Onlive TalkViews

അഭിപ്രായം പറയുന്നവന്റെ തൊലിനിറം തന്നെയാണ് വിഷയം

അമേരിക്കയിലെ മസ്ജിദുകളിന്ന് തികച്ചും വ്യത്യസ്തരായ രണ്ട് സംഘങ്ങളുടെ പൊതുസംഗമ സ്ഥലങ്ങളായി മാറികഴിഞ്ഞിട്ടുണ്ട്- ഇസ്‌ലാം മതവിശ്വാസികളുടെയും, ഇസ്‌ലാം വിരുദ്ധ വിദ്വേഷ പ്രചാരകരുടെയും. മെയ് 29-ന് അരിസോണയിലെ ഫിനിക്‌സില്‍ സ്ഥിതി ചെയ്യുന്ന ഇസ്‌ലാമിക് കമ്മ്യൂണിറ്റി സെന്ററിന് മുന്നില്‍ ഇരു കൂട്ടരും ഒരുമിച്ചു കൂടി. ഇതുവരെ ഒരു മുസ്‌ലിമിനെ കണ്ടിട്ടില്ലാത്ത ജനസംഖ്യയിലെ 58 ശതമാനം വരുന്ന ആളുകള്‍ ജീവിക്കുന്ന, കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍, ആണവായുധങ്ങളുടെ പേരിലും, പരദേശീവിദ്വേഷം പ്രചരിപ്പിക്കുന്ന സായുധ സംഘങ്ങളുടെ പേരിലും ഊറ്റം കൊള്ളുന്ന, കറുത്ത വര്‍ഗക്കാരനെതിരെ നടപ്പാക്കിയ വര്‍ണ്ണ വിവേചനത്തിന്റെ ‘മഹത്തായ’ ചരിത്രമുള്ള ഒരു രാഷ്ട്രം- ‘അരിസോണന്‍ ഇസ്‌ലാമോഫോബിയ’ ഭയപ്പെടുത്തുന്നത് തന്നെയാണ്.

ഏകദേശം 500-ലധികം ഇസ്‌ലാം വിരുദ്ധ പ്രക്ഷോഭകര്‍ ഇസ്‌ലാമിക് കമ്മ്യൂണിറ്റി സെന്ററിന് മുന്നില്‍ തടിച്ചു കൂടിയിരുന്നു. പട്ടാള വസ്ത്രങ്ങളണിഞ്ഞ് തോക്കുകളേന്തിയായിരുന്നു ചിലരെത്തിയിരുന്നത്. അവര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന പ്ലക്കാര്‍ഡുകളില്‍ എഴുതിയിരുന്നത് ഇങ്ങനെ വായിക്കാം. ‘ഇസ്‌ലാമിനെ തടയുക’, അവര്‍ അണിഞ്ഞിരുന്ന ടീഷര്‍ട്ടുകളില്‍ ഇങ്ങനെ എഴുതിയിരുന്നു ‘F**K Islam’. ‘അമേരിക്കയെ തിരിച്ചു പിടിക്കുമെന്ന്’ അവര്‍ സത്യം ചെയ്തു. വായുവില്‍ ചുഴറ്റിക്കൊണ്ടിരുന്ന തോക്കുകള്‍, അവിടെ കൂടിയിരുന്ന മുസ്‌ലിംകള്‍ക്കെതിരെ അവര്‍ എയ്തുവിട്ട ഇസ്‌ലാം വിരുദ്ധ തെറിവിളികള്‍ എന്നിവ അവരുടെ സത്യം ചെയ്യലിലെ ഭീഷണി വ്യക്തമാക്കുന്നതായിരുന്നു.

ഇരുകൂട്ടര്‍ക്കുമിടയില്‍ പോലിസ്, ഇസ്‌ലാം വിരുദ്ധ റാലി ഉയര്‍ത്തിവിട്ട ഭീഷണിയെ പ്രതിരോധിക്കാന്‍ മാത്രം ശക്തമല്ലെങ്കിലും, അചഞ്ചലമായി നിലയുറപ്പിച്ചിരുന്നു. ഇസ്‌ലാം വിരുദ്ധരുടെ അഭിപ്രായ സ്വാതന്ത്ര്യം എന്ന അവകാശത്തെ സംരക്ഷിക്കാനും, ‘ഇരുകൂട്ടര്‍ക്കും സംരക്ഷണം നല്‍കാനുമായിരുന്നു’ പോലിസ് അവിടെ എത്തിയത്. മസ്ജിദിന് മുന്നില്‍ തടിച്ചുകൂടിയിരുന്ന മുസ്‌ലിംകളല്ലാത്ത ബാക്കിയെല്ലാവരുടെയും പക്കല്‍ തോക്കുകളുണ്ടായിരുന്നു. യഥാര്‍ത്ഥ വസ്തുതകള്‍ ഇതൊക്കെയാണെങ്കിലും, നിരായുധരായ മുസ്‌ലിം സംഘങ്ങളാണ് വ്യാപകമായി ‘ഭീഷണികളായും’, ‘ഭീകരവാദികളായും’ ചിത്രീകരിക്കപ്പെടുന്നത്.

