Views

ജയിലറകള്‍ നമ്മോട് പറയുന്നത്

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ  ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടിയിട്ട് ഇപ്പോള്‍ 67 വര്‍ഷം കഴിഞ്ഞിരിക്കുന്നു. വളരെയേറെ കാലത്തെ ജീവന്മരണ പോരാട്ടങ്ങള്‍ക്ക് ശേഷം നേടിയെടുത്ത ഈ സ്വാതന്ത്ര്യത്തിന് ഇന്ന് മങ്ങലേറ്റുവെന്നു മാത്രമല്ല, ഇന്ത്യയുടെ മാനുഷിക മുഖം നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. രാഷ്ട്രത്തിന്റെ സേവകരും സംരക്ഷരുമാകേണ്ടവര്‍ രാഷ്ടത്തിന്റെ നാശകാരികളും, രാഷ്ട്രത്തിന് ശാപവുമായിത്തീര്‍ന്നിരിക്കുന്നു. ജയലളിതയെപ്പോലുളള ഭരണാധികാരികളുടെ അഴിമതികളും, രാജ്യവിരുദ്ധ നടപടികളും വ്യക്തമാക്കുന്നത് ഇത്തരം വസ്തുകളാണ്. ചില താരതമ്യ പഠനങ്ങള്‍ക്കും അസ്തിത്വവീണ്ടെടുപ്പിനും ഇവ നമ്മെ പ്രേരിപ്പിക്കേണ്ടതുണ്ട്.

സ്വാതന്ത്രസമര കാലഘട്ടത്തിലും ഇക്കാലഘട്ടത്തിലുമുള്ള നമ്മുടെ ഭരണാധികാരികളെയും നേതാക്കന്മാരെയും  വിലയിരുത്തുമ്പോള്‍ അവര്‍ തമ്മില്‍ കാണപ്പെടുന്ന പ്രധാന സാമ്യത അവരിരുവരും ജയിലറകളിലെ ജീവിതം രുചിച്ചറിഞ്ഞവരാണ് എന്നതാണ്. അവര്‍ തമ്മിലുള്ള പ്രധാന അന്തരവും ഈ ജയില്‍ വാസം തന്നെയാണ്.   ഇത്തരം ജയിലറ വാസങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇത് വ്യക്തമാകുന്നതാണ്.

ഇന്ത്യയിലെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുകയും, പോരാടുകയും ചെയ്ത അനേകം സ്വാതന്ത്ര്യ സമര നേതാക്കന്മന്മാരുടെ രാജ്യസ്‌നേഹത്തിന്റെയും രാഷ്ട്രസേവനത്തിന്റെയും ബാക്കിപത്രമായിരുന്നു യഥാര്‍ത്ഥത്തില്‍ അവരുടെ ജയില്‍വാസങ്ങള്‍. അവര്‍ രാഷ്ട്രത്തിന് വേണ്ടി തങ്ങളുടെ സമ്പത്ത് ദാനം ചെയ്തു.  ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ അവര്‍ തങ്ങളുടെ ജീവനടക്കമുള്ള എല്ലാ ഇഷ്ട വസ്തുക്കളും സമര്‍പ്പിച്ചു. അക്കാലത്തെ അമ്മമാരും ഉമ്മമാരും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട സന്താനങ്ങളെപ്പോലും രാജ്യത്തിന് വേണ്ടിസമര്‍പ്പിച്ചു. ഇത്തരം സമര്‍പ്പണങ്ങളുടെയും രാജ്യസ്‌നേഹത്തിന്റെയും നീണ്ട പരമ്പരകളാണ് ഇന്ത്യയിലെ ആദ്യകാല നേതാക്കന്മാരെക്കുറിച്ചും രാജ്യത്തെ അമ്മമാരെക്കുറിച്ചുമെല്ലാം നമുക്ക് പറയാനുള്ളത്. ടിപ്പുസുല്‍ത്താനെപ്പോലെയും, ജവഹര്‍ലാല്‍ നെഹ്‌റുവിനെപ്പോലെയുള്ള ഭരണാധികാരികളും, ഗാന്ധിജിയെയും, അബുല്‍കലാം ആസാദിനെയും, അലി സഹോദരന്മാരെയും പോലുള്ള നേതാക്കന്മാരും, ബീഉമ്മയെപ്പോലുള്ള ഉമ്മമാരും, അവരുടെ ജീവിതസമരങ്ങളും നമ്മോട് പറഞ്ഞു തരുന്നത് ഇത്തരം ചരിത്ര വസ്തുതകളാണ്.

