Views

ചരിത്രം സൃഷ്ടിക്കുന്നത് അവകാശ പോരാട്ടങ്ങള്‍

അറബ് രാജ്യങ്ങളുടെ വിഭജനത്തിന് വരെ കാരണമായേക്കുമെന്ന് ഭയപ്പെട്ട പുതിയ പ്രശ്‌നങ്ങളുടെ ഉത്ഭവത്തോടെ ഫലസ്തീന്‍ പ്രശ്‌നം അറബ് മാധ്യമങ്ങളില്‍ അപ്രത്യക്ഷമായിരുന്നു. അറബ് രാഷ്ട്രങ്ങളുടെ വിഭജന ചര്‍ച്ചകള്‍ക്കിടയില്‍ ഫലസ്തീന്‍ പ്രശ്‌നം കുഴിച്ചു മൂടപ്പെടുമെന്ന് ചിലര്‍ ധരിച്ചുവെക്കുകയും ചെയ്തു. ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടിയവരെ സംബന്ധിച്ച് ഫലസ്തീന്‍ പ്രശ്‌നം ചര്‍ച്ചകളില്‍ നിന്നും വിസ്മൃതമായത് സന്തോഷകരവും ആശ്വാസകരവുമായിരുന്നു. എന്നാല്‍, ഫലസ്തീന്‍ പ്രശ്‌നം മണ്ണടിഞ്ഞിട്ടില്ലെന്നും, ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും വിശ്വസിക്കുന്ന ഒരു കൂട്ടര്‍ അപ്പോഴും പ്രതിരോധത്തിന്റെ കൊടി ഉയര്‍ത്തി കര്‍മ്മ രംഗത്തുണ്ടായിരുന്നു. ഫലസ്തീന്റെ പുണ്യ ഭൂമിയെയും അറബ് വ്യക്തിത്വത്തെയും സംരക്ഷിച്ച് നിര്‍ത്തിയത് ധീരരായ ഈ ചുണക്കുട്ടികളായിരുന്നു.

അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ കീഴടങ്ങാന്‍ ഒരുക്കമല്ലാത്ത ധീരരാണ് ചരിത്രം രചിച്ചിട്ടുള്ളതെന്ന് ചരിത്രം തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാല്‍ പിന്തിരിഞ്ഞോടിയവര്‍ക്ക് നിന്ദ്യതയും അപമാനവും മാത്രമാണുള്ളത്. പോരാട്ടമാണ് തങ്ങളുടെ നാടിനെ സംരക്ഷിക്കുകയെന്ന് വിശ്വസിക്കുന്ന ഫലസ്തീന്‍ ജനതക്ക് ഇതില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്.

കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ അറബികള്‍ ഇസ്രയേലിനു മുന്നില്‍ പലപ്പോഴായി തങ്ങളുടെ തലകുനിക്കുകയുണ്ടായി, ഇസ്രയേലിന്റെ പ്രീതിയും ഇഷ്ടവും സമ്പാദിക്കാന്‍ അറബികള്‍ ഇസ്രയേലിന് വണങ്ങി. എന്നാല്‍ അറബികളുടെ കീഴൊതുക്കത്തെ ഒട്ടും പരിഗണിക്കാതിരുന്ന ഇസ്രയേല്‍ തങ്ങളുടെ ധിക്കാരവും ധാര്‍ഷ്ഠ്യവും അഭംഗുരം തുടരുകയും, അറബികളെ നിന്ദ്യതയുടെ ആഴങ്ങളിലേക്ക് താഴ്ത്തിക്കെട്ടാനുമാണ് ശ്രമിച്ചത്. അറബ് മേഖലയില്‍ നിന്ന് തങ്ങള്‍ക്കെതിരെ ഉയര്‍ന്നു വരുന്ന ശബ്ദങ്ങളെ ശക്തി ഉപയോഗിച്ച് അടിച്ചമര്‍ത്തിയ ഇസ്രയേല്‍, തങ്ങള്‍ക്ക് മുന്നില്‍ തലകുനിച്ചവരെ പോലും വഞ്ചിച്ചു, അതോടൊപ്പം ഫലസ്തീനികളുടെ അവകാശങ്ങള്‍ക്ക് മേലുള്ള തങ്ങളുടെ കടന്നുകയറ്റം നിര്‍ബാധം തുടരുകയും ചെയ്തു. എന്നാല്‍ തങ്ങള്‍ക്കെതിരായ പോരാട്ടങ്ങളെ പാടെ നശിപ്പിക്കാന്‍ ഇതുകൊണ്ടൊന്നും ഇസ്രയേലിനായിട്ടില്ല.

