Views

അമേരിക്കന്‍ പ്രസിഡന്റുമാരിലെ മതസ്വാധീനം

അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് മതപരമായ കാര്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നാണ് പൊതുവെയുള്ള ധാരണ. കഴിയുന്നേടത്തോളം കൂടുതല്‍ കാലം അധികാരത്തില്‍ തുടരാന്‍ സഹായകമായ കേവല രാഷ്ട്രീയ തീരുമാനങ്ങള്‍ മാത്രമാണ് അവരില്‍ നിന്ന് പ്രതീക്ഷിക്കപ്പെടുന്നത്. മുസലിം രാഷ്ട്രീയ നേതൃത്വങ്ങളില്‍ നിന്നും പടര്‍ന്ന സങ്കല്‍പമാണത്. മുസ്‌ലിം ലോകത്തെ ഭരണാധികാരികള്‍ക്ക് മതപരമായ യോഗ്യതയോ, പവിത്രതയോ ഇല്ല. മാത്രമല്ല, മതനേതൃത്വങ്ങളെ ഭരണകൂടത്തിന്റെ പ്രതിയോഗിയായി കാണുന്നവരാണ് അവരില്‍ ഭൂരിപക്ഷവും.

എന്നാല്‍ അമേരിക്കയില്‍ കാര്യം അങ്ങനെയല്ല. ആധുനിക അമേരിക്ക രൂപപ്പെടുന്നത് തന്നെ യൂറോപ്പിലെ പ്രൊട്ടസ്റ്റന്റ് മതാനുയായികള്‍ അമേരിക്കയെന്ന പുതിയ രാഷ്ട്രത്തിലേക്ക് ഒളിച്ചോടി താമസമാക്കിയതിനെ തുടര്‍ന്നാണ്്. പ്രാരംഭത്തില്‍ തന്നെ മതപരമായ അടിത്തറയില്‍ കെട്ടിപ്പടുക്കപ്പെടുന്നതിന് അത് കാരണമായി. മതപ്രവര്‍ത്തനത്തിന്റെ തോത് അവിടെ ചിലപ്പോള്‍ ക്ഷയിക്കുകയും മറ്റ് ചിലപ്പോള്‍ ഉണര്‍ന്ന് സജീവമാവുകയും ചെയ്തു.

കഴിഞ്ഞ നൂറ്റാണ്ടില്‍ അമ്പതുകളുടെ തുടക്കത്തില്‍ മേല്‍പറഞ്ഞ പ്രൊട്ടസ്റ്റന്റ് മതപ്രവര്‍ത്തനം കൂടുതല്‍ സജീവമായതായി ആധുനിക അമേരിക്കയുടെ ചരിത്രം പരിശോധിക്കുന്നവന് ബോധ്യപ്പെടുന്ന കാര്യമാണ്. പ്രസ്തുത മതനവോത്ഥാനം വളരെ വ്യക്തമായ വിധത്തില്‍ അമേരിക്കന്‍ നേതൃത്വത്തെയും ജനതയെയും സ്വാധീനിച്ചു. അമേരിക്കയുടെ വിവിധ ഭാഗങ്ങളെ ഗ്രസിക്കുന്നതായിരുന്നു ഈ നവോത്ഥാനം. അതിന്റെ ഫലമായി അമേരിക്കന്‍ പ്രസിഡന്റ് രണ്ടാലൊരു വ്യക്തിയാവണമെന്ന് അവസ്ഥ സംജാതമായി. മതബോധമുള്ള പ്രസിഡന്റ്, അഥവാ തീരുമാനങ്ങള്‍ ക്രൈസ്തവ മതത്തിന്റെ അടിസ്ഥാനത്തില്‍ നിന്ന് രൂപീകരിക്കുന്ന നേതാവ് അല്ലെങ്കില്‍ മതാനുയായികളെയും മതത്തെയും ആദരിക്കുന്ന, മതേതര നേതാവ് എന്നിവയായിരുന്നു അത്.

