Views

നബിദിനാഘോഷം സംശയങ്ങള്‍ക്ക് മറുപടി

‘ ചെയ്യുന്ന കര്‍മം മാത്രമല്ല പ്രശ്‌നം. അതു മാത്രം വിലയിരുത്തി വിധി പ്രസ്താവിക്കുന്നതും ശരിയല്ല. പ്രത്യുത ആ സംഗതി ചെയ്യുന്നതിന്റെ പ്രചോദനവും നിയ്യത്തും വിശ്വാസവുമെല്ലാം പരിഗണിച്ചാണ് ഒരു കാര്യം ബിദ്അത്താണോ അല്ലേ എന്നൊക്കെ പറയുക.. നബി(സ)യുടെ പേരിലുള്ള സ്വലാത്ത് മഹദ് കര്‍മമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ചില പ്രത്യേക വിശ്വാസത്തോടെയാണെങ്കില്‍ അത് നിഷിദ്ധവും തടയപ്പെടേണ്ടതുമാണെന്നാണ് ഇമാമുകള്‍ വ്യക്തമാക്കിയിട്ടുള്ളത്. റബീഉല്‍ അവ്വല്‍ പ്രവാചക അനുസ്മരണവും ആ മാസത്തില്‍ തങ്ങളുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നതുമെല്ലാം മറ്റേതൊരു മാസത്തേക്കാളും സവിശേഷം പുണ്യമുള്ള കാര്യമാണ് എന്ന് കരുതിക്കൊണ്ടുള്ള നബിദിന സ്മരണയും മറ്റും ബിദ്അത്താണെന്ന് മനസ്സിലാക്കാം.

റബീഉല്‍ അവ്വല്‍ മാസം പൊതുവെയും പന്ത്രണ്ടാം ദിവസം വിശേഷിച്ചും ഒരു ചടങ്ങും നടത്താന്‍ പാടില്ല എന്നല്ല പറയുന്നത്. അന്ന് വല്ല പരിപാടിയും നടത്തുന്നതോ സംഘടിപ്പിക്കുന്നതോ ആരും എതിര്‍ക്കുന്നുമില്ല. എന്നാല്‍ നബി ജനിച്ച മാസമാണ്, ദിവസമാണ്, രാവാണ്, പകലാണ് അതിനാല്‍ ഇതൊക്കെ അന്ന് നടത്തുന്നത് മറ്റ് ദിവസങ്ങള്‍ പോലെയല്ല, പുണ്യവും ശ്രേഷ്ഠവുമാണ് മറ്റ് സന്ദര്‍ഭങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ പ്രതിഫലാര്‍ഹമാണ് എന്നൊക്കെയുള്ള വിശ്വാസമാണ് അതിന്റെ പ്രേരണയെങ്കില്‍ അത് അല്ലാഹുവിന്റെ ദീനില്‍ കൂട്ടിച്ചേര്‍ക്കല്‍/ ബിദ്അത്ത് ആണ്. നബി(സ) തന്നെ ഒഴിവാക്കണമെന്ന് താക്കീത് ചെയ്ത കാര്യം.

ബിദ്അത്ത് എന്നത് ഇസ്‌ലാമിക പണ്ഡിതന്മാര്‍ ധാരാളം ചര്‍ച്ച ചെയ്ത ഒരു സാങ്കേതിക പദമാണ്. നബി(സ) അത് സംബന്ധമായി ശക്തമായ താക്കീത് നല്‍കിയിട്ടുണ്ട്. ‘നിങ്ങള്‍ പുതു നിര്‍മിതികളെ സൂക്ഷിക്കുക. എല്ലാ പുതു നിര്‍മിതികളും ബിദ്അത്താണ്. എല്ലാ ബിദ്അത്തും  വഴികേടാണ് ‘ മറ്റൊരു റിപ്പോര്‍ട്ടില്‍ ‘എല്ലാ വഴികേടുംനരകത്തിലും ‘ എന്നുകൂടി കാണാം. ഇവിടെ ‘കുല്ലു ബിദ്അത്തിന്‍ ളലാല ‘ എന്ന പ്രയോഗത്തിലൂടെഎല്ലാ ബിദ്അത്തും വഴികേടാണ് ‘ എന്ന് വളരെ വ്യക്തമായി പറഞ്ഞിരിക്കുകയാണ്. അഥവാ ഇസ്‌ലാമിന്റെ സാങ്കേതിക സംജ്ഞയനുസരിച്ച് ബിദ്അത്തിന്റെ നല്ലയിനം എന്നൊന്നില്ല എന്നര്‍ത്ഥം.