ചരിത്രത്തില്‍ നിന്ന് ഇസ്രയേല്‍ ഒരു പാഠവും പഠിക്കുന്നില്ല. അറബ് വിരുദ്ധ നിലപാട് ഇസ്രയേല്‍ തുടരുക തന്നെയാണ്, ഗസ്സക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഏറ്റുമുട്ടലിലൂടെയല്ലാതെ ധീരത വെളിപ്പെടുത്താനാകില്ലെന്ന് വിശ്വസിക്കുന്ന പോരാളികള്‍ അക്രമണത്തെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.

ഗസ്സയിലെ പോരാളികള്‍ ഇസ്രയേല്‍ സൈന്യത്തെ രണ്ടു തവണ പരാജയത്തിന്റെ കൈയ്പ്പുനീര്‍ കുടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അറേബ്യയിലെയും ഫലസ്തീനിലെയും ഇസ്രയേല്‍ സില്‍ബന്ധികള്‍ ഈ യുദ്ധ വിജയങ്ങളെ നിരാകരിക്കുകയായിരുന്നു. യുദ്ധത്തില്‍ വിജയിച്ചതായി അവകാശവാദമുന്നയിക്കാന്‍ ഇസ്രയേല്‍ പോലും സന്നദ്ധമാകാത്ത വേളകളില്‍, ഹമാസും മറ്റു പോരാട്ട ഗ്രൂപ്പുകളും യുദ്ധത്തില്‍ പരാജയപ്പെട്ടെന്നും ഇസ്രയേല്‍ ലക്ഷ്യം നേടിയതായുമുള്ള പ്രചണ്ഡമായ പ്രചാരണം നടത്തി പ്രതിരോധ പോരാട്ടത്തെ നിസ്സാരമാക്കി ചിത്രീകരിക്കാനായിരുന്നു ഇക്കൂട്ടരുടെ ശ്രമം. ഫലസ്തീനികളുടെ പ്രതിരോധത്തെ അപഹാസ്യമാക്കി ചിത്രീകരിക്കുന്നതില്‍ അറബ് മാധ്യമങ്ങളും മത്സരിക്കുകയായിരുന്നു.

എന്നാല്‍, തങ്ങളുടെ ശക്തിയും, പോരാട്ട വീര്യവും, നിശ്ചയദാര്‍ഢ്യവും ലോകത്തിന് ബോധ്യപ്പെടുത്താന്‍ ഗസ്സ മറ്റൊരു പോരാട്ടത്തെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഗസ്സക്കെതിരെ അക്രമണം നടത്തുക വഴി ഗസ്സാ നിവാസികള്‍ക്ക് ഇസ്രയേല്‍ അതിനുള്ള മാര്‍ഗം ഒരുക്കി കൊടുക്കുകയാണ് ചെയ്തിരിക്കുന്നത്. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മുദ് അബ്ബാസടക്കമുള്ള ചില അറബ് രാഷ്ട്ര നേതാക്കള്‍ ഹമാസിന്റെ റോക്കറ്റാക്രമണങ്ങളെ പുഛത്തോടെയാണ് നിരീക്ഷിച്ചിരുന്നത്. ഹമാസിന്റെ റോക്കറ്റുകള്‍ വെറും പൈപ്പ് ബോംബുകളാണെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്. ഇപ്പോള്‍ പൈപ്പ് ബോംബുകളുണ്ടാക്കുന്നവര്‍ക്ക് ഭാവിയില്‍ വലിയ വലിയ ടാങ്കുകള്‍ തന്നെ നിര്‍മ്മിക്കാന്‍ സാധിക്കുമെന്ന ബോധ്യം പോലും ഇവര്‍ക്കില്ലേ? ഹമാസിന് അത് സാധിച്ചിട്ടുണ്ട്, ഇസ്‌ലാമിക ലോകത്തെ വളരെ പ്രധാന ശക്തിയായി അവര്‍ മാറുകയും ചെയ്തിരിക്കുന്നു, ഹമാസിനെ പരിഹസിച്ചവര്‍ തന്നെ അവരുടെ കഴിവുകളെ അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു.

