Views

ഫലസ്തീനീ ബാലന്മാരുടെ ജീവനും വിലയില്ലേ?

ജൂണ്‍ 12 ന് കാണാതായ 3 ഇസ്രയേലി ബാലന്മാരുടെ മൃതദേഹം കണ്ടെത്തിയതോടെ ഇസ്രയേലില്‍ ജനരോഷം വര്‍ധിച്ചതോതില്‍ ശക്തിപ്പെട്ടിരിക്കുകയാണ്. വെസ്റ്റ് ബാങ്കിലെ ഹെബ്രോണിലുള്ള ജൂതന്മാര്‍ മാത്രം താമസിക്കുന്ന അനധികൃത കുടിയേറ്റ കേന്ദ്രത്തിലെ താമസക്കാരായ ഇയാല്‍ ഇഫ്‌റഹ് (19), നെഫ്താലി ഫ്രാന്‍കെല്‍ (16), ഗിലാദ് ശാര്‍ (16) എന്നിവരാണ് കൊല്ലപ്പെട്ടത്. ഹെബ്രോണില്‍ ഫലസ്തീന്‍ ഭൂമി കൈയ്യേറി ഇസ്രയേല്‍ നിര്‍മ്മിച്ച കുടിയേറ്റ കേന്ദ്രം അനധികൃതമാണെന്നും ഇസ്രയേല്‍ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അന്താരാഷ്ട്ര കോടതി വിധിച്ചിട്ടുണ്ട്. അനധികൃത കുടിയേറ്റ കേന്ദ്രത്തിലെ താമസക്കാരായിരുന്നെങ്കിലും ജീവിച്ചു തുടങ്ങുന്ന കാലത്ത് തന്നെ ക്രൂരമായി കൊലചെയ്യപ്പെട്ട ഈ യുവാക്കളുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതിനോടൊപ്പം യുവാക്കള്‍ക്ക് നേരെ നടന്ന അക്രമണത്തെ അപലപിക്കുകയും ചെയ്യുന്നു.

അതേസമയം, ബാലന്മാരെ കാണായത് മുതല്‍ ഇസ്രയേല്‍ സര്‍ക്കാര്‍ നടത്തുന്ന നിരന്തര അക്രമണങ്ങളെയും നാം അപലപിക്കേണ്ടതുണ്ട്. ഇത്രയും ദിവസങ്ങള്‍ക്കുള്ളില്‍ 1,500 ലധികം ഫലസ്തീന്‍ ഭവനങ്ങളും, വ്യവസായ സ്ഥാപനങ്ങളും സ്‌കൂളുകളുമാണ് ഇസ്രയേല്‍ സൈന്യം തകര്‍ത്തത്. അതിന് പുറമെ 550 ഓളം ഫലസ്തീനികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരിക്കുന്നു. അറസ്റ്റ് ചെയ്യപ്പെട്ട പകുതിയിലധികം പേരെയും യാതൊരു കുറ്റവും ചുമത്താതെയാണ് തടവിലിട്ടിരിക്കുന്നത്. ഇസ്രയേല്‍ സൈന്യത്തിന്റെ അതിക്രമത്തില്‍ 100 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും നെഞ്ചില്‍ വെടിയേറ്റ് മരിച്ച 14 വയസ്സുകാരനായ ബാലനുള്‍പ്പെടെ 7 പേര്‍ ഇതിനകം കൊല്ലപ്പെടുകയും ചെയ്തു. ഞാന്‍ ഈ ലേഖനമെഴുതുമ്പോള്‍ ഹെബ്രോണിലെ 680,000 ത്തോളം വരുന്ന ജനത പ്രതികാര ദാഹികളായ ഇസ്രയേല്‍ സൈന്യത്തിന്റെയും അനധികൃത കുടിയേറ്റക്കാരുടെയും വലയത്തില്‍ മരണത്തെ മുന്നില്‍ കണ്ടും അക്രമണം പ്രതീക്ഷിച്ചും കഴിയുകയാണ്.

