Views

ഏകാധിപതികള്‍ക്കുള്ള സന്തോഷ വാര്‍ത്തയാണ് ട്രംപ്

നിലവറയില്‍ സ്വന്തമായി പീഡന മുറിയുള്ള ഓരോ ദുര്‍ഭരണാധികാരിക്കും ഏറെ സന്തോഷം പകരുന്ന ഒന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. അതായത്, ചരിത്രത്തില്‍ ആദ്യമായി, ഒരു അമേരിക്കന്‍ പ്രസിഡന്റ് ‘പീഡനം കൊണ്ട് കാര്യമുണ്ട്’ എന്ന് തുറന്ന് പ്രഖ്യാപിച്ചിരിക്കുന്നു.

ഗ്വാണ്ടനാമോ അടച്ച് പൂട്ടില്ലെന്ന് തീരുമാനിച്ചു, സി.ഐ.എയുടെ ഇരുട്ടുമുറികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം എടുത്ത് മാറ്റി, ‘ഭീകരവിരുദ്ധ യുദ്ധ’ത്തിന്റെ ഭാഗമായി പിടിക്കപ്പെട്ട തടവുകാരുടെ അവകാശങ്ങള്‍ ഉറപ്പു വരുത്തുന്ന ജനീവ കണ്‍വന്‍ഷന്‍ തീരുമാനങ്ങള്‍ റദ്ദു ചെയ്തു, ഇതിനെല്ലാം ശേഷം ഡൊണാള്‍ഡ് ട്രംപ് അടുത്ത വെടിപൊട്ടിച്ചിരിക്കുന്നു, ‘തീര്‍ച്ചയായും, പീഡനം കൊണ്ട് കാര്യമുണ്ട്, അഗ്നിയെ അഗ്നി കൊണ്ട് തന്നെ നാം നേരിടണം.’

ഏകാധിപതികളായ ഈജിപ്തിലെ അബ്ദുല്‍ ഫത്താഹ് സീസി, ആവാന്‍ പോകുന്ന ലിബിയയിലെ ഖലീഫ ഹഫ്തര്‍ തുടങ്ങിയവര്‍ക്ക് ഇതൊരു സന്തോഷ വാര്‍ത്ത തന്നെയാണ്. ട്രംപ് അവര്‍ക്ക് അടയാളം നല്‍കി കഴിഞ്ഞു: ‘നിങ്ങളുടെ ഇഷ്ടം പോലെ നിങ്ങള്‍ക്കാരെയും എന്തും ചെയ്യാം, അമേരിക്ക അങ്ങോട്ട് തിരിഞ്ഞ് നോക്കുക പോലും ചെയ്യില്ല.’

ഇതിന് മുമ്പും നാം ഈ സാഹചര്യത്തിലൂടെ കടന്ന് പോയിട്ടുണ്ട്. 9/11-ന് ശേഷം, എങ്ങനെ അമേരിക്കന്‍ ഡോളറുകള്‍ നേടാമെന്ന് മധ്യപൗരസ്ത്യ ദേശത്തുടനീളമുള്ള ഏകാധിപതികള്‍ മനസ്സിലാക്കി. അവര്‍ അമേരിക്കയുടെ മര്‍ദ്ദകനയങ്ങളോട് ഐക്യപ്പെട്ടു: എതിരാളികളെ ‘ഭീകരര്‍’ എന്ന് മുദ്രകുത്തുക. ജോര്‍ജ്ജ് ഡബ്യു ബുഷ് പ്രസിഡന്റായിരുന്ന കാലത്ത് സി.ഐ.എ അല്ല മുഴുവന്‍ പീഡനങ്ങളും നടത്തിയത് – തടവുകാരെ പീഡിപ്പിക്കാനുള്ള കരാറുകള്‍ സി.ഐ.എ ഈ ഏകാധിപതികള്‍ക്ക് നല്‍കിയിരുന്നു. മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന്‍ ബോബ് ബെയര്‍ ഇത് സ്ഥിരീകരിക്കുന്നുണ്ട്: ‘ഗൗരവസ്വഭാവത്തിലുള്ള ചോദ്യം ചെയ്യലിനാണെങ്കില്‍ ഞങ്ങള്‍ തടവുകാരനെ ജോര്‍ദാനിലേക്കാണ് അയക്കുക. തടവുകാരനെ പീഡിപ്പിക്കാനാണെങ്കില്‍ സിറിയയിലേക്ക് അയക്കും. ഇനി തടവുകാരനെ ഈ ഭൂമിയില്‍ നിന്നും എന്നെന്നേക്കുമായി അപ്രത്യക്ഷനാക്കാനാണെങ്കില്‍ ഞങ്ങള്‍ അവനെ ഈജിപ്തിലേക്കാണ് അയക്കുക.’