അതേസമയം, സര്‍വ്വായുധ സജ്ജരായ, ആക്രമണത്തിന് പരസ്യമായി ആഹ്വാനം ചെയ്യുന്ന തദ്ദേശവാസികളായ വെളുത്ത വര്‍ഗക്കാരുടെ സുരക്ഷ അധികൃതര്‍ തുടര്‍ച്ചയായി ശക്തമാക്കിക്കൊണ്ടിരിക്കുന്നു. ഇതേ സുരക്ഷ വെളുത്തവര്‍ഗക്കാരല്ലാത്തവര്‍ക്ക് നിഷേധിക്കപ്പെടുകയും ചെയ്യുന്നു. വംശീയ അതിരുകള്‍ക്കതീതമായി അഭിപ്രായ സ്വാതന്ത്ര്യം തുല്ല്യമായി സംരക്ഷിക്കപ്പെടുന്നുണ്ട് എന്നത് ഒരു കെട്ടുക്കഥ മാത്രമാണ്. അഭിപ്രായത്തിന്റെ ഉള്ളടക്കത്തേക്കാള്‍ അത് പ്രകടിപ്പിക്കുന്നവരുടെ വംശീയ സ്വത്വത്തിനാണ് മിക്കപ്പോഴും പ്രധാന്യം ലഭിക്കുന്നത്. കറുത്ത വര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ അമേരിക്കയിലുടനീളം അരങ്ങേറിയ പ്രതിഷേധങ്ങള്‍ക്ക് നേരെ അഴിച്ചുവിടപ്പെട്ട ആക്രമണങ്ങളും, വെള്ളിയാഴ്ച്ച ഫിനിക്‌സില്‍ ഇസ്‌ലാം വിരുദ്ധ പ്രക്ഷോഭകര്‍ക്ക് സംരക്ഷണം നല്‍കിയ പോലിസും ഇതിന് അടിവരയിടുന്ന ശക്തമായ തെളിവുകളാണ്.

വെള്ളിയാഴ്ച്ച അരിസോണയില്‍ നടന്ന പ്രക്ഷോഭം ഒരു ഇസ്‌ലാം വിരുദ്ധ പ്രക്ഷോഭമായിരുന്നെങ്കിലും വെളുത്ത വര്‍ഗക്കാരന്റെ അധികാരഗര്‍വിനെ അത് വ്യക്തമായി പ്രദര്‍ശിപ്പിച്ചിരുന്നു.

വംശീയവും മതവിദ്വേഷപരവുമായ തെറിവിളികള്‍ ഉതിര്‍ത്തും, യുദ്ധത്തിന് പുറപ്പെടും പോലെ സൈനികവസ്ത്രങ്ങള്‍ ധരിച്ചും, തോക്ക് മുതലായ മാരകായുധങ്ങള്‍ വായുവില്‍ ചുഴറ്റിയും എത്തിയ 500-ലധികം വരുന്ന മുസ്‌ലിം-വിരുദ്ധ പ്രക്ഷോഭകര്‍ ഒരു ‘അക്രമാസക്ത ആള്‍കൂട്ടത്തിന്റെ’ അഥവാ ‘ആസന്നമായ ഭീഷണി’യുടെ എല്ലാ ഘടകങ്ങളും ഉള്‍ക്കൊണ്ടിരുന്നു.

യഥാര്‍ത്ഥത്തില്‍ ഒരു ബൈക്കര്‍ ഗ്യാങായിരുന്നു പ്രസ്തുത ഇസ്‌ലാം വിരുദ്ധ പ്രകടനത്തിന്റെ കുന്തമുന. അതേ സ്ഥാനത്ത് അവിടെ നടന്നത് കറുത്ത വര്‍ഗക്കാരോ, ലാറ്റിനമേരിക്കക്കാരോ, അമേരിക്കന്‍ മുസ്‌ലിംങ്ങളോ നയിക്കുന്ന വല്ല പ്രതിഷേധപ്രകടനവുമായിരുന്നെങ്കില്‍ തീര്‍ച്ചയായും അവരെ സംരക്ഷിക്കുവാന്‍ വേണ്ടിയായിരിക്കില്ല പോലിസ് അവിടെയെത്തുക, മറിച്ച് പോലിസ് പ്രകടനത്തെ അടിച്ചമര്‍ത്തുക തന്നെ ചെയ്യും.