ഇന്ത്യയിലെ ബ്രിട്ടീഷ് അധിനിവേഷകരുടെ പേടിസ്വപ്‌നമായിരുന്നു ടിപ്പു സുല്‍ത്താന്‍. അസാമാന്യ ഭരണപാടവവും ധീരതയും ഒത്തുചേര്‍ന്ന അദ്ദേഹം ബ്രിട്ടീഷുകാര്‍ക്കെതിരെ ധീരമായി പോരാടി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി രാജ്യത്ത് മാത്രമല്ല, അന്തര്‍ദേശീയതലത്തിലും സഖ്യരൂപീകരണത്തിനും അനുകൂലസാഹചര്യമൊരുക്കാന്‍ അദ്ദേഹം ശ്രമിച്ചു. എല്ലാ മതസ്ഥര്‍ക്കും, അധസ്ഥിത വിഭാഗങ്ങള്‍ക്കും സൈ്വര്യജീവിതം വാഗ്ദാനം ചെയ്യുകയും അവര്‍ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്തു. ടിപ്പുവിന്റെ മരണമറിഞ്ഞപ്പോള്‍ ‘ഇനി ഇന്ത്യനമ്മുടേതാണ്’ എന്ന ജനറല്‍ ഹാരിസിന്റെ പ്രഖ്യാപനം അദ്ദേഹത്തിന്റെ പോരാട്ടത്തിന്റെയും രാജ്യസ്‌നേഹത്തിന്റയും സാക്ഷിപത്രമാണ്. സ്വന്തം മക്കളായ മുഹമ്മദലിയെയും, ശൗക്കത്തലിയെയും സ്വാതന്ത്ര്യ സമരത്തിന് സംഭാവന ചെയ്ത ബീഉമ്മയും അവരുടെ മക്കളും രാജ്യസ്‌നേത്തിന്റെയും, രാഷ്ട്രസേവനത്തിന്റെയും ഉത്തമമാതൃകകളാണ്. രാജ്യത്തെ പട്ടിണിപ്പാവങ്ങളുടെ ദയനീയസ്ഥിതിയില്‍ മനം നൊന്ത് ‘ഇവരെ ഞാനെന്നാണ് ഏദന്‍ തോട്ടത്തിലേക്ക് നയിക്കുക’ എന്ന് വേവലാതിപൂണ്ട ഗാന്ധിജിയെ നമുക്ക് മറക്കാന്‍ കഴിയില്ല. നെഹ്‌റുവിനെയും അബുല്‍ കലാം ആസാദിനെയും പോലുള്ള നേതാക്കന്മാരും അങ്ങനെത്തന്നെയാണ്.  