ഓടിയൊളിക്കാന്‍ ഇടമില്ലെന്നും, പോരാട്ടത്തിലേര്‍പ്പെടുന്നവര്‍ക്കേ പിടിച്ചു നില്‍ക്കാനാവൂ എന്നും ബോധ്യമുള്ളവരാണ് ഗസ്സയിലെ നിവാസികള്‍. അറബികളും ലോക രാഷ്ട്രങ്ങളും അടിച്ചേല്‍പ്പിച്ച ഉപരോധങ്ങള്‍ അവരെ പുതിയ പുതിയ കണ്ടുപിടുത്തങ്ങളിലേക്ക് നയിച്ചു. വലിയ നശീകര ശേഷിയുള്ള ദീര്‍ഘദൂര മിസൈലുകള്‍ അവര്‍ വികസിപ്പിച്ചു, ഇന്നവരുടെ റോക്കറ്റുകള്‍ എവിടംവരെ എത്തുന്നു എന്നതിന് ലോകം സാക്ഷ്യയാണ്. 2004 ല്‍ ഹമാസിന്റെ റോക്കറ്റുകളെ വിമര്‍ശിച്ചവരോട് ഞാന്‍ പറഞ്ഞിരുന്നു, ഇസ്രയേല്‍ വിരുദ്ധ പോരാളികള്‍ കൂടുതല്‍ ശക്തിയുള്ള ആയുധങ്ങള്‍ വികസിപ്പിക്കുമെന്ന്. അതിനവര്‍ക്ക് സാധിച്ചിരിക്കുന്നു. ഇന്ന് ഞാന്‍ പറയുന്നു, നൂറ് കിലോമീറ്ററലധികം ദൂരം സഞ്ചരിക്കുന്ന മിസൈലുകള്‍ ഇപ്പോള്‍ ഗസ്സക്കാര്‍ വികസിപ്പിച്ചിട്ടുണ്ടെങ്കില്‍, നൂറ് കിലോഗ്രാമിലധികം സ്‌ഫോടക വസ്തുക്കള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ ഭാവിയില്‍ അവര്‍ നിര്‍മ്മിക്കും. റോക്കറ്റുകളുടെ നിര്‍മാണത്തില്‍ മാത്രമല്ല, ഇല്കട്രോണിക് യുദ്ധ രീതികളും ഗസ്സയിലെ പോരാളികള്‍ വികസിപ്പിച്ചെടുക്കുമെന്നതും തീര്‍ച്ച. ഫല്‌സതീനികള്‍ തങ്ങളുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നത് കൊണ്ടാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും തങ്ങളുടെ പൗരന്മാരെ മാറ്റിത്താമസിപ്പിക്കാന്‍ ഇസ്രയേല്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നത്. ഭാവിയില്‍ ഇനിയുമധികം ഭൂപ്രദേശങ്ങള്‍ തിരിച്ചു പിടിക്കാന്‍ ഈ പോരാളികള്‍ക്കാവുമെന്നും തീര്‍ച്ച.