നിങ്ങളുടെ നാട്ടിലാണ് ഇങ്ങനെയൊരു കൊലപാതകം നടന്നതെന്ന് നിങ്ങള്‍ സങ്കല്‍പ്പിക്കുക, കുറ്റവാളികളെ കണ്ടെത്തുന്നതിന് പകരം നാട്ടിലെ സ്വത്ത് നശിപ്പിക്കലും ജനങ്ങളെ കൂട്ടമായി അറസ്റ്റ് ചെയ്യലും നിരപരാധികളെ കൊലപ്പെടുത്തലുമായിരിക്കുമോ അതിനുള്ള പ്രതികരണം? തീര്‍ച്ചയായും അല്ല. എന്നാല്‍ സൈനിക അധിനിവേശത്തെ തുടര്‍ന്ന് പതിറ്റാണ്ടുകളായി ദുരിതം പേറി ജീവിക്കുന്ന ഒരു ജനതക്ക് മേലുള്ള ഈ കടന്നുകയറ്റവും എന്തുകൊണ്ട് അംഗീകരിക്കപ്പെടുന്നു?

കാര്യങ്ങള്‍ ശരിക്കും മനസ്സിലാകണമെങ്കില്‍ ജൂണ്‍ 12 ന് നടന്ന യുവാക്കളുടെ തട്ടിക്കൊണ്ടു പോകല്‍ മാത്രം അറിഞ്ഞിരുന്നാല്‍ പോര, അതിനുമുമ്പുള്ള ചിലത് കൂടി അറിയേണ്ടതുണ്ട്. കഴിഞ്ഞ ഏപ്രില്‍ 23 നാണ് ഫലസ്തീനിലെ രണ്ട് പ്രമുഖ രാഷ്ട്രീയ ശക്തികളായ ഹമാസും ഫതഹും യോജിച്ച് രാജ്യത്ത് ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്. വെസ്റ്റ് ബാങ്കിലെ ഫതഹിന്റെ നേതൃത്വത്തിലുള്ള ഫലസ്തീന്‍ അതോറിറ്റിക്ക് ഇസ്രയേലുമായി നല്ല ബന്ധമാണുള്ളത്. എന്നാല്‍ ഗസ്സ ഭരിക്കുന്ന ഹമാസ് ദീര്‍ഘനാളായി ഇസ്രയേലിന്റെ അധിനിവേശ പ്രവര്‍ത്തനങ്ങളെ പ്രതിരോധിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇരുകൂട്ടരും തമ്മിലുള്ള ഐക്യസര്‍ക്കാര്‍ രൂപീകരണത്തെ ഇസ്രയേലും അമേരിക്കയും അംഗീകരിക്കാന്‍ സന്നദ്ധമായിരുന്നില്ല.

ഇസ്രയേല്‍ യുവാക്കളെ കാണാതായ ഉടന്‍ സംഭവിത്തിന് പിന്നില്‍ ഹമാസാണെന്ന ആരോപണവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു രംഗത്തെത്തിയിരുന്നു. ഒപ്പം വെസ്റ്റ് ബാങ്കിലെ ഹമാസ് പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ചു വേട്ടയാടുന്ന നടപടിയും ഇസ്രയേല്‍ ആരംഭിച്ചു. വെസ്റ്റ് ബാങ്കിലെ ഹമാസിന്റെ വേരോട്ടത്തെ എല്ലാ അര്‍ഥത്തിലും തടയിടുക എന്നതു തന്നെയായിരുന്നു ഇസ്രയേലിന്റെ ഉദ്ദേശ്യം. അതുകൊണ്ടാണ് ‘ഹമാസിന്റെ മെംബര്‍ഷിപ്പ് നരകത്തിലേക്കുള്ള ടിക്കറ്റാണെന്ന്’ ഇസ്രയേല്‍ ധനമന്ത്രി നെഫ്താലി ബെന്നറ്റ് പ്രഖ്യാപിച്ചത്. ഹമാസുമായി ബന്ധമുള്ള ഓരോ വ്യക്തിയെയും അറസ്റ്റ് ചെയ്യാനും ഹമാസിനെ തുടച്ചു നീക്കാനുമാണ് ഇസ്രയേല്‍ ഉദ്ദേശിക്കുന്നതെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുകയുണ്ടായി. കൂട്ട അറസ്റ്റിലൂടെ കാണാതായ കുട്ടികളെ കണ്ടെത്തലല്ല ഇസ്രയേല്‍ ലക്ഷ്യം വെക്കുന്നതെന്നും മറിച്ച് പ്രദേശത്ത് കുഴപ്പം സൃഷ്ടിക്കലാണെന്നും ഈ ഉദ്യോഗസ്ഥന്‍ ഒരു ഇസ്രയേല്‍ പത്രമായ ‘ഹാരറ്റ്‌സി’നോട് വ്യക്തമാക്കുകയുണ്ടായി.

ഇസ്രയേല്‍ യുവാക്കളുടെ മൃതദേഹം കണ്ടെത്തിയതോടെ ഹെബ്രോണിലും പരിസര പ്രദേശങ്ങളിലും ഇസ്രയേല്‍ സൈന്യം അക്രമണം ശക്തിപ്പെടുത്തിയിരിക്കുകയാണ്. ജെനിന്‍ അഭയാര്‍ഥി ക്യാമ്പില്‍ 17 വയസ്സുകാരന്‍ ബാലന്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. (കഴിഞ്ഞ ദിവസം മറ്റൊരു ഫലസ്തീന്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. മൃതദേഹം കത്തിച്ചതായും റിപ്പോര്‍ട്ടുണ്ട്). ഹമാസിന്റെ ശക്തി കേന്ദ്രമായ ഗസ്സക്കെതിരെ അക്രമണം ശക്തിപ്പെടുത്താനും ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ഉത്തരവിട്ടിട്ടുണ്ട്.

ഇസ്രയേല്‍ ഇതിനകം പിടികൂടിയ നൂറുണക്കിന് ഫലസ്തീനികളില്‍ അധികപേരെയും വിചാരണ കൂടാതെയാണ് തടവിലിട്ടിരിക്കുന്നത്. ഇസ്രയേലിലെ ‘അഡ്മിനിസ്‌ട്രേറ്റീവ് ഡിറ്റന്‍ഷന്‍’ എന്ന പേരിലുള്ള നിയമം ഏതൊരു വ്യക്തിയെയും വിചാരണ കൂടാതെ എത്രയും നാള്‍ തടവില്‍ പാര്‍പ്പിക്കാനുളള അവകാശം ഇസ്രയേല്‍ സൈന്യത്തിന് നല്‍കുന്നുണ്ട്. കുറ്റവാളികളെ ശിക്ഷിക്കുക എന്നതിലുപരി ഫലസ്തീനികളില്‍ നിന്നും ഭാവിയിലുണ്ടാകുന്ന അക്രമണത്തെ തടുക്കാന്‍ വേണ്ടി പിടികൂടുന്ന ഫലസ്തീനികളില്‍ അധികപേരെയും ഈ നിയമ പ്രകാരം അനിശ്ചിതകാലത്തേക്ക് തടവില്‍ പാര്‍പ്പിക്കുകയാണ് ചെയ്യുന്നത്.

കുട്ടികളെയും യുവാക്കളെയുമാണ് ഇസ്രയേല്‍ സൈന്യം പ്രധാനമായും വേട്ടയാടുന്നത്. 2000 ത്തിനു ശേഷം 1,400 ലധികം ഫലസ്തീന്‍ ബാലന്മാര്‍ ഇസ്രയേല്‍ സൈന്യത്തിന്റെയും അനധികൃത കുടിയേറ്റക്കാരുടെയും അക്രമണത്തില്‍ കൊല്ലപ്പെട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു. അഥവാ, കഴിഞ്ഞ 13 വര്‍ഷത്തിനിടയില്‍ ഇസ്രയേല്‍ അക്രമണത്തില്‍ ഓരോ 3 ദിവസം കൂടുമ്പോഴും ഒരു ഫലസ്തീന്‍ ബാലന്‍ കൊല്ലപ്പെടുന്നു എന്നു സാരം. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ച് യൂറോ-മിഡില്‍ഈസ്റ്റ് മനുഷ്യാവകാശ വിഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ഓരോ വര്‍ഷവും 2000-3000 ഫലസ്തീന്‍ ബാലന്മാരെ ഇസ്രയേല്‍ അറസ്റ്റ് ചെയ്യുന്നുണ്ട്. ഒരു മാസം ശരാശരി 200 പേരെ അറസ്റ്റ് ചെയ്യുന്നു. ‘അര്‍ധരാത്രി വീട് റെയ്ഡ് ചെയ്തും നടുറോട്ടില്‍ നിന്നും യുവാക്കളെ അറസ്റ്റ് ചെയ്യുന്ന ഇസ്രയേല്‍ സൈന്യം തങ്ങള്‍ക്കെതിരായ കുറ്റമെന്താണെന്ന് പോലും അവരോട് പറയാറില്ല, മാത്രമല്ല അറസ്റ്റ് ചെയ്യുന്ന വിവരം അവരുടെ രക്ഷാധികാരികളെയും അറിയിക്കുന്നില്ല പതിവില്ല. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിത്’ യൂറോ-മിഡില്‍ മനുഷ്യാവകാശ സംഘത്തിന്റെ നിയമോപദേശകനായ ഇഹ്‌സാന്‍ ആദില്‍ വ്യക്തമാക്കുന്നു. ‘ഇതും ഇസ്രയേലീ വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടു പോകലും തമ്മില്‍ എന്തു വ്യത്യാസമാണുള്ളത്? എല്ലാ ദിവസവും, എല്ലാ വര്‍ഷവും ഇതു തുടര്‍ന്നുകൊണ്ടിരിക്കുമ്പോഴും എന്തുകൊണ്ടിത് അന്താരാഷ്ട്ര തലത്തില്‍ പ്രശ്‌നമാവുന്നില്ല?’ അദ്ദേഹം ചോദിക്കുന്നു.

