Views

ഗാന്ധിവധം ആഘോഷിക്കുന്ന ഹിന്ദുത്വര്‍

നമ്മുടെ രാഷ്ട്രപിതാവ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ ഘാതകരെ കുറിച്ചും, ഗൂഢാലോചന നടത്തിയവരെ കുറിച്ചും ആശയകുഴപ്പം സൃഷ്ടിക്കുന്ന വ്യാപക പ്രചാരണം കഴിഞ്ഞ നാലഞ്ച് വര്‍ഷമായി നടക്കുന്നുണ്ട്. 1948 ജനുവരി 30-ന് ഡല്‍ഹിയില്‍ വെച്ചാണ് അദ്ദേഹം വധിക്കപ്പെട്ടത്. നീണ്ട കോടതി വിചാരണകള്‍ക്ക് ശേഷം നാഥുറാം ഗോഡ്‌സെ, നാരായണ്‍ ആപ്‌തെ എന്നിവര്‍ വധശിക്ഷക്ക് വിധിക്കപ്പെടുകയും, ഗോഡ്‌സെയുടെ സഹോദരന്‍ ഗോപാല്‍ ഗോസ്‌ഡെ അടക്കം മറ്റു ആറു പേര്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു. ഗാന്ധിയെ വധിക്കാന്‍ സവര്‍ക്കും ഗൂഢാലോചന നടത്തിയിരുന്നുവെങ്കിലും തെളിവുകളുടെ അഭാവത്താല്‍ കുറ്റവിമുക്തനാക്കപ്പെട്ടു.

ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി 2017 ഒക്ടോബര്‍ ആറിന് എല്ലാവരെയും ഞെട്ടിച്ച ഒരു നീക്കം നടത്തുകയുണ്ടായി. ഗാന്ധി ഘാതകര്‍ക്ക് നല്‍കിയ ശിക്ഷ ചരിത്രത്തിലെ ഏറ്റവും വലിയ തെറ്റുകളില്‍ ഒന്നാണ് എന്ന് അവകാശപ്പെട്ടു കൊണ്ട് പങ്കജ് ഫദ്‌നിസ് എന്നു പേരുള്ള ഒരാല്‍ നല്‍കിയ പരാതി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. സവര്‍ക്കറുമായി ബന്ധമുള്ള അഭിനവ് ഭാരത് എന്ന സംഘടനയുടെ ട്രസ്റ്റിയാണ് ഇപ്പറയുന്ന പങ്കജ് ഫദ്‌നിസ്.

വളരെ കാലം മുമ്പ് തന്നെ ‘നിയമപരമായി ഒന്നും ചെയ്യാന്‍ കഴിയില്ല’ എന്ന് കോടതി തീര്‍ത്തുപറഞ്ഞ കേസില്‍, കോടതി അതിന്റെ നിലപാട് മാറ്റുകയും ഗാന്ധി വധക്കേസ് പുനരാന്വേഷിക്കണമെന്ന പരാതി സ്വീകരിക്കുകയും ചെയ്തു. ഫദ്‌നിസ് സമര്‍പ്പിച്ച രേഖകളും,  പരാതിയും പരിശോധിക്കുന്നതിനായി മുതിര്‍ന്ന അഭിഭാഷകനായ അമരേന്ദര്‍ ശരണിനെ അമിക്കസ് ക്യൂറിയായി കോടതി നിശ്ചയിക്കുന്നത് വരെ കാര്യങ്ങള്‍ എത്തി. എന്നിരുന്നാലും, ഗാന്ധി വധക്കേസ് പുനരാന്വേഷണം സാധ്യമല്ലെന്നാണ് ഔദ്യോഗികവൃത്തങ്ങളുടെ പ്രതികരണം. അതുമായി ബന്ധപ്പെട്ട കണ്ടെത്തലുകളും, മാധ്യമ റിപ്പോര്‍ട്ടുകളും, രേഖകളും നഷ്ടപ്പെട്ടു കഴിഞ്ഞു.