ഫലസ്തീനികള്‍ക്ക് മുന്നില്‍ ഇപ്പോള്‍ പ്രതിസന്ധികള്‍ തീര്‍ക്കുന്നത് അറബികളാണ്. ഈജിപ്തിനെ പോലുള്ളവര്‍ ഗസ്സക്കെതിരായ ഉപരോധത്തിലും ഫലസ്തീനികളെ കൊന്നൊടുക്കുന്നതിലും പങ്കാളികളാണ്. ഗസ്സ നിവാസികളുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരേണ്ടതിന് പകരം ആവശ്യ സാധനങ്ങള്‍ പോലും തടഞ്ഞുവെക്കുന്ന നടപടിയാണ് ഈജിപ്ത് സ്വീകരിച്ചിരിക്കുന്നത്. മുസ്‌ലിം സമൂഹത്തിന്റെ ശക്തിയും പ്രതാപവും ഉയര്‍ത്താന്‍ ധനം വിനിയോഗിക്കുന്നതിന് പകരം അവര്‍ക്കെതിരായ ഉപരോധത്തിലാണ് അറബ് സമൂഹം അണിനിരന്നിരിക്കുന്നത്. വളരെ ചെറിയ ഭൂപ്രദേശവും വിഭവങ്ങളുടെ ദൗര്‍ബല്യവും അനുഭവിക്കുന്ന നാടാണ് ഗസ്സയെങ്കിലും ചിന്തിക്കുന്ന ജനതയാണ് അവിടെയുള്ളത്. വിയറ്റ്‌നാമിനെയും അള്‍ജീരിയയെയും പോലെ ചരിത്രത്തില്‍ എന്നും തിളങ്ങി നില്‍ക്കുന്ന പോരാട്ടത്തിന്റെയും വിപ്ലവത്തിന്റെയും ചരിതങ്ങള്‍ തീര്‍ക്കാന്‍ ഗസ്സക്കാവും.

ഗസ്സ കൂടുതല്‍ ശക്തി പ്രാപിക്കുമ്പോള്‍, എവിടെ/എപ്പോള്‍ ആക്രമിക്കണമെന്നറിയാതെ ഉഴറുന്ന സാഹചര്യമാണ് ഇസ്രയേല്‍ നേരിടുന്നത്. ഹമാസിന്റെ കേന്ദ്രങ്ങള്‍ക്ക് നേരെ അവര്‍ നടത്തുന്ന അക്രമണങ്ങള്‍ പലതും പതിക്കുന്നത് സിവിലിയന്‍മാരുടെ ഭവനങ്ങള്‍ക്ക് മുകളിലാണ്. തുരങ്കങ്ങളിലും മറ്റും സജ്ജീകരിച്ചിട്ടുള്ള ഹമാസിന്റെ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിലും അക്രമിച്ച് നശിപ്പിക്കുന്നതിലും ഇസ്രയേല്‍ നിരന്തരം പരാജയപ്പെടുന്നു. ഇസ്രയേലിന്റെ ചാരക്കണ്ണുകളെ കബളിപ്പിക്കുന്നതില്‍ ഗസ്സയിലെ പോരാളികള്‍ വലിയ അളവോളം വിജയിച്ചിരിക്കുന്നു എന്നതാണ് ഇത് തെളിയിക്കുന്നത്. പോരാളികളല്ലാത്തവരെ കൊല ചെയ്യുന്നത് 2008 ലേതു പോലെ ഇസ്രയേലിനെതിരെ വീണ്ടും അന്താരാഷ്ട്ര രോഷം ഇളക്കി വിടാനാകും ഇടവെരുത്തുക. ലോകത്തിന് മുന്നില്‍ അപമാനിതരാവുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നതിനെ ഇസ്രയേലും ഭയപ്പെടുന്നുണ്ട്. അതുകൊണ്ട് അക്രമണ നടപടികളില്‍ നിന്നും ഘട്ടംഘട്ടമായ പിന്മാറ്റത്തിന് ഇസ്രയേല്‍ മുതിര്‍ന്നേക്കും.