വംശീയതയും പരദേശി വിദ്വേഷവും പരോക്ഷമായി നടമാടുന്ന ഒരു രാജ്യത്ത് നടന്ന മുസ്‌ലിം വിരുദ്ധ പ്രകടനത്തില്‍ മുഴച്ച് നിന്നത് അവര്‍ അക്രമാസക്തമായി പ്രദര്‍ശിപ്പിച്ച വെളുത്ത വര്‍ഗത്തരം തന്നെയായിരുന്നു. വാക്കുകള്‍ കൊണ്ട് വിവരിക്കേണ്ടതില്ലാത്ത ഒരു തരം ചിത്രഭാഷണമായിരുന്നു അത്. പക്ഷെ ആ പ്രകടനത്തിന് വളരെ ഉയര്‍ന്ന നിലവാരത്തിലുള്ള പോലിസ് സംരക്ഷണം നല്‍കേണ്ടതുണ്ടായിരുന്നു.

ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു, വെളുത്ത വര്‍ഗത്തരം വളരെ പെട്ടെന്ന് തന്നെ സമാധാനത്തിന്റെയും, ദേശസ്‌നേഹത്തിന്റെയും, അമേരിക്കനായിരിക്കുന്നതിന്റെയും ചിത്രം ഉല്‍പാദിപ്പിക്കുന്ന ഒന്നാണ്. യഥാര്‍ഥത്തില്‍ അത് എത്രത്തോളം ഭീഷണവും അക്രമാസക്തവുമാണ് എന്ന കാര്യം പരിഗണിക്കാതെ അതിനെ ശിക്ഷിക്കുന്നതിന് പകരം സംരക്ഷിച്ച് നിലനിര്‍ത്തുകയാണ് ഭരണകൂടം ചെയ്യുന്നത്.

അഭിപ്രായത്തിന്റെ ഉള്ളടക്കത്തേക്കാള്‍ പ്രധാനം അഭിപ്രായം പറയുന്നവന്റെ തൊലി നിറത്തിനാണെന്നാണ് ഫിനിക്‌സ്, ഫെര്‍ഗൂസന്‍ സംഭവങ്ങളില്‍ തെളിയുന്നത്. വെളുത്ത വര്‍ഗത്തരത്തിന്റെ പ്രദര്‍ശനം, ചരിത്രപരമായും വര്‍ത്തമാനകാലത്തും അവര്‍ കല്‍പ്പിക്കുന്ന മേല്‍ക്കോയ്മ, അധികാരം എന്നിവയാണ് അവരുടെ മുസ്‌ലിം വിരുദ്ധ പ്രതിഷേധ പ്രകടനങ്ങളുടെ മര്‍മ്മം. വിദ്വേഷ പ്രചാരണത്തിന്റെ ലക്ഷ്യം മുസ്‌ലിംകളും ഇസ്‌ലാമുമാണ് എന്ന വസ്തുതയോടൊപ്പം ചേര്‍ന്ന് വരുന്ന മേല്‍പ്പറഞ്ഞ വസ്തുത മുസ്‌ലിം വിരുദ്ധ പ്രക്ഷോഭകരുടെ പ്രഥമ ഭരണഘടനാ ഭേദഗതി പ്രകാരമുള്ള അവകാശങ്ങളെ വര്‍ദ്ധിപ്പിക്കുന്നു.

പ്രഥമ ഭരണഘടനാ ഭേദഗതി തികച്ചും ഹാസ്യാത്മകമായ ഒന്നാണ്. അമേരിക്കന്‍ ഭരണഘടയുടെ പ്രസ്തുത സുപ്രധാനനിയമം ഫിനിക്‌സിലെ മുസ്‌ലിം വിരുദ്ധ പ്രക്ഷോഭകരെ പോലെയുള്ള അഭിപ്രായ സ്വാതന്ത്ര്യക്കാര്‍ക്ക് മുന്‍കൂട്ടി തന്നെ സംരക്ഷണം നല്‍കുന്നു. പക്ഷെ അതോടൊപ്പം തന്നെ പ്രസ്തുത നിയമം പ്രക്ഷോഭകരുടെ ഇരകളായ അമേരിക്കന്‍ മുസ്‌ലിംകളുടെ മതസ്വാതന്ത്ര്യത്തെയും സംരക്ഷിക്കുന്നുണ്ട്.

