Views

ചില നികാഹ് അനുഭവങ്ങള്‍

കഴിഞ്ഞാഴ്ച കോഴിക്കോട്ട് ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനിടയായി. എന്റെ വിദ്യാര്‍ത്ഥികളാണ് വരനും വധുവും. ഒരു ഖത്വീബായി എന്റെ സാന്നിധ്യം അവര്‍ ആഗ്രഹിക്കുന്നു. എനിക്ക് പ്രിയപ്പെട്ട മക്കളാണ് രണ്ടു പേരും എന്നതു കൊണ്ട് ഞാനത് സമ്മതിച്ചു.
ഇത് പറയുമ്പോള്‍ രണ്ട് കാര്യങ്ങള്‍ ഇടയില്‍ പറയേണ്ടതുണ്ട്. പൊതുവേ വിവാഹ ഖുത്ബകള്‍ ഞാന്‍ അങ്ങനെ ഏറ്റെടുക്കാറില്ലെന്നതാണ് ഒന്ന്. മടി മാത്രമല്ല കാരണം. കല്യാണവുമായി ബന്ധപ്പെട്ട നാട്ട് നടപ്പുകളിലും പൊങ്ങച്ച പ്രകടനങ്ങളിലും പലതിനോടും അങ്ങനെയങ്ങോട്ട് പൊരുത്തപ്പെടാന്‍ പറ്റാറില്ലാത്തതു കൊണ്ടാണ്. പിന്നെയൊന്നുള്ളത്, ഒരുപാട് വിവാഹ ഖുത്ബകള്‍ ഞാന്‍ കേട്ടിട്ടുണ്ട്. ആവര്‍ത്തനങ്ങള്‍ കൊണ്ട് അരോചകമായിത്തീര്‍ന്നിട്ടുള്ള വര്‍ത്തമാനങ്ങള്‍ ഇതുപോലെ മറ്റൊന്നില്ല. സ്വയം അനുഭവിക്കുന്ന ബോറടി ഞാനായിട്ട് മറ്റുള്ളവര്‍ക്കും കൂടി പകര്‍ന്നു കൊടുക്കേണ്ടതില്ലല്ലോ എന്ന ചിന്തയാണ്. രണ്ടാമത്തെ കാര്യമെന്തെന്നാല്‍, ഒരു ഖുത്ബ നടത്തേണ്ടതു പോലെ നടത്തിയാല്‍ പ്രയോജനം ചെയ്യുമെങ്കിലും ഇസ്‌ലാമില്‍ വിവാഹത്തിന് അതൊരു നിബന്ധനയേയല്ല. ഒന്നിലുമെന്ന പോലെ ഇതിലും യാതൊരു തരത്തിലുള്ള പൗരോഹിത്യച്ചടങ്ങുകളും ഇസ്‌ലാം അനുശാസിച്ചിട്ടില്ല. ഒരു പുരോഹിതന്റെ സാന്നിധ്യം പോലും വേണമെന്നില്ല. വധുവിന്റെ വലിയ്യ് വിവാഹം കഴിപ്പിച്ചു കൊടുക്കുന്നു, വരന്‍ അത് സ്വീകരിക്കുന്നു. ഇത്രേയുള്ളൂ ചടങ്ങ്. മിനിമം രണ്ടു പേരെങ്കിലും സാക്ഷ്യം വഹിക്കണം എന്ന് നിബന്ധനയുണ്ട്. ഏതിലുമെന്ന പോലെ ഇതിലും വിശ്വസ്തതയും നീതിബോധവുമുള്ള രണ്ടു പേര്‍. പെണ്ണിന് പകരമാണ് വലിയ്യ് നില്‍ക്കുന്നത്. എന്നാല്‍, വേണമെങ്കില്‍ വരനും വലിയ്യിനെ നിശ്ചയിക്കാം. വലിയ്യിനെ ഒഴിവാക്കി സ്വയം വിവാഹം കഴിപ്പിക്കാന്‍ പെണ്ണിന് അധികാരമുണ്ടെന്ന് ഹനഫീ ഫിഖ്ഹില്‍ വ്യവസ്ഥയുമുണ്ട്. അതായത്, അവളുടെ നിര്‍ണയാധികാരത്തെ തൊട്ടു കളിക്കാന്‍ മറ്റാര്‍ക്കും അനുവാദമില്ലെന്നര്‍ത്ഥം.