ഹമാസിനെതിരെ കരയുദ്ധം നടത്തുന്ന കാര്യത്തിലും ഇസ്രയേലിന് കടുത്ത ആശങ്കയുണ്ട്. ഹമാസിന്റെ സായുധ ശേഷിയെ കുറിച്ച വ്യക്തമായ ബോധ്യമില്ലാത്തതു കൊണ്ടാണ് ഇസ്രയേല്‍ ഇത്തരമൊരു നീക്കത്തിന് മുതിരാത്തത്. കരയുദ്ധത്തിലേര്‍പ്പെട്ടാല്‍ തങ്ങളുടെ സൈനികര്‍ ബന്ധികളാക്കി പിടിക്കപ്പെടുന്നതടക്കമുള്ള വലിയ തിരിച്ചടി നേരിട്ടേക്കുമെന്ന ഭീതി ഇസ്രയേലിനെ അലട്ടുന്നു. 2006 ല്‍ ഹമാസില്‍ നിന്നും നേരിട്ട പരാജയത്തിന്റെ കൈയ്പ്പുനീര്‍ ഇപ്പോഴും മറന്നിട്ടില്ലാത്ത ഇസ്രയേല്‍ അത്തരമൊരു നീക്കത്തിന് മുതിരാന്‍ സാധ്യത വളരെ കുറവാണ്. എന്നാല്‍ തികഞ്ഞ ആത്മവിശ്വാസമുള്ള ഗസ്സയിലെ പോരാളികള്‍ ഇസ്രയേല്‍ സൈന്യവുമായി കരയുദ്ധത്തിന് തയ്യാറായി നില്‍ക്കുകയുമാണ്.

ഫലസ്തീന്‍ പോരാളികള്‍ ഫലസ്തീന്‍ ജനതക്ക് പുതിയ ജീവന്‍ നല്‍കിയിരിക്കുകയാണ്. ഫലസ്തീന്‍ അതോറിറ്റിയുമായി കൈകോര്‍ത്ത് ജനതയുടെ ദേശീയ വികാരം ഇല്ലാതാക്കാനും അവരെ ധാര്‍മ്മിക അപചയത്തിലേക്ക് തള്ളിവിടാനുമുള്ള ശത്രുക്കളുടെ ശ്രമങ്ങള്‍ പോരാളികളുടെ ധീരതക്ക് മുന്നില്‍ പരാജയപ്പെട്ടിരിക്കുന്നു. ഫലസ്തീന്‍ ജനതയില്‍ വിപ്ലവ വീര്യം നിറക്കാന്‍ അവര്‍ക്കായിരിക്കുന്നു. ഓസ്‌ലോ കരാറാനന്തരം രൂപപ്പെട്ട സംസ്‌കാരത്തില്‍ നിന്നും പോരാട്ടത്തിന്റെ സംസ്‌കാരത്തിലേക്ക് ഫലസ്തീന്‍ ജനത തിരിച്ചു പോക്ക് ആരംഭിച്ചിരിക്കുന്നു. ഓസ്‌ലോ കരാറോടെ തലതാഴ്ത്തി നിന്ദ്യരായി നിന്നിരുന്ന ജനത ഇന്ന് തലയുയര്‍ത്തി പിടിക്കാന്‍ തുടങ്ങിയിരിക്കുന്നു, ഓസ്‌ലോ കരാര്‍ വലിച്ചെറിയാനും പോരാട്ടത്തിലേക്ക് മടങ്ങാനുമുള്ള വലിയ തോതിലുള്ള മുറവിളികള്‍ ഉയരുന്നതാണ് സമീപഭാവിയില്‍ ഫലസ്തീനില്‍ നാം കാണാനിരിക്കുന്നത്.

വിവ : ജലീസ് കോഡൂര്‍

Facebook Comments
Related Articles
Show More
Close
Close