70 വര്‍ഷം പഴക്കമുള്ള ഗാന്ധി വധക്കേസ് പുനരാന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കപ്പെട്ട ഹരജിക്കെതിരെ മഹാത്മാ ഗാന്ധിയുടെ പേരമകന്‍ തുഷാര്‍ ഗാന്ധി രംഗത്തുവന്നപ്പോള്‍, തുഷാര്‍ ഗാന്ധിക്ക് അതിന് എന്ത് അവകാശമാണുള്ളത് എന്നാണ് ജസ്റ്റിസ് എസ്.എ ബോദ്‌ബെയും, എം.എം ശാന്തനഗൗഡറും അടങ്ങിയ ബെഞ്ച് ചോദിച്ചത്. കേസില്‍ ഇടപെടാനുള്ള ഗാന്ധിജിയുടെ പേരമകന്റെ അവകാശം കോടതി ചോദ്യം ചെയ്തപ്പോള്‍, ഗാന്ധിജിയുമായോ, അദ്ദേഹത്തിന്റെ ഘാതകരുമായോ യാതൊരു ബന്ധവുമില്ലാത്ത ഫദ്‌നിസിന്റെ പരാതി കോടതി സ്വീകരിക്കുകയും ചെയ്തു.

തൂക്കിലേറ്റപ്പെട്ട കൊലയാളി നാഥുറാം ഗോഡ്‌സെയും, ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അദ്ദേഹത്തിന്റെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെയും കുറ്റംസമ്മതിച്ചിരുന്ന എന്നതാണ് വസ്തുതയെങ്കിലും ഗാന്ധി വധക്കേസ് പുനരാന്വേഷിക്കാനുള്ള നീക്കം മുന്നോട്ട് തന്നെ പൊയ്‌ക്കൊണ്ടിരിക്കുകയാണ്. എന്തിനാണ് ഗാന്ധിയെ കൊന്നത് നാഥുറാം ഗോഡ്‌സെ കോടതിക്ക് മുമ്പാകെ വിശദീകരിക്കുകയുണ്ടായി. ‘1948 ജനുവരി 30-ന് ബിര്‍ല ഹൗസ് പ്രാര്‍ത്ഥനാ മൈതാനത്ത് വെച്ച് ഞാനാണ് ഗാന്ധിജിയെ വെടിവെച്ചത്. ലക്ഷകണക്കിന് വരുന്ന ഹിന്ദുക്കളുടെ നാശത്തിന് ഹേതുവായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ, നയങ്ങള്‍ സ്വീകരിച്ച വ്യക്തിക്ക് നേരെയാണ് ഞാന്‍ വെടിയുതിര്‍ത്തത്’.

നാഥുറാം ഗോഡ്‌സെയുടെ ഇളയസഹോദരന്‍ ഗോപാല്‍ ഗോഡ്‌സെ തന്റെ ‘ഗാന്ധിവധവും ഞാനും’ എന്ന കൃതിയില്‍ വിശദീകരിക്കുന്നത് കാണുക. ‘ഒരു തോക്ക് കൈയ്യിലെടുത്ത് വെടിയുതിര്‍ത്ത കേവലമൊരു ചെറിയ സംഭവമല്ല ഗാന്ധിവധം. ആരെങ്കിലും അതിനെ അങ്ങനെ കാണുന്നുണ്ടെങ്കില്‍ അവര്‍ അറിവില്ലാത്തവരാണ്. മനുഷ്യനെ കൊല്ലുന്നത് ചെറിയൊരു സംഭവമല്ല, തീര്‍ച്ചയായും ഗാന്ധിവധവും അങ്ങനെ തന്നെയാണ്. സമാനതകളില്ലാത്ത ഒരു ചരിത്രസംഭവമാണ് ഗാന്ധിവധം. അത്തരം സംഭവങ്ങള്‍ യുഗാന്തരങ്ങളില്‍ അപൂര്‍വ്വമായേ സംഭവിക്കുകയുള്ളു. എന്നാല്‍ ഗാന്ധിവധം പോലൊന്ന് യുഗാന്തരങ്ങളില്‍ പോലും സംഭവിക്കുകയില്ല.’

പ്രാര്‍ത്ഥനയില്‍ മുഴുകിയ നിരായുധനായ ഒരു സാധുമനുഷ്യനെ വധിച്ചതില്‍ കൊലയാളികള്‍ വളരെയധികം അഭിമാനം കൊണ്ടിരുന്നു. ഹിന്ദു ദേശീയവാദികളുടെ അഭിപ്രായത്തില്‍ അതൊരു സല്‍കര്‍മമായിരുന്നു.