പക്ഷേ, പില്‍ക്കാലത്ത് ഈ നിര്‍ണയാധികാരവും ഒരു ചടങ്ങായി മാറി. എന്റെ ചെറുപ്പത്തില്‍, ഞങ്ങളുടെ നാട്ടില്‍ മൂളിക്കുക എന്ന ഒരു കലാപരിപാടിയുണ്ടായിരുന്നു. മിക്കവാറും വിവാഹത്തിന്റെ അന്ന്, അല്ലെങ്കില്‍ തലേന്ന് പള്ളിയിലെ മുക്രി വധുവിന്റെ വീട്ടില്‍ വരും. കര്‍ട്ടന് പിറകില്‍ നിന്നിട്ട് ഈ വിവാഹത്തിന് സമ്മതമാണോ എന്ന് ചോദിക്കും. അപ്പുറത്ത് നിന്ന് ഒരു മൂളല്‍ കേള്‍ക്കുന്നതു വരെ ആ ചോദ്യം ആവര്‍ത്തിക്കും. നോക്കണേ, മൂളല്‍ എന്നല്ല, മുൂളിക്കല്‍ എന്നാണ് ഈ ചടങ്ങിന് പേര്. ചിലപ്പോള്‍ അവളൊന്നും പ്രതികരിക്കില്ല. അപ്പോള്‍ ആരെങ്കിലും അവളുടെ കൈക്കൊരു നുള്ള് കൊടുക്കും. ചെറുതായി അവളൊന്നു നിലവിളിച്ചാല്‍ മതി, മൂളലായി. എന്നിട്ടും അവള്‍ ശബ്ദമുണ്ടാക്കുന്നില്ലെങ്കില്‍ തല്‍ക്കാലം മറ്റാരെങ്കിലും മൂളി ചടങ്ങങ്ങ് തീര്‍ക്കുകയും ചെയ്യും. കാര്യങ്ങളൊക്കെ നേരത്തേ തീരുമാനിച്ചത് പ്രകാരം തന്നെ നടക്കും.

വിവാഹച്ചടങ്ങിലെവിടെയും പെണ്ണിന്റെ യാതൊരു സാന്നിധ്യവുമുണ്ടാവില്ല. നികാഹ് ഖുത്ബ എന്നും പറഞ്ഞ് കുറേ ഉപദേശങ്ങള്‍ അന്തരീക്ഷത്തിലേക്ക് തൊടുത്തു വിട്ടതു കൊണ്ട് കാര്യമില്ല. അതില്‍ രണ്ട് കക്ഷികളുടെയും പങ്കാളിത്തം ഉണ്ടാവണം. പള്ളിയിലോ വരന്റെ വീട്ടിലോ ആണ് വിവാഹമെങ്കില്‍ വധുവിന്റെ സാന്നിധ്യം സാധാരണഗതിയില്‍ ഉണ്ടാവാറില്ല. ഇനി വധൂഗൃഹത്തിലാണെങ്കില്‍ത്തന്നെ ചടങ്ങില്‍ പെണ്ണിന് കാര്യമൊന്നുമില്ലാത്തതു കൊണ്ട് ആ നേരത്ത് കൂട്ടുകാരികളും ബന്ധുക്കളുമൊക്കെ കല്യാണപ്പെണ്ണിനെ ഒരുക്കുന്ന തെരക്കിലായിരിക്കും. എന്റെ മടിക്ക് ഇതും ഒരു കാരണമാണ്.

അവളുടെ ജീവിതമാണ് തീരുമാനിക്കപ്പെടുന്നത്. ഇതില്‍ അവളുടെ പങ്കാളിത്തം എത്രത്തോളമാണ്? ഇസ്‌ലാമില്‍ അത് കൃത്യമാണ്. എന്നാല്‍ മുസ്‌ലിംകളുടെ ചടങ്ങുകളില്‍ അത് അങ്ങേയറ്റം അവ്യക്തവുമാണ്. മഹര്‍ നല്‍കുക എന്ന ഒരേര്‍പ്പാടുണ്ട്. അത് വധുവിന് അവകാശപ്പെട്ടതാണ്. മഹര്‍ വര്‍ധിപ്പിക്കുന്നത് പ്രവാചകന്‍ നിരുല്‍സാഹപ്പെടുത്തിയിട്ടുണ്ടെങ്കിലും തനിക്കിന്നത് വേണം എന്ന് തീരുമാനിക്കാന്‍ അവള്‍ക്ക് അധികാരമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, തന്റെ ജീവിതത്തിലേക്ക് ആര് വരണം,, അയാള്‍ തനിക്ക് മഹറായി എന്ത് തരണം എന്നതെല്ലാം അടിസ്ഥാനപരമായി അവളുടെ തീരുമാനമാണ്. പക്ഷേ, സാമ്പ്രദായിക മുസ്‌ലിം വിവാച്ചടങ്ങില്‍ അത് ഏറ്റു വാങ്ങുന്നത് വലിയ്യാണ്. അതുകൊണ്ടു തന്നെ അത് വധുവിന്റെ പിതാവിന് അവകാശപ്പെട്ടതാണ് എന്നു വരെ കരുതിവെച്ചിട്ടുള്ള ആളുകളുണ്ട്.

