Views

അധികാരം അലങ്കാരമാകുമ്പോള്‍

ജനങ്ങളെ സേവിക്കാന്‍ തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നടത്തുന്ന തട്ടിപ്പുകള്‍ക്കും വെട്ടിപ്പുകള്‍ക്കും ഒരു പഞ്ഞവുമില്ലാത്ത കാലത്താണ് നാം ജീവിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ കീഴ്ജീവനക്കാര്‍ മുതല്‍ ഭരണസിരാ കേന്ദ്രങ്ങളിലിരിക്കുന്ന സിവില്‍ സര്‍വീസുകാര്‍ വരെ അതില്‍ തങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ മതത്തിന്റെയോ ജാതിയുടെയോ പാര്‍ട്ടിയുടെയോ അടിസ്ഥാനത്തിലുള്ള ഒരു വേര്‍തിരിവും ആവശ്യമില്ലാത്ത വിധം എല്ലാവരും തുല്ല്യരാണ്. ഓരോരുത്തരും വെട്ടിക്കുന്ന സംഖ്യയുടെ പൂജ്യത്തിന്റെ എണ്ണത്തിന്റെ കാര്യത്തില്‍ ഏറ്റവ്യത്യാസം ഉണ്ടെങ്കിലും അണ്ണാന്‍ കുഞ്ഞും തന്നാലായത് എന്ന ചൊല്ലിനെ അന്വര്‍ഥമാക്കും വിധമാണ് ചെയ്തികള്‍.

പൂര്‍വികരുടെ ജീവിത വിശുദ്ധിയുടെയും സത്യസന്ധതയുടെയും ആത്മാര്‍ത്ഥതയുടെയും ചരിത്രങ്ങളും കഥകളും എല്ലാ ദര്‍ശനങ്ങളിലും എമ്പാടുമുണ്ട്. അവയൊക്കെ പ്രഭാഷണങ്ങളില്‍ ഉദ്ധരിക്കാനും കേട്ട് ആസ്വദിക്കാനും മാത്രമുള്ളതായി പരിമിതപ്പെട്ടിരുക്കുന്നു എന്നതാണ് പ്രശ്‌നം. പൊതുഖജനാവില്‍ നിന്നുള്ള എണ്ണ ഉപയോഗിച്ച് കത്തുന്ന വിളക്ക് പോലും തന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാതെ സൂക്ഷ്മത കാണിച്ച ഖലീഫയെ കുറിച്ച് വാചാലരാകുന്ന മുസ്‌ലിംകളുടെ ജീവിതത്തില്‍ പോലും അതിന്റെ പ്രതിഫലനങ്ങള്‍ കാണുന്നില്ല എന്നതാണ് വസ്തുത. പൊതുമുതലിലേക്ക് ശേഖരിക്കപ്പെട്ട ആപ്പിളുകളില്‍ നിന്ന് ഒന്നെടുത്ത് വായിലേക്ക് കൊണ്ടു പോയ ചെറുപ്രായത്തിലുള്ള മകന്റെ വായില്‍ നിന്ന് അത് പിടിച്ചെടുത്ത അഞ്ചാം ഖലീഫ ഉമര്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ പിന്‍ഗാമികളെന്ന് പറയുന്നതില്‍ അഭിമാനിക്കുന്നവരാണ് മുസ്‌ലിംകള്‍. നിഷിദ്ധമായതൊന്നും തന്റെ പ്രായപൂര്‍ത്തിയെത്താത്ത മകന്റെ വയറ്റിലേക്ക് പോലും പോകരുതെന്ന ശക്തമായ സൂക്ഷ്മാതാബോധമാണ് അവരുടെ ജീവിതത്തെ വിശുദ്ധമാക്കി നിലനിര്‍ത്തിയത്. അവരെ സംബന്ധിച്ചിടത്തോളം അധികാരവും നേതൃത്വവും ഉത്തരവാദിത്വമായിരുന്നു. നാളെ ദൈവത്തിന്റെ കോടതിയില്‍ ചോദ്യം ചെയ്യപ്പെടുന്ന ഉത്തരവാദിത്വം. എന്നാല്‍ ഇന്ന് മുസ്‌ലിം സമുദായത്തെ പ്രതിനിധീകരിക്കുന്ന നേതാക്കള്‍ക്ക് പോലും അധികാരം അലങ്കാരവും തങ്ങളുടെ ഉപജീവന മാര്‍ഗവും മാത്രമാണ്. അതിന്റെ തിക്തഫലങ്ങളാണ് നാമിന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നത്.

പരലോകം ഉണ്ടെന്നു വിശ്വസിക്കുന്നവരാണെന്ന് നാം പറയുന്നു. എന്നാല്‍ ആ ബോധം നമ്മുടെ എത്രത്തോളം നമ്മുടെ ഉള്ളിലേക്ക് കടന്നിട്ടുണ്ടെന്നുള്ളത് ഒരു വിലയിരുത്തല്‍ നടത്തേണ്ട കാര്യമാണ്. യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു ബോധം ഉള്ളിലുള്ള വ്യക്തിക്ക് എങ്ങനെ തനിക്ക് അര്‍ഹതപ്പെടാത്തത് തന്റേതാക്കി വെക്കാന്‍ കഴിയും? നഷ്ടപ്പെട്ട പരലോക ബോധം വീണ്ടെടുക്കുകയെന്നതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള ഏക പരിഹാരം. അല്ലാതെ നിയമസംവിധാനങ്ങളോ വ്യവസ്ഥകളോ എത്ര ശക്തമായിട്ടും ഇത്തരം അനാശ്യാസ്യ പ്രവണതകളെ തുടച്ചു നീക്കാനാവില്ല. ഒരു പരിധിവരെ കുറക്കാന്‍ മാത്രമേ അതിലൂടെ സാധിക്കൂ. അതുകൊണ്ട് തന്നെ സമൂഹത്തില്‍ പരലോകചിന്ത വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വിശ്വാസികളായ നമ്മുടെ ഭാഗത്തു നിന്നെങ്കിലും ഉണ്ടാവണം. അതിലൂടെ സമൂഹത്തിന് ഇസ്‌ലാമിന്റെ വിശുദ്ധിയും പ്രകാശവും ലോകത്തിന് കാണിച്ചു കൊടുക്കാനും സാധിക്കണം.

Facebook Comments
Related Articles
Show More
Close
Close