Views

ടി പത്മനാഭന്‍ പച്ചക്ക് പറയുന്നത് കഥയോ വസ്തുതയോ?

മലയാളത്തിലെ പ്രശസ്ത സാഹിത്യകാരിയും ലോക പ്രശസ്ത കവയത്രിയുമായ കമലാ സുറയ്യയുടെ ഇസ്‌ലാം ആശ്ലേഷണത്തെക്കുറിച്ച് മലയാളത്തിലെ പ്രസിദ്ധ കഥാകൃത്ത് ടി. പത്മനാഭന്‍ DYFI മുഖപത്രം യുവധാരക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തികച്ചും വാസ്തവവിരുദ്ധവും മാന്യതക്ക് നിരക്കാത്തതുമാണ്.  എം സ്വരാജുമായി നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.
‘മാധവിക്കുട്ടി മതം മാറിയതിന്റെ പിന്നില്‍ കാരണങ്ങള്‍ പലതാണ്. ഒരു പ്രധാന കാരണം, ഈ പുന്നയൂര്‍കുളത്തെ ആഢ്യന്‍ നായന്മാര്‍ക്ക് ഇവരോട് കുനുഷ്ടുണ്ടായിരുന്നു. ഇവരുടെ സൗന്ദര്യം, പ്രശസ്തി, താന്‍പോരിമ, ഒരാളെയും വിലവെക്കാത്ത ഭാവം… അതൊക്കെ ഇവറ്റകള്‍ക്കിഷ്ടമല്ല. എന്നാല്‍ കാണിച്ചുതരാം എന്ന് മാധവിക്കുട്ടിയും. പിന്നെ മറ്റൊരു സ്വാര്‍ത്ഥം ഉണ്ടായിരുന്നു. ഇവര്‍ മാറുമ്പോഴ് അറബ് ലോകത്ത് നോബല്‍ പ്രൈസ് ഒരു ഈജിപ്തുകാരനോ മറ്റോ കിട്ടിയിട്ടുള്ളൂ. ഇവരുടെ കണ്ണ് നോബലിലേയ്ക്കുണ്ടായിരുന്നു. പെട്രോ ഡോളറല്ലേ… എല്ലാം  പണമല്ലേ നിയന്ത്രിക്കുന്നത്. ഇവര്‍ അതിശക്തരല്ലേ. സൗദി രാജവംശത്തിന്റെയൊക്കെ പിന്തുണയുണ്ടാകുമല്ലോ. പക്ഷെ അത് ചീറ്റിപോയി. നടന്നില്ല. ഇതൊക്കെയാണ് മതം മാറ്റത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍. അല്ലാതെ ഇസ്ലാമും കിസ്ലാമുമൊന്നുമല്ല.’ (യുവധാര മാസിക- സെപ്തംബര്‍ 2014)
 
കമലാസുറയ്യയുടെ ജീവിതവും അവരുടെ എഴുത്തുകളും നിരീക്ഷിക്കുന്ന ഏതൊരു സാധാരണക്കാരനും അവരുടെ ഇസ്‌ലാം ആശ്ലേഷണത്തിന്റെ ഉദ്ദേശശുദ്ധി കൃത്യമായി ബോധ്യമാകുന്നതാണ്. നന്മയും സ്‌നേഹവും തേടിയുള്ള നിരന്തരമായ യാത്രയുടെ പര്യവസാനമായിരുന്നു യഥാര്‍ത്ഥത്തില്‍ അവരുടെ ഇസ്‌ലാം ആശ്ലേഷണം. ചെറുപ്പകാലത്ത് വീട്ടില്‍ നിന്നനുഭവിക്കേണ്ടി വന്ന പ്രയാസങ്ങളും ദുരിതങ്ങളും ഇതിന് പ്രേരകമായിരുന്നു. സുറയ്യയുടെ ആദ്യകാല സാഹിത്യ കൃതികളില്‍ തന്റെ ജീവിതത്തിലെ പ്രയാസകരമായ ഘട്ടങ്ങളെക്കുറിച്ച് അനാവരണം ചെയ്യുന്നുണ്ട്. അച്ഛന്റെ ഏകാധിപത്യ സ്വഭാവവും, പരുഷമായ പെരുമാറ്റവും, 15-ാം വയസ്സില്‍ തന്നെ കെട്ടിച്ചയച്ചതുമെല്ലാം സുറയ്യയില്‍ വലിയ മാനസിക സംഘര്‍ഷങ്ങള്‍ക്കും ആത്മഹത്യാ പ്രേരണക്കും ഇടയാക്കിയിരുന്നു. അമ്മയില്‍ നിന്നും സ്‌നേഹം കിട്ടിയിരുന്നില്ല. വിവാഹ  ശേഷവും പലവിധ മാനസിക സംഘര്‍ഷങ്ങളും സുറയ്യയെ വേട്ടയാടി. ബോംബേ, കൊല്‍ക്കത്ത, ദല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള മാറി മാറിയുള്ള താമസവും സുറയ്യക്ക് പ്രയാസം സൃഷ്ടിച്ചു. തന്റെ സങ്കടങ്ങളും ദുഃഖങ്ങളും എഴുത്തിലൂടെ ലോകത്തോടു വിളിച്ചു പറയുകയായിരുന്നു അവര്‍ ചെയ്തത്.  തന്റെ ചുറ്റുപാടുകളെ  സൂക്ഷ്മമായി നിരീക്ഷിച്ച് വേദനയനുഭവിക്കുന്നവരുടെയും കഷ്ടപ്പെടുന്നവരുടെയും പതിതാവസ്ഥകള്‍ തന്റെ സുന്ദരമായ സാഹിത്യശൈലിയിലൂടെ പച്ചയായി വിളിച്ചു പറയുകയാണ് അവര്‍ ചെയ്തത്. ഈ സത്യ വിളംബരം പലര്‍ക്കും ഇഷ്ടപ്പെട്ടില്ലെന്നത് സ്വാഭാവികം.  സമ്പന്ന കുടുംബത്തിലാണ് ജനിച്ചതെങ്കിലും ആര്‍ദ്രതയുടെയും കാരുണ്യത്തിന്റെയും ആള്‍രൂപമായിരുന്ന അവര്‍. പ്രാന്തവല്‍കൃത സമൂഹത്തിന്റെ വേദനകളും പ്രയാസങ്ങളും തന്റെ ആകര്‍ഷകവും വൈകാരികവുമായ ശൈലിയിലൂടെ അവര്‍ ലോകത്തോട് വിളിച്ചു പറഞ്ഞു.

മാധവിക്കുട്ടിയില്‍ നിന്ന്  കമലാ സുറയ്യയിലേക്കുള്ള പ്രയാണത്തെക്കുറിച്ച് പ്രശസ്ത സാഹിത്യകാരി കെ.പി സുധീര എഴുതുന്നു. ‘ഏകദൈവത്തിന്റെ വിശ്വാസ പ്രമാണങ്ങളില്‍ അവര്‍ മതിമറന്ന അവസരങ്ങളില്‍ ഞാനവരുമായി സംസാരിച്ചിട്ടുണ്ട്. പ്രണയം മറന്നാലും കുലീനത്വം മറക്കാത്ത ആ തറവാട്ടുകാരിയുടെ ചുണ്ടുകള്‍ ആരെയും ശപിച്ചിട്ടില്ല. ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. അവര്‍ ഏകദൈവത്തിന്റെ കൈ ഹൃദയത്തോട് ചേര്‍ത്തുവെച്ചു.(കലാകൗമുദി 2009 ജൂണ്‍ 14) അംബികാ സൂതന്‍ മങ്ങാട് നിരീക്ഷിക്കുന്നു: ‘സ്‌നേഹത്തിനു വേണ്ടിയുള്ള നിതാന്തമായ അലച്ചിലാണ് ഒടുവില്‍ ഇസ്‌ലാം മത വിശ്വാസത്തില്‍ സുറയ്യയെ എത്തിച്ചത്. പക്ഷേ, അതും മലയാളികള്‍ വിവാദമാക്കി ആഘോഷിച്ചു. ഏത് മതത്തില്‍ വിശ്വസിക്കാനും ജീവിക്കാനും ഭരണഘടന അനുവദിക്കുന്നുവെന്ന കാര്യം പോലും സങ്കുചിതരായ മലയാളികള്‍ മറന്നു.’ (സമകാലിക മലയാളം, 12 ജൂണ്‍ 2009)

