Views

ഈജിപ്ത് : വിപ്ലവം വസന്തത്തില്‍ നിന്നും തോക്കിന്‍ കുഴലിലേക്ക് മാറുമ്പോള്‍

പതിറ്റാണ്ടുകളായുള്ള പോരാട്ടത്തിലൂടെ സേഛ്വാധിപത്യത്തിന് അറുതിവരുത്തിക്കൊണ്ട് വിപ്ലവ വസന്തം തീര്‍ത്ത ഈജിപ്ത് വീണ്ടും സൈനിക അട്ടിമറിയിലൂടെ ചരിത്രത്തിന്റെ ഇരുണ്ട ഇടനാഴികകളിലേക്ക് തിരിഞ്ഞുനടക്കുകയാണ്. ഈജിപ്തിന്റെ ചരിത്രത്തിലാധ്യമായി ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെയാണ് സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ടിരിക്കുന്നത്.

പശ്ചിമേഷ്യന്‍ രാഷ്ട്രീയ ഗതി നിര്‍ണയിക്കുന്നതില്‍ പൊതുവെയും ഫലസ്തീന്‍ പ്രശ്‌ന പരിഹാരത്തില്‍ പ്രത്യേകിച്ചും ഈജിപ്തിന്റെ ഇടപെടല്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നതിനാല്‍ തന്നെ ഈജിപ്ഷ്യന്‍ രാഷ്ട്രീയ ഗതിവിഗതികള്‍ എന്നും ലോകം ഉറ്റുനോക്കുന്നതായി കാണാം. 2011 ജനുവരി 25-ന് ആരംഭിച്ച ജനകീയ പ്രക്ഷോഭം മുപ്പത് വര്‍ഷമായി തുടരുന്ന ഹുസ്‌നി മുബാറക്കിന്റെ സേഛ്വാധിപത്യഭരണത്തിനന്ത്യം കുറിക്കുകയുണ്ടായി. 2012 ജൂണില്‍ നടന്ന പൊതുതെരഞ്ഞെടുപ്പിലൂടെ 52% വോട്ടോടെ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി അധികാരത്തിലെത്തുകയും ജൂണ്‍ 30ന് മുഹമ്മദ് മുര്‍സി പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.

മുബാറക്ക് ഭരണത്തിന്റെ ബാക്കിപത്രമായ അമിതാധികാരമുള്ള പട്ടാളവും കോടതിയും അഴിമതിയില്‍ മുങ്ങിയ ഉദ്യോഗസ്ഥവൃന്ദവുമാണ് മുര്‍സിയെ കാത്തിരുന്നത്. ഭരണപരിഷ്‌കാരത്തിനുള്ള ഓരോ ശ്രമത്തിലും സൈന്യത്തിന്റെ സുപ്രീം കൗണ്‍സില്‍ ഇടപെട്ടുകൊണ്ടിരുന്നു. അന്നു തന്നെ ജനാധിപത്യ ഭരണകൂടത്തിന് കൂച്ചുവിലങ്ങിടാനുള്ള അവസരം പാര്‍ത്തിരിക്കുകയാണ് സൈന്യം എന്ന് വായിച്ചെടുക്കാന്‍ വലിയ ദീര്‍ഘദൃഷ്ടിയൊന്നും ആവശ്യമുണ്ടായിരുന്നില്ല. എന്നാല്‍ ഫലസ്തീന്‍ പ്രശ്‌നങ്ങളിലെ ശ്രദ്ദേയമായ ഇടപെടലും ലോക രാഷ്ട്രങ്ങളുമായുള്ള ഊഷ്മള ബന്ധവും കാരണം മുഹമ്മദ് മുര്‍സി ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ദേയനായ ഭരണാധികാരിയായിത്തീരുകയുണ്ടായി.

മുസ്‌ലിം രാഷ്ട്രങ്ങളില്‍ ജനാധിപത്യത്തിന്റെ നിറവും രുചിയും ഒന്ന് വേറെത്തന്നെയാണെന്ന് വ്യത്യസ്ത രാഷ്ട്രങ്ങളുടെ അനുഭവങ്ങളില്‍ നിന്ന് നാം തിരിച്ചറിഞ്ഞതാണ്.  സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടന്നാല്‍ ഇസ്‌ലാമിസ്റ്റുകളും മുസ്‌ലിം അനുകൂല സംഘടനകളും അധികാരത്തിലെത്തുന്നിടത്തെല്ലാം രാജവാഴ്ചയോ, സൈനിക അട്ടിമറിയോ അധിനിവേശമോ നടത്തി അതിനെ ദുര്‍ബലപ്പെടുത്തുക എന്ന സാമ്രാജ്യത്വ അജണ്ടയുടെ ഒടുവിലത്തെ ഇര മാത്രമാണ് മുഹമ്മദ് മുര്‍സി. നജ്മുദ്ദീന്‍ അര്‍ബാകാന്റെ നേതൃത്വത്തിലുള്ള റഫാഹ്, സആദ പാര്‍ട്ടികള്‍ ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്തിയപ്പോള്‍ തുര്‍ക്കി സൈന്യം അട്ടിമറി നടത്തിയതിന് നാം സാക്ഷികളാണ്. അള്‍ജീരിയയില്‍ ഇസ്‌ലാമിക പ്രസ്ഥാനം തെരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കാന്‍ പോലും സമ്മതിക്കാതെ പട്ടാളം അട്ടിമറി നടത്തുകയായിരുന്നു. മുപ്പത് വര്‍ഷത്തെ ഏകാധിപത്യ ഭരണകൂടത്തില്‍ ഒരു കുഴപ്പവും ദര്‍ശിക്കാത്തവര്‍ സംഘര്‍ഷഭരിതവും ആസൂത്രണ മുന്നൊരുക്കങ്ങളുടേതുമായ വര്‍ഷത്തെ വിലയിരുത്തി കുഴപ്പം കണ്ടെത്തുകയും താഴെയിറക്കുകയും ചെയ്യുന്നതിലെ മനശ്ശാസ്ത്രം നാം തിരിച്ചറിയേണ്ടതുണ്ട്. മാത്രമല്ല, മുര്‍ഷിദിന്റെ ഭരണത്തില്‍ നിന്നും യഥാര്‍ഥ ജനാധിപത്യത്തിലേക്കുള്ള പോരാട്ടമാണ് ഞങ്ങളുടേത് എന്നു പറഞ്ഞ തീവ്ര സെക്യൂലരിസ്റ്റുകളും മുബാറക്ക് അനുകൂലികളും റിബലുകളുമെല്ലാം സൈനിക അട്ടിമറിയെ ആരവങ്ങളോടെ സ്വീകരിച്ചതില്‍ നിന്നും ഏതു രീതിയിലുള്ള ജനാധിപത്യമാണ് അവര്‍ മുന്നോട്ട് വെക്കുന്നത് എന്നും രാജ്യത്തെ എങ്ങോട്ട് നയിക്കുകയുമാണ് അവരുടെ ലക്ഷ്യമെന്നും നമുക്ക് തിരിച്ചറിയാനായി.

സൈനിക മേധാവികള്‍ നല്ല ഹോം വര്‍ക്കോടുകൂടിയാണ് അട്ടിമറിക്ക് മുതിര്‍ന്നിട്ടുള്ളത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇതിനുള്ള ആസൂത്രണവും തിരക്കഥകളും തയ്യാറാക്കിയിട്ടുണ്ട് എന്ന് അവരുടെ ഇടപെടലുകള്‍ തെളിയിക്കുന്നുണ്ട്. സൈനിക മേധാവി പ്രസിഡന്റിനെ സ്ഥാനഭ്രഷ്ടനാക്കി പ്രഖ്യാപിക്കുമ്പോള്‍ ഈജിപ്തിലെ ഉന്നത മതകേന്ദ്രത്തിന്റെ അധിപനായ ശൈഖുല്‍ അസ്ഹറും കോപ്റ്റിക് ചര്‍ച്ചിന്റെ മേലധ്യക്ഷനും പ്രതിപക്ഷ നേതാക്കളും ഒപ്പമുണ്ടായിരുന്നു. സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് സീസി സ്വയം ഭരണം ഏറ്റെടുക്കാതെ ഭരണത്തെ നിയന്ത്രിക്കുന്ന സുപ്രീം ആയി നിലകൊള്ളാന്‍ തയ്യാറായതും ആറ് മാസത്തിനുള്ളില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചതില്‍ നിന്നും ഈ മുന്നൊരുക്കങ്ങളെ കുറിച്ച് സൂചനകള്‍ നല്‍കുന്നതാണ്. പൊതുജനങ്ങളുടെയും മതമേധാവികളുടെയും പിന്തുണ ഞങ്ങള്‍ക്കൊപ്പമാണ് എന്ന പുകമറ സൃഷ്ടിച്ച് സൈനിക അട്ടിമറിക്കെതിരെ ജനങ്ങള്‍ രംഗത്ത് വരാതിരിക്കാനുള്ള ഗൂഢതന്ത്രമാണ് ഇതിലൂടെ പയറ്റിയിട്ടുള്ളത്. ജനാധിപത്യ സര്‍ക്കാറിനെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള സൈന്യം സുപ്രധാന ഘട്ടങ്ങളിലെല്ലാം അരാചകവാദികളോടൊപ്പം നിലകൊള്ളുകയും പ്രസിഡന്റിന്റെ ഭരണപരിഷ്‌കാരങ്ങളെയെല്ലാം ദുര്‍ബലപ്പെടുത്തുന്നതില്‍ കാണിച്ച വ്യഗ്രതയും ഒടുവില്‍ പ്രസിഡന്റിന് അന്ത്യശാസനം നല്‍കുകയും സ്ഥാനഭ്രഷ്ടനാക്കിപ്രഖ്യാപിക്കുകയും ചെയ്തതില്‍ നിന്ന് അവരുടെ കൂറ് ആരോടാണെന്ന് മനസ്സിലാക്കാവുന്നതാണ്.

