Views

ഇസ്രയേല്‍ അതിക്രമങ്ങള്‍ എടുത്തുകാണിക്കുകയെന്ന കടമയാണ് യുനെസ്‌കോ നിര്‍വഹിച്ചത്

അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെയും ജറൂസലേമിലെയും ഇസ്രയേല്‍ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്ന യുനെസ്‌കോ പ്രമേയത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ് ഇസ്രയേല്‍ രാഷ്ട്രീയ നേതൃത്വം. ‘അതിലൂടെ ജറൂസലേമുമായുള്ള ജൂതന്‍മാരുടെ ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുള്ള ബന്ധത്തെ അവഗണിക്കുകയും മുസ്‌ലിം ഭീകരരെ സഹായിക്കുകയുമാണ്’ എന്നാണ് ഇസ്രയേല്‍ വിദ്യാഭ്യാസ മന്ത്രി നഫ്താലി ബെന്നറ്റ് നാടകീയമായി പറഞ്ഞിരിക്കുന്നത്.

യുനെസ്‌കോ ‘അസംബന്ധ നാടകത്തിന്റെ’ വേദിയായി മാറിയിരിക്കുകയാണെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു ഫേസ്ബുക്കില്‍ പ്രതികരിച്ചത്. ”ഇസ്രയേലിന് ടെമ്പിള്‍ മൗണ്ടുമായും (മസ്ജുദുല്‍ അഖ്‌സയുടെ കോമ്പൗണ്ട്) വെസ്റ്റേണ്‍ വാളുമായും (ബുറാഖ് മതില്‍) ബന്ധമില്ലെന്ന് പറയുന്നത് ചൈനക്ക് ചൈനീസ് വന്‍മതിലുമായും, ഈജിപ്തിന് പിരമിഡുകളുമായും ഒരു ബന്ധവുമില്ലെന്ന് പറയുന്നതിന് സമാനമാണ്.” എന്നും നെതന്യാഹു കൂട്ടിചേര്‍ത്തു.

അതേസമയം വേള്‍ഡ് ജൂയിഷ് കോണ്‍ഗ്രസ് യുനെസ്‌കോ പ്രമേയത്തെ ‘പ്രകോപനപരവും ഏകപക്ഷീയവും’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ലോക പൈതൃകങ്ങളുടെ സംരക്ഷണത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന ഐക്യരാഷ്ട്രസഭ വേദിയുമായുള്ള സഹകരണം അവസാനിപ്പിക്കാനും ഇസ്രയേല്‍ തീരുമാനിച്ചിരിക്കുന്നു.

ഇസ്രയേലോ അവരുടെ അനുകൂലികളോ ഉയര്‍ത്തുന്ന വാദങ്ങളല്ല യുനെസ്‌കോ തീരുമാനത്തിന് പിന്നില്‍. പുരാതന ജറൂസലേമിനും അവിടത്തെ മതിലിനും മൂന്ന് സെമിറ്റിക് മതങ്ങള്‍ നല്‍കുന്ന പ്രാധാന്യത്തെ വ്യക്തമാക്കുകയാണ് പ്രസ്തുത പ്രമേയം. ഫലസ്തീന്‍ സാംസ്‌കാരിക പൈതൃകത്തെയും കിഴക്കന്‍ ജറൂസലേമിന്റെ സവിശേഷമായ പ്രകൃതത്തെയും സംരക്ഷിക്കുന്ന എന്നതിലുപരിയായി രക്ഷാസമിതിയുടെയോ ഐക്യരാഷ്ട്രസഭയുടെയോ പ്രമേയങ്ങളെയോ തീരുമാനങ്ങളെയോ ഫലസ്തീന്റെയും ജറൂസലേമിന്റെയും പദവികളെയോ ബാധിക്കുന്ന ഒന്നും തന്നെ പുതിയ തീരുമാനത്തില്‍ ഇല്ലെന്നും അത് വ്യക്തമാക്കുന്നു.

അന്താരാഷ്ട്ര നിയമ പ്രകാരം വെസ്റ്റ്ബാങ്കിലും ഗസ്സയിലും തങ്ങളുടെ കൊളോണിയല്‍ നയങ്ങള്‍ തുടരാനാവില്ലെന്ന ലളിതമായ യാഥാര്‍ഥ്യത്തില്‍ നിന്നാണ് യുനെസ്‌കോ തീരുമാനത്തിനെതിരെയുള്ള ഇസ്രയേല്‍ പ്രതിഷേധം പുറത്തുവരുന്നത്. ഇസ്രയേലിന്റൈ ‘വിവേചന മതിലി’നെതിരെയും കുടിയേറ്റ കേന്ദ്രങ്ങളുടെ നിര്‍മാണത്തെ അപലപിച്ചു കൊണ്ടുമുള്ള തീരുമാനങ്ങള്‍ രക്ഷാസമിതി മുമ്പും സ്വീകരിച്ചിട്ടുണ്ട്. അപ്പോഴെല്ലാം അതിനെ അപലപിക്കുക മാത്രമാണ് ഇസ്രയേല്‍ നേതൃത്വം ചെയ്തത്. സുരക്ഷാ സംബന്ധിയായ ആശങ്കകളുടെയും ‘ഇസ്‌ലാമിക ഭീകരവാദ’ത്തിനെതിരെയുള്ള പോരാട്ടത്തിന്റെയും പേരില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി യുനെസ്‌കോ നടപടിയെ ഉപയോഗപ്പെടുത്താനുള്ള നീക്കങ്ങളാണ് അവരിപ്പോള്‍ നടത്തുന്നത്.

ഇസ്രയേല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നത് സംബന്ധിച്ച പ്രമേയം 58 യുനെസ്‌കോ അംഗങ്ങള്‍ക്കിടയിലാണ് ഈ ആഴ്ച്ചയില്‍ വോട്ടെടുപ്പ് നടത്തിയത്. പതിവു രീതിയനുസരിച്ച് അത് തള്ളിപ്പോകുമെന്നായിരുന്നു ഇസ്രയേല്‍ പ്രതീക്ഷിച്ചിരുന്നത്. അനുകൂലമായി ലഭിച്ച 24 വോട്ടിലൂടെ പ്രമേയം പാസ്സാക്കപ്പെട്ടു. ആറ് അംഗങ്ങള്‍ അതിനെ എതിര്‍ത്തപ്പോള്‍ 26 അംഗങ്ങള്‍ വിട്ടുനില്‍ക്കുകയാണ് ചെയ്തത്. പ്രസ്തുത പ്രമേയം ഉന്നയിക്കുന്ന കാര്യങ്ങളാണ് ചുവടെ:

♦ കിഴക്കന്‍ ജറൂസലേമില്‍ പ്രത്യേകിച്ചും പുരാതന നഗരത്തിന് ചുറ്റുമുള്ള ഭാഗത്ത് നടക്കുന്ന ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കുന്നതില്‍ അധിനിവേശ ഭരണകൂടം പരാജയപ്പെട്ടിരിക്കുന്നു. യുനെസ്‌കോ പ്രമേയങ്ങളുടെയും തീരുമാനങ്ങളുടെയും അടിസ്ഥാനത്തില്‍ അതിന് വിലക്കേര്‍പ്പെടുത്തണമെന്ന് നിരന്തരം ഇസ്രയേലിനോട് ആവശ്യപ്പെടുകയാണ്.
♦ പ്രദേശത്തിന്റെ ചരിത്രപരമായ അവസ്ഥ വീണ്ടെടുക്കാന്‍ അനുവദിക്കണമെന്ന് അധിനിവേശ ഇസ്രയേല്‍ ഭരണകൂടത്തോട് ആവശ്യപ്പെടുന്നു.
♦ ഔഖാഫ് ഡിപ്പാര്‍ട്ട്‌മെന്റിലും അതിലെ ജീവനക്കാര്‍ക്കും എതിരെയുള്ള വര്‍ധിച്ചു വരുന്ന ഇസ്രയേല്‍ കയ്യേറ്റങ്ങളെയും മുസ്‌ലിംകളെ അവരുടെ പുണ്യസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടയുകയും ചെയ്യുന്ന ഇസ്രയേല്‍ നടപടിയെ അതിശക്തമായി അപലപിക്കുന്നു.
♦ തീവ്രവലതുപക്ഷ ചിന്താഗതിക്കാരായ ഇസ്രയേലികളും യൂണിഫോം ധരിച്ച സൈനികരും മസ്ജിദുല്‍ അഖ്‌സയില്‍ സൃഷ്ടിക്കുന്ന സംഘര്‍ഷാന്തരീക്ഷത്തെ അപലപിക്കുന്നു. അതോടൊപ്പം മസ്ജിദിന്റെ പവിത്രതക്ക് കളങ്കമേല്‍പിക്കുന്ന പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ അധിനിവേശ ഇസ്രയേല്‍ ഭരണകൂടത്തോട് ആവശ്യപ്പെടുകയും ചെയ്യുന്നു.
♦ സിവിലിയന്‍മാര്‍ക്കും മുസ്‌ലിം മതനേതാക്കളും പുരോഹിതന്‍മാരും അടക്കമുള്ളവര്‍ക്കെതിരെ നടക്കുന്ന കയ്യേറ്റങ്ങളില്‍ വിമര്‍ശനം രേഖപ്പെടുത്തുന്നതോടൊപ്പം പ്രദേശത്തും വിശ്വാസങ്ങള്‍ക്കിടയിലും സംഘര്‍ഷാവസ്ഥക്ക് കാരണമാകുന്ന അതിക്രമങ്ങള്‍ക്ക് അറുതി വരുത്താന്‍ അധിനിവേശ ഇസ്രയേല്‍ ഭരണകൂടത്തോട് ആവശ്യപ്പെടുകയാണ്.
♦ മസ്ജിദുല്‍ അഖ്‌സക്ക് മേല്‍ ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ നിരാകരിക്കുന്നതോടൊപ്പം അഖ്‌സക്ക് നേരെയുള്ള എല്ലാ നിയമലംഘനങ്ങളും അവസാനിപ്പിക്കാന്‍ ഇസ്രയേലിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു.
♦ അല്‍അഖ്‌സ മസ്ജിദിലെ സെന്റര്‍ ഓഫ് ഇസ്‌ലാമിക് മാനുസ്‌ക്രിപ്റ്റ് പ്രൊജക്ടിന്റെ ചുമതലയുള്ള യുനെസ്‌കോ ഉദ്യോഗസ്ഥര്‍ക്ക് വിസ നിഷേധിച്ച ഇസ്രയേല്‍ നടപടിയിലുള്ള വിമര്‍ശനം അറിയിക്കുന്നു.

ഉമയ്യ, ഓട്ടോമന്‍, മംലൂക് ഭരണ ശേഷിപ്പുകളെ അന്യായമായി തകര്‍ക്കുന്നതിലും മുഗറബി ഗേറ്റിന് സമീപത്തെ ഖനന പ്രവര്‍ത്തനങ്ങളിലുമുള്ള ഉത്കണ്ഠയാണ് പ്രമേയം ഉയര്‍ത്തുന്നത്. യുനെസ്‌കോ നിര്‍ദേശങ്ങളെ മാനിച്ച് അത്തരം നശീകരണ പ്രവര്‍ത്തനങ്ങളും ഖനനവും അവസാനിപ്പിക്കാനും ഇസ്രയേലിനോടത് ആവശ്യപ്പെടുന്നു.

ഗസ്സക്ക് മേലെയുള്ള ഇസ്രേയല്‍ ഉപരോധത്തെ പ്രമേയം അപലപിക്കുകയും ഫലസ്തീനികള്‍ക്ക് ഹെബ്രോണിലെ ഇബ്‌റാഹീമി മസ്ജിദുമായുള്ള ബന്ധം അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്നു. അല്‍അഖ്‌സക്കെതിരെ ഇസ്രയേല്‍ സ്വീകരിച്ച നടപടികളെ പൂര്‍ണാര്‍ഥത്തില്‍ അപലപിക്കുകയാണത് ചെയ്യുന്നത്. ഇതിനെ മറ്റൊരു ജൂതവിരുദ്ധ പ്രഖ്യാപനമായി അവതരിപ്പിക്കാന്‍ ഇസ്രയേല്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ തന്നെയും അതങ്ങനെയല്ലെന്നതാണ് വസ്തുത.

ഫലസ്തീനില്‍ ഇസ്രയേല്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന അധിനിവേശവും അധീനപ്പെടുത്തലുകളും എടുത്തു കാണിക്കല്‍ ഐക്യരാഷ്ട്രസഭയുടെ വേദിയെന്ന നിലയില്‍ യുനെസ്‌കോയുടെ ഉത്തരവാദിത്വമാണ്. ലോക പൈതൃകങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു കക്ഷികളെ കുറിച്ച് – അവര്‍ ആര് തന്നെയാവട്ടെ – ലോകത്തെ ബോധവല്‍കരിക്കേണ്ട വലിയ ബാധ്യത അതിനുണ്ട്. അധിനിവേശകരായ ഇസ്രയേലിന്റെ വീക്ഷണത്തില്‍ മാത്രമേ അത് ‘പ്രകോപന’പരമായ നടപടിയാവുന്നുള്ളൂ.

വിവ: നസീഫ്‌

Facebook Comments
Related Articles
Show More
Close
Close