തിരുദൂതരുടെ ജീവിതകാലത്ത് നിരവധി റബീഉല്‍ അവ്വലുകള്‍ കടന്നു പോയിട്ടുണ്ട്. അപ്പോഴൊന്നും തന്നെ ഏതെങ്കിലും ഒരു വര്‍ഷം തന്റെ ജന്മദിനം (മൗലിദ് ) അനുസ്മരിച്ചു കളയാമെന്ന് തിരുദൂതര്‍ക്ക് തോന്നിയിട്ടില്ല. സ്വഹാബത്ത് അതേപറ്റി നബി(സ)യുടെ ജീവിതകാലത്തോ ശേഷമോ ആലോചിച്ചത് പോലുമില്ല. അതിനു ശേഷം നൂറ്റാണ്ടുകളോളം മദ്ഹബ് ഇമാമുമാരും അത്തരം ഒരു
‘നല്ല ബിദ്അത്തിനെ പറ്റി അഭിപ്രായം പറഞ്ഞതുപോലുമില്ല. അവരുടെയൊക്കെ പ്രവാചക സ്‌നേഹവും കൂറുമാണോ നമ്മുടെ മാതൃക ?അതല്ല, പിന്നീട് വന്നവര്‍ തട്ടിക്കൂട്ടിയതോ?’

Facebook Comments
Show More

ഇല്‍യാസ് മൗലവി

1972 മാര്‍ച്ച്4 ന് വയനാട് ജില്ലയിലെ പിണങ്ങോട് ജനനം. പിതാവ്: കുന്നത്ത് കുഞ്ഞബ്ദുല്ല. മതാവ്: പിലാശ്ശേരി ഖദീജ. പിണങ്ങോട് ഗവ: യു.പി. സ്‌കൂള്‍, വയനാട് മുസ്‌ലിം ഓര്‍ഫനേജ് ഹൈസ്‌കൂള്‍, തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജ്, ഖത്തര്‍ റിലീജിയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് മോഡേൺ അറബിക്കിൽ ബിരുദാനന്തര ബുരുദം- PHD ചെയ്തു കൊണ്ടിരിക്കുന്നു. ഖത്തര്‍ ഔഖാഫ് മന്ത്രാലയത്തിന്റെ കീഴില്‍ ഖുര്‍ആന്‍ തജ്‌വീദില്‍ പ്രത്യേക കോഴ്‌സ് റാങ്കോടെ പാസായി. ഖത്തര്‍ ശരീഅത്ത് കോടതി, ഡോ. യൂസുഫുല്‍ ഖറദാവിയുടെ സെക്രട്ടറിയായി മര്‍കസ് ബുഹൂസുസുന്ന വസ്സീറ, ഖത്തര്‍ റേഡിയോ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ അസിസ്റ്റന്റ് മുദീര്‍, ഇത്തിഹാദുൽ ഉലമ കേരളയുടെ ഉപാധ്യക്ഷൻ, മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി കമ്മിറ്റിയംഗം, ബൈത്തുസ്സകാത്ത് കേരള അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കര്‍മശാസ്ത്രവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. കൃതികള്‍: ഇമാം മാലിക്, മയ്യിത്ത് സംസ്‌കരണ മുറകള്‍. ഭാര്യ: സുമയ്യ അബ്ദുര്‍റഹ്മാന്‍ തര്‍വായി. മക്കള്‍: അമ്മാര്‍ സലാമ, ഫൈറൂസ് സലാമ, നവാര്‍ സലാമ.

Related Articles

Close
Close