Views

അമേരിക്കന്‍ പ്രസിഡന്റിന് ഫലസ്തീന്‍ ബാലന്‍ എഴുതുന്നത്..

പ്രിയപ്പെട്ട പ്രസിഡന്റ് ഒബാമക്ക്,
എനിക്ക് 14 വയസ്സായി. കിഴക്കന്‍ ജറൂസലേമിലെ ശൈഖ് ജറാഹ് എന്ന സ്ഥലത്താണ് ഞാന്‍ താമസിക്കുന്നത്. ഏകദേശം നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ താമസിക്കുന്ന വീടിന്റെ ഒരു ഭാഗം ഇസ്രായേല്‍ കുടിയേറ്റക്കാര്‍ കൈയ്യേറിയത്. ഇസ്രായേല്‍ കോടതിവിധി പ്രകാരം വീടിന്റെ ഒരുഭാഗം കുടിയേറ്റക്കാര്‍ക്ക് വേണ്ടി ഞങ്ങള്‍ക്ക് ഒഴിഞ്ഞുകൊടുക്കേണ്ടി വന്നു. എന്നുവെച്ചാല്‍ ഞങ്ങളെ അവര്‍ ഞങ്ങളുടെ വീട്ടില്‍ നിന്നു തന്നെ പുറത്താക്കി. എന്നെയും മറ്റു പതിനായിരക്കണക്കിന് ഫലസ്തീനികളെയും സംബന്ധിച്ചിടത്തോളം ഇസ്രായേലികളുടെ ഇത്തരം നടപടികള്‍ താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ഇതോടു കൂടി ജീവിതം അങ്ങേയറ്റം ദുസ്സഹമായി. കിഴക്കന്‍ ജറൂസലേം പൂര്‍ണ്ണമായും പിടിച്ചെടുത്ത് ജൂതന്‍മാരുടെ നിയന്ത്രണത്തിന് കീഴില്‍ കൊണ്ടു വരിക എന്നതാണ് കുടിയേറ്റക്കാരുടെ പ്രവര്‍ത്തനലക്ഷ്യം. അതിന് വേണ്ടി ഇടക്കിടെ അവര്‍ ഫലസ്തീനികള്‍ക്ക് നേരെ ആക്രമണങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

ശൈഖ് ജറാഹ് ഒരിക്കല്‍ മനോഹരമായ ഒരു ഭൂപ്രദേശമായിരുന്നു. എല്ലാവരും വളരെ അടുത്തിടപഴകിയായിരുന്നു ജീവിച്ചിരുന്നത്. വീടിന്റെ ഒരുഭാഗം കുടിയേറ്റക്കാര്‍ കൈയ്യേറുന്നതിന് മുമ്പ്, ഞാന്‍ വളരെ സമാധാനത്തോടെയായിരുന്നു ഉറങ്ങിയിരുന്നത്. ഒന്നിനേയും ഞങ്ങള്‍ക്ക് ഭയപ്പെടേണ്ടതില്ലായിരുന്നു. ഇന്നിപ്പോള്‍ സ്ഥിതിഗതികള്‍ ആകെ മാറിയിരിക്കുന്നു. ഇതൊരു ഫലസ്തീന്‍ പ്രദേശമായിരുന്നു എന്നതിന്റെ ഒരു അടയാളവും ഇന്നിവിടെ ശേഷിക്കുന്നില്ല. എല്ലാം ഹിബ്രുവിലാണ്. തെരുവിലൂടെ നടന്നു പോവുകയാണെങ്കില്‍ ഹിബ്രൂ സംഗീതമല്ലാതെ മറ്റൊന്നും നിങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയില്ല.