ട്രംപ് പറഞ്ഞത് ശരിയാണെങ്കിലോ, തടവുകാരെ പീഡിപ്പിക്കുന്നത് കൊണ്ട് കാര്യമുണ്ടായാലോ? എന്ന വാദങ്ങള്‍ ഉയര്‍ന്ന് വരാന്‍ സാധ്യത കൂടുതലാണ്. ഇക്കാര്യത്തില്‍, ‘പീഡനം കൊണ്ട് കാര്യമുണ്ടായാലോ?’ എന്ന ചോദ്യം, ‘വംശഹത്യ കൊണ്ട് ജനസംഖ്യാവര്‍ദ്ധനവ് തടയാന്‍ കഴിഞ്ഞാലോ?’ എന്ന് ചോദിക്കുന്നത് പോലെയാണെന്ന് പറഞ്ഞ ലിബിയന്‍-അമേരിക്കന്‍ ഹെന്‍ഡ് ആര്‍മിയുടെ കൂടെയാണ് ഞാന്‍.

പക്ഷെ, കഴിഞ്ഞ പീഡന പദ്ധതി ഒരു പരാജയം തന്നെയായിരുന്നു എന്നാണ് ചരിത്രത്തിലൂടെ കണ്ണോടിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുക. ഏറ്റവും കുപ്രസിദ്ധമായ ഉദാഹരണം, ഇബ്‌നുല്‍ ശൈഖ് അല്‍ലിബി തന്നെയാണ്. ഭീകരവിരുദ്ധ യുദ്ധത്തിന്റെ പേരില്‍ ബുഷ് ഭരണകൂടം പിടികൂടിയ ആദ്യ പേരില്‍ ഒരാളാണ് അദ്ദേഹം. എഫ്.ബി.ഐ-യുടെ ചോദ്യം ചെയ്യല്‍ കൊണ്ട് അല്‍ലിബിയില്‍ നിന്നും ഒന്നും കിട്ടുന്നില്ലെന്ന് വൈറ്റ് ഹൗസ് അഭിപ്രായപ്പെട്ടപ്പോള്‍, സി.ഐ.എ-യെ അല്‍ലിബിയെ ഒരു ജെറ്റ് വിമാനത്തില്‍ കയറ്റി ഈജിപ്തിലേക്ക് അയക്കുകയാണ് ചെയ്തത്.

അവിടെ, ഈജിപ്ഷ്യന്‍ പീഡന വിദഗ്ദരുടെ കൈകളാല്‍ ശരിക്കും ‘ചോദ്യം ചെയ്യപ്പെട്ടപ്പോള്‍’, ബുഷും, വൈറ്റ് ഹൗസും തേടികൊണ്ടിരുന്ന ‘രഹസ്യവിവരം’ അല്‍ലിബി പുറത്തുവിട്ടു: അതായത്, അല്‍ഖാഇദയും, സദ്ദാം ഹുസൈനും സൈഖ്യത്തിലാണ്. ‘കൂട്ടനശീകരണായുധങ്ങള്‍’ ഉപയോഗിക്കാന്‍ പരിശീലനം നല്‍കാമെന്ന് അല്‍ഖാഇദയുടെ ആളുകള്‍ക്ക് സദ്ദാം വാഗ്ദാനം നല്‍കിയിട്ടുണ്ട്.’

ഇതൊരു നുണയായിരുന്നു. ചോദ്യം ചെയ്യല്‍ പീഡനങ്ങളില്‍ സാധാരണ സംഭവിക്കാറുള്ളത് പോലെ, വേദന സഹിക്കവയ്യാതെ അല്‍ലിബി നുണ പറഞ്ഞ് പോവുകയായിരുന്നു. ഈ നുണയുടെ അടിസ്ഥാനത്തിലാണ് അമേരിക്കയുടെ ഇറാഖ് അധിനിവേശത്തെ ന്യായീകരിച്ചു കൊണ്ട് അന്നത്തെ സ്‌റ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിച്ചത്. അമേരിക്കയുടെ കൈയ്യിലെ തുറുപ്പു ചീട്ടായിരുന്നു ആ നുണ.

തന്റെ കരിയറിലെ ഏറ്റവും വലിയ ‘കറ’യായാണ് പവല്‍ ഇന്ന് അതിനെ വിശേഷിപ്പിക്കുന്നത്. ഇറാഖ് യുദ്ധം ഒരു ദുരന്തമായിരുന്നെന്ന് ഡൊണാള്‍ഡ് ട്രംപ് പോലും അംഗീകരിക്കും. പീഡന മുറികളില്‍ നിന്നും ശേഖരിക്കപ്പെട്ട രഹസ്യവിവരങ്ങളെ കൂട്ടുപിടിച്ചാണ് ആ യുദ്ധം നടത്തിയതെന്ന് ട്രംപിന് ഒന്നുകില്‍ അറിയില്ലായിരിക്കാം, അല്ലെങ്കില്‍ അയാള്‍ അത് വലിയ കാര്യമാക്കുന്നുണ്ടാകില്ല.

പീഡന നിയമത്തില്‍ ട്രംപ് ഒപ്പുവെക്കുന്ന പക്ഷം, ബുഷ് യുഗത്തിലേക്കായിരിക്കും അമേരിക്ക തിരിച്ച് പോവുക. അന്ന് ജനീവ കണ്‍വന്‍ഷന്‍ പ്രകാരം യുദ്ധ കുറ്റവാളികള്‍ ലഭിക്കേണ്ട അവകാശങ്ങളെല്ലാം ബുഷ് ഭരണകൂടം എടുത്ത് കളഞ്ഞിരുന്നു. ഇത്, അഫ്ഗാനിസ്ഥാന്‍ മുതല്‍ക്ക് ഗ്വാണ്ടനാമോ വരെയുള്ള അമേരിക്കന്‍ തടവറകളില്‍ ചോദ്യംചെയ്യല്‍ ഓഫീസര്‍മാരായി ജോലി ചെയ്തിരുന്ന പക്വതയും, പരിചയസമ്പത്തും ഇല്ലാത്ത, സമ്മര്‍ദ്ദത്തിന് അടിമപ്പെട്ട പയ്യന്‍മാര്‍ക്ക് നല്‍കിയ സന്ദേശം ഇതായിരുന്നു: നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്തു കൊള്ളുക.

ഇതിന്റെ ഫലം എന്തായിരുന്നു എന്ന് അബൂഗുറൈബില്‍ നിന്നും, അഫ്ഗാനിസ്ഥാനില്‍ നിന്നും ലഭിച്ച ഫോട്ടോഗ്രാഫുകള്‍ നമുക്ക് കാണിച്ച് തന്നു. ചില സന്ദര്‍ഭങ്ങളില്‍ പീഡനം കൊലപാതകത്തില്‍ കലാശിച്ചിട്ടുണ്ട്. ബഗ്രാമില്‍, ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ നിരപരാധിയായ ഒരു ടാക്‌സി ഡ്രൈവര്‍ ആയിരുന്ന ദിലാവറിനെ സീലിംഗില്‍ കെട്ടിതൂക്കി ക്രൂരമായി മര്‍ദ്ദിക്കുകയുണ്ടായി. ആന്തരികരക്തസ്രാവം മൂലം ദിലാവര്‍ മരണപ്പെട്ടു. ദിലാവറിന്റെ കാലുകള്‍ ‘അടികൊണ്ട് ഉടഞ്ഞ് പള്‍പ്പ് രൂപത്തിലായിരുന്നു’ എന്നാണ് ഒരു മൃതദേഹം പരിശോധിച്ച ഒരു കൊറോണര്‍ പിന്നീട് വെളിപ്പെടുത്തിയത്. അമേരിക്കന്‍ തടവറകളില്‍ നടന്ന നിരവധി കൊലപാതകങ്ങളില്‍ ഒന്ന് മാത്രമാണ് ദിലാവറിന്റേത്.

