Views

നമ്മുടെ ഭാവി തീരുമാനിക്കേണ്ടത് നമ്മള്‍ തന്നെ

രാജ്യത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പി തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. എന്നാല്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും പ്രാധിനിത്യം ലഭ്യമാക്കുന്നതിന് പകരം ഭൂരിപക്ഷത്തിന്റെ ആധിപത്യമായി ജനാധിപത്യത്തെ പരിവര്‍ത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ശ്രീലങ്കയില്‍ സിംഹളര്‍ ന്യൂനപക്ഷങ്ങളെ പുറംതള്ളി ഭൂരിപക്ഷ ജനാധിപത്യം സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങള്‍ക്ക് നമ്മള്‍ സാക്ഷികളായതിനാല്‍ തന്നെ അതില്‍ ആശങ്കക്ക് വകയുണ്ട്. ഇവിടെയും സമാനമായ സാഹചര്യം സൃഷ്ടിക്കാന്‍ തന്നെയായിരിക്കുമോ ആര്‍.എസ്.എസ് പ്രചാരകനായ മോദിയുടെ പദ്ധതിയും? ഛിദ്രതയുടെ പ്രത്യയശാസ്ത്രം പിന്തുടരുന്നരവാണ് ആര്‍.എസ്.എസ്. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ മോദി നടത്തിയ ആദ്യ പ്രസംഗത്തില്‍ അദ്ദേഹം ദീന്‍ ദയാല്‍ ഉപാധ്യായയെ ഉദ്ധരിക്കുകയുണ്ടായി. മുസ്‌ലിംകള്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന ദീന്‍ ദയാല്‍ ഉപാധ്യായയുടെ അഭിപ്രായത്തെ കുറിച്ച് മോദിക്ക് എന്ത് പറയാനുണ്ട്?

കഴിഞ്ഞകാലത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് നിങ്ങള്‍ ഒരാള്‍ക്ക് മാര്‍ക്കിടുക. ഗുജറാത്ത് മോഡല്‍ വികസനം നടപ്പിലാക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ സമയത്തെല്ലാം മോദി പറഞ്ഞിരുന്നത്. എന്നാല്‍ എല്ലാവിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന തരത്തിലായിരുന്നോ ഗുജറാത്തിലെ വികസനം? അഹമ്മദാബാദില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ജുഹാപുരയുടെ തൊട്ടുമുമ്പ് മെട്രോ ലൈന്‍ അവസാനിച്ചത് എന്തുകൊണ്ട്? ജുഹാപുരയിലൂടെ ഗ്യാസ് പൈപ്പ്‌ലൈനും കടന്നുപോകുന്നില്ല. ഗുജറാത്തില്‍ ന്യൂനപക്ഷ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് നടപ്പിലാക്കുന്നതിന് മോദി എന്തിന് എതിര് നില്‍ക്കുന്നു? മതംമാറാന്‍ ആഗ്രഹിക്കുന്നവര്‍ സര്‍ക്കാറില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്ന നിയമം എന്തിനാണ് മോദി പാസാക്കിയത്? (ഗവര്‍ണര്‍ ഈ നിയമത്തിന് അംഗീകാരം നല്‍കുകയുണ്ടായില്ല)

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന അന്നുതന്നെയാണ് ഗുജറാത്തിലെ അക്ഷര്‍ധാം ക്ഷേത്ര അക്രമണ കേസില്‍ ശിക്ഷിക്കപ്പെട്ട മുസ്‌ലിം ചെറുപ്പക്കാരെ സുപ്രീം കോടതി വെറുതെ വിട്ടത്. ജീവിതത്തിലെ ഏറ്റവും ഏറെ നിര്‍ണായകമായ 11 വര്‍ഷങ്ങളാണ് ഈ ചെറുപ്പക്കാര്‍ ജയിലില്‍ കഴിച്ചു കൂട്ടിയത്. നിരപരാധികളായ ചെറുപ്പക്കാരുടെ ജീവിതം ജയിലില്‍ നഷ്ടപ്പെടുന്നതില്‍ ഒട്ടും ശ്രദ്ധിക്കാതിരുന്ന ഗുജറാത്ത് മുഖ്യമന്ത്രിയെയും സര്‍ക്കാറിനെയും സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അക്ഷര്‍ധാമോ ഹരണ്‍ പാണ്ഡ്യ വധമോ ഗോധ്ര തീവെപ്പോ ഇതിലേതു കേസും തെരഞ്ഞെടുക്കാമെന്നായിരുന്നു ഈ ചെറുപ്പക്കാരോട് ഗുജറാത്ത് പോലീസ് പറഞ്ഞത്. എത്രമാത്രം ആശങ്കാജനകമാണ് കാര്യങ്ങള്‍!