സ്വഗൃഹങ്ങളില്‍ നിന്നും ജൂതകുടിയേറ്റക്കാരാല്‍ പുറത്താക്കപ്പെട്ട ഫലസ്തീനികള്‍ മാനസികമായും സാമ്പത്തികമായും തകര്‍ന്നുപോയിക്കഴിഞ്ഞിരിക്കുകയാണ്. ഒരുവര്‍ഷത്തോളമായി എന്റെ ഉപ്പ ജോലിക്ക് പോക്ക് നിര്‍ത്തിയിട്ട്. കാരണം മറ്റൊന്നുമല്ല. ദിനംപ്രതിയെന്നോണം ഇവിടെ കുടിയേറ്റക്കാരുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് അപകടങ്ങളും. ആക്രമണങ്ങളും സംഘട്ടനങ്ങളും നടക്കാത്ത ദിവസങ്ങള്‍ കുറവാണ്. അതുകൊണ്ടു ജൂതകുടിയേറ്റക്കാര്‍ കൈയ്യേറിയിരിക്കുന്ന വീട്ടില്‍ ഞങ്ങളെ ഒറ്റക്കാക്കി പുറത്ത് പോകാന്‍ അദ്ദേഹത്തിന് ശരിക്കും പറഞ്ഞാല്‍ ഭയമാണ്. വീട്ടിലെ ചെറിയകുട്ടികള്‍ പേടിച്ച് മൂത്രമൊഴിക്കുന്നത് ഞാന്‍ കാണാറുണ്ട്. എന്റെ കുഞ്ഞുപെങ്ങള്‍ക്ക് ഉറക്കം നഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നു. അവര്‍ രാത്രി വളരെ കുറച്ച് മാത്രമേ ഇപ്പോള്‍ ഉറങ്ങാറുള്ളു. ഞങ്ങളുടെ വീട്ടില്‍ താമസിക്കുന്ന ജൂതകുടിയേറ്റക്കാരുടെ പക്കല്‍ ഒരു വലിയ നായയുണ്ട്. അവര്‍ അതിനെ എപ്പോഴും അഴിച്ചുവിടും. നായ അടുത്ത് വരുമ്പോഴെക്കെ എന്റെ കുഞ്ഞുപെങ്ങള്‍ പേടിച്ച് മൂത്രമൊഴിക്കുന്നത് സങ്കടത്തോടെ നോക്കിനില്‍ക്കുകയല്ലാതെ വേറെനിവൃത്തിയില്ല.

ഞങ്ങളുടേത് ഒരു വലിയ കുടുംബമായിരുന്നു. ഇപ്പോള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് എല്ലാവരും താമസിക്കുന്നത്. ഇനി എന്തൊക്കെയാണ് സംഭവിക്കുക എന്നതിനെ കുറിച്ച് ഞങ്ങള്‍ക്കൊരുറപ്പുമില്ല. എന്റെ പ്രായത്തിലുള്ളവരും എന്നേക്കാള്‍ പ്രായം കുറഞ്ഞവരുമായ കുട്ടികളെ ഇസ്രായേല്‍ പോലീസ് നിരന്തരമായി അറസ്റ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. മുതിര്‍ന്നവരോടെന്ന പോലെയാണ് അവരെ അവര്‍ ചോദ്യചെയ്യുന്നതും പീഢിപ്പിക്കുന്നതും. കുടിയേറ്റക്കാര്‍ വളരെ മൃഗീയമായാണ് ഫലസ്തീന്‍ കുട്ടികള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നത്. സ്വന്തം നാട്ടിലും, എന്തിന് സ്വന്തം വീട്ടില്‍ പോലും ഭയപ്പാടോടെയും സുരക്ഷിതത്വം അനുഭവിക്കാതെയുമാണ് ഞാനെന്റെ ജീവിതത്തിന്റെ അധികസമയവും തള്ളിനീക്കിയത്.

മിസ്റ്റര്‍ പ്രസിഡന്റ്, ഈ അവസ്ഥക്ക് മാറ്റം വരുത്താനുള്ള ശക്തിയും അധികാരവും നിങ്ങള്‍ക്കുണ്ട്. ഞങ്ങളുടെ അവസ്ഥ ഒന്ന് കാണുകയും അതിനെ കുറിച്ച് സംസാരിക്കുകയും ചെയ്യുക എന്നതാണ് താങ്കള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ലളിതമായ കാര്യം. എന്താണ് യാഥാര്‍ത്ഥ്യം എന്ന് തിരിച്ചറിയുക എന്നിട്ട് അതിനെ കുറിച്ച് മറ്റുള്ളവര്‍ക്ക് വിശദീകരിച്ച് കൊടുക്കുക. ഇവിടെ നടന്നു കൊണ്ടിരിക്കുന്നതിനെ കുറിച്ച് താങ്കള്‍ അറിയാതിരിക്കില്ലല്ലോ. താങ്കള്‍ക്കെല്ലാമറിയാമെന്ന ഉറപ്പ് എനിക്കുണ്ട്.

ജൂതകുടിയേറ്റക്കാരെ പിന്തുണക്കുന്ന ഇസ്രായേല്‍ സര്‍ക്കാറിനെതിരെ താങ്കള്‍ സംസാരിക്കുമെന്നും ഇസ്രായേല്‍ സര്‍ക്കാറിന്റെ നയനിലപാടുകളില്‍ കാര്യമായ മാറ്റം വരുത്തുവാന്‍ താങ്കള്‍ സമ്മര്‍ദ്ദം ചെലുത്തും എന്നു തന്നെയാണ് എന്റെ പ്രതീക്ഷ. അമേരിക്ക നല്‍കുന്ന സൈനിക സഹായം നിരായുധരായ ഫലസ്തീന്‍ പ്രക്ഷോഭകര്‍ക്ക് നേരെയാണ് ഇസ്രായേല്‍ ഉപയോഗിക്കുന്നത്. എന്റെ നാട്ടുകാര്‍ക്ക് മേല്‍ നടത്തിക്കൊണ്ടിരിക്കുന്ന നിയമവിരുദ്ധമായ അധിനിവേശ നടപടികളെ പിന്തുണച്ചു കൊണ്ട് അമേരിക്ക ഇസ്രായേലിന് നല്‍കിക്കൊണ്ടിരിക്കുന്ന സൈനിക സഹായങ്ങള്‍ ഭാവിയില്‍ താങ്കള്‍ നിര്‍ത്തലാക്കുമെന്ന് ഞാന്‍ കരുതുന്നു.

ഭാവിയില്‍ ഫലസ്തീനികള്‍ക്ക് നീതി ലഭിക്കുക തന്നെ ചെയ്യും. ഫലസ്തീനികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ലോകമൊന്നടങ്കം ഇറങ്ങിപ്പുറപ്പെടുന്ന ഒരു കാലം വരും. ഞങ്ങളുടെ വീടുകള്‍ കുടിയേറ്റക്കാര്‍ പിടിച്ചെടുക്കുമ്പോള്‍, കുട്ടികളെ അറസ്റ്റ് ചെയ്യുമ്പോള്‍, അവരെ മുറിവേല്‍പ്പിക്കുമ്പോള്‍, ഞങ്ങളുടെ ഭാവിയെ അവര്‍ നശിപ്പിക്കുമ്പോള്‍ അന്ന് നിങ്ങള്‍ക്ക് നിശബ്ദമായിരിക്കാന്‍ ഒരിക്കലും സാധിക്കുകയില്ല.

മിസ്റ്റര്‍ പ്രസിഡന്റ്, ഞങ്ങള്‍ക്ക് ഞങ്ങളുടെ വീടുകള്‍ തിരികെ ലഭിക്കണം. 1948-ന് മുമ്പുള്ള ഞങ്ങളുടെ ഫലസ്തീനും ഞങ്ങള്‍ക്ക് തിരിച്ചുകിട്ടണം. അക്രമമാണ് ഇവിടെ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ലോകത്തിലെ ഭൂരിഭാഗം പേര്‍ക്കും ഇതിനെക്കുറിച്ചൊന്നും യാതൊരു വിവരവുമില്ല. അവര്‍ ഇത് തിരിച്ചറിഞ്ഞിട്ടില്ല. എല്ലാവര്‍ക്കും അവരവരുടെ അവകാശങ്ങള്‍ ലഭിക്കണം എന്നു മാത്രമാണ് എന്റെ ആഗ്രഹം.

തെരുവില്‍ കളിച്ചു കൊണ്ടിരുന്ന ഫലസ്തീന്‍ ബാലന്റെ കൈയ്യില്‍ നിന്നും അവര്‍ തട്ടിപ്പറിച്ചെടുത്ത കളിപ്പന്തു മുതല്‍, ഞങ്ങളുടെ കാരണവന്‍മാരില്‍ നിന്നും അവര്‍ തട്ടിയെടുത്ത കൃഷിസ്ഥലം വരെയുള്ളതെല്ലാം ഞങ്ങള്‍ക്ക് തിരികെ ലഭിക്കണം.

-മുഹമ്മദ് അല്‍കുര്‍ദ്

മൊഴിമാറ്റം: ഹുദ ശുഐബ്‌

Facebook Comments
Related Articles
Show More
Close
Close