പ്രൊട്ടസ്റ്റന്റ് ക്രൈസ്തവ വിഭാഗത്തിന്റെ നേതൃത്വത്തിലുണ്ടായ പ്രസ്തുത നവോത്ഥാനം അമേരിക്കന്‍ ജനതയിലെ അടിസ്ഥാന ഘടകമായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏകദേശം എല്ലാ അമേരിക്കന്‍ പ്രസിഡന്റുമാരും പ്രൊട്ടസ്റ്റന്റ് മതവിഭാഗത്തില്‍പെട്ടവരായിരുന്നു എന്നത് ഇതിന്റെ വ്യക്തമായ സൂചനയാണ്. ആകെ ഒരു പ്രസിഡന്റ് മാത്രമാണ് -ജോണ്‍ കെന്നഡി- കത്തോലിക്ക വിഭാഗത്തില്‍ നിന്നുള്ളത്. അദ്ദേഹമാവട്ടെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുകയാണുണ്ടായത്. വളരെ അപൂര്‍വമായി മാത്രമാണ് അമേരിക്കന്‍ ജനത കത്തോലിക്കിയില്‍ നിന്ന് പ്രസിഡന്റിനെ തെരഞ്ഞെടുക്കാറ്. ഇത്രകാലത്തിനിടയില്‍ കെന്നഡിയെന്ന കത്തോലിക്കക്കാരന് അമേരിക്കന്‍ പ്രസിഡന്റ് പദത്തില്‍ ഒരു തുടര്‍ച്ചയുണ്ടായിട്ടില്ല.

സ്വാതന്ത്ര്യം, ലിബറിസം മുഖമുദ്രമായി അവതരിപ്പിക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയും, പാരമ്പര്യവും മതമൂല്യവും അവകാശപ്പെടുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും തമ്മിലാണ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാറ്. അമേരിക്കന്‍ ജനതയിലെ മതാഭിമുഖ്യം ഡെമോക്രാറ്റിക് പാര്‍ട്ടിക്കെതിരായ, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ലഭിക്കുന്ന അനുകൂല ഘടകമാണ്. പ്രൊട്ടസ്റ്റന്റ് മതനേതൃത്വവുമായി സഖ്യം രൂപീകരിക്കാറാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സാധാരണ ചെയ്യാറ്. കഴിഞ്ഞ നൂറ്റാണ്ടില്‍ അമ്പതുകള്‍ക്ക് ശേഷം നടന്ന പതിനഞ്ച് തെരഞ്ഞെടുപ്പുകളില്‍ ഒമ്പതും വിജയിക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഈ സഖ്യം മുഖേനെ സാധിച്ചു.

എഴുപതുകളില്‍ അമേരിക്കയില്‍ മതസാന്നിദ്ധ്യം വീണ്ടും സജീവമായി. ‘ടെലിവിഷന്‍ ചര്‍ച്ച്’ എന്ന പുതിയ സംരംഭം അമേരിക്കന്‍ ജനതയില്‍ മതബോധം വളര്‍ത്തുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തി. കൂടാതെ അമേരിക്കയിലെ പുരാതന മത വിഭാഗങ്ങള്‍ കൂടുതല്‍ സജീവമായി ഇക്കാലത്ത് രംഗത്ത് വന്നു. ബാപ്റ്റിസ്റ്റ്, മെത്തഡിസ്‌ററ് തുടങ്ങിയവ അവയില്‍പെടുന്നു. അങ്ങനെ ചരിത്രത്തില്‍ ആദ്യമായി പൂര്‍ണാര്‍ത്ഥത്തില്‍ മതവിഭാഗത്തിന്റെ വക്താവായ പ്രസിഡന്റ് -ജിമ്മി കാര്‍ട്ടര്‍- 1976-ല്‍ തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയും ഇസ്രായേലും തമ്മിലെ ബന്ധം തീര്‍ത്തും മതപരമാണെന്ന് ആദ്യമായി പ്രഖ്യാപിച്ചത് അദ്ദേഹമായിരുന്നു.

അമേരിക്കന്‍ രാഷ്ട്രീയഭൂമികയില്‍ പിന്നീട് കാര്യമായ മാറ്റങ്ങളുണ്ടായി. 1980-ല്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി രംഗത്ത് വന്ന റൊണാള്‍ഡ് റീഗന്‍, വലതുപക്ഷ ക്രൈസ്തവ  വിഭാഗത്തോട് കൂറ് പ്രഖ്യാപിച്ചു. കൂടാതെ, വാഷിംഗ്ടണിലെ ജൂത സംഘടനയുടെ ആസ്ഥാനം സന്ദര്‍ശിച്ച അദ്ദേഹം അവരോടുള്ള പിന്തുണയും വ്യക്തമാക്കി. റീഗണ്‍ തെരഞ്ഞെടുപ്പില്‍ ഒന്നല്ല, രണ്ട് തവണ വിജയിച്ചു. 1981 മുതല്‍ 1989 വരെ അധികാരത്തില്‍ തുടരാന്‍ അയാള്‍ക്ക് സാധിച്ചു. ഇക്കാലയളവില്‍ അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ രൂപപ്പെടുത്തിയത് വിശുദ്ധ വേദത്തില്‍ നിന്നായിരുന്നു. പ്രത്യേകിച്ചും ഹിസകിയാല്‍ ഏടില്‍ നിന്ന്. അതിലാണ് ദൈവം തീര്‍ച്ചയായും ഇസ്രായേല്‍ സന്തതികളെ വാഗ്ദത്ത ഭൂമിയിലേക്ക് രക്ഷപ്പെടുത്തുമെന്നുള്ള വചനമുള്ളത്. ക്രൈസ്തവര്‍ നിഷേധികളോട് നടത്തുന്ന പോരാട്ടം, മസീഹിന്റെ പുനരാഗമനം തുടങ്ങിയവയില്‍ ശക്തമായി വിശ്വസിക്കുന്നവനായിരുന്നു അദ്ദേഹം.