ഈജിപ്ഷ്യരുടെ മനസ്സ് വിഭജിക്കുകയും അതിന് രൂക്ഷത പ്രാപിക്കുകയും ചെയ്തിരിക്കുന്ന സന്ദര്‍ഭമാണിത്. തഹരീര്‍ സ്‌ക്വയറില്‍ ആരവങ്ങളും വിജയാഹ്ലാദങ്ങളുമായി മുബാറക്ക് അനുകൂല പ്രതിപക്ഷ കക്ഷികളും അരാചകവാദികളും നൃത്തം ചവിട്ടുമ്പോള്‍ റാബിഅ അദവിയ്യയിലും കൈറോ യൂണിവേഴ്‌സിറ്റിയിലും മുര്‍സി അനുകൂലികളും രോഷാഗ്നിയോടെ ഒത്തുകൂടിയിരിക്കുകയാണ്. പതിറ്റാണ്ടുകളായി സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊണ്ട കാരണത്താല്‍ ജയില്‍വാസവും പീഢനങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന ഇഖവാനികളെ വീണ്ടും ജയിലിലടക്കാനും പീഢിപ്പിക്കാനുമുള്ള നിലപാടുമായിട്ടാണ് സൈന്യം മുന്നോട്ട് പോകുന്നതെങ്കില്‍ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്തും. ജനങ്ങളെ വ്യത്യസ്ത കക്ഷികളാക്കി ഭിന്നിപ്പിക്കുകയും പരസ്പരം രക്തം ചിന്തുന്ന അവസ്ഥ സംജാതമാകുകയും ചെയ്താല്‍ അതിന് രാജ്യം കനത്ത വില നല്‍കേണ്ടിവരും. ജനാധിപത്യത്തിന്റെയും പുരോഗതിയുടെയും സ്വാതന്ത്ര്യത്തിന്റെയും പുലരിക്കായി ലോകം മുറവിളികൂട്ടുമ്പോള്‍ നടന്ന ഈ തോക്കിന്‍ കുഴല്‍ വിപ്ലവം പശ്ചിമേഷ്യയെ വീണ്ടും ഇരുണ്ടയുഗത്തിലേക്കും അധോഗതിയുടെ ആഴങ്ങളിലേക്കുമായിരിക്കും എത്തിക്കുക എന്നത് ലോകരാഷ്ട്രങ്ങളില്‍ നടന്ന ഇത്തരം അട്ടിമറികള്‍ നമ്മെ പഠിപ്പിക്കേണ്ടതാണ്.

തുര്‍ക്കിയുടെ മാതൃക ഇഖവാനുല്‍ മുസ്‌ലിമൂനും എഫ് ജെ പിക്കും കൂടുല്‍ പാഠമാകേണ്ടതുണ്ട്. നിരവധി തവണ ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയിട്ടും സൈനിക അട്ടിമറി അഭിമുഖീകരിക്കേണ്ടി വന്ന ഇസ്‌ലാമിസ്റ്റുകള്‍ അതിനെയെല്ലാ തികഞ്ഞ നിശ്ചയാദാര്‍ഢ്യം കൊണ്ടും ആസൂത്രണ പാടവം കൊണ്ടും അതിജയിച്ച ചരിത്രമാണല്ലോ തുര്‍ക്കിക്ക് പറയാനുള്ളത്. ഇത്തരം പരീക്ഷണങ്ങളെ ഏറ്റവും സര്‍ഗാത്മകമായി കൈകാര്യം ചെയ്ത ഉത്തമ ഭരണാധികാരിയാണ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. തുര്‍ക്കിയുടെ മാതൃകയില്‍ ലോകത്തിലെ തന്നെ ശ്രദ്ദേയമായ ഭരണ മികവിന് ഈജിപ്തും സാക്ഷിയാകുമോ എന്ന് കാത്തിരുന്ന് കാണാം.

Facebook Comments

അബ്ദുല്‍ ബാരി കടിയങ്ങാട്

കോഴിക്കോട് ജില്ലയിലെ കുറ്റിയാടിക്കടുത്ത കടിയങ്ങാട് ഗ്രാമത്തില്‍ 1984-ല്‍ ജനനം. ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയയില്‍ നിന്ന് ഉസൂലുദ്ദീനില്‍ ബിരുദവും ദഅ്‌വയില്‍ ബിരുദാനന്ത ബിരുദവും നേടി. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് അറബിയില്‍ ബിരുദവും മാനാഞ്ചിറ ഗവണ്‍മെന്റ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ നിന്ന് ബി എഡും കരസ്ഥമാക്കി. ഐ പി എച്ച് പ്രസിദ്ധീകരിച്ച ഇസ്‌ലാമിക വിദ്യാഭ്യാസ ചിന്തകള്‍ എന്ന പുസ്തകത്തിന്റെ എഡിറ്റര്‍ ആണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker