Views

ഇറാഖിലെ പ്രസവവാര്‍ഡുകളിലൂടെ ഒരു യാത്ര

2003-ലെ അധിനിവേശകാലത്ത് തങ്ങളുടെ ഭൂമി തട്ടിയെടുക്കാന്‍ വന്ന അമേരിക്കന്‍ സൈന്യത്തെ ധീരമായി ചെറുത്ത് നിന്ന് ലോകത്തെ ഞെട്ടിച്ച് കളഞ്ഞ ഇറാഖ് പട്ടണമായിരുന്നു ഫല്ലൂജ. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ നേരെതിരിച്ചാണ്. അതിഭീകരമായ അംഗവൈകല്യങ്ങള്‍ ബാധിച്ച് ജനിച്ച് വീഴുന്ന കുഞ്ഞുങ്ങളുടെ പേരിലാണ് ഇന്ന് ഫല്ലൂജ അറിയപ്പെടുന്നത്. 2004-ല്‍ ഫല്ലൂജയില്‍ അമേരിക്ക നടത്തിയ യുറേനിയം, വൈറ്റ് ഫോസ്ഫറസ് ബോംബാക്രമണങ്ങളുടെ അനന്തഫലങ്ങളാണ് ഇന്ന് അവിടെ ജനിച്ച് വീഴുന്ന കുഞ്ഞുങ്ങളില്‍ നമുക്ക് കാണാന്‍ കഴിയുന്നത്.

ഫല്ലൂജയിലെ ഒരു പ്രസവവാര്‍ഡില്‍ നിന്നുള്ള ഒരു വീഡിയോ അടുത്തിടെ ഞാന്‍ കാണുകയുണ്ടായി. അലമുറയിട്ട് കരഞ്ഞ് കൊണ്ടാണ് ഒരു മാതാവ് തന്റെ കുഞ്ഞിനെ ശുശ്രൂഷിച്ചിരുന്നത്, രണ്ട് തലകളോട് കൂടിയാണ് ആ കുഞ്ഞ് ജനിച്ചിരുന്നത്. തങ്ങളുടെ മക്കള്‍ വേഗം മരിച്ചു പോയാല്‍ മതിയെന്ന് തുറന്ന് പറയുന്ന ഉമ്മമാരെയും ആ വീഡിയോയില്‍ കാണാന്‍ കഴിയും.

കണ്ണുകളുടെ ഭാഗത്ത് കേവലം രണ്ട് കുഴികളോടെയും, രൂപവൈകൃതങ്ങളോടെയും, പ്രവര്‍ത്തനക്ഷമമല്ലാത്ത തലച്ചോറോട് കൂടിയും ജനിച്ച് വീണ കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ വീഡിയോയില്‍ മാറിമറിഞ്ഞ് പോയ്‌ക്കൊണ്ടിരുന്നു. ഇതെല്ലാം മുമ്പ് നേരിട്ടെവിടെയോ കണ്ടത് പോലെ എനിക്ക് തോന്നാന്‍ തുടങ്ങി. പക്ഷെ, ഫല്ലൂജയെ കുറിച്ച് കേള്‍ക്കുന്നതിന് മുമ്പ് തന്നെ ഹൃദയഭേദകമായ ഈ ദൃശ്യങ്ങള്‍ക്ക് ഒരിടത്ത് വെച്ച് ഞാന്‍ നേരിട്ട് സാക്ഷിയായിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം വളരെ പെട്ടെന്ന് തന്നെ ഞാന്‍ തിരിച്ചറിഞ്ഞു.

ഇറാഖിലെ അമേരിക്കന്‍ അധിനിവേശം ആരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള രണ്ട് വര്‍ഷം ദക്ഷിണഇറാഖിലെ ബസ്വറയിലുള്ള പ്രസവവാര്‍ഡുകളിലൂടെ ഞാനൊരു യാത്ര നടത്തിയിരുന്നു. അന്ന് അവിടെയാണ് ഒന്നാം ഗള്‍ഫ് യുദ്ധത്തിന് ശേഷം ‘ഫ്രാങ്കെന്‍സ്റ്റെയ്ന്‍ കുഞ്ഞുങ്ങള്‍’ എന്ന് വിളിക്കപ്പെട്ട അംഗവൈകല്യമുള്ള കുഞ്ഞുങ്ങള്‍ പിറന്ന് വീണിരുന്നത്. കുഞ്ഞ് ‘ആണോ പെണ്ണോ?’ എന്നായിരുന്നില്ല എന്ന് അവിടത്തെ ഉമ്മമാര്‍ ആദ്യം ചോദിച്ചിരുന്നത്. മറിച്ച്, ‘കുഞ്ഞിന് കുഴപ്പമെന്തെങ്കിലും ഉണ്ടോ?’ എന്നായിരുന്നു അവര്‍ ആദ്യം അന്വേഷിച്ചിരുന്നത്.

പീഡിയാട്രീഷ്യനായിരുന്ന ലോര്‍ഡ് നിക്കോളാസ് റേക്കൊപ്പമായിരുന്നു ഞാന്‍ ബസ്വറയില്‍ തങ്ങിയത്. ഇന്‍കുബേറ്ററുകളില്‍ വരിയായി കിടത്തിയിരുന്ന മെലിഞ്ഞ, അംഗവൈകല്യം സംഭവിച്ച ആ കുഞ്ഞുശരീരങ്ങളെ നോക്കി അദ്ദേഹം എന്നോട് സമ്മതിച്ച ഒരു കാര്യമുണ്ട്: ‘ഇതുപോലെ ഞാന്‍ ജീവിതത്തില്‍ എവിടെയും കണ്ടിട്ടില്ല. പേരറിയാത്ത, എനിക്കറിവില്ലാത്ത വിവിധതരം കാന്‍സറുകളാണ് ഞാനിവിടെ കണ്ടുകൊണ്ടിരിക്കുന്നത്’.

ബസ്വറയിലെ പ്രസവവാര്‍ഡുകള്‍ സന്ദര്‍ശിച്ചതിന് ശേഷം ഞാന്‍ ലണ്ടനിലെ പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെടുകയും, യൂറേനിയം വിഷബാധയെ കുറിച്ച് ചോദിക്കുകയും ചെയ്തിരുന്നു. പക്ഷെ, അത് നിലനില്‍ക്കുന്നില്ലെന്നും, ഇപ്പോള്‍ അവിടെ പ്രശ്‌നങ്ങളൊന്നുമില്ലെന്നും, അതു കൊണ്ടുതന്നെ ഞങ്ങള്‍ക്ക് അതിന്റെ ഉത്തരവാദിത്വമില്ലെന്നുമാണ് അവര്‍ എന്നോട് പറഞ്ഞ്.

സത്യം എന്താണെന്ന് ബസ്വറയില്‍ നിങ്ങള്‍ക്ക് കാണാം. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ലബോററ്ററികളും, ശാസ്ത്രജ്ഞാന്‍മാരും, മെഡിക്കല്‍ വിദഗ്ദന്‍മാരും ഇറാഖിന് ഉണ്ടായിരുന്ന കാലത്ത്, യുദ്ധത്തിന്റെ ഫലമായി യുറേനിയം വിഷം മണ്ണിനെയും വെള്ളത്തെയും ബാധിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധനകള്‍ അവര്‍ നടത്തിയിരുന്നു. പ്രസവവാര്‍ഡുകളില്‍ ഇന്ന് നമുക്കതിന്റെ ഫലങ്ങള്‍ തെളിവ് സഹിതം കാണാന്‍ സാധിക്കും. തന്റെ ഭാര്യയില്‍ ഒരു കുഞ്ഞിക്കാല് കാണാന്‍ താനിനി ആഗ്രഹിക്കുന്നില്ലെന്നാണ് ഒരു ഡോക്ടര്‍ എന്നോട് പറഞ്ഞത്. ‘മണ്ണില്‍ എന്തൊക്കെയുണ്ടോ അതെല്ലാം ഇന്ന് നമ്മുടെ ഭക്ഷണത്തിലുമുണ്ട്. അവയെല്ലാം ഇന്ന് നമ്മുടെ ശരീരത്തിനുള്ളില്‍ എത്തികഴിഞ്ഞു.’ അദ്ദേഹം പറഞ്ഞു. ‘ഈ സ്ത്രീകള്‍ സഹിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങളിലൂടെ എന്റെ ഭാര്യയും കടന്ന് പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.’

ചരിത്രം ഇന്ന് ഫല്ലൂജയിലാണ് ആവര്‍ത്തിക്കുന്നത്. നൂറു കണക്കിന് കുഞ്ഞുങ്ങളാണ് വികൃതമായ തങ്ങളുടെ ശരീരത്തിനുള്ളില്‍ അതിജീവിക്കാന്‍ പ്രയാസപ്പെടുന്നത്. പ്രസവിച്ചതിന് ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കുഞ്ഞുങ്ങള്‍ മരണപ്പെടുന്നത് ഒരു അനുഗ്രഹമായി കണക്കാന്‍ അവര്‍ ശീലിച്ച് തുടങ്ങിയിരിക്കുന്നു. അവസ്ഥകള്‍ അവരെ അത്തരത്തില്‍ മാറ്റിതീര്‍ത്തിരിക്കുന്നു. കാഴ്ച്ചയില്ലാതെയും, നാഡീവ്യവസ്ഥ തകരാറായും, ഒറ്റകണ്ണോടെയും, കണ്ണുകളുടെ സ്ഥാനത്ത് രണ്ട് കുഴികളോടെയുമൊക്കെയാണ് ഇന്ന് ഫല്ലൂജയില്‍ കുഞ്ഞുങ്ങള്‍ പിറന്ന് വീഴുന്നത്.

ബോംബ് വര്‍ഷിച്ചതിന് ശേഷം മൂന്ന് മാസങ്ങള്‍ കഴിഞ്ഞാണ് ഇത്തരം പ്രത്യാഘാതങ്ങള്‍ പ്രത്യക്ഷപ്പെടുന്നതെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരല്ലെന്നാണ് അമേരിക്കയുടെ വാദം. തീര്‍ച്ചയായും, ഫല്ലൂജയില്‍ അമേരിക്ക ബോംബ് വര്‍ഷം പേമാരി പോലെ നടത്തിയതിന് ശേഷം കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അംഗവൈകല്യം ബാധിച്ച കുഞ്ഞുങ്ങള്‍ ജനിക്കാന്‍ തുടങ്ങിയത് എന്നത് നേര് തന്നെയാണ്. 1945-ല്‍ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് വര്‍ഷിച്ചപ്പോള്‍ കൊല്ലപ്പെട്ടവരേക്കാള്‍ കൂടുതലാണ് ജനനവൈകല്യം ബാധിച്ച് പിറന്ന് വീണ ഫല്ലൂജയിലെ കുഞ്ഞുങ്ങളുടെ എണ്ണം.

തങ്ങള്‍ വൈറ്റ് ഫോസ്ഫറസ് ബോംബ് ഉപയോഗിച്ചതായ ആരോപണം 2004-ല്‍ അമേരിക്ക നിഷേധിച്ചിരുന്നു. പക്ഷെ 2005 നവംബറില്‍ അമേരിക്ക വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചിരുന്നെന്ന് ലെഫ്റ്റണന്റ് കേണല്‍ ബാരി വെനബ്ള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്ന് സമ്മതിക്കുന്ന കാഴ്ച്ച നാം കണ്ടു. പക്ഷെ അന്ന് അവര്‍ സിവിലിയന്‍മാര്‍ക്കെതിരെ അത് ഉപയോഗിച്ചിരുന്നില്ലത്രെ. സിവിലിയന്‍മാര്‍ക്കെതിരെ ഉപയോഗിക്കുമ്പോള്‍ മാത്രമാണ് വൈറ്റ് ഫോസ്ഫറസ് ഒരു ‘രാസായുധം’ ആയി കണക്കാക്കപ്പെടുക. കഴിഞ്ഞ പത്ത് വര്‍ഷം ഗസ്സയിലെ ജനവാസകേന്ദ്രങ്ങളില്‍ നടത്തിയ ഓരോ ആക്രമണത്തിലും ഇസ്രായേല്‍ വൈറ്റ് ഫോസ്ഫറസ് ബോംബുകള്‍ വര്‍ഷിച്ചിരുന്നു എന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്.

സിവിലിയന്‍ കേന്ദ്രങ്ങളില്‍ വൈറ്റ് ഫോസ്ഫറസ് ഉപയോഗിക്കുന്നത് കുറ്റകൃത്യമാക്കി കൊണ്ടുള്ള അന്താരാഷ്ട്രാ ഉടമ്പടിയില്‍ ഒപ്പു വെക്കാത്ത രണ്ട് രാജ്യങ്ങളാണ് അമേരിക്കയും അവരുടെ അടുത്ത കക്ഷിയായ ഇസ്രായേലും. അതുകൊണ്ടു തന്നെ ഫല്ലൂജയിലെയും ബസ്വറയിലേയും ഉമ്മമാര്‍ക്ക് ഒരിക്കലും നീതി ലഭിക്കില്ലെന്ന കാര്യം ഉറപ്പാണ്. അതേസമയം ഇസ്രായേല്‍ നിരന്തരം ബോംബുകള്‍ വര്‍ഷിക്കുന്ന ഗസ്സയിലെ ഡോക്ടര്‍മാര്‍ പ്രത്യാഘാതങ്ങള്‍ പ്രത്യക്ഷപ്പെടുന്നതും കാത്ത് നാളുകള്‍ എണ്ണി കഴിയുകയാണ്. യൂണിവേഴ്‌സിറ്റി ഓഫ് ജിനോഅയിലെ പ്രൊഫസര്‍ പോള മണ്‍ഡൂക്കയുടെ നേതൃത്വത്തില്‍ ഗസ്സയിലെ കുഞ്ഞുങ്ങളിലും മാതാപിതാക്കളിലും നടത്തിയ ഗവേഷണത്തിന്റെ ഫലങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇസ്രായേല്‍ നിര്‍മിത ആയുധങ്ങളില്‍ കാണുന്ന വിഷവസ്തുക്കളുടെ സാന്നിധ്യം ഗസ്സയിലെ കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടെയും ശരീരത്തില്‍ അപകടകരമായ അളവില്‍ കണ്ടെത്താന്‍ കഴിഞ്ഞതായി മണ്‍ഡൂക്ക സാക്ഷ്യപ്പെടുത്തുന്നു.

ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും അധിനിവേശകരെന്ന നിലയില്‍ തങ്ങള്‍ പ്രയോഗിച്ച രാസായുധങ്ങളുടെ ഫലമായി അവര്‍ക്ക് സംഭവിച്ച ദുരിതങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ബ്രിട്ടന്‍, അമേരിക്ക, ഇസ്രായേല്‍ എന്നിവിടങ്ങളിലെ ഭരണകൂടങ്ങള്‍ ബാധ്യസ്ഥരാണ്. തങ്ങളുടെ നേതാക്കളുടെ യുദ്ധകളിക്ക് ഏറാന്‍ മൂളുന്ന സൈന്യങ്ങളുടെയും ജനറല്‍മാരുടെയും ബുദ്ധിശൂന്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലായിടത്തും വലിയ അളവില്‍ ബലിയാടാവുന്നത് നിരപരാധികളായ പിഞ്ചുകുഞ്ഞുങ്ങളാണെന്ന് ഓര്‍ക്കുക.

വിവ:  ഇര്‍ഷാദ് കാളാച്ചാല്‍

Facebook Comments
Related Articles
Show More

യിവോണ്‍ റിഡ്‌ലി

British journalist and author Yvonne Ridley provides political analysis on affairs related to the Middle East, Asia and the Global War on Terror. Her work has appeared in numerous publications around the world from East to West from titles as diverse as The Washington Post to the Tehran Times and the Tripoli Post earning recognition and awards in the USA and UK. Ten years working for major titles on Fleet Street she expanded her brief into the electronic and broadcast media producing a number of documentary films on Palestinian and other international issues from Guantanamo to Libya and the Arab Spring.
Close
Close