്‌ലിം ഐക്യം കൊണ്ടുദ്ദേശിക്കപ്പെടുന്നത്, സമുദായാംഗങ്ങളും സംഘടനകളും പണ്ഡിതന്‍മാര്‍ക്കൊക്കെയും എല്ലാ കാര്യങ്ങളിലും ഏകാഭിപ്രായം ഉണ്ടാകുക എന്നല്ല. എല്ലാ പ്രസ്ഥാനങ്ങള്‍ക്കും സംഘങ്ങള്‍ക്കും വ്യക്തികള്‍ക്കും ഒരേ കര്‍മ്മപരിപാടികളും മുന്‍ഗണനാക്രമവും ആകണമെന്നില്ല. അത്തരം വ്യത്യാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ ഐക്യം എങ്ങനെ സാധ്യമാക്കാം എന്നതാണ് ഇവിടെ ചര്‍ച്ച. ഐക്യത്തിനു വേണ്ട ചില മാര്‍ഗനിര്‍ദേശങ്ങളാണ് ചുവടെ.

ഇതര സംഘടനകളുടെ അസ്തിത്വം അംഗീകരിക്കുക.
സംഘടനകള്‍ പരസ്പരം അംഗീകരിക്കാനുള്ള മാനസികാവസ്ഥയിലേക്കു ഉയരുക. ഒരു സംഘടന സ്വന്തം നിലക്ക് ഒരു വ്യതിരിക്തമായ അസ്ഥിത്വം അവകാശപ്പെടുന്നതുപോലെത്തന്നെ, തീര്‍ച്ചയായും മറ്റുള്ളവരുടെ അസ്ഥിത്വവും അംഗീകരിച്ചേ തീരൂ. ഒരാള്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടം അസ്ഥിത്വം അംഗീകരിക്കുക എന്നാല്‍, ഇന്ന ആള്‍ ഇന്ന പ്രസ്ഥാനക്കാരനാണ് എന്നു അംഗീകരിക്കുക മാത്രമല്ല, ഏതു പ്രസ്ഥാനത്തിലേക്കാണോ അയാള്‍ ചേര്‍ക്കപ്പെട്ടത്, ആ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങളും പ്രവര്‍ത്തനങ്ങളും അയാളില്‍ കാണുമെന്നു കൂടി അംഗീകരിക്കലാണ്. അയാളുടെ പ്രസ്ഥാനത്തെ പ്രതിനിധീകരിക്കുന്നതായ പ്രവര്‍ത്തനങ്ങള്‍ അയാളില്‍ നിന്നുണ്ടാകുമ്പോള്‍ അതിനെ സഹിഷ്ണുതയോടെ കാണാന്‍ സാധിക്കുക എന്നുള്ളതാണ്.

ഐക്യം സംഘടനകളുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തണം
ഓരോ പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തനപരിപാടികളില്‍ സുപ്രധാനമായ ഒരു അജണ്ടയായി സാമുദായിക ഐക്യം എന്ന അജണ്ട ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഉദാഹരണത്തിന് മുജാഹിദ് പ്രസ്ഥാനം ഒരു ഇസ്‌ലാഹി പ്രസ്ഥാനമാണ്. അങ്ങനെയാണ് ആ പ്രസ്ഥാനം സ്വയം പരിചയപ്പെടുത്തുന്നത്. സമുദായത്തിലുള്ള വിശ്വാസപരവും ആചാരപരവുമായി ഉണ്ടായിത്തീര്‍ന്നിട്ടുള്ള ജീര്‍ണ്ണതകളെ സംസ്‌കരിക്കുകയയാണ് അതിന്റെ മുഖ്യ അജണ്ട. അപ്പോള്‍ ആ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന പരിപാടികളില്‍ മുസ്‌ലിം ഐക്യവും സുപ്രധാന അജണ്ടയായി മാറണം. മുസ്‌ലിം ഐക്യം തങ്ങളുടെ പ്രവര്‍ത്തന അജണ്ടയിലെ സുപ്രധാനമായ ഒന്നാകുമ്പോഴേ അതിനു വേണ്ടി കൂടി പ്രവര്‍ത്തിക്കാന്‍ ഏതൊരു പ്രസ്ഥാനത്തിനും കഴിയൂ. കുറഞ്ഞപക്ഷം, മുസ്‌ലിംകളില്‍ ഛിദ്രതയും അനൈക്യവും ഉണ്ടാക്കുന്ന കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാനെങ്കിലും കഴിയും.

ആത്മവിമര്‍ശനം
ആധുനിക ലോകത്തെ ഏറ്റവും ശക്തമായ ഇസ്‌ലാമിക പ്രസ്ഥാനമാണ് ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍. ഈജിപ്തില്‍ 1928 ല്‍ ശഹീദ് ഹസനുല്‍ ബന്നയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ഈ പ്രസ്ഥാനം ഒരു ശതാബ്ദം തികക്കും മുമ്പ് മിക്കവാറും എല്ലാ അറബ് രാജ്യങ്ങളിലും ശക്തമായ വേരുകള്‍ അതുണ്ടാക്കി. മുസ്‌ലിംങ്ങള്‍ ന്യൂനപക്ഷങ്ങളായ നാടുകളിലും ആ പ്രസ്ഥാനം കൊളുത്തിവിട്ട ഇസ്‌ലാമിക ഉണര്‍വും ചെറുതല്ല. ലോകത്ത് ഇത്രയും സ്വാധീനമുള്ള ആ പ്രസ്ഥാനം പോലും ആത്മവിമര്‍ശനത്തിന് തയ്യാറാകുന്നു. മുന്‍കാലങ്ങളില്‍ തങ്ങള്‍ക്ക് സംഭവിച്ച നയപരമായ പോരായ്മകളെ ആത്മപരിശോധനക്കു വിധേയമാക്കുന്ന ഇഖ്‌വാന്‍, പുറമെ നിന്നു ആ പ്രസ്ഥാനത്തെ വീക്ഷിക്കുന്നവര്‍ക്കു പോലും പ്രസ്ഥാനത്തിന്റെ പോരായ്മകളെ മനസ്സിലാക്കാനും അറിയാനും അവസരം നല്‍കുന്ന കൃതികളായി അവര്‍ പ്രസിദ്ധീകരിക്കാറുണ്ട്. ഏതൊരു ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും ഭരണഘടന ഖുര്‍ആനും സുന്നത്തിലും അധിഷ്ടിതമാണെങ്കിലും മനുഷ്യരാണല്ലോ തീരുമാനങ്ങള്‍ എടുക്കുന്നതും നടപ്പിലാക്കുന്നതും, തെറ്റുകള്‍ സംഭവിക്കാന്‍ ഇതു തന്നെ ധാരാളമാണ് എന്ന ബോധം എല്ലാ പ്രസ്ഥാനങ്ങള്‍ക്കും ഉണ്ടാകണം. അതിനാല്‍ നമ്മുടെ നാട്ടിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഈ രീതി അവലംബിക്കണം. അവര്‍ അവരുടെ വാര്‍ഷിക റിപോര്‍ട്ടുകള്‍ അവതരിപ്പിക്കുമ്പോള്‍, കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുമ്പോള്‍, പ്രസ്ഥാനത്തിന്റെ മാത്രമല്ല; സമുദായത്തിന്റെ മുഴുവന്‍ കുതിപ്പും കിതപ്പും വിശകലനം ചെയ്യണം. ഉമ്മത്തിന്റെ ഐക്യത്തിനു കോട്ടം സംഭവിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തങ്ങളില്‍ നിന്ന് അറിഞ്ഞോ അറിയാതെയോ ഉണ്ടായിപ്പോയിട്ടുണ്ടോ എന്ന് അവര്‍ സ്വയം വിലയിരുത്തണം. ഉണ്ടെങ്കില്‍ അത് തിരുത്തിയിട്ടാകണം പിന്നീട് അതിന്റെ മുന്നോട്ടുള്ള പ്രയാണം.   

ഇതര ആശയക്കാരെ അവര്‍ ഇഷ്ടപ്പെടുന്ന പേരുകൊണ്ട് സംബോധന ചെയ്യുക. ഒരു പ്രസ്ഥാനത്തിന് മറ്റു പ്രസ്ഥാനത്തോടു പകയും വെറുപ്പും ഉണ്ടാകാന്‍ ഏറ്റവും കൂടുതല്‍ കാരണമാകുന്ന ഒന്നാണ് അവരെ അവര്‍ ഇഷ്ടപ്പെടാത്ത പേരില്‍ സംബോധന ചെയ്യുക എന്നത്. മുജാഹിദുകള്‍ സുന്നികളെ ഖുബൂരികള്‍, ഖുറാഫികള്‍ എന്നു വിളിച്ചാല്‍, തിരിച്ച് മുജാഹിദുകളെ അതിനേക്കാള്‍ മോശമായ പേരില്‍ സംബോധന ചെയ്യാനേ സുന്നികള്‍ക്കു തോന്നൂ.

ആഭ്യന്തര പ്രശ്‌നങ്ങള്‍ പൊതുവേദികളില്‍ സംസാരിക്കാതിരിക്കുക. കവല പ്രസംഗങ്ങള്‍ കൂടുതലും ഇസ്‌ലാമിന്റെ മഹത്വവും അതിന്റെ ഉദാത്തമായ അധ്യാപനങ്ങളും ഉദ്‌ഘോഷിക്കുന്നതാവുക. പരസ്പരം പഴിചാരലുകളും ചളിവാരിയെറിയലുകളും പരമാവധി ഒഴിവാക്കുക. ഉണ്ടെങ്കില്‍ തന്നെ അതിനെ പൊതു സമൂഹത്തിലേക്കു വലിച്ചിഴക്കാതിരിക്കുക. 

Facebook Comments
Related Articles

Check Also

Close
Close
Close