എന്നാല്‍ ഇന്നത്തെ രാഷ്ട്രനേതാക്കന്മാരുടെയും ചില അമ്മമാരുടെയും ജയില്‍വാസങ്ങള്‍ നമ്മോട് വിളിച്ചു പറയുന്നത് തീര്‍ത്തും വിപരീതവും അപകടകരവുമായ ചില വസ്തുതകളാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ് തമിഴകത്തിന്റെ അമ്മയും മുന്‍ മുഖ്യമന്ത്രിയുമായ ജയിലളിതയുടെ ജയില്‍ വാസത്തിലൂടെ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ബീഹാര്‍ മുന്‍ മുഖ്യ മന്ത്രി ലാലുപ്രസാദ് യാദവ്, കര്‍ണാടക മുന്‍ മുഖ്യ മന്ത്രി യദിയൂരപ്പ, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ തുടങ്ങിയ മുഖ്യ മന്ത്രിമാരുടെയും, ഡി. രാജ, കനിമൊഴി, സുരേഷ് കല്‍മാഡി തുടങ്ങിയ കേന്ദ്രമന്ത്രിമാരുടെയും ജയില്‍വാസവും നമ്മോട് വിളിച്ച് പറഞ്ഞതും ഈ വസ്തുത തന്നെയാണ്. രാജ്യത്തിന്റെയും ജനങ്ങളുടെയും സേവകരാകേണ്ടവര്‍ രാഷ്ട്രത്തിന്റെ സമ്പത്ത് യാതൊരു പരിധിയുമില്ലാതെ കട്ടുമുടിക്കുകയും ജനങ്ങളെ പട്ടിണിക്കിടുകയും ചെയ്യുന്നു. സ്വന്തം പോക്കറ്റും വയറും വീര്‍പ്പിക്കാനുള്ള സുവര്‍ണ്ണാവസരമായി അധികാര കേന്ദ്രങ്ങളെ ഉപയോഗപ്പെടുത്തുന്നു. രാഷ്ട്രത്തിന്റെയും പൗരന്മാരുടെയും വികസനത്തിനു പകരം സ്വന്തത്തിന്റെയും, രാഷ്ട്രത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്ന കോര്‍പ്പറേറ്റുകളുടെയും വികസനത്തിന് മുന്‍ഗണന നല്‍കുന്നു. എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളെന്നു മുദ്രചാര്‍ത്തി, കരിനിയമങ്ങളുടെ മറവില്‍ ജയിലിലടക്കുന്നു. ഒന്നര ലക്ഷം കോടിയലിധികം കൊള്ളയടിച്ച ടുജി സ്‌പെക്ട്രം അഴിമതിയും, ആദര്‍ശ് കുഭകോണവും, ഭൂമിതട്ടിപ്പുമെല്ലാം രാഷ്ട്രനേതാക്കന്മാരുടെ ഖജനാവ് കൊള്ളയുടെ ചില സമകാലിക ഉദാഹരണങ്ങള്‍ മാത്രമാണ്.

ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ വന്ന് രാജ്യത്തിന്റെ സമ്പത്തും പ്രകൃതി വിഭവങ്ങളും കൊള്ളയടിച്ചപ്പോള്‍ അവര്‍ക്കെതിരെ ജീവന്മരണ പോരാട്ടം നടത്തിയവരാണ് നമ്മുടെ മുന്‍ഗാമികള്‍. അവരുടെ ത്യാഗ-പരിശ്രമങ്ങളുടെ ഫലമാണ് 1947-ല്‍ സ്വതന്ത്രരാഷ്ട്രപിറവിയിലൂടെ നമ്മളില്‍ പലരും ആസ്വദിച്ചത്. എന്നാല്‍ ഇന്ന് ജയലളിതയും മറ്റു ഭരണകര്‍ത്താക്കളും ചെയ്തുകൊണ്ടിരിക്കുന്ന അഴിമതികളും, ഖജനാവ് കൊള്ളയും ബ്രിട്ടീഷുകാരെപ്പോലും ഒരുവേള ലജ്ജിപ്പിക്കും വിധത്തിലാണ്. കാരണം, ഈ കള്ളന്‍മാര്‍ കപ്പലില്‍ തന്നെയാണെന്നു മാത്രമല്ല, അവരാണ് നമ്മുടെ രാജ്യമാകുന്ന കപ്പലിന്റെ കപ്പിത്താന്മാരും. ഇന്ത്യാരാജ്യത്തെ അപകടമായ ദിശയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ഈ കപ്പിത്താന്മാര്‍ക്കെതിരെ പോരാടാന്‍ നാം തയ്യാറാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ടിപ്പുവിനെയും ഗാന്ധിയെയും അബുല്‍കലാം ആസാദിനെയും പോലെയുള്ള ദിശാബോധവും രാജ്യസ്‌നേഹവുമുള്ളവരെ നമുക്ക് തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കേണ്ടതുണ്ട്. അതിനുവേണ്ടി ജയിലറകള്‍ പുല്‍കേണ്ടി വന്നാല്‍ അത് ചരിത്രത്തിന്റെ പുനവതരണമായി മനസ്സിലാക്കി നമുക്ക് സായൂജ്യമടയാം.

Facebook Comments
Related Articles
Show More
Close
Close