ഇന്ത്യ വിഭജനത്തിന് ഗാന്ധിജി പിന്തുണ നല്‍കിയതിനെ തുടര്‍ന്ന് ഹിന്ദുയുവാക്കളില്‍ നിന്നുണ്ടായ പ്രതികരണമായിരുന്നു ഗാന്ധിവധം എന്നാണ് ആര്‍.എസ്.എസും, സവര്‍ക്കര്‍ അനുകൂലികളും നല്‍കികൊണ്ടിരിക്കുന്ന ന്യായീകരണം. രണ്ട് കാരണങ്ങള്‍ കൊണ്ട് അതൊരു ശുദ്ധനുണയാണെന്ന് പറയാന്‍ സാധിക്കും. ആദ്യമായി, കോണ്‍ഗ്രസ്സിന്റെ ഉന്നതനേതാക്കളില്‍ സര്‍ദാല്‍ പട്ടേലായിരുന്നു വിഭജനത്തെ അനുകൂലിച്ച ആദ്യത്തെ നേതാവ്. ഗാന്ധി ഏറ്റവും അവസാനമാണ് അതിന് സമ്മതംമൂളിയത്.

രണ്ടാമതായി, ഹിന്ദുത്വ കേഡര്‍മാര്‍ക്കിടയില്‍ ഗാന്ധി വിരുദ്ധ വിഷം ദശാബ്ദങ്ങളോളം കുത്തിവെച്ചതിന്റെ പരിണിതഫലമായിരുന്നു ഗാന്ധിവധം എന്നത് തെളിയിക്കുന്ന ഒട്ടനവധി തെളിവുകള്‍ ലഭ്യമാണ്. 1934 മുതല്‍ക്ക് നീണ്ട 14 പതിനാല് വര്‍ഷം ഗാന്ധിജിക്ക് നേരെ 6 വധശ്രമങ്ങള്‍ നടന്നു. 1948 ജനുവരി 30-ന് നടന്ന അവസാനത്തെ വധശ്രമത്തില്‍ ഗോഡ്‌സെ വിജയിച്ചു. 1934, 1944 ജൂലൈ, സെപ്റ്റംബര്‍, 1946 സെപ്റ്റംബര്‍, 1948 ജനുവരി 20 എന്നീ തീയ്യതികളിലാണ് അതിന് മുമ്പ് വധശ്രമങ്ങള്‍ നടന്നത്. അവസാനത്തേതിന് മുമ്പ് നടന്ന രണ്ട് വധശ്രമങ്ങളിലും ഗോഡ്‌സെ ഉള്‍പ്പെട്ടിരുന്നു. 1934, 1944, 1946 വര്‍ഷങ്ങളിലെ പരാജയപ്പെട്ട വധശ്രമങ്ങള്‍ നടക്കുമ്പോള്‍ വിഭജനത്തെ കുറിച്ചോ, പാകിസ്ഥാന് 55 കോടി നല്‍കുന്നതിനെ കുറിച്ചോ ഉള്ള ചര്‍ച്ചകള്‍ ആരുടെയും മനസ്സില്‍പോലും ഉദിച്ചിരുന്നില്ല.