വാജ്‌പേയിക്കും എല്‍.കെ അദ്വാനിക്കും ന്യൂനപക്ഷങ്ങളെ കൈയ്യിലെടുക്കാന്‍ സാധിച്ചിരുന്നു എന്ന അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല. ഗ്രഹാം സ്റ്റൈന്‍സിന് സംഭവിച്ചത് നമ്മളെങ്ങനെ മറക്കും? വാജ്‌പേയി പ്രധാനമന്ത്രിയും അദ്വാനി ഗുജറാത്തില്‍ നിന്നുള്ള എം.പിയും ആഭ്യന്തര മന്ത്രിയുമായിരിക്കെയാണ് 2002 ലെ ഗുജറാത്ത് കലാപം അരങ്ങേറിയത്. രാജ്യ ധര്‍മ്മം നടപ്പിലാക്കാന്‍ വാജ്‌പേയി മോദിയോട് പരസ്യമായി ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹത്തിന്റെ അറിവോടെ തന്നെയാണ് എല്ലാം നടന്നത്. വാജ്‌പേയിയുടെ കാലത്ത് നടപ്പിലാക്കിയ പോട്ട എന്ന കരിനിയമത്തിന്റെ കീഴില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ടത് മുസ്‌ലിംകളും ദലിതുകളും ആദിവാസി വിഭാഗങ്ങളുമായിരുന്നു.

വിദ്വേഷ പ്രസംഗം നടത്തിയ ഇംറാന്‍ മസൂദ് തോല്‍ക്കുകയും ഗിരിരാജ് സിങ് വിജയിക്കുകയും ചെയ്തതെങ്ങനെയെന്ന് രാഷ്ട്രം ആലോചിക്കട്ടെ. 18 ശതമാനം മുസ്‌ലിംകളുള്ള യു.പിയില്‍ നിന്ന് ഒരു മുസ്‌ലിം എം.പി പോലും വിജയിച്ചിട്ടില്ല. എന്നാല്‍ 10 ശതമാനം മുസ്‌ലിംകളുള്ള തമിഴ്‌നാട്ടിലും ഒറീസയിലും ബി.ജെ.പിക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചതുമില്ല. പക്ഷെ 17 ശതമാനം മുസ്‌ലിംകളുള്ള അസമില്‍ ബി.ജെ.പി വമ്പിച്ച നേട്ടമുണ്ടാക്കുകയും ചെയ്തിരിക്കുന്നു. മുസ്‌ലിം ജനസംഖ്യ 15 ശതമാനത്തിലധികമുള്ള സ്ഥലങ്ങളില്‍ വര്‍ഗീയ ചേരിതിരിവുകളുണ്ടാക്കിയാണ് ബി.ജെ.പി ഇത്രയും വലിയ നേട്ടം കൊയ്തതെന്ന് വളരെ വ്യക്തമാണ്. ബി.ജെ.പിയുടെ 448 സ്ഥാനാര്‍ഥികളില്‍ ഒറ്റ മുസ്‌ലിം സ്ഥാനാര്‍ഥിയും വിജയം കണ്ടില്ല. 18 ശതമാനം മുസ്‌ലിംകളുള്ള ഭഗല്‍പൂരില്‍ മത്സരിച്ച ബി.ജെ.പിയുടെ ഷാനവാസ് ഹുസൈന്‍ പോലും പരാജയപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട മുസ്‌ലിം എം.പിമാരെല്ലാം അവരുടെ പാര്‍ട്ടിയുടെ ശക്തികൊണ്ട് മാത്രം വിജയിച്ചവരല്ല, മറിച്ച് മണ്ഡലങ്ങളിലെ ന്യൂനപക്ഷങ്ങളുടെ ശക്തമായ സാന്നിധ്യമാണ് അവരുടെ വിജയത്തിന് പിന്നിലെ നിര്‍ണായക സാന്നിധ്യമായി വര്‍ത്തിച്ചത്. എന്നാല്‍ ബ്രാഹ്മണര്‍ക്കും ക്ഷത്രിയര്‍ക്കും മറ്റും ഒ.ബി.സി വിഭാഗങ്ങള്‍ക്കും അവരുടെ ജനസംഖ്യാനുപാതത്തേക്കള്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ സാധിച്ചിരിക്കുന്നു.