ഇതേ വഴിയിലൂടെയാണ് ജോര്‍ജ്ജ് ബുഷും മുന്നോട്ട് പോയത്. എന്നല്ല, സയണിസ്റ്റ് വൃത്തങ്ങള്‍ക്കും, തീവ്രക്രൈസ്തവ വിഭാങ്ങള്‍ക്കും കൂടുതല്‍ സേവനങ്ങള്‍ ചെയ്തത് അദ്ദേഹമായിരുന്നു. മതപരമായ സംബോധന കുറച്ച് ശോഷിച്ച കാലമായിരുന്നു ബില്‍ക്ലിന്റന്റെ ഭരണകാലം. എന്നാല്‍ മകന്‍ ബുഷ് അധികാരത്തിലേറിയതോടെ മുമ്പത്തേതിനേക്കാള്‍ ശക്തമായി അത് തിരിച്ച് വന്നു. അദ്ദേഹത്തിന്റെ തീവ്രത കേവല വ്യക്തിതലത്തില്‍ മാത്രമല്ല, ഭരണത്തിലും പ്രകടമായി. അല്ലാഹു തെരഞ്ഞെടുത്ത ഒരേയൊരു വിഭാഗമാണ് ഇസ്രായേല്‍ എന്ന് പ്രഖ്യാപിച്ചത് അദ്ദേഹമായിരുന്നു. വെസ്റ്റ് ബാങ്കും, ഗസ്സയും ഇസ്രായേലിന് ദൈവം നല്‍കിയ സമ്മാനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. വേദഗ്രന്ഥം പാരായണം ചെയ്ത് കൊണ്ടല്ലാതെ അദ്ദേഹം തന്റെ ദിവസം ആരംഭിക്കാറുണ്ടായിരുന്നില്ല. മുസ്‌ലിംകള്‍ക്കെതിരായ തന്റെ യുദ്ധം കുരിശ് യുദ്ധമാണെന്നും അദ്ദേഹം തുറന്നടിച്ചു.

ലിബറിസ്റ്റായ ഒബാമക്കും പ്രസ്തുത വഴിയില്‍ നിന്ന് മാറി നടക്കാന്‍ സാധിച്ചില്ല. മുസ്‌ലിം വേരുകളാണുള്ളതെങ്കില്‍ പോലും താന്‍ യഥാര്‍ത്ഥ പ്രൊട്ടസ്റ്റന്റാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

കാര്യം ഇവിടെ വ്യക്തമാണ്. മനുഷ്യന്റെ അടിസ്ഥാന ചാലകശക്തിയാണ് മതം. അമേരിക്കന്‍ പ്രസിഡന്റുമാരും ഇക്കാര്യം മറച്ച് വെക്കുന്നില്ല. മറിച്ച് അത് പരസ്യപ്പെടുത്തുകയും അതിന്റെ പേരില്‍ അഭിമാനിക്കുകയും ചെയ്യുന്നു. കാരണം സ്വന്തം ജനതയെ ചലിപ്പിക്കുന്ന അടിസ്ഥാന ഘടകമാണ് മതമെന്നത് അവര്‍ക്കറിയാം. വിശുദ്ധ ഖുര്‍ആന്‍ വായിച്ച് തന്റെ ദിവസം ആരംഭിക്കുന്ന മുസ്‌ലിം ഭരണാധികാരികള്‍ക്ക് വേണ്ടി നമുക്ക് കാത്തിരിക്കാം.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി
 

Facebook Comments
Related Articles
Show More
Close
Close