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യ എന്ന ഗാന്ധിജിയുടെ ആശയത്തിനെതിരെ ആര്‍.എസ്.എസ്, ഹിന്ദു മഹാസഭ പോലെയുള്ള ഹിന്ദുത്വ സംഘടനങ്ങള്‍ ഉയര്‍ത്തിയ കടുത്ത വെല്ലുവിളിയുടെ ബാക്കിപത്രമായിരുന്നു ഗാന്ധിവധം എന്നതാണ് യാഥാര്‍ത്ഥ്യം. വ്യത്യസ്ത മതങ്ങളില്‍ വിശ്വസിക്കുന്ന, സംസ്‌കാരങ്ങള്‍ കൈകൊള്ളുന്ന ജനവിഭാഗങ്ങള്‍ക്ക് തുല്ല്യഅവകാശങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു സ്വതന്ത്ര ഇന്ത്യക്ക് വേണ്ടിയായിരുന്നു ഹിന്ദുമതഭക്തനായിരിക്കെ തന്നെ ഗാന്ധിജി പോരാടിയത്. എന്നാല്‍, ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് വിദേശമതവിശ്വാസികളായ മുസ്‌ലിംകളെയും, ക്രിസ്ത്യാനികളെയും ഹിറ്റ്‌ലര്‍ ജൂതന്‍മാരെ ചെയ്തത് പോലെ ഉന്മൂലനം ചെയ്ത് ഇന്ത്യയെ ഹിന്ദുക്കള്‍ക്ക് മാത്രമുള്ള ഒരു ഹിന്ദു രാഷ്ട്രമാക്കണം എന്നായിരുന്നു ആര്‍.എസ്.എസ്സിന്റെയും, സവര്‍ക്കറുടെയും ആഗ്രഹം. മറ്റൊരു ആശ്ചര്യമുണര്‍ത്തുന്ന കാര്യമെന്താണെന്നാല്‍, ബുദ്ധമതം, സിഖ് മതം, ജൈനമതം എന്നിവക്ക് സ്വതന്ത്ര മതപദവി നല്‍കാന്‍ അവര്‍ ഒരുക്കമല്ല എന്നതാണ്. ഹിന്ദുത്വ സൈദ്ധാന്തികരെ സംബന്ധിച്ചടത്തോളം പ്രസ്തുത മതങ്ങള്‍ ഹിന്ദുമതത്തിന്റെ ഭാഗം തന്നെയാണ്.

ജയില്‍വാസമനുഷ്ഠിക്കുന്ന സമയത്ത് ബ്രിട്ടീഷുകാര്‍ എഴുതാന്‍ അനുവാദം കൊടുത്ത തന്റെ ‘ഹിന്ദുത്വ’ (1923) എന്ന കൃതിയില്‍, ചരിത്രാതീത കാലം മുതല്‍ക്കേ ഇന്ത്യ ഹിന്ദുക്കളുടെ ഭൂമിയാണെന്ന് സവര്‍ക്കര്‍ പ്രഖ്യാപിക്കുന്നുണ്ട്. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യസമരം എല്ലാ ജനവിഭാഗങ്ങളും ഒത്തൊരുമിച്ച ഒരു വലിയ പ്രസ്ഥാനമായി മാറുന്ന സമയത്താണ് സാമുദായിക ധ്രൂവീകരണം ഉണ്ടാക്കുന്ന പ്രസ്തുത കൃതി എഴുതാന്‍ കൊളോണിയല്‍ തമ്പുരാക്കന്‍മാര്‍ സര്‍വര്‍ക്കര്‍ക്ക് അനുവാദം നല്‍കിയത് എന്നത് തെല്ലും അത്ഭുതപ്പെടുത്തുന്ന സംഗതിയല്ല.

ശൂദ്രന്‍മാര്‍ക്കും, ഹിന്ദു സ്ത്രീകള്‍ക്കും മാനുഷിക പരിഗണന നല്‍കാന്‍ പാടില്ലെന്ന് വിധിക്കുന്ന മനുസ്മൃതി ഇന്ത്യയുടെ ഭരണഘടനയാക്കണമെന്ന ആര്‍.എസ്.എസ്സിന്റെയും ഹിന്ദുമഹാസഭയുടെയും ആവശ്യം ശക്തമായി എതിര്‍ത്തതും ഗാന്ധിജി അവരുടെ ശത്രുവായി മാറുന്നതിന് കാരണമായി ഭവിച്ചു. ഒരു ജനാധിപത്യ-മതേതര രാഷ്ട്രത്തിന് വേണ്ടിയാണ് ഗാന്ധിജി നിലകൊണ്ടത്.