ട്രംപിനെ പോലെ തന്നെ, മുന്‍ അമേരിക്കന്‍ ഉപപ്രധാനമന്ത്രി ഡിക് ചെനി ഒരിക്കല്‍, ‘സ്വയംരക്ഷാര്‍ത്ഥം അമേരിക്കക്ക് ഏതറ്റം വരെയും പോകേണ്ടി വന്നിട്ടുണ്ടെന്ന്’ പ്രസ്താവിച്ചിരുന്നു. അതിന്റെ ഫലങ്ങള്‍ എന്താണെന്ന് നാം കണ്ടു: കത്തിപടരുന്ന ഒരു മധ്യപൗരസ്ത്യ ദേശം. ഒന്നിനൊന്ന് മാരകമായ സംഘങ്ങള്‍.

ബന്ദികളായി പിടിച്ചവരെ ഗ്വാണ്ടനാമോ തടവറയിലേത് പോലെ, കടും ഓറഞ്ച് നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിയിപ്പിക്കുന്ന ഐ.എസ്സിന്റെ പ്രവൃത്തി ആകസ്മികമല്ല. അവര്‍ നല്‍കുന്ന സന്ദേശം വളരെ വ്യക്തമാണ്: അമേരിക്കയും സഖ്യകക്ഷികളും തങ്ങളുടെ ധാര്‍മികാധികാരം കളഞ്ഞുകുളിക്കുമ്പോള്‍, പീഡനം യുദ്ധതന്ത്രത്തിലെ ഒരു സാധാരണ സംഭവം മാത്രമായി മാറുന്നു.

പീഡന റിപ്പോര്‍ട്ടിന്റെ അവസാന അധ്യായത്തെ കുറിച്ച് സെനറ്റിന്റെ ഉപസംഹാരം ഇങ്ങനെ വായിക്കാം: ‘അമേരിക്കന്‍ കസ്റ്റഡിയില്‍ തടവുകാര്‍ക്ക് നേരിടേണ്ടി വന്ന പീഡന-മര്‍ദ്ദനങ്ങള്‍ കേവലം ‘ചില ചീത്തകുട്ടികളുടെ’ സ്വന്തം ഇഷ്ടപ്രകാരമുള്ള പ്രവര്‍ത്തനങ്ങളായി കണക്കാക്കാന്‍ കഴിയില്ല. അമേരിക്കന്‍ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നും എങ്ങനെയൊക്കെ പീഡനമുറകള്‍ ഉപയോഗിക്കാമെന്നതിനെ കുറിച്ച് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. പ്രസ്തുത പീഡനമുറകള്‍ക്ക് നിയമമുഖം ലഭിക്കുന്നതിന് വേണ്ടി അവര്‍ നിയമത്തെ പുനര്‍നിര്‍വചിച്ചു, തടവുകാര്‍ക്കെതിരെ അവ ഉപയോഗിക്കുന്നത് നിയമവിധേയമാക്കി. അത്തരം പീഡനമുറകള്‍, ഒരുപാട് പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്ന കൃത്യമായ രഹസ്യവിവരങ്ങള്‍ ശേഖരിക്കാനുള്ള നമ്മുടെ കഴിവിന് ക്ഷതമേല്‍പ്പിക്കുകയാണ് ചെയ്തത്. കൂടാതെ അത് നമ്മുടെ ശത്രുക്കളുടെ ശക്തി വര്‍ദ്ധിപ്പിച്ചു, നമ്മുടെ ധാര്‍മികാധികാരത്തെ നഷ്ടപ്പെടുത്തി.’

ഇതെല്ലാം വീണ്ടും ആവര്‍ത്തിക്കാനാണ് ട്രംപ് തുടക്കമിട്ടിരിക്കുന്നത്. ഒരു സമൂഹം എന്ന നിലക്ക് ഇതിനെ ചെറുക്കാന്‍ നാം കൂടുതല്‍ എന്തെങ്കിലും ചെയ്യുമോ എന്നതാണ് ചോദ്യം.

കടപ്പാട്: middleeasteye
മൊഴിമാറ്റം: irshad shariathi

Facebook Comments
Related Articles
Show More
Close
Close