കര്‍ണാടകയിലും മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലുമായി 118 സീറ്റുകളാണുള്ളത്. എന്നാല്‍ ഇത്രയും സീറ്റുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മുസ്‌ലിം എം.പി ഞാന്‍ മാത്രമാണ്. മതേതര പാര്‍ട്ടികളും അവരുടെ വോട്ടുകള്‍ മുസ്‌ലിം സ്ഥാനാര്‍ഥികള്‍ക്ക് നല്‍കിയില്ല എന്നത് ഇതില്‍ നിന്നും വ്യക്തമാകുന്നതാണ്. മതേതര പാര്‍ട്ടികള്‍ പോലും മുസ്‌ലിം സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കാന്‍ മുസ്‌ലിംകളെല്ലാവരും ഒറ്റ പാര്‍ട്ടി കണക്കെ ഒരു കുടക്കീഴില്‍ അണിനിരക്കാന്‍ സന്നദ്ധമാകേണ്ടതുണ്ട്. മുസ്‌ലിം ലീഗോ എം.ഐ.എമ്മോ എ.ഐ.യു.ഡി.എഫോ ഏതുമായിക്കൊള്ളട്ടെ നമുക്ക് നമ്മുടെ സ്വന്തം പാര്‍ട്ടി ഉണ്ടാകേണ്ടതുണ്ട്. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ മുന്നിട്ടിറങ്ങുന്ന പ്രസ്ഥാനങ്ങള്‍ക്ക് ചൂട്ടുപിടിക്കേണ്ടവരല്ല നമ്മള്‍, മറിച്ച് ആര്‍.എസ്.എസിന്റെ ആശയങ്ങള്‍ക്ക് ആധിപത്യം ലഭിക്കുന്നത് തടയേണ്ടതിന്റെ ഉത്തരവാദിത്വം നിര്‍വഹിക്കേണ്ടത് തന്നെ നമ്മളാണ്. ഉത്തരവാദിത്വം പൂര്‍ണമായും എന്റെ തലയില്‍ കെട്ടിയേല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല, മതേതരത്വത്തിന്റെ കൂലിക്കാരനായി നില്‍ക്കാന്‍ എന്നെ കിട്ടുകയുമില്ല.

മുസ്‌ലിംകളുടെ വോട്ട് ലഭിച്ചില്ലായിരുന്നെങ്കില്‍ അഅ്‌സംഗഢില്‍ മുലായം സിങ് യാദവ് വിജയിക്കുമായിരുന്നില്ല. അദ്ദേഹത്തിന്റെ മരുമകള്‍ ഡിംബിള്‍ യാദവും സഹോദര പുത്രന്‍ ദര്‍മേന്ദ്ര യാദവും ജയിച്ചത് മുസ്‌ലിം വോട്ട് ലഭിച്ചത് കൊണ്ടാണ്. സെക്യുലര്‍ പാര്‍ട്ടികളെല്ലാവരും കൂടി ആര്‍.എസ്.എസിന്റെ പ്രചാരകനെ പ്രധാനമന്ത്രി പദത്തിലെത്തിച്ച സാഹചര്യത്തില്‍ ഇനി നമ്മുടെ ഭാവി തീരുമാനിക്കുന്നത്‌ നമ്മള്‍ തന്നെ ആകേണ്ടതുണ്ട്.

(ആള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്റെ പ്രസിഡന്റും ഹൈദരാബാദില്‍ നിന്നുള്ള എം.പിയുമാണ് ലേഖകന്‍)

Facebook Comments
Related Articles
Close
Close