അപൂര്‍വം ചിലപ്പോഴാണ് അല്‍പമൊരു മാറിസ്സഞ്ചാരമുണ്ടാവുക. എന്റെ കല്യാണത്തിന് ഒരു കാരണവരായി കൂടെയുണ്ടായിരുന്നത് പിതൃതുല്യനായ ഗുരു ശാദുലി മാഷാണ്. മഹര്‍ അവളുടെ കൈയില്‍ കൊടുത്ത് പൊരുത്തപ്പെടീക്കുകയാണ് വേണ്ടത് എന്നദ്ദേഹം കണിശം പറഞ്ഞു. ഖുത്ബയ്ക്കും മറ്റും ഉണ്ടായിരുന്ന കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദിലെ മുസ്തഫ മൗലവി അത്തരം കാര്യങ്ങളിലൊക്കെ സഹകരിക്കുന്ന ആളായിരുന്നു. എന്നാല്‍പ്പോലും ആ കൈമാറ്റം സദസ്സില്‍ വച്ചല്ല നടന്നത്. സാധാരണയായി സ്വര്‍ണമാണ് മഹറായി നല്‍കുക. അതും പിന്നെയൊരു ചടങ്ങായി മാറി. നാട്ടിലെ എന്റെ സുഹൃത്ത് നാസര്‍ അവന്റെ വിവാഹത്തിന് ഖുത്ബയും മറ്റും എന്നെയാണ് ഏല്‍പിച്ചത്. മഹറായി നല്‍കിയത് പുസ്തകങ്ങളായിരുന്നു. അങ്ങനെയാണ് അവര്‍ രണ്ടുപേരും തീരുമാനിച്ചത്.

കൊല്ലങ്ങള്‍ക്ക് ശേഷം ചലച്ചിത്ര കലാസംവിധാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന Anees Nadodi അവന്റെ വിവാഹത്തിന് ഖത്വീബായി ക്ഷണിച്ചു. എന്റെ മകന്റെ സുഹൃത്താണ് അവന്‍. മഹറായി വധുവിന് വേണ്ടത് സ്വര്‍ണമല്ല, പുസ്തകങ്ങളാണ്. ഒരു വലിയ ലിസ്റ്റ് തന്നെ നല്‍കി, എന്നുവെച്ചാല്‍ ഒരു മിനി ലൈബ്രറി. എന്നോട് ഇക്കാര്യം പറഞ്ഞപ്പോള്‍ ഞാനതിനെ പ്രോല്‍സാഹിപ്പിച്ചു. സദസ്സില്‍ വെച്ച് കൈമാറാന്‍ വലിയ ലൈബ്രറിയും കൊണ്ട് വരാന്‍ പറ്റില്ലല്ലോ, അതിനാല്‍ പ്രതീകാത്മകമായി രണ്ടോ മൂന്നോ പുസ്തകങ്ങള്‍ കൊണ്ടു വന്നാല്‍ മതി എന്ന് ഞാന്‍ പറഞ്ഞു. വരന്‍ വധുവിന് നല്‍കുന്ന വിവാഹ സമ്മാനം പുസ്തകങ്ങളായത് അന്ന് ചില മീഡിയകള്‍ പ്രാധാന്യപൂര്‍വം വാര്‍ത്തയാക്കിയിരുന്നു (അനീസും സഹലയും അങ്ങനെയും കൂടി പ്രശസ്തരായി., സന്തോഷം).