മുമ്പൊരിക്കല്‍, ആര്‍.എസ്.എസ്സിന്റെ ഭാഗമായ ഹിന്ദുത്വ സംഘടനയായ ഹിന്ദു ജനജാഗ്രതി സമിതി 2013 ജൂണില്‍ ഗോവയില്‍ വെച്ച് ‘ഹിന്ദു രാഷ്ട്ര രൂപീകരണത്തിന് വേണ്ടിയുള്ള അഖിലേന്ത്യ ഹിന്ദു കണ്‍വന്‍ഷന്‍’ സംഘടിപ്പിച്ചിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയില്‍ മോദി (അന്നേരം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി അദ്ദേഹത്തെ പ്രഖ്യാപിച്ചിരുന്നു) പ്രസ്തുത സമ്മേളനത്തിന് അയച്ച ആശംസാസന്ദേശം സമ്മേളനത്തില്‍ വെച്ച് വായിക്കപ്പെട്ടിരുന്നു. മോദിയുടെ സന്ദേശം വായിക്കപ്പെട്ട അതേവേദിയില്‍ വെച്ച് തന്നെയാണ് പ്രമുഖ പ്രാസംഗികന്‍ കെ.വി സിതാരാമയ്യ ‘ഗാന്ധിജി ഒരു ക്രൂരനും, പാപിയുമായിരുന്നു’ എന്ന് പ്രഖ്യാപിച്ചത്. ‘സജ്ജനങ്ങളെ രക്ഷിക്കുന്നതിനും, ദുഷ്ടന്‍മാരെ നശിപ്പിക്കുന്നതിനും ധര്‍മ്മത്തെ നിലനിര്‍ത്തുന്നതിനും വേണ്ടി ഞാന്‍ യുഗംതോറും അവതാരം ചെയ്യുന്നു എന്ന് ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗീതയില്‍ പറഞ്ഞത് പോലെ, 1948 ജനുവരി 30-ന് വൈകുന്നേരം ശ്രീരാമനാണ് നാഥുറാം ഗോഡ്‌സെയുടെ രൂപത്തില്‍ വന്ന് ഗാന്ധിജിയുടെ ജീവനെടുത്തത്’ എന്നുകൂടി അദ്ദേഹം പറഞ്ഞു.

ഇതേ ഹിന്ദുത്വ സൈദ്ധാന്തികന്‍ തന്നെയാണ് ‘ഗാന്ധിജി ധര്‍മ്മദ്രോഹിയും, ദേശദ്രോഹിയും ആയിരുന്നു’ എന്ന കൃതിയുടെ കര്‍ത്താവ്. പ്രസ്തുത കൃതിയുടെ പുറംച്ചട്ടയില്‍ മഹാഭാരത്തില്‍ നിന്നുള്ള ഒരു വാക്യം കാണാം. ‘ധര്‍മ്മ ദ്രോഹികള്‍ നിര്‍ബന്ധമായും വധിക്കപ്പെടണം. വധിക്കപ്പെടാന്‍ അര്‍ഹതയുള്ളവനെ വധിക്കുന്നത് വന്‍പാപമല്ല’ എന്നാണ് പ്രസ്തുത വാക്യത്തിന്റെ ആശയം.

ഒരു ജനാധിപത്യ മതേതര ഇന്ത്യക്ക് വേണ്ടി ജീവന്‍ബലിയര്‍പ്പിച്ച ഗാന്ധിജിയെ ഇന്നും ഹിന്ദുത്വര്‍ അപകീര്‍ത്തിപ്പെടുത്തുന്നത് തുടരുന്നത് അങ്ങേയറ്റം ദുഃഖകരം തന്നെയാണ്. മഹാരാഷ്ട്ര നിയമസഭാ അങ്കണത്തിലും, ഇന്ത്യന്‍ പാര്‍ലമെന്റിലും ഗാന്ധിജിയുടെ ചിത്രത്തിന്റെ കൂടെ തന്നെയാണ് സവര്‍ക്കറുടെ ചിത്രവും ഉള്ളത് എന്നത് അവിശ്വസിനീയമായി തോന്നാമെങ്കിലും യാഥാര്‍ത്ഥ്യമാണ്. ജനാധിപത്യ മതേതര ഇന്ത്യക്ക് വേണ്ടി ജീവത്യാഗം ചെയ്ത ഗാന്ധിജിയും സ്വാതന്ത്ര്യ സമരപോരാളികളും ഇത്തരത്തിലുള്ള മോശമായ പരിചരണം ഒരിക്കലും അര്‍ഹിക്കുന്നില്ല.

അവലംബം :  countercurrents
മൊഴിമാറ്റം :  ഇര്‍ഷാദ് കാളാച്ചാല്‍

 

Facebook Comments
Related Articles
Show More
Close
Close