അമേരിക്കയില്‍, വംശീയതയും ഇസ്‌ലാമോഫോബിയയും സ്വയമേവ നിയമവിരുദ്ധമല്ല. പ്രഥമ ഭരണഘടനാ ഭേദഗതിയിലെ ‘അഭിപ്രായ സ്വാതന്ത്ര്യ സംരക്ഷണം’ പ്രക്ഷോഭങ്ങള്‍ നടത്താന്‍ വംശീയവാദികള്‍ക്കും, വിദ്വേഷ പ്രചാരകര്‍ക്കും അവകാശം നല്‍കുന്നതാണ്. ഈ അഭിപ്രായ സ്വാതന്ത്ര്യ സംരക്ഷം, അതിനി എത്രതന്നെ വെറുപ്പ് ഉല്‍പ്പാദിപ്പിക്കുന്നതാണെങ്കിലും ശരി, നിര്‍ബന്ധമായും പരിരക്ഷിക്കപ്പെടേണ്ടതുണ്ട്.

വെള്ളിയാഴ്ച്ച അവര്‍ മുസ്‌ലിംകള്‍ക്കെതിരെ ഉയര്‍ത്തിയ ഭീഷണിയേക്കാള്‍ വളരെ പ്രധാന്യപൂര്‍വ്വം പരിഗണിക്കേണ്ടതാണ് ഇത്തരം മുസ്‌ലിം വിരുദ്ധ പ്രക്ഷോഭങ്ങള്‍ ഉളവാക്കുന്ന ദീര്‍ഘകാല അനന്തരഫലങ്ങള്‍. അമേരിക്കയിലുടനീളം ആയുധങ്ങളുടെ അകമ്പടിയോടെ ഇസ്‌ലാം ഭീതി വ്യാപിപ്പിക്കുകയാണ് ഇസ്‌ലാം വിരുദ്ധ പ്രക്ഷോഭങ്ങളുടെ മുഖ്യ ലക്ഷ്യം. വെള്ളിയാഴ്ച്ച നടന്ന പ്രക്ഷോഭം അതിന്റെ മുഖ്യ സംഘാടകനായ ജോണ്‍ റിറ്റ്‌സ്‌ഹൈമറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ വരാനിരിക്കുന്ന അനേകമെണ്ണത്തിലെ ആദ്യത്തെ ഒന്ന് മാത്രമാണ്.

ആരാധനാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനും, ഹിജാബ് ധരിക്കാനും, താടി വളര്‍ത്താനും അമേരിക്കയിലെ മുസ്‌ലിംകള്‍ ഭയക്കുന്ന ഒരു അവസ്ഥ അരിസോണയില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന മുസ്‌ലിം-വിരുദ്ധ സായുധ പ്രസ്ഥാനം സംജാതമാക്കുക തന്നെ ചെയ്യും. രാജ്യത്തെ മുസ്‌ലിംകളുടെ മതപരമായ അവകാശങ്ങളെ വെട്ടിച്ചുരുക്കി കൊണ്ടാണ് അഭിപ്രായ സ്വാതന്ത്ര്യ സംരക്ഷണം കടന്നുവരുന്നത്.

ചോദ്യമിതാണ്- ആരുടെ അവകാശങ്ങളാണ് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നത്: അരിസോണയിലെ മുസ്‌ലിംകള്‍ക്കെതിരെ ആക്രമണമഴിച്ചുവിടാന്‍ സര്‍വ്വ പിന്തുണയും നല്‍കുന്ന ആയുധമേന്തിയ വിദ്വേഷപ്രചാരകരുടെ അവകാശങ്ങള്‍ക്കാണോ; അതോ പരദേശി വിദ്വേഷം, വംശീയത, വര്‍ണ്ണവെറി, ഇപ്പോള്‍ ഇസ്‌ലാമോഫോബിയയും നടമാടുന്ന ഒരു രാജ്യത്ത് കുടുങ്ങിപ്പോയ ഒരു അവശസമൂഹത്തിന്റെ സ്വതന്ത്രാവിഷ്‌കാരത്തിനുള്ള അവകാശങ്ങള്‍ക്കാണോ കൂടുതല്‍ വിലകല്‍പ്പിക്കേണ്ടത്?

മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം : അല്‍ജസീറ

Facebook Comments
Related Articles
Close
Close