തുടങ്ങിയേടത്തേക്ക് വരാം. കഴിഞ്ഞാഴ്ച നടന്ന വിവാഹം. വരന്‍ എന്നോട് ഒരു കാര്യം ചോദിച്ചു. നികാഹ് നടക്കുന്ന വേദിയില്‍ അവള്‍ക്കും ഇരിക്കണം. അവളുടെ വിവാഹത്തില്‍ അവളുടെ പങ്കാളിത്തം അങ്ങനെ പ്രകാശിപ്പിക്കണം. അതുകൊണ്ടെന്ത്, നല്ല കാര്യമല്ലേ എന്ന് ഞാനും സമ്മതിച്ചു.
അല്‍പം മുമ്പ് സുഹൃത്ത് Najeeb Kuttipuram ത്തിന്റെ ബന്ധുവിന്റെ മകളുടെ വിവാഹത്തിന് ഖുത്ബയും നികാഹും കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നോട് ചോദിച്ചു, മഹര്‍ യഥാര്‍ത്ഥത്തില്‍ വധുവിനുള്ളതല്ലേ?
അതെ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം പിന്നെന്തിനാണ് അതിനും ഇടയില്‍ വലിയ്യിനെ നിര്‍ത്തുന്നത് എന്നു പറഞ്ഞു കൊണ്ട് അപ്പോള്‍ത്തന്നെ പെണ്ണിനെ വിവാഹവേദിയിലേക്ക് കയറ്റി. അവള്‍ തന്നെ നേരിട്ട് അതേറ്റു വാങ്ങുകയും ചെയ്തു. തൊട്ടടുത്ത ആഴ്ച നജീബിന്റെ തന്നെ മകളുടെ വിവാഹം. അതൊരു സാംസ്‌കാരിക സംഗമം പോലെയായിരുന്നു. നികാഹിനോടനുബന്ധിച്ച് അദ്ദേഹത്തിന്റെ നാട്ടിലെ കാലുകളുടെ ബലക്ഷയം കാരണമാണെന്ന് തോന്നുന്നു, ചക്രാസനാവലംബിനിയായ ഒരു കൊച്ചു പെണ്‍കുട്ടിയുടെ കവിതാ സമാഹാരത്തിന്റെ പ്രകാശനം, പിന്നെയൊരു പുല്ലാങ്കുഴല്‍ വാദനവും. വിവാഹ വേദിയില്‍ പി സുരേന്ദ്രന്‍ തുടങ്ങിയ സാഹിത്യകാരന്മാരും ദയാബായി തുടങ്ങിയ സാമൂഹിക പ്രവര്‍ത്തകരും കെ.ടി ജലീലിനെപ്പോലുള്ള രാഷ്ട്രീയ നേതാക്കന്മാരും. പ്രാര്‍ത്ഥന നിര്‍വഹിച്ചത് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും.

എന്തായാലും എന്റെ ശിഷ്യവിവാഹത്തിന് വധു വേദിയില്‍ തന്റെ പിതാവിനൊപ്പം ഇരുന്നു. ഞാന്‍ ഖുത്ബയും മറ്റും നിര്‍വഹിച്ചു. മഹര്‍ അവള്‍ തന്നെ നേരിട്ട് ഏറ്റുവാങ്ങി. ഈ പോസ്റ്റിനാധാരമായ സംഭവം പക്ഷേ വേറെയാണ്. ഇന്നലെ എനിക്ക് രണ്ട് ഫോണ്‍ കോളുകള്‍ വന്നു. സംശയം ചോദിക്കാന്‍ എന്നും പറഞ്ഞാണ് വിളിച്ചത്. പിന്നീട് ആക്രോശമായി മാറി. വിവാഹവേദിയില്‍ വധുവിനെ ഇരുത്തിയത് വലിയ അപരാധമാണത്രേ. ദീനുല്‍ ഇസ്‌ലാമിന്റെ അടിവേര് തന്നെ ഞാന്‍ അറുത്തു കളഞ്ഞു എന്ന മട്ടിലാണ് ശകാരം. ഒരുപാട് പണ്ഡിതന്മാരോട് സംശയം ചോദിച്ച് നിവൃത്തി വരുത്തിയിട്ടാണ് എന്നെ വിളിക്കുന്നത് എന്നും അയാള്‍ പറഞ്ഞു. ഏതെല്ലാം വഴിയിലൂടെയാണ് ഒരു സമൂഹത്തില്‍ സാംസ്‌കാരികമായ മുരടിപ്പുകള്‍ വരുന്നത് എന്ന് ചിന്തിച്ചു പോയി.

 

Facebook Comments
Show More

മുഹമ്മദ് ശമീം

എഴുത്തുകാരന്‍, പ്രഭാഷകന്‍, ചിന്തകന്‍. 1971 മാര്‍ച്ച് 28 ന് കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരിയില്‍ ജനനം. മതങ്ങളുടെ ദര്‍ശനം, താരതമ്യ പഠനം ,ചരിത്രം എന്നിവയിലും സാമൂഹിക, പരിസ്ഥിതി വിഷയങ്ങളിലും ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. ബുദ്ധന്‍, യേശു, മുഹമ്മദ് എന്ന കൃതിയാണ് മാസ്റ്റര്‍ പീസ്.

 

 

 

Related Articles

Close
Close