സുറയ്യ പറഞ്ഞു: ‘ഞാന്‍ എന്നും സ്‌നേഹത്തിനു മാത്രമേ വിലകല്‍പിച്ചിട്ടുള്ളൂ. പണവും പ്രസിദ്ധിയും ഞാന്‍ ആശിച്ചിട്ടില്ല. കെട്ടിടവും വാഹനാദികളും ഞാന്‍ കൊതിച്ചിട്ടില്ല. ചോദിക്കാതെത്തന്നെ വരം കിട്ടിയ ഭാഗ്യവതിയാണ് ഞാന്‍. പത്ത് ചോദിച്ചപ്പോള്‍ പതിനായിരം എന്റെ മടിയില്‍ വന്നു വീണു’. ഇസ്‌ലാമിലേക്കു പരിവര്‍ത്തനത്തെക്കുറിച്ച് അവര്‍ പറയുന്നു: ‘തിന്മയില്‍ നിന്ന് നന്മയിലേക്കുള്ള യാത്രയാണത് . പാപത്തില്‍ നിന്ന് പുണ്യത്തിലേക്കുള്ള സഞ്ചാരം. വര്‍ഷങ്ങളായി എന്നെ അലട്ടുന്ന വേദനയില്‍ നിന്നും ദുഃഖത്തില്‍ നിന്നുമുള്ള മോചനം. സാന്ത്വനത്തിന്റെ കുളിര്‍കാറ്റ് മോഹിച്ച എന്റെ ഹൃദയം ഇന്ന് ശാന്തമാണ്.  അതാണ് ഇത്രയും കാലം ഞാന്‍ തേടിയത്. ഇസ്‌ലാമായതോടെ ഞാന്‍ നേടിയതും ഇതു തന്നെ. പാപ പങ്കിലമായ, കാപട്യം നിറഞ്ഞ, അഹങ്കാരം തുളുമ്പുന്ന ജീവിതമായിരുന്നു ആദ്യത്തേത്. അതെല്ലാം വലിച്ചെറിഞ്ഞ് നന്മയുടെ, സ്‌നേഹത്തിന്റെ -അല്ലാഹുവിന്റ പാതയിലാണ് ഞാനിന്ന്.  ഒരു സുപ്രഭാതത്തില്‍ എടുത്തുചാടി മതം മാറിയതല്ല. വര്‍ഷങ്ങളായി ഞാന്‍ ഇതിനെക്കുറിച്ച് ചിന്തിക്കുന്നു.  ഇത്രയും കാലം ഞാന്‍ പല വേദികളിലും പ്രത്യക്ഷപ്പെട്ടത് ജാടയോടെയായിരുന്നു. കാപട്യത്തിന്റെയും അഹങ്കാരത്തിന്റെയും നഗ്നമുഖത്ത് സ്‌നേഹത്തിന്റെ മുഖം മൂടിയണിഞ്ഞു കൊണ്ടായിരുന്നു. ദാനധര്‍മ്മങ്ങള്‍ ചെയ്തത് പ്രശസ്തിക്കുവേണ്ടി മാത്രം. അനാഥാലയങ്ങളില്‍ ചെന്ന് വൃദ്ധരുടെ, ശിശുക്കളുടെ കൈ ചേര്‍ത്തു പിടിച്ച് എന്താ സുഖമല്ലേ എന്ന് ചോദിച്ചത് പൂര്‍ണഹൃദയത്തോടെയായിരുന്നില്ല. എല്ലാം വെറും ജാട. കുറെ കഴിഞ്ഞപ്പോള്‍ എനിക്ക് കുറ്റബോധം തോന്നിത്തുടങ്ങി. ഇതില്‍ നിന്ന് മോചനം അനിവാര്യമാണെന്ന് ഞാന്‍ മനസ്സിലാക്കി . അങ്ങനെ മനസ്സുകൊണ്ട് ഞാന്‍ യാത്രയാരംഭിച്ചു. തീര്‍ത്ഥാടനം. അതെ ഞാന്‍ എത്തിച്ചേര്‍ന്നു;എന്റെ പുണ്യ ദേശത്ത്. ഇസ്‌ലാമില്‍.’ (ആരാമം വനിതാ മാസിക 2003 ഒക്‌ടോബര്‍)

ടി.പത്മനാഭന്‍ പറഞ്ഞ പോലെ താന്‍പോരിമയോ, അഹങ്കാരമോ, സ്വാര്‍ത്ഥതയോ അല്ല കമലാ സുറയ്യയുടെ മതപരിവര്‍ത്തന കാരണമെന്ന് മേലുദ്ധരിച്ച വാക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. കമലാ സുറയ്യയുടെ നോബേല്‍ സമ്മാന മോഹമാണ് അവരെ ഇസ്‌ലാമിലേക്ക് നയിച്ചത് എന്ന വാദവും തെറ്റാണ്.  ‘ഇവര്‍ മാറുമ്പോഴ് അറബ് ലോകത്ത് നോബല്‍ പ്രൈസ് ഒരു ഈജിപ്തുകാരനോ മറ്റോ കിട്ടിയിട്ടുള്ളൂ’ എന്ന വാദത്തിലെ പൊള്ളത്തരം ഇത് തെളിയിക്കുന്നു. ആ സമയത്ത് ഫലസ്തീന്‍ പ്രസിഡണ്ടായിരുന്ന യാസിര്‍ അറഫാത്ത് ഉള്‍പ്പെടെ അന്‍വര്‍ സാദാത്ത്, അഹ്മദ് സവാലി, നജീബ് മഹ്ഫൂദ് എന്നിവര്‍ക്കും നോബേല്‍ സമ്മാനം ലഭിച്ചിരുന്നു. കമലാ സുറയ്യയുടെ മതപരിവര്‍ത്തനാനന്തരം അവര്‍ക്കെതിരെ ഉയര്‍ന്നു വന്ന നുണക്കഥകളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ടി.പത്മനാഭനെന്ന കഥാകൃത്തിലൂടെ ഉദ്ധരിക്കപ്പെട്ടത്.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker