Views

അല്ലയോ ഗസ്സ, നീയാണ് ഏറ്റവും വലിയ കലാശാല

ഗസ്സ,  സാധുവായ എന്റെ പേനക്ക് നിന്നെക്കുറിച്ച് എഴുതാന്‍ കഴിയുമോ എന്നെനിക്കറിയില്ല? എന്തിനെക്കുറിച്ചെഴുതും? എവിടെ നിന്നാരംഭിക്കും? അല്ലാഹുവാണ് സത്യം ഏത് വിഷയത്തെ ആധാരമാക്കി എഴുതണം എന്നെനിക്കറിയില്ല ! ഗസ്സയെ സംബന്ധിച്ചേടത്തോളം അവിടെയുളളതെല്ലാം ഉന്നതമാണ്. ഭൂമിയെ പ്രണയിക്കുന്നതെങ്ങനെയെന്നും അതിനോടുള്ള സാമീപ്യം സ്ഥാപിക്കുന്നതെങ്ങനെയെന്നും ഉന്നതരായ അവിടുത്തെ നിവാസികള്‍ ലോകത്തെ പഠിപ്പിക്കുന്നു. ആത്മാഭിമാനവും മാന്യതയുമെന്താണെന്നും അവര്‍ പഠിപ്പിക്കുന്നു. ലോകത്തുള്ള കുട്ടികളെ ധീരതയുടെ ആദ്യാക്ഷരങ്ങള്‍ അവരാണ് പഠിപ്പിച്ചത്. സത്യത്തെ പ്രതിരോധിക്കാന്‍ മരണത്തെ അഭിമുഖീകരിക്കുന്നതെങ്ങനെയെന്ന് അവര്‍ലോകത്തെ പഠിപ്പിക്കുന്നു. ശബ്ദങ്ങളിലൂടെയും രൂപങ്ങളിലൂടെയും യഹൂദികളുടെ നിന്ദ്യതയും കാടത്തവും രക്തദാഹവും ലോകര്‍ക്ക് കാണിച്ച് കൊടുക്കുന്നു. ലോകത്തുള്ള സ്ത്രീകള്‍ക്ക് ആത്മപരിശോധനയുടെയും ക്ഷമയുടെയും യാഥാര്‍ഥ്യമെന്തെന്ന് പഠിപ്പിക്കുന്നത് ഇവിടുത്തെ സ്ത്രീകളാണ്.

നാലു മക്കളും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്ത സാക്ഷികളായപ്പോള്‍ ”അവരുടെ മരണം കൊണ്ട് എന്നെ ആദരിച്ച അല്ലാഹുവിന് സര്‍വ്വ സ്തുതിയും’ എന്ന് പ്രാര്‍ത്ഥിച്ച (സ്വഹാബി വനിതയായ) ഖന്‍സാഇന്റെ മാതൃകകള്‍ ലോകത്തിന് കാണിച്ച് കൊടുക്കുന്നത് ഗസ്സയിലെ സ്ത്രീകളാണ്.
ഇണകളും മക്കളും മരണപ്പെടുമ്പോള്‍ ആനന്ദാശ്രു പൊഴിക്കുന്ന സ്ത്രീകളെ ലോകം ഗസ്സയില്‍ ദര്‍ശിക്കുന്നു. ഹേ ഗസ്സാ നിവാസികളായ സ്ത്രീകളേ നിങ്ങള്‍ സ്ത്രീകളില്‍ എത്ര ഉന്നതരാണ്! ഗസ്സയിലെ പോരാളികളായ പുരുഷന്മാര്‍ വലിയ ആയുധശാലകളെ ഗൗനിക്കാറില്ല. മറ്റുള്ളവര്‍ ഭീരുക്കളാകുന്നത് പോലെ അവര്‍ ഭീരുക്കളാവാറില്ല, അവര്‍ വിന്യസിക്കപ്പെട്ട സേനാ വ്യൂഹത്തിലേക്ക് രഹസ്യമായും പരസ്യമായും മാര്‍ച്ച് ചെയ്യുന്നു.

തങ്ങളെ ഭയപ്പെടുത്തി പിന്മാറാന്‍ പ്രേരിപ്പിക്കുന്നവരോട് അവര്‍ പറയാറുള്ളത് ‘ഞങ്ങള്‍ക്ക് അല്ലാഹു മതി. കാര്യങ്ങള്‍ ഏല്‍പിക്കാന്‍ ഏറ്റവും പറ്റിയവന്‍ അവന്‍തന്നെയാകുന്നു’ എന്നാണ്. അല്ലാഹു അല്ലാതെ മറ്റാരും തങ്ങളുടെ കൂടെയുണ്ടാവില്ലെന്ന് അവര്‍ക്കറിയാം. ഇവിടെയവര്‍ തങ്ങളുടെ ധീരത പ്രകടിപ്പിക്കുകയാണ്. അല്ലാഹുവിന്റെ വചനം അവരില്‍ സത്യമായി പുലര്‍ന്നിരിക്കുന്നു. അല്ലാഹു പറയുന്നത് നോക്കൂ.. ‘അവരോട് ജനം പറഞ്ഞു: നിങ്ങള്‍ക്കെതിരെ വന്‍ സൈന്യങ്ങള്‍ സംഘടിച്ചിരിക്കുന്നു. സൂക്ഷിക്കുവിന്‍. അതുകേട്ട് അവരില്‍ സത്യവിശ്വാസം വര്‍ധിക്കുകയാണുണ്ടായത്. അവര്‍ മറുപടി പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു മതി. കാര്യങ്ങള്‍ ഏല്‍പിക്കാന്‍ ഏറ്റവും പറ്റിയവന്‍ അവന്‍തന്നെയാകുന്നു. ഒടുവില്‍ അല്ലാഹുവിങ്കല്‍നിന്നുള്ള ഔദാര്യവും അനുഗ്രഹവുംകൊണ്ട് അവര്‍ തിരിച്ചെത്തി. ഒരാപത്തുമണഞ്ഞില്ല. അല്ലാഹുവിന്റെ പ്രീതിയെ പിന്തുടര്‍ന്നതിനുള്ള ശ്രേഷ്ഠത ലഭിക്കുകയും ചെയ്തു. അല്ലാഹു മഹത്തായ അനുഗ്രഹമരുളുന്നവനല്ലോ’ (ആലു ഇംറാന്‍ 173,174)

ഭക്ഷണമോ, വസ്ത്രമോ, വൈദ്യുതിയോ, ഇന്ധനമോ, വലിയ സമ്മേളന സമുച്ചയങ്ങളോ, ടാങ്കുകളോ യുദ്ധവിമാനങ്ങളോ, ഭൂമിയുടെ ഉള്ളം തുളക്കുന്ന നാശീകാരികളായ ബോംബുകളോ അവര്‍ക്കില്ല. പക്ഷെ സൈനിക രംഗത്തെ അല്‍ഭുതമെന്നോണം തങ്ങള്‍ക്കാവശ്യമുള്ള ആയുധങ്ങള്‍ വെറും മാനുഷിക പ്രയത്‌നം ഉപയോഗിച്ച് ആഭ്യന്തരമായി ഉല്‍പാദിപ്പിച്ച് ശത്രുവിന് വലിയ വേദനകള്‍ സമ്മാനിക്കുന്നു. അല്ലയോ മഹോന്നതരായ ഗസ്സാ നിവാസികളെ, നിങ്ങള്‍ നിങ്ങളുടെ ദൃഢനിശ്ചയം കൊണ്ടും ആണത്തം കൊണ്ടും അനേകായിരം സമിതികള്‍ക്കും ഭരണകൂടങ്ങള്‍ക്കും ഉണ്ടാക്കാന്‍ കഴിയാത്തത് ഉണ്ടാക്കിയിരിക്കുന്നു. ദശവര്‍ഷങ്ങളായി ഞങ്ങളാഗ്രഹിക്കുന്ന പലകാര്യങ്ങളും നിരാശ്രയത്വത്തിലൂടെ നിങ്ങള്‍ നേടിയിട്ടുണ്ട്.