അറസ്റ്റ് ചെയ്യപ്പെട്ട ഫലസ്തീന്‍ ബാലന്മാരെ ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചാണ് അവരെ തടവിലടച്ചിരിക്കുന്നത്. ഇസ്രയേല്‍ തടവില്‍ കഴിയുന്ന ഫലസ്തീന്‍ ബാലന്മാരില്‍ 95 ശതമാനം പേരും ഇത്തരത്തില്‍ ഭീഷണിക്ക് വഴങ്ങി കുറ്റം സമ്മതിച്ചതാണെന്ന് യു.എന്നും യൂണിസെഫും ലോകാരോഗ്യ സംഘടനയും കണ്ടെത്തിയിരുന്നു.

ഇസ്രയേല്‍ നടത്തുന്ന ഈ മനുഷ്യത്വ രഹിതമായ നടപടികള്‍ക്കെതിരെ ഏറ്റവും നന്നായി പ്രതികരിച്ചവരില്‍ ഒരാള്‍ ഇസ്രയേലില്‍ നിന്നുള്ള പത്രപ്രവര്‍ത്തകനായ ജിദിയോണ്‍ ലെവിയാണ്. വെസ്റ്റ് ബാങ്കില്‍ കൊല്ലപ്പെട്ട ഇസ്രയേലി യുവാക്കളില്‍ ഒരാളായ നെഫ്താലി ഫ്രാന്‍കെലിനെയും ഇസ്രയേലിന്റെ അക്രമണത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് ജിഹാദുദ്ദീനെയും താരതമ്യം ചെയ്ത് ജിദിയോണ്‍ ലെവി എഴുതുന്നു : കൊല്ലപ്പെട്ട നെഫ്താലി ഫ്രാന്‍കെലിന്റെ മാതാവ് റാച്ചല്‍ ഫ്രാന്‍കെല്‍ സ്വിറ്റ്‌സര്‍ലാന്റില്‍ നടക്കുന്ന മനുഷ്യാവകാശ കൗണ്‍സിലിന്റെ യോഗത്തില്‍ പങ്കെടുക്കുകയുണ്ടായി. ‘എന്റെ മകന്‍ നല്ല കുട്ടിയായിരുന്നെന്നും ഗിറ്റാറും ഫുട്‌ബോളും അവന് ഇഷ്ടമായിരുന്നു’ എന്നുമാണ് അവര്‍ കൗണ്‍സിലില്‍ പറഞ്ഞത്. ഇത് വ്യക്തമാക്കിയ ശേഷം ലെവി വിശദീകരിക്കുന്നു : ‘മുഹമ്മദ് ജിഹാദുദ്ദീനും നല്ല കുട്ടിയായിരുന്നു, സ്‌കൂള്‍ അവധിക്കാലത്ത് വീടു പണിയില്‍ പിതാവിനെ സഹായിക്കാന്‍ അവനും ഉണ്ടായിരുന്നു, അവധിക്കാലത്ത് മിഠായി വിറ്റ് അവന്‍ കുടുംബത്തെ സഹായിച്ചു. റാച്ചലിനെ പോലെ മുഹമ്മദിന്റെ പിതാവ് ജിഹാദും വിരഹ ദുഃഖം അനുഭവിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തെ ആരും ജനീവയിലേക്ക് കൊണ്ടുപോയില്ല. ഇനിയും പണി പൂര്‍ത്തിയായിട്ടില്ലാത്ത (ഒരുപക്ഷെ ഒരിക്കലും പൂര്‍ത്തിയായി എന്നുവരില്ല) ആ ഇടുങ്ങിയ കൂരയില്‍ അദ്ദേഹം ദുഃഖം കടിച്ചമര്‍ത്തിയിരിക്കുകയാണ്.’

വിവ : ജലീസ് കോഡൂര്‍

Facebook Comments
Related Articles
Show More
Close
Close