ലോകത്തിന് മുമ്പില്‍ നിങ്ങള്‍ ഇസ്രയേല്‍ സൈന്യത്തിന്റെ രൂപം തന്നെ  നശിപ്പിച്ചു. അവരുടെ കാടത്തവും രക്തക്കൊതിയും നിന്ദ്യതയും നിങ്ങള്‍ മാലോകര്‍ക്ക് കാണിച്ച് കൊടുത്തു. അതിജയിക്കാനാകാത്തത് എന്ന് അവര്‍ മിഥ്യാ പരിവേഷം കൊടുത്തിരുന്ന ഇസ്രയേല്‍ സൈന്യത്തെ നിങ്ങള്‍ തറപറ്റിച്ചു. ആരുടെയും പിന്തുണയില്ലാതെ ഒറ്റക്ക് നിന്നാല്‍ അവര്‍ ഭീരുക്കളാണെന്ന് ലോകത്തിന് മുന്നില്‍ നിങ്ങള്‍ തെളിയിച്ചു. ധീരരായ സ്വഹാബികളുടെയും താബിഉകളുടെയും രൂപം നിങ്ങള്‍ പുന:സൃഷ്ടിച്ചു. ഈ സമൂഹത്തില്‍ ഇപ്പോഴും നന്മയുണ്ടെന്ന ബോധം വ്യാപിപ്പിക്കാന്‍ നിങ്ങള്‍ക്കായി. പ്രതാപത്തിന്റെയും മാന്യതയുടെയും ആശയും നിങ്ങള്‍ ഞങ്ങളില്‍ ഉദ്ദീപിപ്പിച്ചു. നമ്മളില്‍ തന്നെയുള്ള  ചതിയന്മാരായ ഭീരുക്കളെ  നിങ്ങളുടെ നിരാശ്രയത്വം കൊണ്ടും ദൃഢത കൊണ്ടും നിങ്ങള്‍ കുറ്റവാളികളും അപമാനിതരുമാക്കി.

ജിഹാദിലൂടെ കിഴക്കും പടിഞ്ഞാറുമുള്ള മുസ്‌ലിങ്ങളെ നിങ്ങള്‍ ഏകോപിപ്പിച്ചു. എത്രത്തോളെ മെന്നാല്‍ ഗസ്സ എന്ന വാക്ക് മുസ്‌ലിം ഐക്യത്തിനോട് ചേര്‍ത്ത് പറയുന്ന  വാക്കായി മാറി. മുസ്‌ലിംകളെ മാത്രമല്ല ജീവിക്കുന്ന ഹൃദയമുള്ള അമുസ്‌ലിംകളെയും നിങ്ങള്‍ ഒരുമിപ്പിച്ചു. നിങ്ങള്‍ നടത്തിയ ഈ പ്രവര്‍ത്തനം തന്നെ നിങ്ങളുടെ വിജയമായി കരുതാം…

അല്ലയോ ഗസ്സാ നിവാസികളെ,  നിങ്ങള്‍ ക്ഷമിക്കുക, ക്ഷമകൊണ്ട് അതിജയിക്കുക, വിജയം നിങ്ങള്‍ക്ക് വിദൂരമല്ല. അല്ലാഹു പറയുന്നത് പോലെ ‘ഈ ജനം അത് വിദൂരമെന്ന് കരുതുന്നു. നാമോ സമീപത്തു കണ്ടുകൊണ്ടിരിക്കുകയാണത്.’ (അല്‍ മആരിജ്: 6) ഈ കാലാഘട്ടത്തിലെ ഏറ്റവും വലിയ കലാശാലയുടെ അധിപരെ, നിങ്ങളുടെ നാഥന്റെ വചനം വായിച്ച് നോക്കൂ… അതിന്റെ അക്ഷരങ്ങളുടെയും വാക്കുകളുടെയും ആശയം ഉള്‍കൊള്ളുക ഈ സൂക്തങ്ങള്‍ നിങ്ങളുടെ വിചാര വികാരങ്ങളെ പരിഗണിച്ച് ഇപ്പോള്‍ ഇറക്കിയ ഖുര്‍ആന്‍ വചനമാണെന്ന് തോന്നിപ്പോകുന്നു….

” അല്ല,  നിങ്ങള്‍ സ്വര്‍ഗത്തിലങ്ങ് പ്രവേശിച്ചുകളയാമെന്നു വിചാരിക്കുകയാണോ; നിങ്ങളുടെ മുന്‍ഗാമികളായ സത്യവാഹകരെ ബാധിച്ചതൊന്നും നിങ്ങളെ ബാധിച്ചിട്ടില്ലാതിരിക്കെ? പീഡകളും വിപത്തുകളും അവരെ ബാധിച്ചു. അതതുകാലത്തെ ദൈവദൂതനും കൂടെയുള്ള വിശ്വാസികളും ദൈവസഹായം എപ്പോഴാണ് വന്നെത്തുക? എന്ന് വിലപിക്കുവോളം അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. (തല്‍സമയം അവര്‍ക്ക് സാന്ത്വനമരുളപ്പെട്ടു:) അറിയുക, അല്ലാഹുവിന്റെ സഹായം ആസന്നമായിരിക്കുന്നു. ‘ (അല്‍ബഖറ : 214)

വിവ : അബ്ദുല്‍ മജീദ് താണിക്കല്‍

Facebook Comments
Related Articles
Close
Close